Recent Posts (Page 3,135)

മുംബൈ : മഹാരാഷ്ട്ര ആഭ്യന്തര മന്ത്രി അനില്‍ ദേശ്മുഖ് മുഖ്യമന്ത്രി ഉദ്ധവ് താക്കറെയ്ക്ക് ഔദ്യോഗികമായി രാജി സമര്‍പ്പിച്ചു. നിരവധി അഴിമതി ആരോപണങ്ങള്‍ അനില്‍ ദേശ്മുഖിനെതിരെ ഉയര്‍ന്ന സാഹചര്യത്തിലാണ് സംഭവത്തില്‍ അന്വേഷണം നടത്താന്‍ കോടതി ഉത്തരവിട്ടതിന് പിന്നാലെയാണ് ദേശ്മുഖ് രാജി സമര്‍പ്പിച്ചത്.ബാറുകളില്‍ നിന്നും നൂറ് കോടി പിരിച്ചു വാങ്ങാന്‍ അനില്‍ ദേശ്മുഖ് ആവശ്യപ്പെട്ടെന്ന് പോലീസ് ഉദ്യോഗസ്ഥന്‍ ആരോപിച്ചിരുന്നു.
കേസന്വേഷണം സിബിഐ ഏറ്റെടുക്കാനും 15 ദിവസത്തിനുള്ളില്‍ പ്രാഥമിക അന്വേഷണം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനുമാണ് കോടതി നിര്‍ദ്ദേശിച്ചത്. ആരോപണം മഹാരാഷ്ട്ര രാഷ്ട്രീയത്തില്‍ വലിയ വിവാദങ്ങള്‍ക്കും വഴിവെച്ചിരുന്നു. സിബിഐ അന്വേഷണത്തിന് കോടതി ഉത്തരവിട്ടതോടെ രാജിക്കായി പ്രതിപക്ഷ പാര്‍ട്ടികളുടെ സമ്മര്‍ദ്ദം ശക്തമാകാനുളള സാദ്ധ്യത കൂടി കണക്കിലെടുത്താണ് നീക്കം.

തിരുവനന്തപുരം: ശബരിമലയിലെ സ്ത്രീ പ്രവേശം പറഞ്ഞു വോട്ട് പിടിക്കാന്‍ ബി.ജെ.പിക്ക് എന്ത് അവകാശമാണുള്ളതെന്ന് ശശി തരൂര്‍ എം.പി. കേന്ദ്രം ഭരിക്കുന്ന പാര്‍ട്ടി എന്ന നിലയില്‍ ഒരു നിയമം കൊണ്ട് വരാന്‍ കഴിഞ്ഞോയെന്നും ശശി തരൂര്‍ ചോദിച്ചു.

വര്‍ഗീയത പറഞ്ഞു വോട്ട് പിടിക്കലാണ് ബി.ജെ.പിയുടെ നയമെന്നും അവര്‍ക്ക് കേരളത്തിന്റെ വികസനത്തിന് വേണ്ടി ഒന്നും ചെയ്യാന്‍ സാധിക്കില്ലെന്നും ശശി തരൂര്‍ പറഞ്ഞു.

ജനങ്ങള്‍ വോട്ട് ചെയ്യാനിറങ്ങണമെന്നും മലയാളികള്‍ ബുദ്ധിയുള്ളവരാണ്. വോട്ട് പാഴാക്കി ബി.ജെ.പിക്ക് കൊടുത്താല്‍ ആര്‍ക്കാണ് ഗുണം ചെയ്യാന്‍ പോകുന്നതെന്നും അദ്ദേഹം ചോദിച്ചു.

സംസ്ഥാനത്ത് യു.ഡി.എഫിന് അനുകൂലമായ തരംഗമാണെന്നും സര്‍വ്വേഫലം അല്ല നാട്ടിലെ സ്ഥിതിയെന്നും പത്തുദിവസത്തിനുള്ളില്‍ ഇവിടെ വലിയ മാറ്റം വന്നിട്ടുണ്ടെന്നും ശശി തരൂര്‍ പറഞ്ഞു.

