സുഡാനിൽ നിന്ന് ഇന്ത്യക്കാർ ഉൾപ്പെടെയുള്ളവരെ രക്ഷപ്പെടുത്തി സൗദി അറേബ്യ

ഖാർത്തൂം: സുഡാനിൽനിന്ന് ഇന്ത്യക്കാർ ഉൾപ്പെടെയുള്ളവരെ രക്ഷപ്പെടുത്തി സൗദി അറേബ്യ. വിവിധ രാജ്യക്കാരായ 157 പേരെയാണ് സൗദി സുഡാനിൽ നിന്നും രക്ഷപ്പെടുത്തിയത്. സൗദി നാവിക സേനയുടെ നേതൃത്വത്തിലായിരുന്നു രക്ഷാ പ്രവർത്തനം. ജിദ്ദ ചെങ്കടൽ തുറമുഖത്താണ് ഇവർ എത്തിച്ചേർന്നത്. 91 സൗദി പൗരൻമാരും ഇന്ത്യയുൾപ്പെടെയുള്ള സൗഹൃദരാജ്യങ്ങളിൽ നിന്നുള്ള 66 പേരുമാണ് സൗദിയിലെത്തിയത്. ഖാർത്തൂമിൽ ഇരുവിഭാഗങ്ങളും ഏറ്റുമുട്ടുന്നതിനിടെ വെടിയേറ്റ സൗദീയ വിമാനത്തിലെ ജീവനക്കാരും ഇക്കൂട്ടത്തിലുണ്ട്.

യുഎഇ, കുവൈത്ത്, ഖത്തർ, ഈജിപ്ത്, പാകിസ്ഥാൻ, ബംഗ്ലാദേശ് തുടങ്ങി 12 രാജ്യങ്ങളിൽ നിന്നുള്ളവരെയാണ് സൗദി രക്ഷപ്പെടുത്തിയത്. വിദേശ പൗരൻമാർക്ക് സ്വന്തം രാജ്യത്തേക്ക് പോകാൻ ആവശ്യമായ എല്ലാ സഹായവും ചെയ്തുകൊണ്ടിരിക്കുകയാണെന്നും സൗദി അധികൃതർ പറഞ്ഞു.