ഐ.എസ്.എല്ലിനുള്ള കേരള ബ്ലാസ്‌റ്റേഴ്‌സ് ടീമിനെ പ്രഖ്യാപിച്ചു : ആദ്യ മത്സരം ഇന്ന്

ഇന്ത്യന്‍ സൂപ്പര്‍ ലീഗിനുള്ള കേരള ബ്ലാസ്റ്റേഴ്‌സ് ടീമിനെ പ്രഖ്യാപിച്ചു. 2023-2024 വർഷത്തെ മത്സരത്തിനുള്ള ടീമിനെയാണ് പ്രഖ്യാപിച്ചത്. 29 അംഗ ടീമാണ് അതിൽ 11 പേർ പുതുമുഖങ്ങളാണ് എന്ന പ്രത്യേകതയും ഉണ്ട്. രാഹുല്‍ കെ.പി, സച്ചിൻ സുരേഷ്, നിഹാല്‍ സുധീഷ്, മുഹമ്മദ് അസ്ഹര്‍, മുഹമ്മദ് ഐമെൻ, വിബിൻ മോഹനൻ എന്നി ആറുപേരാണ് ടീമിലെ മലയാളി സാനിധ്യം. ഇവാന്‍ വുകോമനോവിച്ച്‌ പരിശീലിപ്പിക്കുന്ന ടീമിനെ അഡ്രിയാൻ ലൂണയാണ് നയിക്കുന്നത്. കൊച്ചി ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ നടക്കാനിരിക്കുന്ന ഉദ്ഘാടന മത്സരത്തോടെ പുതിയ ഐ എസ് എല്‍ സീസണ്‍ ആരംഭിക്കും. അഡ്രിയാൻ ലൂണ, ഡിമിട്രിയോസ് ഡയമന്റകോസ്, മാര്‍ക്കോ ലെസ്‌കോവിച്ച്‌, മിലോസ് ഡ്രിങ്‌സിച്, ക്വാമെ പെപ്ര, ഡെയ്‌സുകെ സകായ് എന്നീ ആറ് വിദേശ താരങ്ങളും ക്ലബിനൊപ്പമുണ്ട്. ആദ്യ മത്സരത്തില്‍ ബെംഗളൂരു എഫ്.സിയാണ് ബ്ലാസ്റ്റേഴ്‌സിന്റെ എതിരാളി. കൊച്ചിയില്‍ സെപ്റ്റംബര്‍ 21 ന് രാത്രി എട്ടുമണിക്കാണ് മത്സരം.