തിരുവനന്തപുരം: പതിനഞ്ച് വർഷം കാലാവധി പൂർത്തിയാക്കിയ കെഎസ്ആർടിസി ബസുകളുടെ സർവ്വീസ് നീട്ടി ഉത്തരവിറക്കി സംസ്ഥാന സർക്കാർ. 15 വർഷം പൂർത്തിയായ വാഹനങ്ങൾക്ക് ഫിറ്റ്‌നസ് പുതുക്കി നൽകേണ്ടന്നായിരുന്നു കേന്ദ്ര സർക്കാർ നൽകിയിരുന്ന നിർദ്ദേശം.
എന്നാൽ, ഇത് നടപ്പിലായാൽ കൂട്ടത്തോടെ ബസ് സർവ്വീസ് നിർത്തി വയ്‌ക്കേണ്ട സാഹചര്യമുണ്ടാകുമെന്നും ഇത് പൊതുജനങ്ങളെ ബുദ്ധിമുട്ടിലാക്കുമെന്നുമുള്ള വിലയിരുത്തലിന്റെ അടിസ്ഥാനത്തിൽ ഇളവ് തേടി കെഎസ്ആർടിസി നേരത്തെ സർക്കാരിന് കത്തയച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഗതാഗത വകുപ്പ് ഇതുസംബന്ധിച്ച തീരുമാനം സ്വീകരിച്ചത്. 237 ബസുകളുടേയും 105 വർക്ക് ഷോപ്പ് വാഹനങ്ങളുടേയും അടക്കം ഫിറ്റ്‌നസ് നീട്ടി നൽകിയിട്ടുണ്ട്. സെപ്തംബർ 10 വരെയാണ് സർവ്വീസ് നീട്ടി നൽകിയത്.

