മുഹമ്മദ് ഷമിയ്ക്ക് ഐപിഎല്ലും നഷ്ടമാകും; കാലിലെ പരിക്കിന് ശസ്ത്രക്രിയ വേണമെന്ന് ഡോക്ടർമാർ

മുംബൈ: ഇന്ത്യൻ ക്രിക്കറ്റ് താരം മുഹമ്മദ് ഷമിയ്ക്ക് ഐപിഎല്ലും നഷ്ടമാകും. ഇടതു കണങ്കാലിന് പരിക്കേറ്റ് ടീമിന് പുറത്തിരിക്കുകയാണ് തിരമിപ്പോൾ. ഷമിയ്ക്ക് ശസ്ത്രക്രിയ വേണമെന്നാണ് ഡോക്ടർമാർ നൽകിയിരിക്കുന്ന നിർദ്ദേശം. യുകെയിൽ നടത്തിയ വിശദ പരിശോധനയിലാണ് ശസ്ത്രക്രിയിലൂടെ മാത്രമേ കാലിലെ പരിക്ക് ഭേദമാക്കാനാകുവെന്ന് വിദഗ്ധ ഡോക്ടർമാർ വ്യക്തമാക്കിയത്. ഉടൻ ശസ്ത്രക്രിയയ്ക്ക് വിധേയനാകാണ് ഷമിയുടെ തീരുമാനം.

ഐപിഎല്ലിൽ ഗുജറാത്ത് ടൈറ്റൻസിന്റെ താരമാണ് ഷമി. കാലിലെ പരിക്കു കാരണം ഷമി ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലും കളിക്കുന്നില്ല. നവംബറിൽ ഏകദിന ലോകകപ്പ് ഫൈനലിൽ ആസ്ട്രേലിയക്കെതിരെയാണ് ഷമി അവസാനമായി മത്സരിച്ചത്. ജനുവരി അവസാന ആഴ്ചയിൽ ലണ്ടനിലെത്തിയ ഷമി ഇടതു കണങ്കാലിൽ പ്രത്യേക കുത്തിവെപ്പ് എടുത്തിരുന്നു. ഈ കുത്തിവെപ്പ് ഫലം ചെയ്യാതെ വന്നതോടെയാണ് ശസ്ത്രക്രിയ നടത്താൻ താരം തീരുമാനിച്ചത്.

ശസ്ത്രക്രിയ നടത്താൻ വേണ്ടി താരം ഉടൻ ലണ്ടനിലേക്ക് തിരിക്കുമെന്നാണ് ബിസിസിഐ വൃത്തങ്ങൾ വ്യക്തമാക്കുന്നത്.