ന്യൂഡൽഹി: കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി ലോക്‌സഭാ തെരഞ്ഞെടുപ്പിൽ അമേഠിയിലോ റായ്ബറേലിയിലോ മത്സരിക്കില്ലെന്നുറപ്പായി. അതേസമയം ഈ മണ്ഡലങ്ങളിലെ സ്ഥാനാർത്ഥിത്വവുമായി ബന്ധപ്പെട്ട് രാഹുൽ ഗാന്ധിയുമായുള്ള അവസാന വട്ട ചർച്ചകൾ കോൺഗ്രസ് നടത്തുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ. അമേഠിയിലോ റായ്ബറേലിയിലോ രാഹുൽ മത്സരത്തിനിറങ്ങുമെന്ന സൂചനകളും പുറത്തു വരുന്നുണ്ട്.
കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജ്ജുൻ ഖർഗെ കഴിഞ്ഞ ദിവസം രാഹുൽ ഗാന്ധിയുടെ സ്ഥാനാർത്ഥിത്വത്തെ കുറിച്ച് സൂചിപ്പിച്ചിരുന്നു. അമേഠിയിലോ റായ്ബറേലിയിലോ മത്സരിച്ച് വിജയിച്ചാൽ തന്നെയും താൻ വയനാടിനെ കയ്യൊഴിയില്ലെന്ന് രാഹുൽ ഗാന്ധി പറഞ്ഞതായി ഖാർഗെ വ്യക്തമാക്കിയിരുന്നു. രാഹുൽ ഗാന്ധിയുടെ സ്ഥാനാർത്ഥിത്വം സംബന്ധിച്ച സ്ഥരീകരണവും ഉടൻ തന്നെ ഉണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ.