കായംകുളത്തെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി അരിത ബാബുവിനെ പരിഹസിച്ച ആരിഫിന്റെ പ്രസ്താവനയ്‌ക്കെതിരെയും ശശി തരൂര്‍ രംഗത്ത് എത്തി. പാല്‍ വിറ്റ് ജീവിക്കുന്നത് അഭിമാനിക്കേണ്ട കാര്യമാണെന്നും ആരിഫിന്റെ പ്രസ്താവന മോശമായി പോയെന്നും അദ്ദേഹം പറഞ്ഞു.

rain

തിരുവനന്തപുരം : വെള്ളിയാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ കാറ്റിനും ഇടിമിന്നലോടുകൂടിയ മഴയ്ക്കും സാദ്ധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.ഉച്ചയ്ക്ക് 2 മുതൽ രാത്രി 10 വരെയുള്ള സമയങ്ങളിൽ ഇടിമിന്നലിന് സാദ്ധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പ്രവചിക്കുന്നത്. ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പുണ്ട്.

ഉച്ചയ്ക്ക് രണ്ട് മുതൽ രാത്രി 10 വരെ അന്തരീക്ഷം മേഘാവൃതമാണെങ്കിൽ തുറസ്സായ സ്ഥലങ്ങളിലും ടെറസ്സിലും കുട്ടികളെ കളിക്കാൻ അനുവദിക്കരുത്. ഇടിമിന്നലുകൾ മനുഷ്യ ജീവനും വൈദ്യുത ഉപകരണങ്ങൾക്കും അപകടകരമാണെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പിൽ വ്യക്തമാക്കുന്നു. മലയോര മേഖലകളിൽ താമസിക്കുന്നവർ പ്രത്യേകം ജാഗ്രത പുലർത്തണമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

ലാവ്‌ലിൻ കേസ് നാളെ പരിഗണിക്കരുതെന്ന് സുപ്രീം കോടതിയിൽ അപേക്ഷ. ഹൈക്കോടതി കേസിൽ കുറ്റവിമുക്തനാക്കിയ എ ഫ്രാൻസിസാണ് അപേക്ഷ നൽകിയത്. കേസിൽ ചില പ്രധാന രേഖകൾ കൂടി നൽകാനുണ്ടെന്ന് കാണിച്ചാണ് അപേക്ഷ നൽകിയിരിക്കുന്നത്. രേഖകൾ നൽകാനുള്ളതിനാൽ കേസ് മറ്റൊരു ദിവസത്തേക്ക് മാറ്റണമെന്നാണ് അപേക്ഷയിൽ ആവശ്യപ്പെട്ടിരിക്കുന്നത്. അപേക്ഷ സുപ്രീം കോടതി നാളെ പരിഗണിക്കും

തെരഞ്ഞെടുപ്പ് ദിവസമായ നാളെയാണ് ലാവ്‌ലിൻ കേസ് സുപ്രീം കോടതിയുടെ പരിഗണനക്ക് വരുന്നത്. ജസ്റ്റിസ് യുയു ലളിത് അധ്യക്ഷനായ ബഞ്ചാണ് കേസ് പരിഗണിക്കുന്നത്. സിബിഐ നാളെ എന്ത് വാദമുയർത്തുമെന്നതാണ് ഏവരും ഉറ്റുനോക്കുന്നത്. രണ്ട് കോടതികൾ വെറുതെവിട്ട കേസിൽ ശക്തമായ വാദം ഉണ്ടാവണമെന്ന് കോടതി സിബിഐക്ക് മുന്നറിയിപ്പ് നൽകിയിരുന്നു.

കൊല്ലം: കുന്നത്തൂരിലെ സ്ഥാനാർത്ഥിയുടെ വീട്ടിൽ മുട്ടയിൽ കൂടോത്രം ചെയ്തെന്ന പരാതിയുമായി യുഡിഎഫ് പ്രവർത്തകർ രംഗത്ത്. യുഡിഎഫ് സ്ഥാനാർത്ഥി ഉല്ലാസ് കോവൂരിൻ്റെ വീട്ടുപറമ്പിലാണ് കൂടോത്രം ചെയ്തതെന്ന തോന്നിപ്പിക്കുന്ന തരത്തിൽ കോഴിമുട്ടകളും നാരങ്ങയും കണ്ടെത്തിയതായി പരാതി ഉയർന്നിരിക്കുന്നത്.

