Technology (Page 95)

ആന്‍ഡ്രോയിഡ് ഫോണുകളിലെ നോട്ടിഫിക്കേഷനുകള്‍ നിറഞ്ഞിരിക്കുന്നത് കാണുമ്പോള്‍ പലര്‍ക്കും ദേഷ്യം വരാറുണ്ട്. ആവശ്യമുള്ള നോട്ടിഫിക്കേഷനുകള്‍ക്ക് മാത്രമായി അവ എങ്ങനെ ക്രമീകരിക്കാം എന്ന് പലപ്പോഴും നിങ്ങള്‍ ചിന്തിച്ചിട്ടുണ്ടാവാം. എന്നാല്‍, ഇത്തരം അനാവശ്യ മെസേജുകള്‍ ബ്ലോക്ക് ചെയ്യാന്‍ വഴിയുണ്ട്. ആപ്പ് അണ്‍ഇന്‍സ്റ്റാള്‍ ചെയ്യാതെ തന്നെ നിങ്ങള്‍ക്ക് ഒരു ആപ്പില്‍ നിന്നുള്ള അനാവശ്യ അറിയിപ്പുകള്‍ തടയാന്‍ ആന്‍ഡ്രോയ്ഡ് ഫോണുകളില്‍ കഴിയും. എങ്ങനെയെന്ന് നോക്കാം…

ഘട്ടം 1: ഒരു ആപ്പില്‍ നിന്നുള്ള എല്ലാ നോട്ടിഫിക്കേഷനുകളും (അറിയിപ്പുകള്‍) പൂര്‍ണ്ണമായി തടയുന്നതിന്, ആ ആപ്പില്‍ നിന്നുള്ള ഏതെങ്കിലും നോട്ടിഫിക്കേഷനില്‍ കുറച്ചു നേരം ടാപ്പ് ചെയ്ത് പിടിക്കുക. അപ്പോള്‍ ദൃശ്യമാകുന്ന സെറ്റിങ്‌സ് ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുക. സെറ്റിങ്‌സ് എന്ന് എഴുതിയ നിലയിലോ ഒരു ഗിയര്‍ ഐക്കണിന്റെ രൂപത്തിലോ ആയിരിക്കും ഈ ഓപ്ഷന്‍ ദൃശ്യമാവുക.

ഘട്ടം 2: സെറ്റിങ്‌സ് ഓപ്ഷനില്‍ ക്ലിക്ക് ചെയ്താല്‍ നിങ്ങള്‍ക്ക് ആ പ്രത്യേക ആപ്പിന്റെ നോട്ടിഫിക്കേഷന്‍ സെറ്റിങ്‌സ് ഓപ്ഷന്‍ ലഭിക്കും. ഇതില്‍ ആപ്പില്‍ നിന്നുള്ള എല്ലാ നോട്ടിഫിക്കേഷനും തടയുന്നതിനായി ഷോ ഓള്‍ നോട്ടിഫിക്കേഷന്‍ എന്ന ഓപ്ഷന്‍ അണ്‍ചെക്ക് ചെയ്യുക.

മെസേജ് അയക്കുന്നതിനുള്ള ആപ്പുകള്‍ പോലെ നിങ്ങള്‍ ആശയ വിനിമയത്തിന് ഉപയോഗിക്കുന്ന ആപ്പുകള്‍ക്കോ മറ്റ് പ്രധാന ആപ്പുകള്‍ക്കോ ഇത്തരത്തില്‍ മുഴുവന്‍ നോട്ടിഫിക്കേഷനും ഓഫാക്കാന്‍ ഞങ്ങള്‍ ശുപാര്‍ശ ചെയ്യുന്നില്ല. അത്തരം സാഹചര്യങ്ങളില്‍ ആപ്പുകളില്‍ നിന്നുള്ള തിരഞ്ഞെടുത്ത നോട്ടിഫിക്കേഷനുകള്‍ മാത്രം ബ്ലോക്ക് ചെയ്യാം.

ചിലപ്പോള്‍, ഒരു ആപ്പില്‍ നിന്നുള്ള ചില നോട്ടിഫിക്കേഷനുകള്‍ മാത്രം നിങ്ങള്‍ക്ക് തടയേണ്ടതുണ്ടാവും. പണമിടപാടുമായി ബന്ധപ്പെട്ട ആപ്പുകള്‍ക്ക് ഇത് ഉപയോഗപ്രദമാകും, അവിടെ പണമിടപാടുകളെക്കുറിച്ച് നിങ്ങള്‍ക്ക് അറിയിപ്പ് ലഭിക്കണം, എന്നാല്‍ ലോണ്‍ ഓഫറുകളെ കുറിച്ചോ മറ്റോ ഉള്ള നോട്ടിഫിക്കേഷനുകള്‍ ലഭിക്കേണ്ടതുണ്ടാവുകയുമില്ല. അത് എങ്ങനെ ചെയ്യണമെന്ന് നോക്കാം.

ഘട്ടം 1: നിങ്ങള്‍ ചില നോട്ടിഫിക്കേഷനുകള്‍ മാത്രം ബ്ലോക്ക് ചെയ്യാന്‍ ആഗ്രഹിക്കുന്ന ആപ്പിന്റെ നോട്ടിഫിക്കേഷനില്‍ ദീര്‍ഘനേരം ക്ലിക്ക് ചെയ്യുക. സെറ്റിങ്‌സ് ഓപ്ഷന്‍ ക്ലിക്ക് ചെയ്യുക.

