പറവൂര്‍ നഗരസഭ ഫണ്ട് പിന്‍വലിച്ച നടപടിയില്‍ വി ഡി സതീശനെതിരെ മുഖ്യമന്ത്രി

പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍. എറണാകുളം ജില്ലയിലെ പറവൂര്‍ മുനിസിപ്പാലിറ്റിക്കെതിരായ പ്രതിപക്ഷ നേതാവിന്റെ നീക്കം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ അനുവദിക്കാതെ മൂക്ക് കയറിട്ടു നിര്‍ത്താനുള്ള ശ്രമമാണെന്നും ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട നഗരസഭ ഏകകണ്ഠമായി എടുത്തതാണ് നവകേരള സദസ്സിന് ഒരു ലക്ഷം രൂപ നല്‍കാനുള്ള തീരുമാനമെന്നും അങ്ങനെ പണം നല്‍കിയാല്‍ സ്ഥാനം തെറിപ്പിക്കുമെന്ന ഭീഷണി ഉയര്‍ത്തുന്നത് ഒരുതരത്തിലും നാടിന് അംഗീകരിക്കാന്‍ ആവില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

പ്രതിപക്ഷ നേതാവിന്റെ നടപടി സാധാരണ രീതിയില്‍ ഉണ്ടാകാന്‍ പാടില്ലാത്തതാണെന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തി. ഇന്നലെ ആ തീരുമാനം മുനിസിപ്പല്‍ ചെയര്‍ പേഴ്‌സണെ ഭീഷണിപ്പെടുത്തി കൗണ്‍സില്‍ വിളിപ്പിച്ച് പിന്‍വലിപ്പിച്ചു എന്നാണ് വാര്‍ത്ത. എന്നാല്‍,മുനിസിപ്പല്‍ സെക്രട്ടറി സന്നദ്ധനായത് നേരത്തെ തന്നെ ഔദ്യോഗികമായി അംഗീകരിച്ച തീരുമാനം നടപ്പാക്കി, പണം കൈമാറാനാണ്. പ്രാദേശിക ഭരണ സംവിധാനത്തെ ദുഷ്ടലാക്കോടെ ജനാധിപത്യ വിരുദ്ധ രീതിയിലേക്ക് വലിച്ചിഴയ്ക്കുന്നുവെന്നും നേതൃത്വം എടുത്ത ബഹിഷ്‌കരണ തീരുമാനം കോണ്‍ഗ്രസ്സിന്റെ പ്രാദേശിക ജനപ്രതിനിധികള്‍ ഉള്‍പ്പെടെ അംഗീകരിക്കുന്നില്ലെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.

.