അക്ഷര്‍ പട്ടേലിന് പരിക്ക് : ഏഷ്യകപ്പ് ഫൈനൽ മത്സരത്തിൽ പകരം മറ്റൊരു യുവതാരം

ഏഷ്യാ കപ്പിൽ ഇന്ത്യ ശ്രീലങ്ക ഫൈനൽ അടുക്കാനിരിക്കെ ഇന്ത്യയ്ക്കു വൻ തിരിച്ചടി. ഓൾറൗണ്ടർ അക്ഷര്‍ പട്ടേലിന് പരിക്കുകൾ മൂലം ഫൈനല്‍ മത്സരം കളിക്കാൻ സാധിക്കില്ല. പകരം യുവതാരം വാഷിങ്ടന്‍ സുന്ദർ ശ്രീലങ്കയിലെത്തി ടീമിനൊപ്പം ചേരും. ബംഗ്ലദേശിനെതിരായ സൂപ്പർ ഫോർ മത്സരത്തിനിടെയാണ് അക്ഷര്‍ പട്ടേലിനു പരുക്കേറ്റത്. ഏഷ്യൻ ഗെയിംസിനുള്ള ഇന്ത്യൻ ടീമിൽ വാഷിങ്ടൻ സുന്ദറുണ്ട്. ബെംഗളൂരുവിലെ ഇന്ത്യൻ ക്യാംപിൽ പരിശീലനത്തിലായിരുന്നു സുന്ദർ. ഈ വർഷം ജനുവരിയില്‍ ന്യൂസീലൻഡിനെതിരെയാണ് വാഷിങ്ടൻ സുന്ദർ ടീം ഇന്ത്യയ്ക്കായി ഒടുവിൽ ഏകദിന മത്സരം കളിച്ചത്.

എന്നാൽ ബംഗ്ലദേശിനെതിരായ ഏഷ്യാ കപ്പ് മത്സരത്തിൽ അക്ഷർ പട്ടേൽ ബാറ്റിങ്ങിൽ മികച്ച മത്സരമാണ് കാഴ്ചവച്ചത്. 34 പന്തുകളിൽനിന്ന് 42 റൺസാണു താരം നേടിയത്. പക്ഷെ മത്സരത്തിൽ ടീം ഇന്ത്യ പരാജയപ്പെട്ടു. അടുത്ത മാസം ഇന്ത്യയിൽ നടക്കുന്ന ഏകദിന ലോകകപ്പ് ടീമിലും അക്ഷറുണ്ട്. അതുകൊണ്ട് തന്നെ ഏഷ്യകപ്പ് മത്സരത്തിൽ നിന്നുംഅക്ഷര്‍ മാറി നിൽക്കുന്നതാണ് നല്ലത് എന്ന് ബിസിസിഐ തീരുമാനിക്കുകയായിരുന്നു.