ഘട്ടം 2: സെറ്റിങ്‌സ് ഓപ്ഷനില്‍ ക്ലിക്ക് ചെയ്താല്‍ നിങ്ങള്‍ക്ക് ആ പ്രത്യേക ആപ്പിന്റെ നോട്ടിഫിക്കേഷന്‍ സെറ്റിങ്‌സ് ഓപ്ഷന്‍ ലഭിക്കും. ഇതില്‍ ആപ്പില്‍ നിന്നുള്ള വിവിധ നോട്ടിഫിക്കേഷനുകള്‍ പട്ടികപ്പെടുത്തിയിട്ടുണ്ടാവും. അതില്‍ നിങ്ങള്‍ ഒഴിവാക്കാന്‍ ആഗ്രഹിക്കുന്ന നോട്ടിഫിക്കേഷനുകള്‍ അണ്‍ചെക്ക് ചെയ്യുക.

ഉദാഹരണത്തിന്, ഫ്‌ലിപ്പ്കാര്‍ട്ടില്‍ നിന്നുള്ള ‘റിമൈന്‍ഡ് മീ’, ‘ഫ്‌ലിപ്പ്കാര്‍ട്ട് കമ്മ്യൂണിറ്റി’ നോട്ടിഫിക്കേഷനുകള്‍ നിങ്ങള്‍ക്ക് വേണ്ട എന്നാല്‍ ഓഫറുകളെക്കുറിച്ചുള്ള നോട്ടിഫിക്കേഷന്‍ വേണം എന്നാണെങ്കില്‍ നിങ്ങള്‍ക്ക് അത്തരത്തില്‍ ക്രമീകരിക്കാം. ‘റിമൈന്‍ഡ് മീ’, ‘ഫ്‌ലിപ്പ്കാര്‍ട്ട് കമ്മ്യൂണിറ്റി’ എന്നിവ അണ്‍ചെക്ക് ചെയ്ത് ഓഫറുകളുടെ നോട്ടിഫിക്കേഷന്‍ മാത്രം സെലക്ട് ചെയ്ത് വയ്ക്കാം.

ബംഗലൂരു: 45 മിനിറ്റില്‍ പലചരക്ക് സാധനങ്ങള്‍ ഡോര്‍ ഡെലിവറി ചെയ്യാനൊരുങ്ങി ഫ്‌ളിപ്കാര്‍ട്ട്‌ . ക്വിക്ക് ഡെലിവറി സേവനം 90 മിനിറ്റില്‍ നിന്ന് 45 മിനിറ്റായി കുറച്ചിരിക്കുകയാണ് ഫ്‌ലിപ്പ്കാര്‍ട്ട്. ബംഗളൂര്‍ നഗരത്തിലാണ് വാള്‍മാര്‍ട്ട് ഉടമസ്ഥതയിലുള്ള ഇ-കോമേഴ്‌സ് സ്ഥാപനം ഈ സേവനം ലഭ്യമാകുന്നത്. എന്നാല്‍, കൂടുതല്‍ ഇന്ത്യന്‍ നഗരങ്ങളിലേക്ക് ഇത് വ്യാപിപ്പിക്കുമെന്ന് കമ്പനി അറിയിച്ചു.

റിലയന്‍സ് മാര്‍ട്ട് ഉയര്‍ത്തുന്ന വെല്ലുവിളിയാണ് ഇത്തരം ഒരു രീതിയിലേക്ക് മാറി ചിന്തിക്കാന്‍ ഫ്‌ളിപ്കാര്‍ട്ടിനെ പ്രേരിപ്പിച്ചത് എന്നാണ് സൂചന. ബ്ലിങ്കിറ്റ്, സെപ്‌റ്റോ, സ്വിഗ്ഗി, ഇന്‍സ്റ്റാമാര്‍ട്ട്, ഡണ്‍സോ തുടങ്ങിയ ഇ-കൊമേഴ്സ് കമ്പനികള്‍ 15-20 മിനിറ്റിനുള്ളില്‍ പലചരക്ക് സാധനങ്ങള്‍ ഉപഭോക്താക്കള്‍ക്ക് എത്തിക്കാനുള്ള ശ്രമങ്ങള്‍ നടത്തുന്ന സമയത്താണ് ഫ്‌ലിപ്പ്കാര്‍ട്ടിന്റെ പുതിയ സമയക്രമം. 10-20 മിനിറ്റിനുള്ളില്‍ ഡോര്‍ ഡെലിവറി അനുയോജ്യമായ മോഡലല്ലെന്നാണ് ഫ്‌ളിപ്കാര്‍ട്ട്‌ പറയുന്നത്. ഇതുകൊണ്ടാണ് ക്വിക്ക് സര്‍വീസ് ഡെലിവറി സമയം 45 മിനിറ്റായി നിശ്ചയിച്ചിരിക്കുന്നത്.

