Politics (Page 601)

ചേര്‍ത്തല: മന്ത്രി പി തിലോത്തമന്റെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയെ സിപിഐയില്‍ നിന്ന് പുറത്താക്കി. ലോക്കല്‍ കമ്മിറ്റി മുന്‍ സെക്രട്ടറി കൂടിയായ പി പ്രദ്യുതിനെയാണ് പുറത്താക്കിയത്.

തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തിന് ഇറങ്ങാത്തതിനെ തുടര്‍ന്നാണ് നടപടി. ചേര്‍ത്തലയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പി പ്രസാദിനെ തോല്‍പ്പിക്കണമെന്നുള്ള പ്രചരണങ്ങളും പ്രദ്യുത് നടത്തിയെന്ന് പാര്‍ട്ടിക്ക് വിവരം ലഭിച്ചിരുന്നു. ്.

പി തിലോത്തമന്റെ മറ്റ് പേഴ്‌സണല്‍ അംഗങ്ങള്‍ക്കെതിരേയും സമാനമായ ആരോപണങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. മന്ത്രി പി തിലോത്തമന്റെ ഏറ്റവും വിശ്വസ്തനായ ആളാണ് പ്രദ്യുത്. എംഎല്‍എ ആയിരിക്കെ രണ്ട് വര്‍ഷം തുടര്‍ച്ചയായി പ്രൈവറ്റ് സെക്രട്ടറി ആയി. മന്ത്രി ആയിരിക്കെ ഒരു ലക്ഷം രൂപ ശമ്പളത്തില്‍ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി ആയി നിയമിച്ചു.

bjp

തിരുവനന്തപുരം: നേമത്ത് എല്‍ഡിഎഫും തിരുവനന്തപുരത്ത് യുഡിഎഫും എസ് ഡി പി ഐ വോട്ട് സ്വീകരിച്ചതിനെ കുറിച്ച് മറുപടി പറയണമെന്ന് ബിജെപി. വിഘടനവാദികളുമായി കൂട്ടുകെട്ട് ഉണ്ടാക്കിയത് ജനങ്ങള്‍ തിരച്ചറിഞ്ഞെന്നും ഇത് ആസൂത്രിതമായ നീക്കമാണെന്നും തിരുവനന്തപുരം ജില്ലാ അധ്യക്ഷന്‍ വി വി രാജേഷ് ആരോപിച്ചു.നേമത്ത് ബിജെപി വരാതിരിക്കാനാണ് എല്‍ഡിഎഫിനെ പിന്തുണച്ചത്. എസ് ഡി പി ഐ നല്ല സ്വാധീനമുള്ള മേഖലയാണ് നേമം. പതിനായിരത്തിലധികം വോട്ടുകള്‍് ഇവിടെയുണ്ട്. കഴക്കൂട്ടത്ത് വ്യക്തമായ നിലപാട് സ്വീകരിച്ചിരുന്നില്ല. മനസാക്ഷി വോട്ട് എന്ന നിലപാടാണ് കഴക്കൂട്ടത്ത് സ്വീകരിച്ചിരുന്നതെന്നും സിയാദ് കണ്ടല പറഞ്ഞു.തിരുവനന്തപുരത്തെ മൂവായിരത്തോളം വോട്ട് വി എസ് ശിവകുമാറിന് നല്‍കിയെന്നും എസ് ഡി പി ഐ നേതാവ് പറഞ്ഞിരുന്നു. ഇക്കാര്യത്തില്‍ ശിവന്‍കുട്ടിയും ശിവകുമാറും മറുപടി പറയണമെന്നാണ് ബിജെപി ആവശ്യം.
ഇഞ്ചോടിഞ്ച് പോരാട്ടം നടന്ന നേമത്ത് അവസാന നിമിഷവും ഇരു മുന്നണികളും ഒത്തുകളി ആരോപിച്ചിരുന്നു. അതേസമയം, രാഹുല്‍ ഗാന്ധികൂടി അവസാന നിമിഷം വന്നതോടെ ബിജെപി വിരുദ്ധ വോട്ടുകളുടെ ഏകീകരണമുണ്ടാകുമെന്നാണ് കോണ്‍ഗ്രസിന്റെ പ്രതീക്ഷ.

