ഓരോരുത്തരുടെയും സംസ്‌കാരമാണ് ഇതൊക്കെ കാണിക്കുന്നത്; അധിക്ഷേപ പരാമർശത്തിൽ കെ സുധാകരന് മറുപടിയുമായി മുഖ്യമന്ത്രി

തിരുവനന്തപുരം: കെപിസിസി അദ്ധ്യക്ഷൻ കെ സുധാകരന് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. സുധാകരൻ നടത്തിയ അധിക്ഷേപ പരാമർശത്തിനാണ് മുഖ്യമന്ത്രി മറുപടി നൽകിയത്. ഓരോരുത്തരുടെയും സംസ്‌കാരമാണ് ഇതൊക്കെ കാണിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഇത് തെറ്റാണോ ശരിയാണോ എന്നത് സമൂഹം വിലയിരുത്തട്ടെയെന്നും അദ്ദേഹം പറഞ്ഞു.

പട്ടി എന്ന വാക്കിന് തിരുവിതാംകൂറിലും മലബാറിലും അർത്ഥവ്യത്യാസമില്ല. തിരുവിതാംകൂറിലും മലബാറിലും ചങ്ങലയെ ചങ്ങല എന്ന് തന്നെയാണ് പ്രയോഗിക്കുകയെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

കേസിന്റെ കാര്യത്തിൽ സർക്കാരിന് വലിയ താത്പര്യമില്ല. തിരഞ്ഞെടുപ്പ് കമ്മിഷന്റെ നിർദ്ദേശപ്രകാരമാകാം പോലീസ് കേസെടുത്തതെന്ന് അദ്ദേഹം അറിയിച്ചു.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിലെ വിജയം ആത്മവിശ്വാസം വർദ്ധിപ്പിച്ചു. സിൽവർ ലൈൻ പദ്ധതി ജനപിന്തുണയോടെ നടപ്പാക്കും. പദ്ധതി സംബന്ധിച്ച കുപ്രചാരണങ്ങൾ ജനങ്ങൾക്ക് മുന്നിൽ തുറന്നുകാട്ടും. പദ്ധതിയെക്കുറിച്ച് പറഞ്ഞ് മനസിലാക്കി ജനപങ്കാളിത്തത്തോടെ തന്നെ സിൽവർ ലൈൻ പദ്ധതി നടപ്പാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.