രണ്ടാം ഇടതുമുന്നണി സര്‍ക്കാരിന്റെ മന്ത്രിസഭാ വിഭജനം പൂര്‍ത്തിയായി

തിരുവനന്തപുരം: രണ്ടാം ഇടതുമുന്നണി സര്‍ക്കാരിന്റെ മന്ത്രിസഭാ വിഭജനം പൂര്‍ത്തിയായി. മന്ത്രിസ്ഥാനങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി ചേര്‍ന്ന മുന്നണിയോഗത്തിന് ശേഷം പുറത്തിറങ്ങിയ നേതാക്കളെല്ലാം തീരുമാനത്തിലുള്ള സംതൃപ്തി പങ്കുവച്ചു. സ്പീക്കറിന് പുറമെ 12 മന്ത്രിമാരാണ് സിപിഎമ്മില്‍ നിന്നുമുണ്ടാകുക. സിപിഐ- 4, കേരളാ കോണ്‍ഗ്രസ് (എം)- 1 എന്‍സിപി -1 ജനതാദള്‍ എസ്- 1 എന്നിങ്ങനെയാകും മന്ത്രിസഭയില്‍ കക്ഷികളുടെ പ്രാതിനിധ്യം. ബാക്കിയുള്ള രണ്ട് സ്ഥാനങ്ങളില്‍ ആദ്യ ടേമില്‍ ജനാധിപത്യ കേരളാ കോണ്‍ഗ്രസ് അംഗം ആന്റണി രാജുവും ഐഎന്‍എല്‍ അംഗം അഹമ്മദ് ദേവര്‍കോവിലും മന്ത്രിയാകും. തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ ശേഷം ഇവര്‍ക്ക് പകരം, കേരളാ കോണ്‍ഗ്രസ് ബിയിലെ കെബി ഗണേഷ് കുമാറും, കോണ്‍ഗ്രസ് എസിലെ കടന്നപ്പള്ളി രാമചന്ദ്രനും മന്ത്രിസഭയിലെത്തും. ജനാധിപത്യ കേരള കോണ്‍ഗ്രസ് പാര്‍ട്ടിക്ക് കിട്ടിയ അംഗീകാരമാണ് മന്ത്രിസ്ഥാനമെന്ന് ആന്റണി രാജു പ്രതികരിച്ചത്. മത്സരിച്ചത് ഇടത് പക്ഷ മുന്നണിക്കൊപ്പം മാത്രമാണ്, ഇനിയുള്ള രാഷ്ട്രീയ ജീവിതവും ഇടത് പക്ഷത്തിനൊപ്പമായിരിക്കുമെന്ന് ആന്റണി രാജു കൂട്ടിച്ചേര്‍ത്തു.ആദ്യം ടേം വേണമെന്ന് ആവശ്യപ്പെട്ടിരുന്നോ എന്ന ചോദ്യത്തിന് അത് എല്ലാവരും പൊതുവേ പറയുമെന്നായിരുന്നു രാമചന്ദ്രന്‍ കടന്നപ്പള്ളി പ്രതികരിച്ചത്. രണ്ട് മന്ത്രിസ്ഥാനം ആവശ്യപ്പെട്ടിരുന്നെങ്കിലും പരിമിതികള്‍ കൊണ്ടാണ് ഒരു മന്ത്രിസ്ഥാനം ലഭിച്ചത്. മുന്നണിയുടെ കെട്ടുറപ്പാണ് പ്രധാനം അത് മനസിലാക്കി മുന്നോട്ട് പോകും. പൂര്‍ണ്ണ തൃപ്തരാണെന്നും ജോസ് കെ മാണി പറഞ്ഞു.