തിരുവനന്തപുരം: വട്ടിയൂര്‍ക്കാവ് നിയോജകമണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി വീണാ നായരുടെ പോസ്റ്ററുകള്‍ ആക്രിവിലയ്ക്ക് തൂക്കി വിറ്റു. ഉപയോഗിക്കാത്ത അന്‍പത് കിലോയോളം വരുന്ന പോസ്റ്ററുകളാണ് അക്രിക്കടയില്‍ കിലോയ്ക്ക് പത്ത് രൂപ നിരക്കില്‍ വിറ്റിരിക്കുന്നത്. കുറവന്‍കോണം മേഖലയില്‍ വിതരണം ചെയ്ത പോസ്റ്ററുകളാണ് വിറ്റിരിക്കുന്നത് എന്നാണ് സൂചന. എന്നാല്‍, ആരാണ് ഇത് കച്ചവടം നടത്തിയതെന്ന കാര്യത്തില്‍ സ്ഥിരീകരണമില്ല. തിരുവനന്തപുരം ജില്ലയില്‍ നേമവും കഴക്കൂട്ടവും വട്ടിയൂര്‍ക്കാവും ഒരുപോലെ സംസ്ഥാനത്തെ മുഴുവന്‍ ശ്രദ്ധയും പതിഞ്ഞ മണ്ഡലങ്ങളാണ്. 2016ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ കെ മുരളീധരന് മണ്ഡലത്തില്‍ മികച്ച വിജയം നേടാന്‍ സാധിച്ചിരുന്നു. 2014 ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ഥിയായി മത്സരിച്ച ഒ രാജഗോപാലായിരുന്നു വട്ടിയൂര്‍ക്കാവില്‍ ലീഡ് നേടിയത്. 2019ലെ ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി വി കെ പ്രശാന്ത് വിജയിക്കുകയും യുഡിഎഫ് സ്ഥാനാര്‍ഥി കെ മോഹന്‍കുമാര്‍ രണ്ടാം സ്ഥാനത്തെത്തുകയും ചെയ്തു.

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാത്തതില്‍ തനിക്ക് നിരാശാബോധമില്ലെന്നും ഇക്കാര്യത്തില്‍ മാധ്യമങ്ങള്‍ക്ക് നിരാശ തോന്നിയിട്ടുണ്ടെങ്കില്‍ തന്നെ കുറ്റപ്പെടുത്തിയിട്ട് കാര്യമില്ലെന്നും മന്ത്രി ഇ.പി ജയരാജന്‍. മട്ടന്നൂരില്‍ മത്സരിക്കാന്‍ ആഗ്രഹിച്ചിരുന്നില്ല.പാര്‍ട്ടിയിലെ കൂടുതല്‍ ചെറുപ്പക്കാര്‍ മുന്‍നിരയിലേക്ക് കടന്നുവരട്ടെ.ഇനിയുള്ള കാലം പാര്‍ട്ടിക്കായി പ്രവര്‍ത്തിക്കണം. സാധാരണ പാര്‍ട്ടി പ്രവര്‍ത്തകനായി തുടരാനാണ് ആഗ്രഹം. മന്ത്രിസഭയിലെ രണ്ടാമന്‍ എന്നെല്ലാം മാധ്യമങ്ങള്‍ വിശേഷിപ്പിക്കുന്നതാണ്. മന്ത്രിയാകുന്നതിനേക്കാള്‍ പാര്‍ട്ടി സ്ഥാനങ്ങള്‍ക്കാണ് പ്രാധാന്യം.

രണ്ടു തവണ തുടര്‍ച്ചയായി മത്സരിച്ചവര്‍ മാറിനില്‍ക്കാനുള്ള പാര്‍ട്ടി തീരുമാനത്തിന്റെ ഭാഗമായാണ് മത്സരരംഗത്തുനിന്ന് വിട്ടുനിന്നതെന്നും അദ്ദേഹം പറഞ്ഞു. പിണറായി കരുത്തനായ നേതാവാണ്. അദ്ദേഹത്തെ ക്യാപ്റ്റനെന്ന് വിശേഷിപ്പിച്ച പ്രയോഗം തെറ്റായി കാണേണ്ടതില്ല. ഒരു ആള്‍ക്കൂട്ടത്തിന് വിപ്ലവകരമായ ദൗത്യം നിര്‍വഹിക്കാനും പ്രശ്‌നം പരിഹരിക്കാനും സാധിക്കില്ല. ലക്ഷ്യം നിര്‍വഹിക്കണമെങ്കില്‍ ഒരു ക്യാപ്റ്റന്‍ വേണം.

