മുടക്കിയ പണം വൃധാവില്‍; സര്‍ക്കാര്‍ നല്‍കിയ ലാപ്‌ടോപ്പുകള്‍ ഉപയോഗശൂന്യം !

വിദ്യാശ്രീ പദ്ധതിയില്‍ ലാപ്‌ടോപ്പ് കിട്ടുന്നില്ല എന്ന പരാതിക്ക് പുറമെ കിട്ടിയ ലാപ്‌ടോപ്പുകള്‍ ഉപയോഗ ശൂന്യമെന്ന് പരാതി. കുട്ടികളുടെ ഓണ്‍ലൈന്‍ പഠനത്തിനായി സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ ലാപ്‌ടോപ്പ് നിര്‍മ്മാതാക്കളായ കോക്കോണിക്‌സ് കമ്പനിക്കെതിരെയാണ് പരാതികള്‍.

ഒന്നോ രണ്ടോ ഓണ്‍ലൈന്‍ ക്ലാസുകളില്‍ കൂടുതല്‍ ലാപ്‌ടോപ്പില്‍ നിന്ന് പങ്കെടുക്കാന്‍ ആയിട്ടില്ലെന്ന് കുട്ടികള്‍ പറയുന്നു. ഓണാകുക പോലും ചെയ്യാതെ ലാപ്‌ടോപ്പ് ഇപ്പോള്‍ കാഴ്ചവസ്തുവായി ഇരിക്കുകയാണെന്നും, കോക്കോണിക്‌സിനും കെഎസ്എഫ്ഇക്കും കുടുംബശ്രീക്കും എല്ലാം പരാതികള്‍ അറിയിച്ചിട്ടും ഒരു ഫലവുമില്ലെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു.

കെഎസ്എഫ്ഇയും കുടുംബശ്രീയും ഐടിമിഷനും ചേര്‍ന്നായിരുന്നു വിദ്യാശ്രീ പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കി വന്നിരുന്നത്. അഞ്ഞൂറു രൂപ മാസ അടവില്‍ പതിനയ്യായിരം രൂപയാണ് ലാപ്‌ടോപ്പിന് ഈടാക്കുക, 2100ഓളം ലാപ്‌ടോപ്പുകളാണ് ഇതുവരെ വിതരണം ചെയ്തത്. ഉപയോഗ ശൂന്യമായവ മാറ്റി നല്‍കാന്‍ നടപടിയെടുക്കുമെന്നാണ് അധികൃതരുടെ പ്രതികരണം.