Sports (Page 107)

വന്‍കരകളിലെ ടീമുകള്‍ തമ്മിലുള്ള പ്ലേ ഓഫ് പൂര്‍ത്തിയായതോടെ ഖത്തര്‍ ലോകകപ്പില്‍ പങ്കെടുക്കുന്ന 32 ടീമുകളുടെയും ലൈനപ്പായി.

നവംബര്‍ 21 ന് ആരംഭിക്കുന്ന ഫുട്‌ബോള്‍ ലോകകപ്പില്‍ പങ്കെടുക്കുക ആതിഥേയരായ ഖത്തര്‍ ഉള്‍പ്പെടെ 32 ടീമുകളാണ്. ഉദ്ഘാടന മത്സരത്തില്‍ ആതിഥേയര്‍ ലാറ്റിനമേരിക്കന്‍ ശക്തികളായ ഇക്വഡോറിനെ നേരിടും. സ്‌പെയിനും ജര്‍മനിയും അടങ്ങുന്ന ഗ്രൂപ്പ് ഇയാണ് ലോകകപ്പിലെ മരണഗ്രൂപ്പ്. ബ്രസീല്‍ ഗ്രൂപ്പ് ജിയിലാണ്. സെര്‍ബിയ, സ്വിറ്റ്‌സര്‍ലന്‍ഡ്, കാമറൂണ്‍ എന്നിവയാണ് ഗ്രൂപ്പിലെ മറ്റ് ടീമുകള്‍ .അര്‍ജന്റീന ഉള്‍പ്പെടുന്ന ഗ്രൂപ്പ് സിയില്‍ മെക്‌സിക്കോയും പോളണ്ടും സൗദി അറേബ്യയുമാണുള്ളത്. ഗ്രൂപ്പ് ഇയില്‍ സ്‌പെയിനിനും ജര്‍മനിക്കും പുറമെ ജപ്പാന്‍, കോസ്റ്റാറിക്ക ടീമുകള്‍ കളിക്കും. നിലവിലെ ലോക ചാമ്ബ്യന്മാരായ ഫ്രാന്‍സ് ഗ്രൂപ്പ് ഡിയിലാണ്. ഡെന്മാര്‍ക്ക്, ഓസ്‌ട്രേലിയ, ടുണീഷ്യ ടീമുകളാണ് ഗ്രൂപ്പില്‍ ഉള്ളത്.

ഫിഫ റാങ്കിങ് അടിസ്ഥാനമാക്കി ടീമുകളെ നാല് പോട്ടുകളാക്കി തിരിച്ചാണ് ഗ്രൂപ്പിങ് നടന്നത്. ഇറ്റലി, ഈജിപ്ത്, നോര്‍വെ , അള്‍ജീരിയ, ചിലി, അമേരിക്ക തുടങ്ങിയ ടീമുകളുടെ അഭാവമാണ് ലോകകപ്പില്‍ ശ്രദ്ധിക്കപ്പെടുന്നത്. അറബ് ലോകം ഇതാദ്യമായി ആതിഥ്യമരുളുന്ന ലോകകപ്പിന്റെ കിരീടപ്പോരാട്ടം ഡിസംബര്‍ 18 നാണ്.

ഡല്‍ഹി: ഫിന്‍ലന്‍ഡില്‍ നടക്കുന്ന പാവോ നൂര്‍മി ഗെയിംസില്‍ പുതിയ ദേശീയ റെക്കോര്‍ഡുമായി ഇന്ത്യയുടെ ജാവലിന്‍ ത്രോ താരം നീരജ് ചോപ്ര. 89.30 മീറ്ററാണ് നീരജ് എറിഞ്ഞത്. മത്സരത്തില്‍ നീരജ് വെള്ളി നേടി.

കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ പട്യാലയില്‍ നേടിയ 88.07 മീറ്ററെന്ന റെക്കോര്‍ഡാണ് നീരജ് തിരുത്തിയത്. 87.58 മീറ്റര്‍ എറിഞ്ഞാണ് നീരജ് ചോപ്ര ടോക്കിയോ ഒളിമ്ബിക്സില്‍ സ്വര്‍ണം നേടിയത്. ടോക്കിയോ ഒളിമ്ബിക്സിലെ സുവര്‍ണ നേട്ടത്തിന് ശേഷമാണ് നീരജ് ചോപ്ര പങ്കെടുത്ത ആദ്യ ഗെയിംസാണിത്. 89.83 ദൂരമെറിഞ്ഞ ഫിന്‍ലന്‍ഡ് താരം ഒലിവര്‍ ഹെലന്‍ഡറാണ് സ്വര്‍ണ്ണമെഡല്‍ നേടിയത്.

