ഐപിഎല്‍ പുതിയ സീസണിലെ മത്സരങ്ങള്‍ ആരംഭിക്കാനിരിക്കെ ചില ഇന്ത്യന്‍ ബൗളര്‍മാര്‍ക്ക് ഈ സീസണ്‍ നിര്‍ണായകമാകും. കുല്‍ദീപ് യാദവ്, യുസ്‌വേന്ദ്ര ചാഹല്‍, പ്രസിദ്ധ് കൃഷ്ണ എന്നിവരുടെ ഭാവി തീരുമാനിക്കുന്ന സീസണ്‍ ആയിരിക്കും ഇത്.സമീപകാലത്ത് മോശം ഫോമില്‍ കളിച്ചുകൊണ്ടിരിക്കുന്ന ബൗളറാണ് കുല്‍ദീപ് യാദവ്. ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിലെ ആദ്യ രണ്ടു കളികളിലും അവസരം നല്‍കിയെങ്കിലും താരം നിരാശപ്പെടുത്തി.
ദേശീയ ടീമില്‍നിന്നും പുറത്തേക്കുള്ള വഴിയില്‍ നില്‍ക്കുന്ന കുല്‍ദീപിന് തിരിച്ചെത്തണമെങ്കില്‍ ഐപിഎല്ലില്‍ അത്ഭുത പ്രകടനം പുറത്തെടുക്കേണ്ടിവരും. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് കളിക്കുന്ന കുല്‍ദീപിന് പ്ലേയിങ് ഇലവനില്‍ സ്ഥാനം കിട്ടുമോ എന്ന കാര്യവും സംശയത്തിലാണ്.ദേശീയടീമിന് അകത്തും പുറത്തും നില്‍ക്കുന്ന യുസ്‌വേന്ദ്ര ചാഹലിനും ഐപിഎല്‍ നിര്‍ണായകമാകും. വരാനിരിക്കുന്ന ടി20 ലോകകപ്പില്‍ ഇടംനേടണമെങ്കില്‍ ചാഹല്‍ ഐപിഎല്ലിലെ പ്രകടനം മെച്ചപ്പെടുത്തണം. 2021 സീസണ്‍ ആരംഭിച്ചശേഷം ഒരു കളിയിലും രണ്ടില്‍ കൂടുതല്‍ വിക്കറ്റ് നേടാന്‍ ചാഹലിന് കഴിഞ്ഞിട്ടില്ല.
ആര്‍ അശ്വിനും വരുണ്‍ ചക്രവര്‍ത്തിയും ദേശീയ ടീമില്‍ ഇടംനേടാന്‍ അടുത്തുനില്‍ക്കവെ ബാംഗ്ലൂര്‍ ബൗളറെ സംബന്ധിച്ച് നിര്‍ണായക ഐപിഎല്ലാണ് നടക്കാനിരിക്കുന്നത്.ഇംഗ്ലണ്ടിനെതിരായ ആദ്യ പരമ്പരയില്‍തന്നെ വരവറിയിച്ച യുവ ബൗളറാണ് പ്രസിദ്ധ് കൃഷ്ണ. ദേശീയ ടീമിലെ സ്ഥാനം നിലനിര്‍ത്തണമെങ്കില്‍ താരത്തിന്റെ ഐപിഎല്‍ പ്രകടനം മെച്ചപ്പെടുത്തേണ്ടിയിരിക്കുന്നു. ഇന്ത്യന്‍ പിച്ചുകളില്‍ ഏതുതരത്തില്‍ ശോഭിക്കാന്‍ കഴിയുന്നു എന്നതിനെ അടിസ്ഥാനമാക്കിയായിരിക്കും പ്രസിദ്ധിന്റെ ഇന്ത്യന്‍ ടീമിലെ ഭാവി. ഇന്ത്യന്‍ സെലക്ടര്‍മാര്‍ ഉറ്റുനോക്കുന്ന പ്രകടനമായിരിക്കും പ്രസിദ്ധ് കൃഷ്ണയുടേത്. കൊല്‍ക്കത്ത ടീമിലെ കളിക്കാരനാണ് പ്രസിദ്ധ്.
അതെസമയം ഐപിഎല്‍ 2021 സീസണ്‍ ഏപ്രില്‍ 9ന് ചെന്നൈയില്‍ ആരംഭിക്കുകയാണ്. കഴിഞ്ഞ സീസണില്‍ ടൂര്‍ണമന്റ് യുഎഇയില്‍ ആയിരുന്നു നടത്തിയതെങ്കില്‍ ഇത്തവണ ഇന്ത്യയില്‍ തിരിച്ചെത്തിയ ആവേശത്തിലാണ് കളിക്കാര്‍. രാജ്യത്ത് കൊവിഡ് കേസുകള്‍ ക്രമാതീതമായി ഉയരുന്നത് ആശങ്കയുണ്ടാക്കുന്നുണ്ടെങ്കിലും മത്സരങ്ങള്‍ കൃത്യ സമയത്തുതന്നെ നടത്തുമെന്നാണ് ബിസിസിഐയുടെ അറിയിപ്പ്.