രണ്ടു വര്‍ഷം മുന്‍പാണ് കമ്പനി പുതിയ സേവനമായ ‘ഫ്ളിപ്കാര്‍ട്ട് ക്വിക്’ ബംഗളൂരുവില്‍ അവതരിപ്പിച്ചത്. ആദ്യ ഘട്ടത്തില്‍ പലചരക്ക്, പാല്‍, മത്സ്യം, ഫോണുകള്‍, ഇലക്ട്രോണിക് ഉപകരണങ്ങള്‍, സ്റ്റേഷനറി സാധനങ്ങള്‍ ആണ് എത്തിച്ചിരുന്നത്. ഏതു സമയത്തും ഓര്‍ഡര്‍ ചെയ്യാം. എന്നാല്‍ എത്തിച്ചു നല്‍കല്‍ രാവിലെ 6 മുതല്‍ ഉച്ചയ്ക്ക് 12 വരെ മാത്രമായിരിക്കും. ഇതിന്റെ കുറഞ്ഞ ഡെലിവറി ചാര്‍ജ് 29 രൂപയായും നിശ്ചയിച്ചിരുന്നു. ഉപയോക്താക്കള്‍ക്ക് 45 മിനിറ്റിനുള്ളില്‍ എത്തിച്ചു കിട്ടണമെന്ന് ആവശ്യപ്പെടാം. അല്ലെങ്കില്‍ 90 മിനിറ്റിനുള്ളില്‍ വേണമെന്നും ആവശ്യപ്പെടാം. ലാറ്റിറ്റിയൂഡ്, ലോഞ്ചിട്യൂഡ് സംവിധാനമാണ് ഡെലിവറിക്ക് ഉപയോഗിക്കുന്നത്.

പാന്‍ കാര്‍ഡ നഷ്ടമായാല്‍ എന്ത് ചെയ്യും എന്ന് ഓര്‍ത്തിട്ടുണ്ടോ? ആധാര്‍ കാര്‍ഡ് അല്ലെങ്കില്‍ പാന്‍ കാര്‍ഡ് എല്ലാം എപ്പോള്‍ വേണമെങ്കിലും നഷ്ടമാവുകയോ എതെങ്കിലും തരത്തില്‍ കേട് വരുകയോ ചെയ്‌തേക്കാം. ഇത്തരമൊരു സാഹചര്യത്തില്‍ എന്ത് ചെയ്യുമെന്ന് നോക്കാം.

പുതിയ കാര്‍ഡ് ലഭിക്കാന്‍

1 https://www.onlineservices.nsdl.com/paam/endUserRegisterContact.html- എന്ന വെബ്‌സൈറ്റ് തുറക്കുക,

2’നിലവിലുള്ള പാന്‍വിവരങ്ങളുടെ മാറ്റങ്ങള്‍ അല്ലെങ്കില്‍ തിരുത്തല്‍/ പാന്‍ കാര്‍ഡിന്റെ റീപ്രിന്റ്’ എന്ന ഓപ്ഷന്‍ തിരഞ്ഞെടുക്കുക.

3 നിര്‍ബന്ധമെന്ന് അടയാളപ്പെടുത്തിയിരിക്കുന്ന എല്ലാ ഫീല്‍ഡുകളും പൂരിപ്പിച്ച് ‘സമര്‍പ്പിക്കുക’ ബട്ടണില്‍ ക്ലിക്കുചെയ്യുക.

4 തുടര്‍ന്ന് രജിസ്റ്റര്‍ ചെയ്ത ഇ-മെയില്‍ ഐഡിയില്‍ ഒരു ടോക്കണ്‍ നമ്പര്‍ നിങ്ങള്‍ക്ക് ലഭിക്കും. അത് സ്‌ക്രീനിലും കാണിക്കും. ഉപയോക്താവ് ആ നമ്പര്‍ സൂക്ഷിക്കണം

5 തുടരുക എന്നതില്‍ ക്ലിക്ക് ചെയ്യുക സൈറ്റില്‍ പറയുന്ന ‘വ്യക്തിഗത വിശദാംശങ്ങള്‍’ പൂരിപ്പിക്കുക.നിങ്ങള്‍ക്ക് ഒന്നുകില്‍ NSDL-ന്റെ PAN സേവന യൂണിറ്റിന്റെ രജിസ്റ്റര്‍ ചെയ്ത വിലാസത്തിലേക്ക് രേഖകള്‍ നേരിട്ട് അയയ്ക്കാം അല്ലെങ്കില്‍ e-KYC-യ്ക്കായി ഇ-സൈന്‍ സമര്‍പ്പിക്കാം.

6 ഇനി കാര്‍ഡ് മോഷ്ടിച്ചതാണെങ്കില്‍ പോലീസിന്റെ എഫ്ഐആര്‍ അറ്റാച്ചുചെയ്യുക.

അടുത്ത മെനുവില്‍, കാര്‍ഡ് സ്വീകരിക്കുന്ന മോഡ് തിരഞ്ഞെടുക്കുക. ‘ഫിസിക്കല്‍ പാന്‍ കാര്‍ഡ് ആവശ്യമാണോ?’ എന്നതിന് കീഴില്‍ നിങ്ങള്‍ ‘yes’ തിരഞ്ഞെടുത്താല്‍, കാര്‍ഡ് നിങ്ങളുടെ രജിസ്റ്റര്‍ ചെയ്ത വിലാസത്തിലേക്ക് അയയ്ക്കും. അല്ലെങ്കില്‍, രജിസ്റ്റര്‍ ചെയ്ത ഇ-മെയില്‍ ഐഡിക്ക് ഇ-പാന്‍ കാര്‍ഡ് ലഭിക്കും.

