മരുന്ന് വിൽപ്പനയിൽ വൻ വർധനവ്; കേരളത്തിൽ 2022 വർഷത്തിൽ വിറ്റഴിച്ചത് 12,500 കോടിരൂപയുടെ മരുന്ന്

തിരുവനന്തപുരം: കേരളത്തിലെ മരുന്ന് വിപണിയുടെ വിറ്റുവരവിൽ വൻ വർധനവ്. പുതിയ റിപ്പോർട്ടുകളിലാണ് ഇക്കാര്യം സൂചിപ്പിക്കുന്നത്. 2022 ൽ പതിനൊന്ന് ശതമാനം വർദ്ധനവാണ് മരുന്ന് വിൽപ്പനയിൽ ഉണ്ടായിരിക്കുന്നത്. 12,500 കോടിരൂപയുടെ മരുന്നാണ് കേരളത്തിൽ വിറ്റതെന്നും കണക്കുകൾ വ്യക്തമാക്കുന്നു. ഓൾ കേരള കെമിസ്റ്റ് ആൻഡ് ഡ്രഗ്‌സ് അസോസിയേഷൻ പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകളിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ഇതോടെ രാജ്യത്തെ അഞ്ചാമത്തെ വലിയ മരുന്ന് വിപണിയായി കേരളം മാറി.

ഉത്തർപ്രദേശാണ് മരുന്ന് വിൽപ്പനയിൽ ഒന്നാം സ്ഥാനത്തുള്ളത്. മഹാരാഷ്ട്ര, മധ്യപ്രദേശ്, പശ്ചിമ ബംഗാൾ എന്നിവയാണ് കേരളത്തിന് തൊട്ടുമുൻപിലായുള്ളത്. അതേസമയം, മലയാളികൾക്ക് ആവശ്യമായ മരുന്നുകളുടെ 98 ശതമാനവും അന്യസംസ്ഥാനങ്ങളിൽ നിന്നാണ് ഇറക്കുമതി ചെയ്യുന്നത്. പ്രമേഹം, ഹൃദ്രോഗം, ന്യൂറോ സൈക്യാട്രി, അസുഖങ്ങൾക്കുള്ള മരുന്നുകളും, വൈറ്റമിൻ മരുന്നുകളും കൂടുതലായി കഴിക്കുന്നത് മലയാളികളാണ് എന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.

എന്നാൽ, കോവിഡ് കാലത്ത് മലയാളികളുടെ മരുന്ന് ഉപഭോഗം 30 ശതമാനം കുറഞ്ഞിരുന്നു. 7500 കോടി രൂപയുടെ മരുന്നുകൾ മാത്രമാണ് ഇക്കാലയളവിൽ വിൽപ്പന നടത്തിയത്.