ലക്ഷ്യബോധമുള്ള നേതൃത്വം ഉണ്ടെങ്കില്‍ മാത്രമേ സൈന്യത്തെ നയിക്കാന്‍ സാധിക്കൂ. അതിനാല്‍ ക്യാപ്റ്റന്‍ പ്രയോഗം ഒരു തെറ്റുമില്ലാത്ത പദപ്രയോഗമാണെന്നും ജയരാജന്‍ വ്യക്തമാക്കി.പിണറായി വിജയനുമായി യാതൊരു പ്രശ്‌നവുമില്ല. അദ്ദേഹവുമായുള്ള ആത്മബന്ധത്തിന് ആര്‍ക്കും കോട്ടമുണ്ടാക്കാന്‍ സാധിക്കില്ല. അതത്ര ദൃഢമാണ്. ഒരുതരത്തിലുള്ള തര്‍ക്കങ്ങളും ഞങ്ങള്‍ തമ്മിലുണ്ടായിട്ടില്ല. ഇനി ഉണ്ടാവുകയുമില്ല. മറിച്ചുള്ള നിലവാരമില്ലാത്ത പ്രചാരണം മുഖവിലക്കെടുക്കാറില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ന്യൂഡല്‍ഹി : പരീക്ഷ ചര്‍ച്ച കഴിഞ്ഞുവെങ്കില്‍ ഇനി ഇന്ധനവില വര്‍ധനവിനെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി ചര്‍ച്ച നടത്തട്ടെയെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ഉള്‍ച്ചേരുക, സ്വാംശീകരിക്കുക, ബന്ധപ്പെടുത്തുക, ഭാവനയില്‍ കാണുക എന്നിങ്ങനെ വിദ്യാര്‍ഥികള്‍ക്കായി പ്രധാനമന്ത്രി നടത്തിയ പരീക്ഷാ പേ ചര്‍ച്ച വലിയ ശ്രദ്ധ നേടിയിരുന്നു.
കുട്ടികളെ സമ്മര്‍ദത്തിലാക്കുന്നതു രക്ഷിതാക്കളും അധ്യാപകരും ഒഴിവാക്കണം. അവരുടെ കുറവുകള്‍ മനസ്സിലാക്കി മികവുകളില്‍ രക്ഷിതാക്കള്‍ ശ്രദ്ധിക്കണം. ആരോഗ്യകരമായ അന്തരീക്ഷവും രൂപപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു.

കോട്ടയം: മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ഉമ്മന്‍ചാണ്ടിക്ക് കോവിഡ് സ്ഥിരീകരിച്ചു. ആരോഗ്യനില തൃപ്തികരമാണെങ്കിലും സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റും.
വ്യാഴാഴ്ച കോവിഡ് സ്ഥിരീകരിക്കുന്ന രണ്ടാമത്തെ പ്രമുഖ നേതാവാണ് ഉമ്മന്‍ചാണ്ടി. നേരത്തെ പിണറായി വിജയനും കോവിഡ് സ്ഥിരീകരിച്ചിരുന്നു.

കണ്ണൂര്‍: നിയമസഭാ തെരെഞ്ഞെടുപ്പ് ദിനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയ ശബരിമല സംബന്ധിച്ച പരാമർശത്തിൽ പരാതിയുമായി കോൺഗ്രസ്. യുഡിഫ് സ്ഥാനാര്‍ത്ഥി സതീശന്‍ പാച്ചേനിയാണ് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് പരാതി നല്‍കിയത്. ‘അയ്യപ്പനും, ഇന്നാട്ടിലെ എല്ലാ ദൈവഗണങ്ങളും ഈ സര്‍ക്കാരിനൊപ്പമാണ് ‘ എന്ന തെരെഞ്ഞെടുപ്പ് ദിനത്തിലെ പരാമര്‍ശത്തിന് എതിരെയാണ് സതീശന്‍ പാച്ചേനിയുടെ പരാതി.