7.’കോണ്‍ടാക്റ്റ് ഡീറ്റെയില്‍സ്’, ‘ഡോക്യുമെന്റ് വിശദാംശങ്ങള്‍’എന്നിവ ഫില്ല് ചെയ്ച് ‘സമര്‍പ്പിക്കുക’ ക്ലിക്ക് ചെയ്യുക.

8 പേയ്മെന്റ് പേജില്‍ തുക അടക്കുന്നതോടെ നടപടി പൂര്‍ത്തിയാകും. ലഭിച്ച 15 അക്ക അക്‌നോളജ്മെന്റ് നമ്പര്‍ ഉപയോഗിച്ച് നിങ്ങളുടെ കാര്‍ഡിന്റെ നില പരിശോധിക്കാം. അപേക്ഷിച്ച് 14 ദിവസത്തിനകം കാര്‍ഡ് ലഭിക്കും

ഇന്ന് നാം കൂടുതലായും ഉപയോഗിക്കുന്നത് ഡിജിറ്റല്‍ പേയ്‌മെന്റുകളാണ്. ഓരോ തവണയും യുപിഐ, ഗൂഗിള്‍ പേ അല്ലെങ്കില്‍ പേടിഎം വഴി പേയ്മെന്റിനായി ലോഗിന്‍ ചെയ്യുമ്പോള്‍, നമ്മുടെ ഫോണും കമ്പ്യൂട്ടറും ഹാക്ക് ചെയ്യാന്‍ മറുവശത്ത് ഒരാള്‍ കാത്തിരിക്കുന്നുണ്ടാവും. നമ്മുടെ വിവരങ്ങള്‍ ചോരാതിരിക്കാന്‍ ഇത്തരം സുരക്ഷാ കാര്യങ്ങളില്‍ നാം കൂടുതല്‍ ശ്രദ്ധ ചെലുത്തേണ്ടതുണ്ട്. ഓരോ ആപ്പിനും വ്യത്യസ്തവും ശക്തവുമായ പാസ്വേഡുകള്‍ ഉണ്ടായിരിക്കേണ്ടതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം.

സൈബര്‍ ആക്രമണത്തിന് ഇരയാകാന്‍ സാധ്യതയുള്ള, കൂടുതല്‍ ആളുകളും ഉപയോഗിക്കുന്ന ഏറ്റവും ദുര്‍ബലമായ ചില പാസ്വേഡുകള്‍ നോക്കാം…

123456
123456789
12345
qwerty
password
12345678
111111
123123
1234567890
1234567

ഇത്തരത്തില്‍ സമാനമായ പാസ്വേഡുകളാണ് നിങ്ങളുടേതെങ്കില്‍ സൈബര്‍ ആക്രമണം ഒഴിവാക്കാന്‍ ഉടന്‍ തന്നെ അവ മാറ്റുന്നതാവും ഉചിതം.

തിരുവനന്തപുരം: വ്യാജ ആപ്ലിക്കേഷനുകള്‍ ഉപയോഗിച്ച് ബാങ്ക് അക്കൗണ്ട് ഉടമയുടെ വിവരങ്ങള്‍ ശേഖരിച്ചുള്ള ഓണ്‍ലൈന്‍ തട്ടിപ്പ് സജീവം. പല ഉപഭോക്താക്കളില്‍ നിന്നും പണം നഷ്ടമായതോടെ ബാങ്കുകള്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അതേസമയം, വൈദ്യുതി ബോര്‍ഡിന്റെ പേരിലും ഇത്തരത്തിലുള്ള വ്യാജസന്ദേശങ്ങള്‍ വഴി പലര്‍ക്കും ലക്ഷങ്ങള്‍ നഷ്ടമായതായി പോലീസിന് പരാതി ലഭിച്ചിട്ടുണ്ട്. ഒറ്റത്തവണ പാസ്വേഡ് ദുരുപയോഗം ചെയ്ത് പണം തട്ടുന്ന രീതി ഇപ്പോള്‍ കുറഞ്ഞിട്ടുണ്ടെന്നും പോലീസ് അറിയിച്ചു.

ബാങ്കിന്റെയോ മറ്റു സ്ഥാപനങ്ങളുടെയോ പ്രതിനിധികള്‍ എന്ന വ്യാജേന ഫോണ്‍ ചെയ്യുന്നവര്‍ ഉപഭോക്താക്കളെ ചില ആപ്ലിക്കേഷനുകള്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ നിര്‍ബന്ധിക്കും. സ്‌ക്രീന്‍ പങ്കുവെക്കല്‍ സാധ്യമാകുന്ന ഇത്തരം ആപ്ലിക്കേഷനുകള്‍ ഇന്‍സ്റ്റാള്‍ ചെയ്ത് അവ തുറന്നാലുടന്‍ ഫോണിലെ വിവരങ്ങള്‍ തട്ടിപ്പുകാര്‍ക്ക ലഭിക്കും.

