Latest News (Page 72)

പമ്പ: ഈ വർഷത്തെ മണ്ഡല മകരവിളക്ക് തീർത്ഥാടനത്തിന് തുടക്കമായി. മണ്ഡലകാല പൂജകൾക്കായി ശബരിമല നട തുറന്നു. നാല് മണിയ്ക്ക് മേൽശാന്തി പി.എൻ മഹേഷ് നട തുറന്ന് ദീപം തെളിയിച്ചു. താഴമൺ മഠത്തിലെ പ്രത്യേക പരിശീലനത്തിനുശേഷം എത്തുന്ന നിയുക്ത മേൽശാന്തിമാരെ തന്ത്രി കണ്ഠര് രാജീവർ ക്ഷേത്രത്തിലേക്ക് ആനയിച്ചു. മേൽശാന്തിമാരെ കൈപിടിച്ചാണ് പതിനെട്ടാം പടികയറ്റി സന്നിധാനത്തിലേക്കെത്തിച്ചത്.

തന്ത്രിമാരായ കണ്ഠരര് രാജീവര്, കണ്ഠരര് ബ്രഹ്മദത്തൻ എന്നിവരുടെ കാർമികത്വത്തിൽ ആദ്യം ശബരിമല മേൽശാന്തിയുടെയും പിന്നീട് മാളികപ്പുറം മേൽശാന്തിയുടെയും അഭിഷേകം ഉടൻ നടക്കും. നാളെ വൃശ്ചിക പുലരിയിൽ പുലർച്ചെ മൂന്നിന് നട തുറക്കുന്നത് പുതിയ മേൽശാന്തി അരുൺകുമാർ നമ്പൂതിരി ആയിരിക്കും. നാളെ മുതൽ ഡിസംബർ 26 വരെ എല്ലാ ദിവസവും പൂജകളുണ്ട്. മണ്ഡലപൂജ ഡിസംബർ 26നാണ്. അന്ന് രാത്രി 11ന് നട അടയ്ക്കും. മകരവിളക്കിനായി ഡിസംബർ 30ന് വൈകിട്ട് അഞ്ചിന് നട തുറക്കും. ജനുവരി 14നാണ് മകരവിളക്ക്. തീർഥാടനത്തിന് സമാപനം കുറിച്ച് ജനുവരി 20ന് നട അടയ്ക്കും.

തിരുവനന്തപുരം: തെളിമ പദ്ധതിയിലൂടെ റേഷൻ കാർഡിലെ തെറ്റുകൾ സൗജന്യമായി തിരുത്താനുള്ള അവസരം പൊതുജനങ്ങൾ പരമാവധി പ്രയോജനപ്പെടുത്തണമെന്ന് ഭക്ഷ്യ,പൊതുവിതരണ വകുപ്പ് മന്ത്രി ജി ആർ അനിൽ പറഞ്ഞു. റേഷൻ കാർഡുകൾ കുറ്റമറ്റതാക്കുകയെന്ന ലക്ഷ്യത്തോടെ നടപ്പിലാക്കുന്ന തെളിമ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം മണക്കാട് 1101211 -ാം നമ്പർ റേഷൻ ഡിപ്പോയിൽ നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.