മുഖ്യമന്ത്രിയുടെ ഈ പരാമര്‍ശം തെരെഞ്ഞെടുപ്പ് പെരുമാറ്റചട്ടത്തിന്റെ ലംഘനമാണെന്നാണ് പരാതിയിൽ ചൂണ്ടിക്കാട്ടുന്നത്. മുഖ്യമന്ത്രിയുടെ പരാമര്‍ശം തെരെഞ്ഞെടുപ്പ് പെരുമാറ്റചട്ടത്തിന്റെ ഒന്നാം ഭാഗത്തിലെ മൂന്നാം ഖണ്ഡിക പ്രകാരം നഗ്‌നമായ ചട്ടലംഘനം ആണെന്ന് പാച്ചേനി പരാതിയില്‍ പറയുന്നു. വോട്ടു നേടാനായി ജാതി മത വികാരങ്ങള്‍ ഉണര്‍ത്തുന്ന താരത്തിലുള്ള അഭ്യര്‍ത്ഥനകളോ, പരാമര്‍ശങ്ങളോ പാടില്ലെന്നാണ് തെരെഞ്ഞെടുപ്പ് പെരുമാറ്റചട്ടത്തില്‍ നിഷ്‌കര്‍ഷിക്കുന്നത്. മുഖ്യമന്ത്രിയുടെ പരാമര്‍ശത്തിന്റെ ദൃശ്യങ്ങള്‍ അടങ്ങുന്ന സി ഡി യും പരാതിക്കൊപ്പംഹാജരാക്കിയിട്ടുണ്ട്.

അന്താരാഷ്ട്ര നാണയ നിധി (ഐഎംഎഫ്) ചൊവ്വാഴ്ച ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയുടെ വളര്‍ച്ചാ പ്രവചനം 100 ബേസിസ് പോയിന്റ് ഉയര്‍ത്തി. ഇന്ത്യയുടെ ജിഡിപി 2022 സാമ്പത്തിക വര്‍ഷത്തില്‍ 12.5 ശതമാനം വളരുമെന്ന് പ്രതീക്ഷിക്കുന്നു, ഇത് വളര്‍ന്നുവരുന്നതും, വികസിതവുമായ സമ്പദ് വ്യവസ്ഥകളില്‍ ഏറ്റവും ഉയര്‍ന്നതാണ്.2020 ല്‍ -3.3 ശതമാനം ചുരുങ്ങിയതിനുശേഷം ആഗോള സമ്പദ് വ്യവസ്ഥ 2021 ല്‍ 6 ശതമാനമായി വളരുമെന്ന് പ്രവചിക്കപ്പെടുന്നു. കൊവിഡ് -19 വളര്‍ന്നുവരുന്ന വിപണി സമ്പദ് വ്യവസ്ഥകളെയും താഴ്ന്ന വരുമാനമുള്ള വികസ്വര രാജ്യങ്ങളെയും കൂടുതല്‍ ബാധിച്ചു, കൂടുതല്‍ ഇടത്തരം നഷ്ടം നേരിടേണ്ടിവരുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.അമേരിക്കയുടെ ഗണ്യമായ നവീകരണം (1.3 ശതമാനം പോയിന്റുകള്‍) ഈ വര്‍ഷം 6.4 ശതമാനമായി വളരുമെന്ന് ഐ എം എഫ് ചീഫ് ഇക്കണോമിസ്റ്റ് ഗീതാ ഗോപിനാഥ് പറഞ്ഞു.നയനിര്‍മ്മാതാക്കള്‍ അവരുടെ സമ്പദ് വ്യവസ്ഥയെ പിന്തുണയ്ക്കുന്നത് തുടരേണ്ടതുണ്ട്. ആരോഗ്യസംരക്ഷണച്ചെലവുകള്‍, പ്രതിരോധ കുത്തിവയ്പ്പുകള്‍, ചികിത്സകള്‍, ആരോഗ്യ ഇന്‍ഫ്രാസ്ട്രക്ചര്‍ എന്നിവയ്ക്ക് മുന്‍ഗണന നല്‍കി ആരോഗ്യ പ്രതിസന്ധിയില്‍ നിന്ന് രക്ഷപ്പെടുന്നതിനാണ് ഇപ്പോള്‍ ഊന്നല്‍ നല്‍കേണ്ടതെന്നും ഗീതാ ഗോപിനാഥ് പറഞ്ഞു.

