എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും ഒരു വാർഡുവീതം കൂട്ടാൻ ഓർഡിനൻസ് ഇറക്കും; നീക്കവുമായി സർക്കാർ

തിരുവനന്തപുരം: എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും ഒരു വാർഡുവീതം കൂട്ടാൻ ഓർഡിനൻസ് ഇറക്കാനൊരുങ്ങി സർക്കാർ. ഇതിനായി തിങ്കളാഴ്ച പ്രത്യേക മന്ത്രിസഭായോഗം ചേരും. 1200 വാർഡുകൾ പുതുതായി രൂപപ്പെടുമെന്നാണ് വിവരം. ഭരണം പിടിക്കാൻ അനുകൂലമാകുന്ന പ്രദേശങ്ങൾ കൂട്ടിച്ചേർത്താവും പുതിയ വാർഡുകൾ രൂപീകരിക്കുകയെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്.

സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണറും നാല് മുതിർന്ന ഐഎഎസുകാരും അംഗങ്ങളായ സമിതിക്കാണ് ചുമതല നൽകിയിരിക്കുന്നത്. നടപടികൾ പൂർത്തിയാക്കാൻ ആറുമാസമെടുക്കും. നിലവിൽ 1200 തദ്ദേശസ്ഥാപനങ്ങളിൽ 21,865 ജനപ്രതിനിധികളുണ്ട്. 1200 അംഗങ്ങൾ വർദ്ധിക്കും. ഇവർക്ക് ഓണറേറിയം നൽകാൻ അഞ്ചു വർഷം 67 കോടി രൂപ അധികം വേണ്ടിവരുമെന്നാണ് കണക്കാക്കപ്പെടുന്നത്.

ജനസംഖ്യയ്ക്ക് ആനുപാതികമായി എല്ലാ തദ്ദേശസ്ഥാപനങ്ങളിലും ഓരോ വാർഡ് കൂട്ടുന്ന തരത്തിൽ പഞ്ചായത്തീരാജ്, മുനിസിപ്പാലിറ്റി നിയമങ്ങളിൽ ഭേദഗതി വരുത്തും. പഞ്ചായത്തുകളിൽ ആയിരം പേർക്ക് ഒരു വാർഡെന്നാണ് കണക്ക്. ജനസംഖ്യ വർദ്ധിച്ചെന്ന് വിലയിരുത്തിയാണ് പുനർനിർണയം നടത്തുന്നത്.