കടുത്ത മത്സരം തന്നെയാണ് പാവോ നൂര്‍മി ഗെയിംസില്‍ നീരജിന് നേരിടേണ്ടിവന്നത്. ലോകചാംപ്യന്‍ ആന്‍ഡേഴ്‌സന്‍ പീറ്റേഴ്‌സ്, ടോക്കിയോയിലെ വെള്ളിമെഡല്‍ ജേതാവ് ചെക്ക് താരം ജാക്കുബ്, ജര്‍മന്‍ താരംങ്ങളായ ജൂലിയന്‍ വെബ്ബര്‍, ആന്‍ഡ്രിയാസ് ഹോഫ്മാന്‍ എന്നിവരും ഗെയിംസില്‍ പങ്കെടുത്തിരുന്നു.

ട്വന്റി ട്വന്റി പരമ്ബരയില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മൂന്നാം മത്സരത്തില്‍ ഇന്ത്യയ്ക്ക് ജയം. ഇന്ത്യ ഉയര്‍ത്തിയ 180 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ദക്ഷിണാഫ്രിക്ക 19.1 ഓവറില്‍ 131 റണ്‍സിന് ഓള്‍ ഔട്ടാവുകയായിരുന്നു. നാല് വിക്കറ്റ് വീഴ്ത്തിയ ഹര്‍ഷല്‍ പട്ടേലും മൂന്ന് വിക്കറ്റ് വീഴ്ത്തിയ യുസ്വേന്ദ്ര ചാഹലുമാണ് ദക്ഷിണാഫ്രിക്കയെ തകര്‍ത്തത്.

29 റണ്‍സെടുത്ത ഹെന്റിച്ച് ക്ലാസനാണ് ദക്ഷിണാഫ്രിക്കയുടെ ടോപ് സ്‌കോറര്‍. ഇന്ത്യ 20 ഓവറില്‍ 5 വിക്കറ്റ് നഷ്ടത്തിലാണ് 179 റണ്‍സെടുത്തത്. അഞ്ച് മത്സര പരമ്ബരയില്‍ ദക്ഷിണാഫ്രിക്ക 2-1ന് മുന്നിലാണ്. ദക്ഷിണാഫ്രിക്കന്‍ നായകന്‍ ടെംബാ ബാവുമയെ എട്ട് റണ്‍സിന് പുറത്താക്കി അക്‌സര്‍ പട്ടേലാണ് വിക്കറ്റ് വേട്ടയ്ക്ക് തുടക്കമിട്ടത്. പവര്‍ പ്ലേയിലെ അവസാന പന്തില്‍ ഹെന്‍ഡ്രിക്കസിനെ (23) മടക്കി ഹര്‍ഷല്‍ പട്ടേല്‍ ദക്ഷിണാഫ്രിക്കയ്ക്ക് കടുത്ത ആഘാതമേല്‍പ്പിച്ചു. ഏഴാം ഓവറില്‍ വാന്‍ ഡര്‍ ഡസ്സനെയും(1) തന്റെ തൊട്ടടുത്ത ഓവറില്‍ പ്രിട്ടോറിയസിനെയും(16 പന്തില്‍ 20) ചാഹല്‍ വീഴ്ത്തി. ഹര്‍ഷല്‍ പട്ടേലാണ് 11-ാം ഓവറില്‍ അപകടകാരിയായ ഡേവിഡ് മില്ലറെ മടക്കിയത്. അഞ്ച് പന്തില്‍ മൂന്ന് റണ്‍സായിരുന്നു മില്ലറുടെ സമ്ബാദ്യം. 24 പന്തില്‍ 29 റണ്‍സെടുത്ത ക്ലാസനെ ചാഹലാണ് മടക്കിയത്. റബാദയെയും (9) ഷംസിയെയും ഹര്‍ഷലും കേശവ് മഹാരാജിനെ (11) ഭുവനേശ്വര്‍ കുമാറും വീഴ്ത്തി. നോര്‍ക്യ റണ്ണൗട്ടായതോടെ ദക്ഷിണാഫ്രിക്കയുടെ പോരാട്ടം അവസാനിച്ചു.