നവംബർ 15 മുതൽ ഡിസംബർ 15 വരെ റേഷൻ കാർഡിലെ തെറ്റുകൾ തിരുത്താനും ആധാർ നമ്പർ ചേർക്കാനും പൊതുജനങ്ങൾക്ക് അവസരമുണ്ട്. 96 ലക്ഷം കുടുംബങ്ങൾക്ക് തെളിമ പദ്ധതി പ്രയോജനപ്പെടും. ഉടമയുടെയും അംഗങ്ങളുടെയും പേര്, വയസ്, മേൽവിലാസം കാർഡുടമയുമായുള്ള ബന്ധം തുടങ്ങിയ വിവരങ്ങളിലെ തെറ്റുകൾ തിരുത്താം. സംസ്ഥാനത്തെ എല്ലാ റേഷൻ കടകളിലും സ്ഥാപിച്ചിട്ടുള്ള പെട്ടികളിൽ ആവശ്യമായ രേഖകൾക്കൊപ്പം അപേക്ഷകൾ നിക്ഷേപിച്ചാൽ മതി. അപേക്ഷകൾ കൃത്യമായി പരിശോധിച്ചു തെറ്റുകൾ തിരുത്തി കാർഡ് നൽകും. എൽപിജി, വൈദ്യുതി കണക്ഷൻ വിവരങ്ങൾ കാർഡിൽ ചേർക്കാം. അനർഹമായി കൈവശം വച്ചിരിക്കുന്ന മുൻഗണനാ / എ എ വൈ കാർഡുകളെക്കുറിച്ചുള്ള പരാതികളും ഈ രീതിയിൽ നൽകാമെന്ന് മന്ത്രി അറിയിച്ചു.

സംസ്ഥാനത്തെ ജനങ്ങളെ പൂർണമായും പൊതു വിതരണ സംവിധാനവുമായി ബന്ധിപ്പിക്കാൻ സാധിച്ചിട്ടുണ്ട്. ഈ സർക്കാരിന്റെ കാലത്ത് 5 ലക്ഷം കാർഡുകൾ പുതുതായി നൽകിയിട്ടുണ്ട്. പുതിയ റേഷൻ കാർഡിന് അപേക്ഷ ലഭിച്ച് 24 മണിക്കൂറിനുള്ളിൽ നൽകാനുള്ള കാര്യക്ഷമമായ സംവിധാനം നിലവിലുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

ഡെപ്യൂട്ടി മേയർ പി കെ രാജു അദ്ധ്യക്ഷനായിരുന്ന ചടങ്ങിൽ കമലേശ്വരം കൗൺസിലർ വിജയകുമാരി, ഉദ്യോഗസ്ഥർ തുടങ്ങിയവർ സന്നിഹിതരായിരുന്നു.

തിരുവനന്തപുരം: സംസ്ഥാനത്തെ ഗ്രാമപഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോർപ്പറേഷൻ വാർഡുകൾ പുനർനിർണയിച്ചതിന്റെ കരട് വിജ്ഞാപനം നവംബർ 18 ന് പ്രസിദ്ധീകരിക്കാനും അതിന്മേലുള്ള പരാതികളും ആക്ഷേപങ്ങളും ഡിസംബർ മൂന്ന് വരെ സ്വീകരിക്കാനും സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ ആസ്ഥാനത്ത് ചേർന്ന ഡീലിമിറ്റേഷൻ കമ്മീഷൻ യോഗം തീരുമാനിച്ചു. വാർഡ് പുനർവിഭജനത്തിനായി ജില്ലാ കളക്ടർമാർ സമർപ്പിച്ച കരട് നിർദ്ദേശങ്ങൾ ഡീലിമിറ്റേഷൻ കമ്മീഷൻ വിശദമായി പരിശോധിച്ചു.

കരട് വിജ്ഞാപനത്തെ സംബന്ധിച്ച പരാതികളും ആക്ഷേപങ്ങളും നേരിട്ടോ രജിസ്റ്റേർഡ് തപാലിലോ ജില്ലാ കളക്ട്രേറ്റുകളിലും ഡീലിമിറ്റേഷൻ കമ്മീഷൻ ഓഫീസിലും സമർപ്പിക്കാം.

