തിരുവനന്തപുരം: വട്ടിയൂര്‍ക്കാവ് നിയോജകമണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി വീണാ നായരുടെ പോസ്റ്ററുകള്‍ ആക്രിവിലയ്ക്ക് തൂക്കി വിറ്റു. ഉപയോഗിക്കാത്ത അന്‍പത് കിലോയോളം വരുന്ന പോസ്റ്ററുകളാണ് അക്രിക്കടയില്‍ കിലോയ്ക്ക് പത്ത് രൂപ നിരക്കില്‍ വിറ്റിരിക്കുന്നത്. കുറവന്‍കോണം മേഖലയില്‍ വിതരണം ചെയ്ത പോസ്റ്ററുകളാണ് വിറ്റിരിക്കുന്നത് എന്നാണ് സൂചന. എന്നാല്‍, ആരാണ് ഇത് കച്ചവടം നടത്തിയതെന്ന കാര്യത്തില്‍ സ്ഥിരീകരണമില്ല. തിരുവനന്തപുരം ജില്ലയില്‍ നേമവും കഴക്കൂട്ടവും വട്ടിയൂര്‍ക്കാവും ഒരുപോലെ സംസ്ഥാനത്തെ മുഴുവന്‍ ശ്രദ്ധയും പതിഞ്ഞ മണ്ഡലങ്ങളാണ്. 2016ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ കെ മുരളീധരന് മണ്ഡലത്തില്‍ മികച്ച വിജയം നേടാന്‍ സാധിച്ചിരുന്നു. 2014 ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ഥിയായി മത്സരിച്ച ഒ രാജഗോപാലായിരുന്നു വട്ടിയൂര്‍ക്കാവില്‍ ലീഡ് നേടിയത്. 2019ലെ ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി വി കെ പ്രശാന്ത് വിജയിക്കുകയും യുഡിഎഫ് സ്ഥാനാര്‍ഥി കെ മോഹന്‍കുമാര്‍ രണ്ടാം സ്ഥാനത്തെത്തുകയും ചെയ്തു.
2021-04-09