നേരത്തെ ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഓപ്പണര്‍മാരായ റതുരാജ് ഗെയ്ക്വാദിന്റെയും ഇഷാന്‍ കിഷന്റെയും അര്‍ധസെഞ്ച്വറികളുടെ ബലത്തിലാണ് മാന്യമായ സ്‌കോര്‍ പടുത്തുയര്‍ത്തിയത്. 35 പന്തില്‍ 57 റണ്‍സടിച്ച ഗെയ്ക്വാദാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. ഇഷാന്‍ കിഷന്‍ 35 പന്തില്‍ നിന്നാണ് 54 റണ്‍സ് അടിച്ചുകൂട്ടിയത്.

ഏഷ്യന്‍ കപ്പ് യോഗ്യതാ മത്സരത്തില്‍ എതിരില്ലാത്ത നാലു ഗോളുകള്‍ ഹോങ്കോംഗിനെ വീഴ്ത്തി ഇന്ത്യ. അന്‍വര്‍ അലിയും ക്യാപ്റ്റന്‍ സുനില്‍ ഛേത്രിയുമാണ് ആദ്യപകുതിയില്‍ ഗോള്‍ നേടിയത്. മന്‍വീര്‍ സിംഗും ഇഷാന്‍ പണ്ഡിതയുമാണ് രണ്ടാംപകുതിയില്‍ ഗോളടിച്ചത്. ഇന്ത്യ ഹോങ്കോംഗിനെതിരെ ജയം നേടുന്നത് 29 വര്‍ഷത്തിനുശേഷമാണ്.

നേരത്തെ ഗ്രൂപ്പ് ബിയില്‍ പലസ്തീന്‍, ഫിലിപ്പീന്‍സിനെ തോല്‍പ്പിച്ചതോടെതന്നെ ഇന്ത്യ ഏഷ്യന്‍ കപ്പിന് യോഗ്യത നേടിയിരുന്നു. യോഗ്യതാ പോരാട്ടങ്ങളില്‍ നേരത്തെ കംബോഡിയെയും അഫ്ഗാനിസ്ഥാനെയുമാണ് ഇന്ത്യ തോല്‍പ്പിച്ചത്. തുടര്‍ച്ചയായി രണ്ട് തവണ ഇന്ത്യ ഏഷ്യന്‍ കപ്പിന് യോഗ്യത നേടുന്നത് ഇതാദ്യമായാണ്.

കളി തുടങ്ങി രണ്ടാം മിനിറ്റിലാണ് അന്‍വര്‍ അലി ഇന്ത്യയ്ക്കായി ഗോള്‍ നേടിയത്. ആദ്യ പകുതി തീരാന്‍ സെക്കന്‍ഡുകള്‍ ബാക്കിയിരിക്കെ ക്യാപ്റ്റന്‍ സുനില്‍ ഛേത്രിയിലൂടെ ഇന്ത്യ ലീഡ് രണ്ടാക്കി ഉയര്‍ത്തി. ഇന്ത്യന്‍ കുപ്പായത്തില്‍ ഛേത്രിയുടെ 84-ാം ഗോളായിരുന്നു ഇത്. ഇതോടെ രാജ്യാന്തര ഗോളുകളുടെ എണ്ണത്തില്‍ ഇതിഹാസ താരം ഫ്രാങ്ക് പുഷ്‌കാസിന്റെ റെക്കോര്‍ഡിനൊപ്പമെത്താനും ഛേത്രിക്കായി. മന്‍വീര്‍ സിംഗ് 85-ാം മിനിറ്റിലും ഇഷാന്‍ പണ്ഡിത ഇഞ്ചുറി ടൈമിലുമാണ് ഗോള്‍ നേടിയത്. 82-ാം മിനിറ്റില്‍ മലയാളി താരം ആഷിഖ് കുരുണിയന് പകരക്കാരനായാണ് ഇഷാന്‍ പണ്ഡിത ഇറങ്ങിയത്. രണ്ടാം പകുതിയില്‍ ഹോങ്കോംഗ് ഒറ്റപ്പെട്ട ആക്രമണങ്ങള്‍ നടത്തിയെങ്കിലും ഗോളടിക്കാനായില്ല.