വീട്ടുമുറ്റത്തെ കിണറിന് സമീപമുള്ള പ്ലാവിൻ്റെ ചുവട്ടിലാണ് വാഴയിലയിൽ വച്ച നിലയിൽ മുട്ടകളും നാരങ്ങയും കണ്ടെത്തിയത്. മുട്ടയുടെ ഒരു ഭാഗത്ത് ശത്രുവെന്നും മറുവശത്ത് ഓം എന്നും എഴുതിയിട്ടുണ്ട്. ഒരു മുട്ടയിൽ ചുവന്ന നൂൽ ചുറ്റിവരിഞ്ഞിട്ടുണ്ട്. ഞായറാഴ്ച രാവിലെയാണ് മുട്ടകളും നാരങ്ങയും കണ്ടെത്തിയത്.

കായംകുളം: കായംകുളത്തെ യു ഡി എഫ് സ്ഥാനാര്‍ത്ഥി അരിത ബാബുവിനെ പരിഹസിച്ച് എ എം ആരിഫ് എംപി. പാല്‍ സൊസൈറ്റിയിലേക്ക് ഉള്ളതല്ല നിയമസഭ തെരഞ്ഞെടുപ്പെന്നായിരുന്നു എല്‍ ഡി എഫ് പൊതുയോഗത്തില്‍ ആരിഫിന്റെ പ്രസ്താവന.യു ഡി എഫ് മത്സര രംഗത്ത് ഇറക്കിയിരിക്കുന്ന പ്രായം കുറഞ്ഞ സ്ഥാനാര്‍ഥികളില്‍ ഒരാളാണ് അരിത. പശുവിനെ വളര്‍ത്തിയാണ് അരിത തന്റെ ഉപജീവന മാര്‍ഗത്തിനുള്ള വരുമാനം കണ്ടെത്തുന്നത്. സ്ഥാനാര്‍ഥിത്വം പ്രഖ്യാപിക്കപ്പെട്ടപ്പോള്‍ തന്നെ വാര്‍ത്തകളില്‍ ഇടം നേടിയ വ്യക്തിയാണ് അരിത ബാബു.സിറ്റിങ് എം എല്‍ എ കൂടിയായ ഇടതുമുന്നണിയുടെ യു പ്രതിഭയാണ് കായംകുളത്ത് അരിതയുടെ എതിര്‍ സ്ഥാനാര്‍ഥി.

അതേസമയം, കഴിഞ്ഞദിവസം, അരിത ബാബുവിന്റെ വീടിനു നേരെ ആക്രമണമുണ്ടായതായി പരാതി ഉയര്‍ന്നിരുന്നു. വീട്ടിലേക്ക് അതിക്രമിച്ച് കയറിയ ആള്‍ മൂന്ന് ജനല്‍ ചില്ലുകള്‍ തകര്‍ത്തെന്നാണ് ആരോപണം.കെ എസ് യു കായംകുളം നിയോജക മണ്ഡലം സെക്രട്ടറി, യൂത്ത് കോണ്‍ഗ്രസ് നിയോജക മണ്ഡലം സെക്രട്ടറി എന്നീ സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട് അരിത ബാബു. അരിതാ ബാബുവിന് കെട്ടിവെക്കാനുള്ള തുക നല്‍കിയത് നടന്‍ സലിം കുമാര്‍ ആയിരുന്നു.

