ത്രിമാന കണ്ണാടിയുമായി ജിയോ

jio glass

43-ാം വാർഷിക ജനറൽ മീറ്റിംഗിലാണ് റിലയൻസ് ഇൻഡസ്ട്രീസ് നൂതന സാങ്കേതിക സൗകര്യങ്ങളുള്ള ജിയോ ഗ്ലാസുമായി രംഗത്തെത്തിയിരിക്കുന്നത്.മിക്സഡ് റിയാലിറ്റി അടിസ്ഥാനമാക്കിയുള്ള ഹോളോഗ്രാഫിക് ലെൻസ് ആണ് ജിയോ ഗ്ലാസിൽ ഉപയോഗിച്ചിരിക്കുന്നത്.ഹോളോ ഗ്രാഫിക് വീഡിയോ കോൾ ചെയ്യുന്നതുവഴി ഫോൺ വിളിക്കുന്നയാൾക്ക് അയാളുടെ 3ഡി രൂപത്തിൽ സുഹൃത്തുക്കളോട് സംസാരിക്കാനാവും.എച്ച്ഡി ഗുണമേന്മയിലുള്ള വീഡിയോയും ഓഡിയോയുമുൾപ്പെടെ സ്മാർട്ഫോണുമായി ബന്ധിപ്പിച്ച് ഇന്റർനെറ്റ് ഉപയോഗിക്കാനുള്ള സൗകര്യവും ഇതിലുണ്ട്. ഇതിനുപുറമേ കോൺഫറൻസ് വീഡിയോ കോൾ, പ്രസന്റേഷനുകൾ ഉൾപ്പെടെ നിരവധി കാര്യങ്ങൾ ജിയോ ഗ്ലാസിലൂടെ സാദ്ധ്യമാണ്. 25 ആപ്ലിക്കേഷനുകളാണ് ജിയോ ഗ്ലാസിൽ നിലവിൽ ലഭ്യമായുളളത്.

പ്ലാസ്റ്റിക്കിൽ നിർമിതമായ ഫ്രെയിം ആണ് ജിയോഗ്ലാസിൽ ഉള്ളത്. രണ്ട് ലെൻസുകളുടെയും നടുവിലായി ഒരു ക്യാമറയും, ലെൻസുകൾക്ക് പുറകിലായി മിക്സഡ് റിയാലിറ്റി സംവിധാനങ്ങൾ ഒരുക്കുന്ന സാങ്കേതിക സൗകര്യങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്. ഗ്ലാസിന് രണ്ട് സ്പീക്കറുകളാണുളളത്. ജിയോ ഗ്ലാസിന്റെ ഭാരം 75 ഗ്രാം ആണ്.കൊവിഡ് വ്യാപന പശ്ചാത്തലത്തിൽ വീഡിയോ കോൺഫറൻസിലൂടെയാണ് മീറ്റിംഗ് സംഘടിപ്പിച്ചത്.