പാഠപുസ്തകങ്ങളിൽ അം, അഃ അക്ഷരങ്ങൾ തിരിച്ചെത്തുന്നു…

തിരുവനന്തപുരം: ഇത്തവണത്തെ അദ്ധ്യയന വർഷം ഒന്നാം ക്ലാസിലെയും രണ്ടാം ക്ലാസിലെയും പാഠപുസ്തകങ്ങളിൽ അക്ഷരമാല ഇടം നേടുമ്പോൾ സ്വരാക്ഷരങ്ങളിലെ അം, അഃ അക്ഷരങ്ങൾ കൂടി തിരിച്ചെത്തുന്നു. 2012 മുതൽ മലയാളം അക്ഷരമാലയിൽ നിന്ന് ‘അം’ എന്ന അനുസ്വാരവും ‘അഃ’ എന്ന വിസർഗവും മാറ്റി നിർത്തപ്പെട്ടിരുന്നു.

പാഠപുസ്തകത്തിന്റെ ഒന്നാം വാല്യം അച്ചടി കഴിഞ്ഞതിനാൽ ഒന്നാം ക്ലാസിലെ മൂന്നാം വാല്യത്തിലും രണ്ടാം ക്ലാസിലെ രണ്ടാം വാല്യത്തിലും ഉൾപ്പെടുത്തിയാണ് അക്ഷരമാല പ്രസിദ്ധീകരിക്കുക. ഇതോടെ അനുസ്വാരവും വിസർഗവും ഉൾപ്പെടെ സ്വരാക്ഷരങ്ങൾ 15 ഉം വ്യഞ്ജനാക്ഷരങ്ങൾ 25 ഉം മദ്ധ്യമങ്ങൾ 5 ഉം ഊഷ്മാക്കൾ രണ്ടും ഘോഷി ഒന്നും ദ്രാവിഡ മദ്ധ്യമം മൂന്നും ചേർന്ന് വീണ്ടും മലയാള അക്ഷരമാല 51 ആയി മാറുകയാണ്. ഔദ്യോഗിക ഭാഷാ വകുപ്പിന്റെ ലിപി പരിഷ്‌കരണ സമിതിയുടെ നിർദ്ദേശപ്രകാരമാണ് പാഠപുസ്തകങ്ങളിൽ അക്ഷരമാല കൂടി ഉൾപ്പെടുത്താൻ തീരുമാനിച്ചത്.

ഒന്നാം ക്ലാസിലെ കുട്ടികൾ ആശയം മനസിലാക്കി വാചകം തിരിച്ചറിഞ്ഞശേഷം വേണം അക്ഷരം പഠിക്കാനെന്നതാണ് നിലവിലെ രീതി. അതിനാലാണ് മൂന്നാം വാല്യത്തിൽ അക്ഷരമാല ഉൾപ്പെടുത്താൻ തീരുമാനിച്ചത്.