തീവ്രപ്രളയ സാഹചര്യം; 14 ജില്ലകളിൽ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ച് കേന്ദ്ര ജല കമ്മീഷൻ

തിരുവനന്തപുരം: കേരളത്തിലെ 14 ജില്ലകളിൽ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ച് കേന്ദ്ര ജല കമ്മീഷൻ. തിരുവനന്തപുരത്ത് കരമനയാറിൽ തീവ്രപ്രളയ സാഹചര്യമാണെന്ന് ജല കമ്മീഷൻ മുന്നറിയിപ്പ് നൽകി. സംസ്ഥാനത്തെ വലിയ ഡാമുകളിലും ഇടത്തരം ഡാമുകളിലും ജല നിരപ്പ് ഉയർന്നിട്ടുണ്ടെന്നും ജല കമ്മീഷൻ അറിയിച്ചു.

ഡാമുകൾ എസ്ഒപി അനുസരിച്ചു ജലം തുറന്ന് വിടണമെന്ന് ജലകമ്മീഷൻ പറഞ്ഞു. ഇടുക്കി ഇടമലയർ ഡാമുകളിലേക്ക് ഒഴുക്ക് വർദ്ധിക്കും. അതേസമയം, ഇടമലയാർ ഡാം തുറക്കാൻ അനുമതി ലഭിച്ചു.

ഡാമിന്റെ രണ്ട് ഷട്ടറുകൾ 50 മുതൽ 125 സെന്റിമീറ്റർ വരെ തുറക്കാനാണ് അനുമതി ലഭിച്ചത്. 75 മുതൽ 175 ക്യൂമെക്സ് വരെ ജലമാണ് ഇതു വഴി പുറത്തേക്കൊഴുക്കുന്നത്. നദിയുടെ ഇരുകരകളിലും താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്നും നിർദ്ദേശമുണ്ട്.