അരിക്കൊമ്പന്‍ കുമളിയിലെ ജനവാസ മേഖലയ്ക്ക് സമീപം; ആകാശത്തേക്ക് വെടിവച്ച് വനംവകുപ്പ്‌

ഇടുക്കി: പെരിയാര്‍ കടുവാ സങ്കേതത്തില്‍ കൊണ്ടുവിട്ട അരിക്കൊമ്പന്‍ ഇന്നലെ കുമളിയില്‍ ജനവാസ മേഖലയ്ക്ക് സമീപമെത്തി. കുമളി റോസാപ്പൂകണ്ടം ഭാഗത്താണ് ആനയെത്തിയത്. ഇത് വനമേഖലയാണെങ്കിലും ഇവിടെനിന്നും 100 മീറ്റര്‍ അടുത്ത് ജനവാസമേഖലയാണ്. ജി.പി.എസ് കോളറിലൂടെയാണ് ഇത് അരിക്കൊമ്പന്‍ തന്നെയാണെന്ന് മനസിലായത്.

അതേസമയം, ജനവാസ മേഖലയ്ക്ക് സമീപമെത്തിയ ആനയെ വനംവകുപ്പ് ആകാശത്തേക്ക് വെടിവച്ച് തിരികെ കാട്ടിലേക്കോടിച്ചു. ഓരോ മണിക്കൂര്‍ ഇടവിട്ട് മാത്രമാണ് ആനയുടെ കഴുത്തിലെ റേഡിയോ കോളറില്‍ നിന്ന് സിഗ്‌നലുകള്‍ ലഭിക്കുക. ജനവാസ മേഖലയ്ക്ക് തൊട്ടടുത്തെത്തിയപ്പോഴാണ് സിഗ്‌നല്‍ ലഭിച്ചത്. കാട്ടിലേക്ക് കയറ്റിവിട്ടിട്ടും ജനവാസ മേഖലയ്ക്ക് വളരെയടുത്ത് എത്തിയ ആന ജനവാസ മേഖലയിലിറങ്ങുമോ എന്നതാണ് ആശങ്ക.

ആറു ദിവസം മുന്‍പാണ് അരിക്കൊമ്പന്‍ തമിഴ്‌നാട്ടില്‍ നിന്ന് കേരളത്തിന്റെ വനമേഖലയില്‍ പ്രവേശിച്ചത്. അരിക്കൊമ്പന്റെ ആക്രമണം ഭയന്ന് തമിഴ്‌നാട്ടിലെ മേഘമലയില്‍ വിനോദസഞ്ചാരികള്‍ക്ക് തമിഴ്‌നാട് വനം വകുപ്പ് ഏര്‍പ്പെടുത്തിയ നിരോധനം ഇപ്പോഴും തുടരുകയാണ്. ഇവിടെ ഒരു വീടിനുനേരെ ആന ആക്രമണം നടത്തുകയും ഞായറാഴ്ച വനപാലകര്‍ക്കുവേണ്ടി നിര്‍മിച്ച ഷെഡ് തകര്‍ക്കുകയും ചെയ്തിരുന്നു.