അഞ്ചുവര്‍ഷമായി ഒരു ഗായിക നേരിട്ടുകൊണ്ടിരിക്കുന്ന വിലക്കിനെതിരെ ഒരക്ഷരം പോലും കമല്‍ ശബ്ദിച്ചില്ല; ചിന്മയിയുടെ വിമര്‍ശനം

ഗുസ്തി താരങ്ങള്‍ക്ക് പിന്തുണയുമായി രംഗത്തെത്തിയ നടന്‍ കമല്‍ഹാസനെതിരെ വിമര്‍ശനവുമായി ഗായിക ചിന്മയി ശ്രീപദ രംഗത്ത്. തമിഴ് സിനിമാ മേഖലയില്‍ കഴിഞ്ഞ അഞ്ചുവര്‍ഷമായി താന്‍ നേരിടുന്ന വിലക്കിനെതിരെ കമല്‍ഹാസന്‍ ഒരുവാക്കുപോലും പറഞ്ഞില്ലെന്ന് ചിന്മയി വ്യക്തമാക്കി.

നാടിന്റെ യശസ്സിനുവേണ്ടി പോരാടേണ്ടതിന് പകരം സ്വന്തം സുരക്ഷയ്ക്കുവേണ്ടി പോരാടാന്‍ നമ്മള്‍ അവരെ നിര്‍ബന്ധിതരാക്കിയിരിക്കുന്നു എന്നാണ് കമല്‍ ഹാസന്‍ ട്വീറ്റ് ചെയ്തത്. സ്റ്റാന്‍ഡ് വിത് മൈ ചാമ്പ്യന്‍സ്, റെസ് ലേഴ്‌സ് പ്രൊട്ടസ്റ്റ് എന്നാ ഹാഷ്ടാഗുകളും അദ്ദേഹം കുറിപ്പിനൊപ്പം ചേര്‍ത്തിരുന്നു. ഇത് പങ്കുവെച്ചുകൊണ്ടാണ് ചിന്മയി കമല്‍ ഹാസനെതിരെ വിമര്‍ശനമുന്നയിച്ചിരിക്കുന്നത്. ഒരു പീഡകന്റെ പേര് വെളിപ്പെടുത്തിയതിന്റെ പേരില്‍ തമിഴ്‌നാട്ടില്‍ ഒരു ഗായികയ്ക്ക് കഴിഞ്ഞ അഞ്ചുവര്‍ഷമായി നേരിട്ടുകൊണ്ടിരിക്കുന്ന വിലക്കിനെതിരെ ഒരു ശബ്ദം പോലും കമല്‍ ഉയര്‍ത്തിയിട്ടില്ലെന്നാണ് ചിന്മയിയുടെ കുറ്റപ്പെടുത്തല്‍. മൂക്കിന് താഴെയുള്ള പീഡനങ്ങളെ അവഗണിക്കുമ്പോള്‍ സ്ത്രീ സുരക്ഷക്ക് വേണ്ടി സംസാരിക്കുന്ന രാഷ്ട്രീയക്കാരെ എങ്ങനെ വിശ്വസിക്കുമെന്നും അവര്‍ ചോദിക്കുന്നു.

2018-ലാണ് ഗാനരചയിതാവ് വൈരമുത്തുവിനെതിരെ ട്വിറ്ററിലൂടെ ചിന്മയി മീ ടൂ ആരോപണം ഉന്നയിച്ചത്. 2005-ല്‍ വീഴമറ്റം എന്ന സംഗീതപരിപാടിക്കായി സ്വിറ്റ്സര്‍ലന്‍ഡിലെത്തിയപ്പോള്‍ വൈരമുത്തു തന്നെ ലൈംഗികമായി ഉപദ്രവിച്ചെന്നാണ് ചിന്മയി വെളിപ്പെടുത്തിയത്.