ഇന്റലിജൻസ് റിപ്പോർട്ട് ചോർന്നത് ഗുരുതരമായ വിഷയം; കെ സുരേന്ദ്രൻ

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ഭീഷണിക്കത്ത് വന്നതിൽ പ്രതികരണവുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. ഭീഷണിക്കത്ത് വന്ന ഉടനെ തന്നെ പരാതി കൊടുത്തിരുന്നുവെന്ന് തങ്ങൾ വാർത്തയാക്കണമെന്ന് ഉദ്ദേശിച്ചിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. ഇന്റലിജൻസ് റിപ്പോർട്ട് ചോർന്നത് ഗുരുതരമായ വിഷയമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഒരു സ്വകാര്യ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

ബിജെപി അധികാരത്തിൽ ഇരിക്കുന്നത് കൊണ്ടാണ് പിഎഫ്‌ഐ നിരോധിച്ചത്. കേരളത്തിൽ ഹിന്ദു, ക്രിസ്ത്യൻ വേട്ടയാണ് പിഎഫ്‌ഐ ഉദ്ദേശിച്ചത്. പലയിടങ്ങളിലും ഈദ് ദിനത്തിൽ മുസ്ലീം ഭവനങ്ങളിൽ സന്ദർശനം നടത്തിയിട്ടുണ്ടെന്ന് സുരേന്ദ്രൻ വ്യക്തമാക്കി. മുസ്ലീം സമുദായവുമായുള്ള പരസ്പര സഹകരണത്തിന് സമയമെടുക്കും. കേരളത്തിലെ ക്രൈസ്തവ ജനസംഖ്യ കുറഞ്ഞ് വരികയാണെന്ന് കെ സുരേന്ദ്രൻ വ്യക്തമാക്കി. ഗവൺമെന്റിന് സുരക്ഷാ വീഴ്ച്ചയാണ് സംഭവിച്ചത്. സുരക്ഷ ചുമതലകളുള്ള ഉദ്യോഗസ്ഥരുടെ പേരുവിവരങ്ങൾ വരെ ചോർന്നത് എങ്ങനെയാണ്. പൊലീസ് ഇതെല്ലാം ലാഘവത്തോടെയാണ് കൈകാര്യം ചെയ്യുന്നതെന്നും അദ്ദേഹം വിമർശിച്ചു.

ഹിന്ദുക്കളുടെയും ജനനനിരക്ക് കുറയുന്നു. മുസ്ലീം വിഭാഗത്തിനിടയിൽ മാത്രമാണ് വർധന. മുസ്ലീം സമുദായ നേതൃത്വം നരേന്ദ്ര മോദിയെ കണ്ണടച്ച് എതിർക്കുകയാണ്. സിപിഎം, കോൺഗ്രസ് പാർട്ടികളാണ് ഇതിന് പിന്നിലെന്ന് അദ്ദേഹം ആരോപിച്ചു.