കോട്ടയം: ജോസ് കെ മാണി പെരുമാറ്റച്ചട്ടം ലംഘിച്ചെന്ന് കാട്ടി യുഡിഎഫ് സ്ഥാനാര്‍ത്ഥി മാണി സി കാപ്പന്‍ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി. പരസ്യ പ്രചാരണ സമയം കഴിഞ്ഞ ശേഷം ജോസ് കെ മാണി പാര്‍ട്ടിയുടെ പ്രകടനപത്രിക പുറത്തിറക്കിയെന്നും ഇത് വോട്ടര്‍മാരെ സ്വാധീനിക്കാനാണെന്നുമാണ് മാണി സി കാപ്പന്‍ നല്‍കിയ പരാതിയില്‍ പറയുന്നത്.പണവും മദ്യവും ഒഴുക്കി ജോസ് കെ മാണി വോട്ട് പിടിക്കുന്നു എന്നും പരാജയ ഭീതി കാരണമാണ് പാലായില്‍് തന്റെ പേരില്‍ അപരനെ പോലും നിര്‍ത്തിയതെന്നും അദ്ദേഹം പറഞ്ഞു.
ഇക്കുറി കേരളം ഉറ്റുനോക്കുന്ന പോരാട്ടമാണ് പാലായില്‍ നടക്കുന്നത്. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി ഉപതെരഞ്ഞെടുപ്പില്‍ ജയിച്ച കാപ്പന്‍്, പിന്നീട് സീറ്റ് തര്‍ക്കത്തെ തുടര്ന്ന് യുഡിഎഫിലേക്ക് ചേക്കേറുകയായിരുന്നു. കെഎം മാണിയുടെ മരണ നഷ്ടപ്പെട്ട മണ്ഡലം തിരിച്ചുപിടിക്കുക എന്നത് ജോസ് കെ മാണിക്ക് അഭിമാന പ്രശ്‌നമാണ്.

അഡ്വ ജയശങ്കറിനെതിരെ രൂക്ഷ വിമര്‍ശനവുമായി സോഷ്യല്‍ ആക്ടിവിസ്റ്റ് ബിന്ദു അമ്മിണി. ശബരിമല ദര്‍ശനത്തിന് പിന്നാലെ ബിന്ദു അമ്മിണിയുടെ ഭര്‍ത്താവ് ഇസ്ലാം മതം സ്വീകരിക്കുകയാണെന്നും മകളെ കൂടി ഇതിനൊപ്പം ചേര്‍ക്കുകയാണെന്നും പത്രത്തില്‍ വായിച്ച് കണ്ടു എന്നായിരുന്നു ജയശങ്കറിന്റെ പരാമര്‍ശം.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