ഇത്തരത്തിലുള്ള ചില ആപ്‌ളിക്കേഷനുകള്‍ പരിചയപ്പെടാം

  • എനി ഡെസ്‌ക് റിമോട്ട് ഡെസ്‌ക്ടോപ് സോഫ്‌റ്റ്വേര്‍
  • ടീം വീവര്‍ റിമോട്ട് കണ്‍ട്രോള്‍
  • എയര്‍ ട്രോയിഡ് ഫയല്‍ ആന്‍ഡ് റിമോട്ട് ആക്‌സസ്
  • സ്‌ക്രീന്‍ ഷെയര്‍ റിമോട്ട് അസിസ്റ്റന്റ്
  • ടീം വീവര്‍ ക്വിക് സപ്പോര്‍ട്ട്
  • എയര്‍ മിറര്‍ റിമോട്ട് കണ്‍ട്രോള്‍
  • റെമോട്രോയിഡ്
  • വി.എന്‍.സി. വ്യൂവര്‍ റിമോട്ട് ഡെസ്‌ക്ടോപ്
  • ടീം വീവര്‍ ഹോസ്റ്റ്

അതേസമയം, ബാങ്കുകളോ മറ്റ് അംഗീകൃത ധനകാര്യസ്ഥാപനങ്ങളോ ഉപഭോക്താക്കളോട് വ്യക്തിവിവരങ്ങള്‍ ഫോണിലൂടെ ആവശ്യപ്പെടില്ല. ഒരു ആപ്ലിക്കേഷനും ഇന്‍സ്റ്റാള്‍ ചെയ്യാന്‍ ആവശ്യപ്പെടാറില്ല. ഇത്തരം ഫോണ്‍കോളുകള്‍, എസ്.എം.എസ്. സന്ദേശം, ഇ-മെയിലുകള്‍ എന്നിവ അവഗണിക്കുകയും, ക്രെഡിറ്റ് കാര്‍ഡ് വിവരങ്ങള്‍, അവയുടെ കാലാവധി അവസാനിക്കുന്ന തിയ്യതി, സി.വി.സി, ഒ.ടി.പി, പിന്‍ നമ്പറുകള്‍ എന്നിവ ആരുമായും പങ്കുവെക്കുകയുമരുത്.

ഉപയോക്താക്കളുടെ യാതൊരു വിധ അറിവോ സമ്മതമോ കൂടാതെ ബയോമെട്രിക് വിവരങ്ങള്‍ വ്യാവസായിക ആവശ്യത്തിന് ഉപയോഗിച്ചതിനെതിരെ മെറ്റക്കെതിരെ ടെക്സാസ് അറ്റോര്‍ണി ജനറല്‍ കേസെടുത്തു. മെറ്റയുടെ ഭാഗത്തു നിന്നുമുണ്ടായ ഈ നടപടി ടെക്സാസിലെ ജനങ്ങളുടെ സ്വകാര്യതയ്ക്കും സുരക്ഷയ്ക്കും വലിയ ഭീഷണി സൃഷ്ടിച്ചുവെന്ന് അറ്റോര്‍ണി ജനറല്‍ വിലയിരുത്തി. ഉപയോക്താക്കളുടെ ശബ്ദ സാമ്പിളുകള്‍, ഐറിസ് സ്‌കാനുകള്‍, റെറ്റിന സ്‌കാനുകള്‍, വിരലടയാളങ്ങള്‍ മുതലായവ അനധികൃതമായി ശേഖരിച്ചെന്നാണ് ആരോപണം.

ഉപയോക്താക്കള്‍ ഫേസ്ബുക്കിലും ഇന്‍സ്റ്റഗ്രാമിലും അപ്ലോഡ് ചെയ്യുന്ന ഫോട്ടോകളില്‍ നിന്നും വീഡിയോകളില്‍ നിന്നും ഫേസ് ജാമിട്രിയും ശേഖരിച്ച് വ്യാവസായിക ആവശ്യങ്ങള്‍ക്കായി ഉപയോഗിച്ചെന്നും ആരോപണമുണ്ട്.

സ്വകാര്യതയും സുരക്ഷയും മുന്‍നിര്‍ത്തി ഇതാദ്യമായല്ല ടെക്സാസ് അറ്റോര്‍ണി ജനറല്‍ ടെക് ഭീമന്മാര്‍ക്കെതിരെ നടപടിയെടുക്കുന്നത്. മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ വിലക്കിയതിനെതിരെ അദ്ദേഹം ട്വിറ്ററിനെതിരെ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടിരുന്നു. ആളുകളില്‍ നിന്ന് മുന്‍കൂര്‍ അനുവാദം വാങ്ങി മാത്രമേ ബയോമെട്രിക് ഡാറ്റ ഉപയോഗിക്കാവൂ എന്നാണ് ടെക്സാസിലെ നിയമം.