കൊല്‍ക്കത്ത: എഎഫ്സി ഏഷ്യന്‍ കപ്പിന് യോഗ്യത നേടി ഇന്ത്യ. ഫിലിപ്പീന്‍സിനെ പാലസ്ഥീന്‍ തോല്‍പ്പിച്ചതോടെയാണ് ഇന്ത്യ 2023 എഎഫ്സി ഏഷ്യന്‍ കപ്പിന് യോഗ്യത നേടിയത്. എതിരില്ലാത്ത നാല് ഗോളിനാണ് പാലസ്ഥീന്റെ ജയം. ഇതോടെ പാലസ്ഥീന്‍, ഉസ്ബെകിസ്ഥാന്‍, തായ്ലന്‍ഡ്, ഇന്ത്യ, ഹോങ്കോങ്, കിര്‍ഗിസ്ഥാന്‍, തജികിസ്ഥാന്‍ എന്നീ രാജ്യങ്ങള്‍ എഎഫ്സി ഏഷ്യാ കപ്പിന് യോഗ്യത നേടി.

ഗ്രൂപ്പിലെ തങ്ങളുടെ ആദ്യ രണ്ട് കളിയിലും ഇന്ത്യ ജയിച്ചിരുന്നു. കബോഡിയയെ 2-0ന് തോല്‍പ്പിച്ചപ്പോള്‍ അഫ്ഗാനിസ്ഥാനെ 2-1നും ഇന്ത്യ വീഴ്ത്തി. അഫ്ഗാന് എതിരെ ഇഞ്ചുറി ടൈമില്‍ സഹല്‍ നേടിയ ഗോളാണ് ഇന്ത്യയെ തുണച്ചത്.

ഇത് ആദ്യമായാണ് തുടരെ രണ്ട് വട്ടം ഇന്ത്യ എഎഫ്സി ഏഷ്യന്‍ കപ്പിന് യോഗ്യത നേടുന്നത്. 1964,1984,2011,2023 വര്‍ഷങ്ങളിലാണ് ഇന്ത്യ ഇതിന് മുന്‍പ് എഎഫ്സി ഏഷ്യന്‍ കപ്പിന് യോഗ്യത നേടിയത്.

മുംബൈ: ഐപിഎല്ലിന്റെ മത്സരങ്ങളുടെ 2023-2027 സീസണുകളിലേയ്ക്കുള്ള സംപ്രേഷണാവകാശം വിറ്റുപോയത് റെക്കോഡ് തുകയ്ക്ക്.് രണ്ടു കമ്ബനികളാണ് അവകാശം സ്വന്തമാക്കിയിരിക്കുന്നത്. ടിവിയുടേയും ഡിജിറ്റല്‍ മേഖലയുടേയും സംപ്രേഷണാവകാശം 44,075 കോടിരൂപയ്ക്ക് കരസ്ഥമാക്കിയെന്നാണ് ഐപിഎല്‍ പുറത്തുവിടുന്നത്. എന്നാല്‍ ഏതൊക്കെ സ്ഥാപനങ്ങളാണ് സംപ്രേഷണാവകാശം സ്വന്തമാക്കിയതെന്ന് പുറത്തുവിട്ടിട്ടില്ല.

പാക്കേജ് എ വിഭാഗത്തില്‍ ടിവി സംപ്രേക്ഷണം 23,575 കോടിരൂപയ്ക്കാണ് വിറ്റുപോയത്. ഒരു മത്സരത്തിന് 57.5 കോടി വീതമാണ് ഐപിഎല്ലിന് ലഭിക്കുക. പാക്കേജ് ബി ഡിജിറ്റല്‍ മേഖലയില്‍ അവകാശം 20,500 കോടി രൂപയ്ക്കാണ് പോയിരിക്കുന്നത്. ഒരു മത്സരത്തിന് 50 കോടി രൂപ വീതമാണ് ഐപിഎല്ലിന് ലഭിക്കുക. ഒരു മത്സരത്തിന് ടിവി സംപ്രേഷണ ത്തിലൂടേയും ഡിജിറ്റല്‍ സംപ്രേഷണത്തിലൂടേയും 107.5 കോടി വീതം ലഭിക്കും. 2017ല്‍ സ്റ്റാര്‍ ഇന്ത്യ സംപ്രേഷണാവകാശം സ്വന്തമാക്കിയതിനേക്കാള്‍ രണ്ടര ഇരട്ടി തുകയ്ക്കാണ് പുതിയ സീസണിലെ അവകാശം വിറ്റുപോയത്.