അഡ്വ.ജയശങ്കര്‍ പഠിച്ച കള്ളനാണ്. ഞാന്‍ ഒന്നല്ല ഒന്‍പതു തവണ ഈ മഹാനെ ഫോണില്‍ വിളിച്ചു. പോരാത്തതിന് മെസ്സേജും അയച്ചു നോക്കി. പേടിച്ചു മാളത്തിലൊളിച്ചു എന്നൊക്കെ കേട്ടിട്ടേ ഉള്ളു. ലോകത്തുള്ള സകലമാന ആളുകളെയും പറ്റി ആധികാരികമായി മായി പറയാന്‍ മാത്രം വലിപ്പം ഉള്ള ഈ പുള്ളിക്കാരന് തെറ്റ് പറ്റിയതാണെന്ന് ഞാന്‍ കരുതുന്നില്ല. അങ്ങനെ എങ്കില്‍ എന്റെ ഫോണ്‍ എടുക്കാനുള്ള മര്യാദ എങ്കിലും കാണിക്കുമായിരുന്നു. ഇന്ന് ഭൂമി മലയാളത്തില്‍ ‘പെര്‍ഫെക്ട്’ ആയ ഒരു മനുഷ്യന്‍ ഉണ്ടെങ്കില്‍ അത് ഈ മഹാ മാന്യന്‍ ആണത്രേ. ബിന്ദു അമ്മിണിയെ ഒലത്താന്‍ വരുമ്പോള്‍ ഒന്ന് ശ്രദ്ധിക്കണ്ടേ മിസ്റ്റര്‍ ജയശങ്കര്‍. ഒന്നുമില്ലെങ്കിലും താങ്കള്‍ ഒരു വക്കീല്‍ അല്ലേ. അതിന്റെ സാമാന്യ ബോധം എങ്കിലും കാണിക്കേണ്ടേ. ഇടതുപക്ഷത്തിനെയും വലതു പക്ഷത്തെയും ഒരുപോലെ ആക്രമിക്കുന്ന താങ്കള്‍ അത്ര നിരുപദ്രവകാരി ആണെന്ന് ഞാന്‍ കരുതുന്നില്ല.
‘പുറത്തൊന്നും അകത്തൊന്നും ‘ ഈ ഇലക്ഷന്‍ സമയത്തു താങ്കള്‍ സംഘപരിവാറിന് വേണ്ടി പരോക്ഷമായി വോട്ട് പിടിക്കുകയാണെന്ന് ചിലര്‍ പറയുന്നുണ്ട്. ഞാന്‍ അത് അത്രക്കു അങ്ങ് ‘വിശ്വസിച്ചിട്ടില്ല.’ എന്തായാലും എന്റെ മൈനര്‍ ആയ മകളെ ക്കുറിച്ച് നടത്തിയ അപവാദം പ്രചാരണത്തിനെങ്കിലും താങ്കള്‍ മാപ്പ് പറയണം. എന്റെ ഭര്‍ത്താവ് ഇസ്ലാം മതം സ്വീകരിച്ചോ ഇല്ലയോ എന്ന് താന്‍ പറയുമ്പോള്‍ അതി ന്റെ ഉറവിടം കൂടി വ്യക്തമാക്കുക. തീര്‍ത്തും മത രഹിത ജീവിതം നയിക്കുന്ന ആളാണ് എന്റെ പങ്കാളി.
അങ്ങനെ ഉള്ള ആള്‍ ഞങ്ങളുടെ മകളെ കൂടി ഇസ്ലാം ആക്കാന്‍ ശ്രമിക്കുന്നു എന്ന് പറയുമ്പോള്‍ താങ്കളുടെ തലയ്ക്കു കാര്യമായ എന്തോ സംഭവിച്ചിട്ടുണ്ട്. ബിന്ദു അമ്മിണി കടന്ന് വന്ന വഴികള്‍ തനിക്കു മനസ്സിലാക്കാന്‍ കഴിയുന്നതിനപ്പുറമാണ്. അതുകൊണ്ട് ബിന്ദു അമ്മിണിയെ ചൊറിയാന്‍ വരേണ്ട മിസ്റ്റര്‍ ജയശങ്കര്‍. അയ്യപ്പന്‍ പണി തന്നവരുടെ കൂട്ടത്തില്‍ തല്ക്കാലം എന്നെ പെടുത്താറായിട്ടില്ല.

പിന്നെ കനക ദുര്‍ഗ്ഗ യ്ക്കു പണി ആണോ ഗുണമാണോ അയ്യപ്പന്‍ കൊടുത്തതെന്നു മിസ്റ്റര്‍ ജയശങ്കര്‍ താനല്ല കനക ദുര്‍ഗ ആണ് പറയേണ്ടത്. തന്റെ കുത്തല്‍ തന്റേടം ഉള്ള പെണ്ണുങ്ങളോട് വേണ്ട. തരത്തിനു പോയി കളിക്ക്. ബാലാവകാശ കമ്മീഷന്റെ ഇണ്ടാസ് അയപ്പിക്കാന്‍ പറ്റുമോന്നു ഞാനും ഒന്ന് നോക്കട്ടെ. എന്നെയും പങ്കാളിയെയും പറയുന്നത് പോകട്ടെ മൈനര്‍ ആയ എന്റെ മകളെക്കുറിച്ച് അപകീര്‍ത്തി പ്രചരിപ്പിക്കുന്ന താന്‍ എവിടുത്തെ വാക്കീലാണ് മിസ്റ്റര്‍ ജയശങ്കര്‍. എന്‍ബി: 1.കേരള സാമൂഹിക പരിസരം കലക്കി കുടിച്ച മിസ്റ്റര്‍. ജയശങ്കരന്റെ വീഡിയോ കമന്റ് ആയി കൊടുക്കുന്നു. 7 മിനിറ്റ് കഴിഞ്ഞു ഉള്ള ഭാഗം ശ്രദ്ധിക്കുക. 2. ഈ പ്രാവശ്യം ഇടതു പക്ഷം അധികാരത്തില്‍ വന്നാല്‍ മിസ്റ്റര്‍. ജയശങ്കരന്‍ നിങ്ങള്‍ എല്‍ഡിഎഫിന് അയ്യപ്പന്റെ അനുഗ്രഹം കിട്ടിയെന്നു വീഡിയോ ചെയ്യുമായിരിക്കും ഇല്ലേ.