ലക്സംബര്‍ഗ് ആസ്ഥാനമായ എസ്ഇഎസുമായി സംയുക്ത സംരംഭം പ്രഖ്യാപിച്ച് ഡിജിറ്റല്‍ സേവന കമ്പനിയായ ജിയോ. രണ്ട് കമ്പനികളും ചേര്‍ന്ന് ജിയോ സ്പേസ് ടെക്നോളജി ലിമിറ്റഡ് എന്ന പേരിലാണ് ജോയിന്റ് വെഞ്ച്വര്‍ രൂപീകരിച്ചിരിക്കുന്നത്. ജിയോ പ്ലാറ്റ്ഫോമിന് 51%വും എസ്ഇഎസ് 49%വുമാണ് ഇക്വിറ്റി ഓഹരികള്‍. ഇന്ത്യയില്‍ എസ്ഇഎസിന്റെ സാറ്റലൈറ്റ് ഡാറ്റയും കണക്ടിവിറ്റി സേവനങ്ങളും നല്‍കുക ഇനി ഈ സംരംഭം വഴിയായിരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ജിയോസ്റ്റേഷണറി (ജിയോ), മീഡിയം എര്‍ത്ത് ഓര്‍ബിറ്റ് (എംഇഒ) സാറ്റലൈറ്റ് നക്ഷത്രസമൂഹങ്ങളുടെ സംയോജനമായ മള്‍ട്ടി-ഓര്‍ബിറ്റ് ബഹിരാകാശ ശൃംഖലകള്‍, സംരംഭങ്ങള്‍, മൊബൈല്‍ ബാക്ക്‌ഹോള്‍, റീട്ടെയില്‍ ഉപഭോക്താക്കള്‍ എന്നിവര്‍ക്ക് മള്‍ട്ടി-ഗിഗാബിറ്റ് ലിങ്കുകളും ശേഷിയും സംയുക്ത സംരംഭം ഉപയോഗിക്കും. ഇന്ത്യയ്ക്ക് അകത്തും സമീപപ്രദേശങ്ങളിലുമാണ് സേവനം ലഭിക്കുക. ഇരുവരും 100 മില്യണ്‍ ഡോളര്‍ മൂല്യമുള്ള ഒരു മള്‍ട്ടി-ഇയര്‍ കരാറില്‍ ഏര്‍പ്പെട്ടിട്ടുണ്ട്.

എന്നാല്‍, ചില എയറോനോട്ടിക്കല്‍ ആന്റ് മാരിടൈം ഉപഭോക്താക്കള്‍ ഈ സംരംഭത്തിന് കീഴില്‍ വരില്ല. എസ്ഇഎസ് നേരിട്ടായിരിക്കും അവര്‍ക്ക് സര്‍വീസ് നല്‍കുക. എസ്ഇഎസില്‍ നിന്ന് 100 ജിബിപിഎസ് ശേഷി വരെയാണ് ലഭിക്കുക. ഇന്ത്യയില്‍ ജിയോയ്ക്കുള്ള പ്രീമിയര്‍ സ്ഥാനവും വില്‍പ്പനയും ഉപയോഗപ്പെടുത്തുന്നത് വഴി വലിയ മാര്‍ക്കറ്റാണ് തുറന്നുകിട്ടുക.

ഫേസ്ബുക്കിലെ ഫീച്ചറുകള്‍ക്ക് സമാനമായ ഫീച്ചറുകള്‍ വാട്‌സാപ്പിലും വരുമെന്ന് റിപ്പോര്‍ട്ട്. ഫേസ്ബുക്കിലെ കവര്‍ ഫോട്ടോ ഓപ്ഷനാണ് വാട്‌സാപ്പിലും കമ്പനി അവതരിപ്പിക്കാനൊരുങ്ങുന്നത്.

നിലവില്‍, വാട്‌സാപ് ഉപയോക്താക്കള്‍ക്ക് പ്രൊഫൈല്‍ ഫോട്ടോ, സ്റ്റാറ്റസ്, എബൗട്ട് എന്നീ ഓപ്ഷനുകള്‍ മാത്രമെ ഉള്ളൂ. എന്നാല്‍ WABetaInfo യുടെ റിപ്പോര്‍ട്ട് അനുസരിച്ച് ബിസിനസ് അക്കൗണ്ടുകളില്‍ മാത്രമാകും പുതിയ ഫീച്ചര്‍ ലഭ്യമാകുക. ഫീച്ചര്‍ വികസിപ്പിച്ചുകൊണ്ടിരിക്കുകയാണെന്നും മീഡിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം, ഫീച്ചര്‍ അവതരിപ്പിക്കുമ്പോള്‍ WhatsApp ബിസിനസ് ആപ്പില്‍ മാറ്റങ്ങള്‍ ഉണ്ടാകുമെന്നും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.

ബിസിനസ് അക്കൗണ്ട് ഉപയോക്താക്കള്‍ക്ക് അവരുടെ അക്കൗണ്ടുകളില്‍ ഒരു അധിക ക്യാമറ ക്രമീകരണ ഓപ്ഷന്‍ ലഭിക്കും. കവര്‍ ഫോട്ടോ സജ്ജീകരിക്കാന്‍ ഈ ക്യാമറ ബട്ടണ്‍ ഉപയോഗിക്കാം. ബിസിനസ് അക്കൗണ്ടുള്ള എല്ലാവര്‍ക്കും കവര്‍ഫോട്ടോ ദൃശ്യമാകും. ആന്‍ഡ്രോയിഡ്, ഐഒഎസ് ഉപയോക്താക്കള്‍ക്കായി ഈ ഫീച്ചര്‍ ഉടന്‍ ലോഞ്ച് ചെയ്യും.