നാലു പാക്കേജുകളിലായി ഒരു സീസണില്‍ 74 മത്സരങ്ങള്‍ വീതമുള്ള സംപ്രേഷണാവകാശമാണ് ഐപിഎല്‍ വില്‍പ്പനയ്ക്കായി ഇ-ലേലത്തിന് വെച്ചത്. അഞ്ചുവര്‍ഷത്തെ സംപ്രേഷണാവകാശമാണ് വിറ്റത്. പാക്കേജ് എയ്ക്ക് കുറഞ്ഞത് 1000 കോടിയും പാക്കേജ് ബിയ്ക്ക് 500 കോടിയുമാണ് തുക കണക്കാക്കിയത്.

ഇന്ത്യ ഇന്ന് ദക്ഷിണാഫ്രിക്കക്കെതിരായ മൂന്നാം ടി20 ഐ മത്സരത്തിനിറങ്ങുകയാണ്. ഇന്ന് ജയിച്ചില്ലെങ്കില്‍ ഇന്ത്യന്‍ ടീമിന് ഈ പരമ്ബര നഷ്ട്ടമാകും. ചൊവ്വാഴ്ച വിശാഖപട്ടണത്തെ എസിഎ വിഡിസിഎ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ മെന്‍ ഇന്‍ ബ്ലൂ ആദ്യ ജയം തേടി ഇറങ്ങുകയാണ്.

ഇതുവരെ നടന്ന രണ്ട് മത്സരങ്ങളിലും ഇന്ത്യക്ക് എവിടെയും മികച്ച പ്രകടനം നടത്താന്‍ കഴിഞ്ഞിട്ടില്ല. അവസാന പത്ത് ഓവറിലെ ഒന്നും രണ്ടും മത്സരങ്ങള്‍ ബൗളിംഗ് മോശമായപ്പോള്‍ , ബാറ്റിംഗ് നിരയ്ക്കും കാര്യമായി ഒന്നും ചെയ്യാന്‍ കഴിയുന്നില്ല. ഓപ്പണര്‍ റുതുരാജ് ഗെയ്ക്വാദിന് ഫോം കണ്ടെത്താത്തതും ടീമിന് വലിയ തിരിച്ചടിയായിരിക്കുകയാണ്. രണ്ട് മത്സരങ്ങളിലും മികച്ച പ്രകടനം കാഴ്ചവെച്ച ഇഷാന്‍ കിഷന്‍ മൂന്നാം മത്സരത്തിലും തന്റെ കുതിപ്പ് തുടരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ക്യാപ്റ്റനും വൈസ് ക്യാപ്റ്റനുമായ ഋഷഭ് പന്തിനും ഹാര്‍ദിക് പാണ്ഡ്യക്കും മുന്നില്‍ നിന്ന് നയിക്കുകയും ആദ്യ ഗെയിമിലെ പോലെ ബാറ്റിംഗിനിടെ ആക്രമണോത്സുകത പ്രകടിപ്പിക്കുകയും വേണം. ‘ഫിനിഷര്‍’ ദിനേശ് കാര്‍ത്തിക്കും തന്റെ ടീമിനെ മികച്ച സ്‌കോറിലേക്ക് കൊണ്ടുപോകുന്നതിനും ടീമിലെ തന്റെ സ്ഥാനം ഭദ്രമാക്കുന്നതിനും വെടിക്കെട്ട് നടത്തേണ്ടിവരും. ബൗളിംഗിനെ സംബന്ധിച്ചിടത്തോളം, രണ്ടാം ടി20യില്‍ പേസ് ബൗളിംഗ് ഗണ്യമായി മെച്ചപ്പെട്ടു. പവര്‍പ്ലേയില്‍ ഭുവനേശ്വര്‍ കുമാര്‍ മികച്ച പ്രകടനം ആണ് നടത്തുന്നത്. എന്നിരുന്നാലും മറ്റ് താരങ്ങളും മികച്ച പ്രകടനം നടത്തേണ്ടതുണ്ട്.

