ഡ്രോൺ ആക്രമണത്തിന് പിന്നിൽ അമേരിക്ക; ആരോപണവുമായി റഷ്യ

മോസ്‌കോ: റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനെ വധിക്കാൻ ലക്ഷ്യമിട്ട ക്രെംലിനിലേക്ക് നടത്തിയ ഡ്രോൺ ആക്രമണത്തിൽ ആരോപണങ്ങളുമായി റഷ്യ. ആക്രമണത്തിന് പിന്നിൽ അമേരിക്കയാണെന്നാണ് റഷ്യ ആരോപിക്കുന്നത്. അമേരിക്കയുടെ ഉത്തരവ് അനുസരിച്ചാണ് യുക്രൈൻ സൈന്യം ആക്രമണം നടത്തിയതെന്ന് റഷ്യ ആരോപണം ഉന്നയിക്കുന്നു. പുടിന്റെ വക്താവ് ദിമിത്രി പെസ്‌കോവാണ് ഇക്കാര്യം ആരോപിച്ചത്.

കീവിൽ അല്ല വാഷിംഗ്ടണിലാണ് ഇത്തരം ഭീകരാക്രമണങ്ങളുടെ ആലോചന നടക്കുന്നത്. ആക്രമണത്തിൽ തിരിച്ചടിക്കാനുള്ള അവകാശം തങ്ങൾക്കുണ്ടെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് വ്യക്തമാക്കി. പുടിനെ വധിക്കുക എന്ന ലക്ഷ്യം മുൻനിർത്തി യുക്രെയിൻ ബുധനാഴ്ച രാത്രി ക്രെലിനിലേക്ക് രണ്ട് ഡ്രോണുകളയച്ചുവെന്നായിരുന്നു റഷ്യയുടെ ആരോപണം.

ഈ രണ്ട് ഡ്രോണുകളും റഷ്യ വെടിവച്ച് വീഴ്ത്തിയിരുന്നു. എന്നാൽ, ഡ്രോൺ ആക്രമണത്തിൽ പ്രസിഡന്റ് വ്‌ലാദിമിർ പുതിനെ വധിക്കാൻ ശ്രമിച്ചെന്ന റഷ്യയുടെ ആരോപണം നിഷേധിച്ചാണ് യുക്രൈൻ രംഗത്തെത്തിയത്. പുതിനെ ലക്ഷ്യമിട്ട് ഡ്രോൺ ആക്രമണം നടത്തിയിട്ടില്ലെന്നും റഷ്യ തന്നെയാണ് ആക്രമണത്തിന് പിന്നിലെന്നുമാണ് യുക്രൈന്റെ പ്രതികരണം. യുക്രൈൻ പ്രസിഡന്റ് വൊളോദിമിർ സെലെൻസ്‌കിയുടെ വക്താവ് മിഹായ്ലോ പൊദോല്യാക് ആണ് ഇക്കാര്യം അറിയിച്ചത്.

യുക്രൈനേതിരേ വലിയ ആക്രമണം നടത്താൻ റഷ്യ തന്നെ നടത്തിയ പദ്ധതിയാണിതെന്നും അദ്ദേഹം പ്രതികരിച്ചു. യുക്രൈൻ നടത്തുന്നത് പ്രതിരോധത്തിലൂന്നിയ യുദ്ധമാണ്. ഒരിക്കലും യുക്രൈൻ റഷ്യക്കുള്ളിലെ പ്രദേശങ്ങൾ ആക്രമിക്കില്ല. അങ്ങനെ ചെയ്തതുകൊണ്ട് തങ്ങൾക്ക് സൈനിക ലക്ഷ്യങ്ങളൊന്നും നേടാനാവില്ലെന്നും അദ്ദേഹം വിശദമാക്കി.