കോവിഡ് വൈറസിന്റെ ഉത്ഭവം; നിർണായക വെളിപ്പെടുത്തലുമായി ഇന്ത്യൻ ശാസ്ത്രജ്ഞ

ന്യൂഡൽഹി: കോവിഡ് വൈറസ് വ്യാപനവുമായി ബന്ധപ്പെട്ട് നിർണായക വെളിപ്പെടുത്തലുമായി ഇന്ത്യൻ ശാസ്ത്രജ്ഞ.വുഹാനിലെ പരീക്ഷണ ശാലയിൽ സൂക്ഷിച്ചിരുന്ന SARS-CoV2 വൈറസ് അവിചാരിതമായി ചോർന്ന് കോവിഡ് 19 ന്റെ ഉത്ഭവത്തിന് കാരണമായതാകാമെന്നാണ് ഇന്ത്യൻ ശാസ്ത്രജ്ഞയായ ഡോക്ടർ മൊനാലി രഹൽകാർ വ്യക്തമാക്കുന്നത്. പുനെയിലെ അഘാർകർ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലെ ബയോ എനർജി ഗ്രൂപ്പ് ശാസ്ത്രജ്ഞയാണ് മൊനാലി.

കോവിഡിന് കാരണം ചൈനയാണെന്ന് ആരോപണം ഉണ്ടെങ്കിലും തങ്ങൾക്ക് പറ്റിയ ഗുരുതരവീഴ്ച മറച്ചുവയ്ക്കാനുള്ള ശ്രമത്തിലായിരുന്നു ചൈനയെന്നും ഈ ശ്രമത്തിൽ അവർ ഏറെക്കുറെ വിജയിച്ചുവെന്നും മൊനാലി പറയുന്നു. ഇക്കാര്യത്തിൽ അടിസ്ഥാനരഹിതമായ വാദങ്ങളും റിപ്പോർട്ടുകളുമാണ് ചൈന ലോകത്തെ അറിയിച്ചതെന്നും മൊനാലി വ്യക്തമാക്കി.

കൊവിഡ് വൈറസ് പ്രകൃത്യാലുണ്ടായതാണെന്ന വാദവും ചൈന മുന്നോട്ട് വെയ്ക്കുന്നുണ്ട്. ഈ വാദം ശരിവയ്ക്കുന്ന തരത്തിൽ ലാൻസെറ്റ് ജേണലിൽ 2020 ഫെബ്രുവരിയിൽ പ്രസിദ്ധീകരിച്ച ലേഖനത്തെ കുറിച്ച് മൊനാലി സംശയം പ്രകടിപ്പിക്കുന്നുണ്ട്. റിപ്പോർട്ടിൽ മതിയായ തെളിവുകൾ ഉൾപ്പെടുത്തിയിട്ടില്ലെന്നാണ് മൊനാലിയുടെ ആരോപണം. ഹോഴ്സ്ഷൂ വവ്വാലുകളിൽ നിന്ന് കൊവിഡ് വൈറസ് ഉണ്ടായെന്ന വാദം ശരിയാണോയെന്ന് പരിശോധിക്കുന്നതിനിടയിലാണ് ഇത്തരം വവ്വാലുകൾ വുഹാനിൽ കാണപ്പെടുന്നില്ല എന്ന കാര്യം ശ്രദ്ധയിൽ പെട്ടതെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു.

ഹോഴ്സ്ഷൂ വവ്വാലുകൾ വുഹാനിൽ നിന്നും 1,500, 1,800 കിലോമീറ്റർ അകലെയുള്ള യുനാൻ, ഗാഗ്ഡോങ് പ്രവിശ്യകളിലാണ് സാധാരണ കണ്ടുവരുന്നത്. വുഹാനിൽ നിന്ന് ഇത്രയും ദൂരെയുള്ള വവ്വാലുകൾ വൈറസിന്റെ സംഭരണകേന്ദ്രങ്ങളാണെന്ന് ഏങ്ങനെ ഉറപ്പിക്കാനാവുമെന്നാണ് ശാസ്ത്രജ്ഞയുടെ ചോദ്യം.

ജൈവായുധമെന്ന നിലയിൽ സൃഷ്ടിക്കപ്പെട്ടതാണ് വൈറസെന്ന് ചൈനീസ് വൈറോളജിസ്റ്റായ ഡോക്ടർ ലിമെങ് യാൻ അഭിപ്രായപ്പെട്ടിരുന്നു. എന്നാൽ ആ വാദം ഉറപ്പിക്കത്തക്ക തെളിവുകളൊന്നും ഇതു വരെ ലഭിച്ചിട്ടില്ലാത്തതിൽ തനിക്ക് അത്തരമൊരു വിശ്വാസമില്ലെന്നും ഡോക്ടർ മൊനാലി പറയുന്നു. സാഹചര്യത്തെളിവുകൾ പലതും ലാബിൽ നിന്നുള്ള വൈറസ് ചോർച്ചയെ ബലപ്പെടുത്തുന്നതാണെന്നും മൊനാലി പറഞ്ഞു. കോവിഡിന്റെ ഉത്ഭവത്തെ കുറിച്ച് ചില പഠനങ്ങൾ മൊനാലി നടത്തുന്നുണ്ട്.