തിരുവനന്തപുരം: തെരഞ്ഞെടുപ്പില്‍ ബിജെപി ശക്തമായ മത്സരം നടത്തുന്ന 20 മണ്ഡലങ്ങളിലെങ്കിലും കോണ്‍ഗ്രസ്-സിപിഎം ധാരണയുണ്ടെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍. മഞ്ചേശ്വരത്ത് ബിജെപിയെ തോല്‍പ്പിക്കാന്‍ വോട്ട് അഭ്യര്‍ത്ഥന നടത്തിയ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്റെ വാക്കുകള്‍ ഇതിന് തെളിവാണെന്നും വി മുരളീധരന്‍ പറഞ്ഞു.

ശക്തമായ ത്രികോണ മത്സര സാധ്യത തുറന്നിടാന്‍ കേരളത്തില്‍ ബിജെപിക്ക് ആയിട്ടുണ്ട്. തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ ശക്തമായ സാന്നിധ്യം രണ്ട് മുന്നണികള്‍ക്കും അലോസരം ഉണ്ടാകുന്നു എന്നതിന് തെളിവാണ് ഒത്തുകളി ആക്ഷേപം. ഇരു മുന്നണികളും ഒരു പോലെ ബിജെപിക്ക് എതിരെ ഇത്തരം ആക്ഷേപം ഉന്നയിച്ചിട്ടുണ്ടെന്നും മുരളീധരന്‍ പറഞ്ഞു.

ശബരിമലയില്‍ ഇടതുമുന്നണി സര്‍ക്കാരിന്റെ സമീപനം അടക്കം ഉള്ള കാര്യങ്ങളില്‍ ജനം എങ്ങനെ പ്രതികരിക്കും എന്നത് ഇതിനകം തന്നെ വ്യക്തമായിട്ടുണ്ട്. ആത്മവിശ്വാസം ഇല്ലാത്ത മുന്നണികളായി യുഡിഎഫും എല്‍ഡിഎഫും മാറി. സിപിഎമ്മിനകത്തും കോണ്‍ഗ്രസിനകത്തും നിലനില്‍ക്കുന്ന കടുത്ത ഭിന്നത പ്രതിഫലിക്കുന്ന തെരഞ്ഞെടുപ്പാകുമെന്നും മുരളീധരന്‍ പറഞ്ഞു.

ധര്‍മ്മടത്തെ പ്രചാരണത്തിന് പോലും സിനിമാക്കാരെ ഇറക്കേണ്ട ഗതികേടിലാണ് പിണറായി വിജയന്‍. ആഴക്കടല്‍ അടക്കം അഴിമതി ആരോപണങ്ങളെല്ലാം പോളിംഗ് ബൂത്തിലെത്തുന്ന വോട്ടര്‍മാരെ സ്വാധീനിക്കുമെന്നുംമുരളീധരന്‍ പറഞ്ഞു.

ഐപിഎല്‍ പുതിയ സീസണിലെ മത്സരങ്ങള്‍ ആരംഭിക്കാനിരിക്കെ ചില ഇന്ത്യന്‍ ബൗളര്‍മാര്‍ക്ക് ഈ സീസണ്‍ നിര്‍ണായകമാകും. കുല്‍ദീപ് യാദവ്, യുസ്‌വേന്ദ്ര ചാഹല്‍, പ്രസിദ്ധ് കൃഷ്ണ എന്നിവരുടെ ഭാവി തീരുമാനിക്കുന്ന സീസണ്‍ ആയിരിക്കും ഇത്.സമീപകാലത്ത് മോശം ഫോമില്‍ കളിച്ചുകൊണ്ടിരിക്കുന്ന ബൗളറാണ് കുല്‍ദീപ് യാദവ്. ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിലെ ആദ്യ രണ്ടു കളികളിലും അവസരം നല്‍കിയെങ്കിലും താരം നിരാശപ്പെടുത്തി.

