ബംഗളൂരു: വിവാദ ചിത്രം കേരളാ സ്റ്റോറിയെ കുറിച്ചു തെരഞ്ഞെടുപ്പു പ്രസംഗ വേദിയില്‍ പരാമര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കര്‍ണാടകയിലെ ബെല്ലാരിയില്‍ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയില്‍ സംസാരിക്കവെയായിരുന്നു പ്രധാനമന്ത്രിയുടെ പ്രസ്താവന.
പ്രധാനമന്ത്രിയുടെ വാക്കുകള്‍
‘ഭീകരതയുടെ വികൃതമായ മുഖം തുറന്നുകാട്ടുന്ന സിനിമയാണ് കേരള സ്റ്റോറി. രാജ്യത്തിനെതിരായ ഗൂഢാലോചന ചിത്രം തുറന്നുകാട്ടുന്നു. കഴിഞ്ഞ കുറച്ചുദിവസങ്ങളായി ദ കേരള സ്റ്റോറിയാണ് ചര്‍ച്ച. കേവലം ഒരു സംസ്ഥാനത്തെ തീവ്രവാദ ഗൂഢാലോചനയെ അടിസ്ഥാനമാക്കിയാണ് കേരള സ്റ്റോറിയെന്നാണ് പറയപ്പെടുന്നത്. കഠിനാധ്വാനികളും കഴിവുറ്റവരും ബുദ്ധിജീവികളും അടങ്ങുന്ന മനോഹരമായ നാടെന്നറിയപ്പെടുന്ന കേരളത്തില്‍ തീവ്രവാദ ഗൂഢാലോചനകള്‍ എങ്ങനെ വളര്‍ത്തപ്പെടുന്നു എന്നത് ഈ സിനിമ അനാവരണം ചെയ്യുന്നു. ഭീകരതയ്ക്കും തീവ്രവാദ പ്രവണതയ്ക്കുമൊപ്പം നിന്നുകൊണ്ട് കോണ്‍ഗ്രസ് ഈ സിനിമയെ എതിര്‍ക്കുകയാണ്. വോട്ട് ബാങ്കിന് വേണ്ടി കോണ്‍ഗ്രസ് തീവ്രവാദത്തെ മറയാക്കി. സിനിമയെ എതിര്‍ക്കാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നത്. ഒരു സമൂഹത്തില്‍ പ്രത്യേകിച്ച് കേരളം പോലൊരു സംസ്ഥാനത്ത് തീവ്രവാദത്തിന്റെ അനന്തരഫലങ്ങള്‍ തുറന്നുകാട്ടാനാണ് ദ കേരള സ്റ്റോറി എന്ന സിനിമ ശ്രമിക്കുന്നത്. ചിത്രം നിരോധിക്കാനും ഭീകരവാദത്തെ പിന്തുണയ്ക്കാനുമാണ് കോണ്‍ഗ്രസ് പാര്‍ട്ടി ഇപ്പോള്‍ ശ്രമിക്കുന്നത്. കാര്യങ്ങള്‍ നിരോധിക്കാനും വികസനത്തെ പൂര്‍ണമായും അവഗണിക്കാനും മാത്രമേ അവര്‍ക്ക് അറിയൂ. ഞാന്‍ ‘ജയ് ബജരംഗ് ബലി’ എന്ന് വിളിക്കുന്നത് പോലും അവര്‍ക്ക് പ്രശ്‌നമാണ്. വോട്ട് ബാങ്കിന് വേണ്ടി കോണ്‍ഗ്രസ് തീവ്രവാദത്തിന് കീഴടങ്ങുന്നത് കണ്ട് ഞാന്‍ അത്ഭുതപ്പെടുന്നു. അങ്ങനെയുള്ള ഒരു പാര്‍ട്ടിക്ക് എന്നെങ്കിലും കര്‍ണാടകയെ രക്ഷിക്കാന്‍ കഴിയുമോ? ഭീകരാന്തരീക്ഷത്തില്‍ ഇവിടുത്തെ വ്യവസായവും ഐടി വ്യവസായവും കൃഷിയും മഹത്തായ സംസ്‌കാരവും തകരും.’