വാട്ട്‌സ് ആപ്പ് വെബില്‍ ഇനി വോയ്സ്, വീഡിയോ കോളുകളും ചെയ്യാം. ഘട്ടം ഘട്ടമായി ആണ് ഈ സൗകര്യം പുറത്തിറക്കുകയെന്ന് വാട്ട്‌സ്ആപ്പ് അറിയിച്ചിട്ടുണ്ട്. 2020 ഒക്ടോബറിലാണ് മെറ്റായുടെ ഉടമസ്ഥതയിലുള്ള ഇന്‍സ്റ്റന്റ് മെസേജിംഗ് പ്ലാറ്റ്‌ഫോമായ വാട്ട്‌സ്ആപ്പ് വെബ് ഉപയോക്താക്കള്‍ക്കായി കോളിംഗ് ഫീച്ചറുകള്‍ ഒരുക്കുമെന്ന് ആദ്യമായി പ്രഖ്യാപിച്ചത്.

വെബ്, ഡെസ്‌ക്ടോപ്പ് ആപ്പുകളില്‍ കോളിങ് ഫീച്ചര്‍ ഒരുക്കുന്നതോടെ സൂം, സ്‌കൈപ്പ്, മൈക്രോസോഫ്റ്റ് ടീമുകള്‍, ഗൂഗിള്‍ മീറ്റ് തുടങ്ങിയ വീഡിയോ കോളിങ് പ്ലാറ്റ്ഫോമുകള്‍ക്ക് വാട്ട്‌സ്ആപ്പ് പ്രധാന എതിരാളിയാകാന്‍ സാധ്യതയുണ്ടന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഉടന്‍ തന്നെ ഗ്രൂപ്പ് കോളിനുള്ള സൗകര്യവും എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്

വാട്ട്‌സ്ആപ്പ് വെബില്‍ കോളുകള്‍ വിളിക്കേണ്ടതെങ്ങനെ?

സ്റ്റെപ് 1 : ഡെസ്‌ക്ടോപ്പില്‍ വാട്ട്‌സ്ആപ്പ് ഡൗണ്‍ലോഡ് ചെയ്യുകയോ, അല്ലെങ്കില്‍ വാട്ട്‌സ്ആപ്പ് വെബ് ഉപയോഗിക്കുകയോ ചെയ്യണം

സ്റ്റെപ് 2 : നിങ്ങളുടെ ഫോണിലെ വാട്ട്‌സ്ആപ്പ് അക്കൗണ്ടില്‍ നിന്ന് ക്യുആര്‍ കോഡ് സ്‌കാന്‍ ചെയ്യുക.

സ്റ്റെപ് 3 : നിങ്ങള്‍ക്ക് വിളിക്കാന്‍ താത്പര്യമുള്ള അക്കൗണ്ട് തെരഞ്ഞെടുത്ത് വോയ്സ് കാള്‍ ബട്ടണില്‍ ക്ലിക്ക് ചെയ്യുക.

ഉപയോക്താക്കള്‍ക്കിടയില്‍ ഏറ്റവും ജനപ്രിയ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ ഒന്നാണ് ഇന്‍സ്റ്റഗ്രാം. എളുപ്പവും രസകരവുമായ പല പല ഫീച്ചറുകള്‍ ഇതില്‍ ഉണ്ട്. ഇന്‍സ്റ്റഗ്രാം ഉപയോഗിക്കുന്നവരാണെങ്കിലും പല ഫീച്ചറുകളും നമ്മള്‍ ശ്രദ്ധിക്കുകയോ ഉപയോഗിക്കുകയോ ചെയ്യാറില്ല. ഇന്‍സ്റ്റഗ്രാം ഉപയോഗിക്കുന്നവരാണെങ്കില്‍ ഇനി പറയുന്ന ഫീച്ചറുകള്‍ നിങ്ങള്‍ക്ക് പ്രയോജനപ്പെടുന്നവയായിരിക്കും. ഏതൊക്കെയാണെന്ന് നോക്കാം…

ഹാഷ്ടാഗുകള്‍ക്കുള്ള കസ്റ്റം സ്റ്റിക്കറുകള്‍

ഹാഷ്ടാഗുകള്‍ക്കുള്ള കസ്റ്റം സ്റ്റിക്കറുകള്‍ കസ്റ്റം സ്റ്റിക്കറുകള്‍ എന്നത് കൊണ്ട ഉദ്ദേശിക്കുന്നത് ഹാഷ്ടാഗുകള്‍ സ്റ്റിക്കറുകളായി കാണിക്കുന്നതിനെയാണ്. ഇതിലൂടെ നിങ്ങള്‍ പ്രമോട്ട് ചെയ്യുന്ന കണ്ടന്റിലേക്ക് ആളുകളുടെ ശ്രദ്ധ ആകര്‍ഷിക്കുന്നു. സ്റ്റിക്കര്‍ ഹാഷ്ടാഗ് ചേര്‍ക്കുന്നതിന് ഫോട്ടോയില്‍ ക്ലിക്കുചെയ്തതിന് ശേഷം സ്റ്റിക്കര്‍ ഐക്കണില്‍ ടാപ്പുചെയ്യുക. തുടര്‍ന്ന് ഹാഷ്ടാഗ് തിരഞ്ഞെടുത്ത് നിങ്ങളുടെ സ്റ്റോറിയില്‍ ചേര്‍ക്കുന്നതിന് മുമ്പ് അത് കസ്റ്റമൈസ് ചെയ്യുക.