ദേശീയ ടീമില്‍നിന്നും പുറത്തേക്കുള്ള വഴിയില്‍ നില്‍ക്കുന്ന കുല്‍ദീപിന് തിരിച്ചെത്തണമെങ്കില്‍ ഐപിഎല്ലില്‍ അത്ഭുത പ്രകടനം പുറത്തെടുക്കേണ്ടിവരും. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് കളിക്കുന്ന കുല്‍ദീപിന് പ്ലേയിങ് ഇലവനില്‍ സ്ഥാനം കിട്ടുമോ എന്ന കാര്യവും സംശയത്തിലാണ്.ദേശീയടീമിന് അകത്തും പുറത്തും നില്‍ക്കുന്ന യുസ്‌വേന്ദ്ര ചാഹലിനും ഐപിഎല്‍ നിര്‍ണായകമാകും. വരാനിരിക്കുന്ന ടി20 ലോകകപ്പില്‍ ഇടംനേടണമെങ്കില്‍ ചാഹല്‍ ഐപിഎല്ലിലെ പ്രകടനം മെച്ചപ്പെടുത്തണം. 2021 സീസണ്‍ ആരംഭിച്ചശേഷം ഒരു കളിയിലും രണ്ടില്‍ കൂടുതല്‍ വിക്കറ്റ് നേടാന്‍ ചാഹലിന് കഴിഞ്ഞിട്ടില്ല.

ആര്‍ അശ്വിനും വരുണ്‍ ചക്രവര്‍ത്തിയും ദേശീയ ടീമില്‍ ഇടംനേടാന്‍ അടുത്തുനില്‍ക്കവെ ബാംഗ്ലൂര്‍ ബൗളറെ സംബന്ധിച്ച് നിര്‍ണായക ഐപിഎല്ലാണ് നടക്കാനിരിക്കുന്നത്.ഇംഗ്ലണ്ടിനെതിരായ ആദ്യ പരമ്പരയില്‍തന്നെ വരവറിയിച്ച യുവ ബൗളറാണ് പ്രസിദ്ധ് കൃഷ്ണ. ദേശീയ ടീമിലെ സ്ഥാനം നിലനിര്‍ത്തണമെങ്കില്‍ താരത്തിന്റെ ഐപിഎല്‍ പ്രകടനം മെച്ചപ്പെടുത്തേണ്ടിയിരിക്കുന്നു. ഇന്ത്യന്‍ പിച്ചുകളില്‍ ഏതുതരത്തില്‍ ശോഭിക്കാന്‍ കഴിയുന്നു എന്നതിനെ അടിസ്ഥാനമാക്കിയായിരിക്കും പ്രസിദ്ധിന്റെ ഇന്ത്യന്‍ ടീമിലെ ഭാവി. ഇന്ത്യന്‍ സെലക്ടര്‍മാര്‍ ഉറ്റുനോക്കുന്ന പ്രകടനമായിരിക്കും പ്രസിദ്ധ് കൃഷ്ണയുടേത്. കൊല്‍ക്കത്ത ടീമിലെ കളിക്കാരനാണ് പ്രസിദ്ധ്.

അതെസമയം ഐപിഎല്‍ 2021 സീസണ്‍ ഏപ്രില്‍ 9ന് ചെന്നൈയില്‍ ആരംഭിക്കുകയാണ്. കഴിഞ്ഞ സീസണില്‍ ടൂര്‍ണമന്റ് യുഎഇയില്‍ ആയിരുന്നു നടത്തിയതെങ്കില്‍ ഇത്തവണ ഇന്ത്യയില്‍ തിരിച്ചെത്തിയ ആവേശത്തിലാണ് കളിക്കാര്‍. രാജ്യത്ത് കൊവിഡ് കേസുകള്‍ ക്രമാതീതമായി ഉയരുന്നത് ആശങ്കയുണ്ടാക്കുന്നുണ്ടെങ്കിലും മത്സരങ്ങള്‍ കൃത്യ സമയത്തുതന്നെ നടത്തുമെന്നാണ് ബിസിസിഐയുടെ അറിയിപ്പ്.