നാരദ കൈക്കൂലി കേസുമായി ബന്ധപ്പെട്ട് ബംഗാളില്‍ നാടകീയ നീക്കങ്ങള്‍. കേസുമായി ബന്ധപ്പെട്ട് രണ്ട് മന്ത്രിമാരെ സി.ബി.ഐ. അറസ്റ്റ് ചെയ്തതിനു പിന്നാലെ മുഖ്യമന്ത്രി മമത ബാനര്‍ജി സി.ബിഐ. ആസ്ഥാനത്തെത്തി. രണ്ട് മന്ത്രിമാരുള്‍പ്പടെ നാല് തൃണമൂല്‍ നേതാക്കളാണ് അറസ്റ്റിലായത്. മന്ത്രിമാരായ ഫിര്‍ഹാദ് ഹക്കിം, സുബ്രത മുഖര്‍ജി, എംഎല്‍എ മദന്‍ മിത്ര, മുന്‍ മേയര്‍ സോവ്ഹന്‍ ചാറ്റര്‍ജി എന്നിവരാണ് അറസ്റ്റിലായത്.
മന്ത്രിമാര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കാനാണ് മമത ബാനര്‍ജി എത്തിയത്. പറ്റുമെങ്കില്‍ എന്നെ അറസ്റ്റ് ചെയ്യൂ എന്നാണ് മമത സി.ബി.ഐ. ഓഫീസിലെത്തിയതിനു ശേഷം പറഞ്ഞത്. അറസ്റ്റിലായ തൃണമൂല്‍ മന്ത്രി ഫിര്‍ഹാദ് ഹക്കീമിന്റെ വീട്ടിലെത്തിയതിനു ശേഷമാണ് മമത സി.ബി.ഐ. ആസ്ഥാനത്ത് എത്തിയത്. മന്ത്രിമാരായ ഫിര്‍ഹാദ് ഹകിം, സുബ്രത മുഖര്‍ജി ഉള്‍പ്പെടെയുള്ളവരെയാണ് അറസ്റ്റ് ചെയ്തത്. ഇന്ന് രാവിലെ ഫിര്‍ഹാദ് ഹകിമിനെ വീട്ടിലെത്തിയാണ് സിബിഐ ഉദ്യോഗസ്ഥര്‍ കസ്റ്റഡിയിലെടുത്തത്. വ്യക്തമായ അനുമതിയില്ലെന്നാണ് മന്ത്രിയെ കസ്റ്റഡിയിലെടുത്തതെന്ന് പരാതിയുണ്ട്. തൃണമൂല്‍ എംഎല്‍എ മദന്‍ മിത്ര, മുന്‍ നേതാവ് സോവന്‍ ചാറ്റര്‍ജി എന്നിവരെയും സിബിഐ ഓഫീസിലേക്ക് കൊണ്ടുപോയി. 2019ല്‍ തൃണമൂല്‍ വിട്ട് ബിജെപിയിലെത്തിയ സോവന്‍ ചാറ്റര്‍ജി ഈ മാര്‍ച്ചില്‍ ബിജെപി വിടുകയുണ്ടായി.
ഈ നാല് നേതാക്കള്‍ക്കെതിരെയും അന്വേഷണത്തിന് ഗവര്‍ണര്‍ നേരത്തെ അനുമതി നല്‍കിയിരുന്നു. സിബിഐ സ്പെഷ്യല്‍ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കും. എംഎല്‍എമാര്‍ക്കെതിരായ നടപടിക്ക് സ്പീക്കറുടെ അനുമതി വേണം. എന്നാല്‍ സിബിഐ ഗവര്‍ണറുടെ അനുമതിയാണ് നേടിയത്. നാല് പേരും കഴിഞ്ഞ മമത മന്ത്രിസഭയില്‍ മന്ത്രിമാരായിരുന്നു.