വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മയ്‌ക്കെതിരെ ഫേസ്ബുക്കില്‍ അപകീര്‍ത്തികരമായി പോസ്റ്റ് : അഡ്വ. ഹരീഷ് വാസുദേവന്റെ ഓഫീസിലേക്ക് ദളിത് സംഘടനകള്‍ പ്രതിഷേധ പ്രകടനം

കൊച്ചി: വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മയ്‌ക്കെതിരെ ഫേസ്ബുക്കില്‍ അപകീര്‍ത്തികരമായി പോസ്റ്റിട്ടതിനെതിരെ അഡ്വ. ഹരീഷ് വാസുദേവന്റെ ഓഫീസിലേക്ക് ദളിത് സംഘടനകള്‍ പ്രതിഷേധ പ്രകടനം നടത്തി. വിവിധ ദളിത് സംഘടനകളുടെ നേതൃത്വത്തില്‍ വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മയും പങ്കെടുത്ത മാര്‍ച്ച് ഓഫീസിന് മുന്നില്‍ പൊലീസ് തടഞ്ഞു.

പ്രതിഷേധം നടക്കുമ്പോള്‍ ഹരീഷ് വാസുദേവന്‍ കൊച്ചിയില്‍ ഇല്ലായിരുന്നു. ആദിവാസി ഗോത്രമഹാസഭ നേതാവ് എം ഗീതാനന്ദന്‍, സി എസ് മുരളി തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുത്തു. ധര്‍മ്മടത്ത് മുഖ്യമന്ത്രിക്കെതിരെ സ്ഥാനാര്‍ഥിയായ സാഹചര്യത്തില്‍ വന്ന ഫേസ്ബുക്ക് പോസ്റ്റ് ഗൂഢാലോചനയുടെ ഭാഗമാണെന്നും നിയമപരമായി നേരിടുമെന്നും വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മ പ്രതികരിച്ചു.

കോടതി രേഖകള്‍ ഉള്‍പ്പടെ ഉദ്ധരിച്ചാണ് വാളയാര്‍ സംഭവത്തില്‍ പെണ്‍കുട്ടികളുടെ അമ്മക്കും ഉത്തരവാദിത്തമുണ്ടെന്ന് ഹരീഷ് വാസുദേവന്‍ ഫേസ്ബുക്ക് പോസ്റ്റ് കുറിച്ചത്.