മുംബൈ: മുൻ താരങ്ങളുടെയും അമ്പയർമാരുടെയും പ്രതിമാസ പെൻഷൻ തുക ഇരട്ടിയാക്കി ഉയർത്തി ബിസിസിഐ. ഐപിഎൽ സംപ്രേഷണവകാശം റെക്കോർഡ് തുകക്ക് വിറ്റതിന് പിന്നാലെയാണ് ബിസിസിഐയുടെ നടപടി. 900 ത്തോളം കളിക്കാർക്ക് തീരുമാനത്തിന്റെ പ്രയോജനം ലഭിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. പെൻഷൻ വർധന ജൂൺ ഒന്നു മുതൽ പ്രാബല്യത്തിൽ വരും.

നിലവിൽ 15000 രൂപ പ്രതിമാസ പെൻഷനായി ലഭിക്കുന്നവർക്ക് 30000 രൂപയായാണ് ഉയർത്തിയത്. 22500 രൂപ പെൻഷൻ ലഭിക്കുന്ന മുൻ താരങ്ങൾക്കും അമ്പയർമാർക്കും ഇനിമുൽ 45000 രൂപയാണ് പെൻഷനായി ലഭിക്കുന്നത്. 30000 രൂപ ലഭിച്ചിരിക്കുന്നവർക്ക് 52,500 രൂപയും 37,500 രൂപ ലഭിച്ചിരുന്നവർക്ക് 60000 രൂപയും 50000 രൂപ പെൻഷനായി ലഭിച്ചിരുന്നവർക്ക് 70000 രൂപയും ഇനി മുതൽ പെൻഷനായി ലഭിക്കുമെന്ന് ബിസിസിഐ അറിയിച്ചു. ബിസിസിഐ സെക്രട്ടറി ജയ് ഷാ ആണ് ഇക്കാര്യം അറിയിച്ചത്.

44,075 കോടി രൂപക്കാണ് അടുത്ത അഞ്ച് വർഷത്തേക്കുള്ള ഐപിഎൽ സംപ്രേഷണാവകാശം ബിസിസിഐ ലേലം ചെയ്തതെന്നാണ് റിപ്പോർട്ട്. 2023-27 കാലത്തെ 410 മത്സരങ്ങൾക്ക് ടി.വി. സംപ്രേഷണാവകാശം സോണി പിക്‌ചേഴ്‌സ് 23,575 കോടിക്കും ഡിജിറ്റൽ അവകാശം റിലയൻസ് ഗ്രൂപ്പിൻറെ വയാകോം 18 20,500 കോടി രൂപയ്ക്കും നൽകിയെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ.

നോട്ടിങ്ഹാം: നോട്ടിങ്ഹാം ക്രിക്കറ്റ് ടെസ്റ്റില്‍ ന്യൂസിലന്‍ഡിനെ തിരിച്ചടിച്ച് ഇംഗ്ലണ്ട്. ജോ റൂട്ടിന്റെയും ഓലി പോപ്പിന്റെയും സെഞ്ചുറികളുടെ കരുത്തില്‍ ന്യൂസിലന്‍ഡിന്റെ ഒന്നാം ഇന്നിംഗ്‌സ് സ്‌കോറായ 553 റണ്‍സിന് മറുപടിയായി ഇംഗ്ലണ്ട് മൂന്നാം ദിനം കളി നിര്‍ത്തുമ്‌ബോള്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 473 റണ്‍സെടുത്തു. 163 റണ്‍സോടെ റൂട്ടും 24 റണ്‍സുമായി ബെന്‍ ഫോക്‌സും ക്രീസില്‍. പോപ്പ് 145 റണ്‍സെടുത്ത് പുറത്തായി. കിവീസിനായി ട്രെന്റ് ബോള്‍ട്ട് മൂന്ന് വിക്കറ്റെടുത്തു.

ഒരു വിക്കറ്റ് നഷ്ടത്തില്‍ 90 റണ്‍സെന്ന നിലയില്‍ മൂന്നാം ദിനം ക്രീസിലിറങ്ങിയ ഇംഗ്ലണ്ടിന് അര്‍ധസെഞ്ചുറി നേടിയ അലക്‌സ് ലീയുടെ വിക്കറ്റാണ് ആദ്യം നഷ്ടമായത്. 67 റണ്‍സടിച്ച ലീസിനെ മാറ്റ് ഹെന്റി പുറത്താക്കി. രണ്ടാം വിക്കറ്റില്‍ പോപ്പുമൊത്ത് 144 റണ്‍സിന്റെ കൂട്ടുകെട്ടുയര്‍ത്തിയശേഷമാണ് ലീസ് മടങ്ങിയത്.