ചെന്നൈ: നടി ശ്രുതിഹാസനെതിരെ പരാതി നല്‍കി ബിജെപി. പോളിംഗ് ബൂത്തില്‍ കമല്‍ഹാസനൊപ്പം സന്ദര്‍ശനം നടത്തിയെന്നാരോപിച്ചാണ് പരാതി.കോയമ്പത്തൂര്‍ സൗത്തിലുള്ള പോളിങ് ബൂത്തില്‍ കമല്‍ഹാസനൊപ്പം കഴിഞ്ഞ ദിവസം ശ്രുതിയും എത്തിയിരുന്നു. തേനാംപട്ടയിലെ ബൂത്തില്‍ വോട്ട് രേഖപ്പെടുത്തിയ കമല്‍ഹാസന്‍ വിമാനമാര്‍ഗത്തിലാണ് കോയമ്പത്തൂരിലെത്തിയത്. മണ്ഡലത്തിലെ വിവിധ ബൂത്തുകള്‍ കമല്‍ഹാസന്‍ സന്ദര്‍ശിച്ചപ്പോഴായിരുന്നു ശ്രുതി ഹാസനും പോളിംഗ് ബൂത്തിലെത്തിയത്.

തിരുവനന്തപുരം: കാലാകാലങ്ങളായി യുഡിഎഫിന് വോട്ട് ചെയ്തിരുന്നവര്‍ പോലും ഇത്തവണ ഇടതുമുന്നണിക്ക് അനുകൂലമായാണ് വോട്ട് ചെയ്തതെന്നും ഭരണം കിട്ടും എന്നത് യുഡിഎഫിന്റെ ആഗ്രഹം മാത്രമാണെന്നും ഇ.പി.ജയരാജന്‍.ഇക്കാര്യം രഹസ്യമായി യുഡിഎഫും ബിജെപിയും സമ്മതിക്കുന്നുണ്ട്. വോട്ടെണ്ണല്‍ വരെ അണികളെ ആശ്വസിപ്പിക്കാനാണ് മറിച്ചുള്ള പ്രചരണമാണെന്നും ഇ.പി. പറഞ്ഞു.വല്ലാത്ത നിരാശയിലും അതിനെ തുടര്‍ന്നുള്ള അപകടത്തിലേക്കും പോകാതിരിക്കാന്‍ ശ്രീധരനെ പോലെയൊരാള്‍ ശ്രദ്ധിക്കണം. അദ്ദേഹം നല്ല എഞ്ചിനീയറും ശാസ്ത്രജ്ഞനും ഒക്കെയാണ്. ആ രംഗങ്ങളിലെ മികവ് രാഷ്ട്രീയത്തിലും ഉണ്ടെന്ന് അദ്ദേഹം ധരിക്കുന്നത് പിശകാണ്. ഇ പി വ്യക്തമാക്കി.ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ബിജെപിക്ക് ശക്തമായ ബദലായി ഇടതുമുന്നണി മാറുകയാണ്. എന്നാല്‍ ബിജെപിക്കെതിരെ കോണ്‍ഗ്രസിന്റേത് അവസരവാദ നിലപാടാണ്.ഇടതുപക്ഷ വിരുദ്ധ മനോഭാവം തിരുത്തി അപചയത്തില്‍ നിന്ന് രക്ഷ നേടാനാണ് കോണ്‍ഗ്രസ് ശ്രമിക്കേണ്ടത്. ഇടതുപക്ഷ വിരുദ്ധ രാഷ്ട്രീയം കൊണ്ട് ഇന്ത്യയില്‍ ഒന്നും നേടാന്‍ കഴിയില്ല എന്ന് മനസ്സിലാക്കണം.ജയിച്ചു വരുന്ന കോണ്‍ഗ്രസ് എംഎല്‍എമാരെ ബിജെപിയിലേക്ക് എത്തിക്കാമെന്ന അഡ്ജസ്റ്റ്‌മെന്റ് ഇപ്പോള്‍ തന്നെ ഉണ്ടായിട്ടുണ്ട്. കോണ്‍ഗ്രസിന്റെ പല നേതാക്കളും ബിജെപിയിലേക്ക് പോകും. നേതാക്കള്‍ക്ക് അത് കണ്ടു നില്‍ക്കാനേ കഴിയൂവെന്നും ജയരാജന്‍ പറഞ്ഞു.
പാനൂര്‍ കൊലപാതകം ദൗര്‍ഭാഗ്യകരമാണ്. കൊലപാതകം പാര്‍ട്ടിയുടെ സത്‌പേരിന് കളങ്കം ഉണ്ടാക്കിയെന്നും ഇ പി ജയരാജന്‍ പറഞ്ഞു.