സെല്‍ഫി സ്റ്റിക്കേഴ്‌സ്

ഇന്‍സ്റ്റഗ്രാം നല്‍കുന്ന സെല്‍ഫി ഫീച്ചറിനെക്കുറിച്ച് നമ്മള്‍ക്ക് എല്ലാവര്‍ക്കും അറിയാം, എന്നാല്‍ ഒരു മിനി-സെല്‍ഫി എടുത്ത് നിങ്ങളുടെ ഇന്‍സ്റ്റാഗ്രാം സ്റ്റോറിയില്‍ പോസ്റ്റ് ചെയ്യുന്നത് എങ്ങനെയെന്ന് ആളുകള്‍ക്ക് അറിയണമെന്നില്ല. ഇതിനായി നിങ്ങള്‍ ചെയ്യേണ്ടത് ഒരു സെല്‍ഫി/വീഡിയോ എടുക്കുക. വലത് കോണിലുള്ള സ്‌മൈലി ഫേസ് ഐക്കണില്‍ ടാപ്പ് ചെയ്യുക (സ്റ്റിക്കറുകള്‍ ചേര്‍ക്കാന്‍ നിങ്ങള്‍ തിരഞ്ഞെടുക്കുന്ന ഓപ്ഷന്‍) ഇതിലുള്ള മാജിക് ഫോള്‍ഡറിലെ ക്യാമറ ഐക്കണ്‍ തിരഞ്ഞെടുത്ത് സെല്‍ഫി എടുക്കുക. ഇത് നിങ്ങളുടെ സ്റ്റോറിയില്‍ എവിടെയും നിങ്ങള്‍ക്ക് പ്ലേസ് ചെയ്യാന്‍ സാധിക്കും.

ഇറേസര്‍ ബ്രഷ്

ഇറേസര്‍ ബ്രഷ് ഉപയോഗിച്ച് രസകരമായി സ്റ്റോറികള്‍ ഇടാന്‍ സാധിക്കും. ഒരു ഇമേജ് എടുക്കുക. പിന്നീട് ഡ്രോയിംഗ് ടൂള്‍ തിരഞ്ഞെടുത്ത് ഒരു കളര്‍ തിരഞ്ഞെടുക്കുക. കളര്‍ തിരഞ്ഞെടുത്ത ശേഷം സ്‌ക്രീനില്‍ ആ നിറം നിറയ്ക്കാന്‍ കുറച്ച് സെക്കന്‍ഡ് അമര്‍ത്തി പിടിക്കുക. പിന്നീട് ഇറേസര്‍ ടാപ്പുചെയ്ത് ഫോട്ടോയുടെ ആവശ്യമുള്ള ഭാഗങ്ങള്‍ മാത്രം കാണുന്ന രീതിയില്‍ ഇറേസ് ചെയ്യുക.

സൂപ്പര്‍സിങ്ക്

ഒന്നിലധികം ഫോട്ടോകളും വീഡിയോകളും തിരഞ്ഞെടുക്കാനും അവയെ ഏത് ട്രാക്കിലേക്കും ഓട്ടോമാറ്റിക്കായി സമന്വയിപ്പിക്കാനും സഹായിക്കുന്ന ടൂളാണ് സൂപ്പര്‍ സിങ്ക്. ഇത് വഴി ഇന്‍സ്റ്റാഗ്രാം ഉപയോക്താക്കള്‍ക്ക് അവരുടെ ഫീഡ് ഫോട്ടോകളിലേക്ക് ഒരു സൗണ്ട് ട്രാക്ക് ചേര്‍ക്കാനും സാധിക്കും. മ്യൂസിക്ക് ചേര്‍ക്കുന്നതിനുള്ള സപ്പോര്‍ട്ട് ഇന്‍സ്റ്റാഗ്രാം സ്റ്റോറികളിലും റീലുകളിലും ഇതിനകം ലഭ്യമാണ്.

കളക്ഷന്‍സ്

ആവശ്യമുണ്ട് എന്ന് തോന്നുന്ന പോസ്റ്റുകള്‍ സേവ് ചെയ്യാന്‍ ഇന്‍സ്റ്റഗ്രാം നല്‍കുന്ന ഫീച്ചറാണ് കളക്ഷന്‍സ്. ഇതിലൂടെ നിങ്ങള്‍ക്ക് പോസ്റ്റുകള്‍ കളക്ട് ചെയ്ത് വെക്കാനും പിന്നീട് എപ്പോള്‍ വേണമെങ്കിലും കാണാനും സാധിക്കും.

സ്റ്റോറികള്‍ ഡൗണ്‍ലോഡ് ചെയ്ത് മറ്റുള്ള ഇടങ്ങളില്‍ പബ്ലിഷ് ചെയ്യാം

നിങ്ങളുടെ സ്റ്റോറികള്‍ ഡൗണ്‍ലോഡ് ചെയ്ത് ട്വിറ്റര്‍, യൂട്യൂബ്, ഫേസ്ബുക്ക് തുടങ്ങിയവയില്‍ അവ ഇടാന്‍ സാധിക്കും. ഫേസ്ബുക്കിലേക്ക് സ്റ്റോറി ഷെയര്‍ ചെയ്യാന്‍ ഓപ്ഷനുണ്ട്. എന്നാല്‍ നിങ്ങള്‍ക്ക് ഫേസ്ബുക്ക് ഫീഡിലേക്കാണ് പോസ്റ്റ് ചെയ്യേണ്ടത് എങ്കില്‍ ഡൗണ്‍ലോഡ് ചെയ്ത് പോസ്റ്റ് ചെയ്യേണ്ടി വരും.