കായംകുളം: കായംകുളത്തെ യു ഡി എഫ് സ്ഥാനാര്‍ത്ഥി അരിത ബാബുവിനെ പരിഹസിച്ച് എ എം ആരിഫ് എംപി. പാല്‍ സൊസൈറ്റിയിലേക്ക് ഉള്ളതല്ല നിയമസഭ തെരഞ്ഞെടുപ്പെന്നായിരുന്നു എല്‍ ഡി എഫ് പൊതുയോഗത്തില്‍ ആരിഫിന്റെ പ്രസ്താവന.യു ഡി എഫ് മത്സര രംഗത്ത് ഇറക്കിയിരിക്കുന്ന പ്രായം കുറഞ്ഞ സ്ഥാനാര്‍ഥികളില്‍ ഒരാളാണ് അരിത. പശുവിനെ വളര്‍ത്തിയാണ് അരിത തന്റെ ഉപജീവന മാര്‍ഗത്തിനുള്ള വരുമാനം കണ്ടെത്തുന്നത്. സ്ഥാനാര്‍ഥിത്വം പ്രഖ്യാപിക്കപ്പെട്ടപ്പോള്‍ തന്നെ വാര്‍ത്തകളില്‍ ഇടം നേടിയ വ്യക്തിയാണ് അരിത ബാബു.സിറ്റിങ് എം എല്‍ എ കൂടിയായ ഇടതുമുന്നണിയുടെ യു പ്രതിഭയാണ് കായംകുളത്ത് അരിതയുടെ എതിര്‍ സ്ഥാനാര്‍ഥി.
അതേസമയം, കഴിഞ്ഞദിവസം, അരിത ബാബുവിന്റെ വീടിനു നേരെ ആക്രമണമുണ്ടായതായി പരാതി ഉയര്‍ന്നിരുന്നു. വീട്ടിലേക്ക് അതിക്രമിച്ച് കയറിയ ആള്‍ മൂന്ന് ജനല്‍ ചില്ലുകള്‍ തകര്‍ത്തെന്നാണ് ആരോപണം.കെ എസ് യു കായംകുളം നിയോജക മണ്ഡലം സെക്രട്ടറി, യൂത്ത് കോണ്‍ഗ്രസ് നിയോജക മണ്ഡലം സെക്രട്ടറി എന്നീ സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട് അരിത ബാബു. അരിതാ ബാബുവിന് കെട്ടിവെക്കാനുള്ള തുക നല്‍കിയത് നടന്‍ സലിം കുമാര്‍ ആയിരുന്നു.