എന്നാല്‍ മൂന്നാം വിക്കറ്റില്‍ ക്രീസില്‍ ഒത്തുചേര്‍ന്ന റൂട്ട് പോപ്പിനൊപ്പം ഏകദിനശൈലിയില്‍ ബാറ്റ് വീശിയതോടെ ഇംഗ്ലണ്ട് മികച്ച സ്‌കോറിലേക്ക് കുതിച്ചു. 160 പന്തില്‍ രണ്ടാം ടെസ്റ്റ് സെഞ്ചുറിയിലെത്തിയ പോപ്പ് റൂട്ടിനൊപ്പം ഇംഗ്ലണ്ടിനെ നയിച്ചു. മറുവശത്ത് ഏകദിന ശൈലിയില്‍ ബാറ്റുവീശിയ റൂട്ട് 55 പന്തില്‍ അര്‍ധസെഞ്ചുറിയിലെത്തി. 116 പന്തില്‍ സെഞ്ചുറിയിലെത്തിയ റൂട്ട് ടെസ്റ്റില്‍ 27ാമത്തെയും തുടര്‍ച്ചയായ രണ്ടാമത്തെയും സെഞ്ചുറിയാണ് നോട്ടിങ്ഹാമില്‍ കുറിച്ചത്. ഇതോടെ ടെസ്റ്റ് സെഞ്ചുറികളുടെ എണ്ണത്തില്‍ മുന്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോലിക്കും മുന്‍ ഓസീസ് നായകന്‍ സ്റ്റീവ് സ്മിത്തിനുമൊപ്പമെത്താനും റൂട്ടിനായി. കഴിഞ്ഞ ടെസ്റ്റിലാണ് റൂട്ട് ടെസ്റ്റ് ക്രിക്കറ്റില്‍ 10000 റണ്‍സ് പിന്നിട്ടത്. 145 റണ്‍സെടുത്ത പോപ്പിനെ മാറ്റ് ഹെന്റി മടക്കി.പിന്നീടെത്തി ജോണി ബെയര്‍‌സ്റ്റോ(8) നിരാശപ്പെടുത്തിയെങ്കിലും ബെന്‍ സ്റ്റോക്‌സിനെയും(33 പന്തില്‍ 46) ബെന്‍ ഫോക്‌സിനെയും കൂട്ടുപിടിച്ച് റൂട്ട് ഇംഗ്ലണ്ടിനെ മികച്ച നിലയില്‍ എത്തിച്ചു. മൂന്നാം ദിനം നാലു വിക്കറ്റ് നഷ്ടപ്പെട്ടുത്തി 387 റണ്‍സാണ് ഇംഗ്ലണ്ട് അടിച്ചുകൂട്ടിയത്.

കട്ടക്ക്: ടി20 പരമ്ബരയിലെ രണ്ടാം മത്സരത്തിലും ഇന്ത്യയെ വീഴ്ത്തി ദക്ഷിണാഫ്രിക്ക.

ഇന്ത്യ ഉയര്‍ത്തിയ 149 റണ്‍സ് വിജയലക്ഷ്യം 18.2 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ ദക്ഷിണാഫ്രിക്ക മറികടന്നു. ജയത്തോടെ അഞ്ച് മത്സര പരമ്ബരയില്‍ ദക്ഷിണാഫ്രിക്ക 2-0ന് മുന്നിലെത്തി.

46 പന്തില്‍ 81 റണ്‍സെടുത്ത ക്ലാസനാണ് ദക്ഷിണാഫ്രിക്കയുടെ ടോപ് സ്‌കോറര്‍. മില്ലര്‍ 15 പന്തില്‍ 20 റണ്‍സുമായി പുറത്താകാതെ നിന്നു. ഇന്ത്യക്കായി ഭുവനേശ്വര്‍ കുമാര്‍ നാലു വിക്കറ്റുമായി തിളങ്ങി. സ്‌കോര്‍ ഇന്ത്യ 20 ഓവറില്‍ 148-6, ദക്ഷിണാഫ്രിക്ക ഓവറില്‍ 18.2 ഓവറില്‍ 149-6.