2011 സെൻസസ് ജനസംഖ്യയുടെയും തദ്ദേശസ്ഥാപനങ്ങളിലെ വാർഡുകളുടെ എണ്ണം പുതുക്കി നിശ്ചയിച്ച 2024 ലെ സർക്കാർ ഉത്തരവിന്റെയും അടിസ്ഥാനത്തിലാണ് വാർഡ് പുനർവിഭജനം നടത്തുന്നത്. ഇൻഫർമേഷൻ കേരള മിഷൻ തയ്യാറാക്കിയ ക്യൂഫീൽഡ് ആപ്പ് ഉപയോഗിച്ചാണ് വാർഡുകളുടെ ഭൂപടം തയ്യാറാക്കിയിട്ടുള്ളത്.

ഡീലിമിറ്റേഷൻ കമ്മീഷൻ ചെയർമാനായ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ എ. ഷാജഹാൻ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ കമ്മീഷൻ അംഗങ്ങളായ ഐടി, പരിസ്ഥിതിവകുപ്പ് സെക്രട്ടറി ഡോ.രത്തൻ.യു.ഖേൽക്കർ, വിനോദസഞ്ചാരവകുപ്പ് സെക്രട്ടറി കെ.ബിജു, ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ് സെക്രട്ടറി എസ്. ഹരികിഷോർ, ഡീലിമിറ്റേഷൻ കമ്മീഷൻ സെക്രട്ടറി എസ്. ജോസ്നമോൾ തുടങ്ങിയവർ പങ്കെടുത്തു.

തിരുവനന്തപുരം: ആത്മകഥാ വിവാദത്തിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്ന് വ്യക്തമാക്കി സിപിഎം നേതാവ് ഇ പി ജയരാജൻ. സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റ് യോഗത്തിലാണ് അദ്ദേഹം തന്റെ നിലപാട് വ്യക്തമാക്കിയത്.

തന്നെ തകർക്കാൻ ആസൂത്രിത നീക്കം നടക്കുന്നുണ്ടെന്ന് യോഗത്തിൽ അദ്ദേഹം വ്യക്തമാക്കി. തെരഞ്ഞെടുപ്പ് സമയത്ത് പുസ്തകം പുറത്ത് വന്നതിന് പിന്നിൽ ഗൂഢാലോചനയുണ്ട്. സംഭവത്തിൽ ഡിജിപിക്ക് പരാതി നൽകിയിട്ടുണ്ട്. വസ്തുതാപരമായി കാര്യങ്ങൾ പരിശോധിക്കണമെന്നും ഇ പി ജയരാജൻ പറഞ്ഞു. യോഗത്തിന് ശേഷം ആദ്യം പുറത്തിറങ്ങിയത് ഇ പി ജയരാജനായിരുന്നു. എന്നാൽ പുറത്തുണ്ടായിരുന്ന മാദ്ധ്യമ പ്രവർത്തകരോട് കാര്യങ്ങൾ വിശദീകരിക്കാൻ അദ്ദേഹം തയ്യാറായില്ല.

മുംബൈ: വയനാട് ഉരുൾപൊട്ടലിനെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കാൻ കഴിയില്ലെന്ന കേന്ദ്രസർക്കാർ നിലപാടിനെ ന്യായീകരിച്ച് മുൻ കേന്ദ്രമന്ത്രി വി മുരളീധരൻ. ആടിനെ പട്ടിയാക്കുന്ന നിലപാടാണ് കേരളത്തിൽ സിപിഎം നടത്തുന്നതെന്ന് അദ്ദേഹം പറഞ്ഞു. എന്താണ് ദേശീയ ദുരന്തം എന്ന് സിപിഎം മനസ്സിലാക്കണമെന്നും അദ്ദേഹം അറിയിച്ചു.

ദേശീയ ദുരന്തമായി പ്രഖ്യാപിക്കാൻ പ്രത്യേക പ്രൊവിഷൻ ഇല്ല എന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ 2013ൽ ലോക സഭയിൽ അറിയിച്ചതാണ്. അന്നത്തെ കേന്ദ്രസർക്കാറിന്റെ നിലപാട് തന്നെയാണ് ഇപ്പോഴും സ്വീകരിച്ചത്. കേരളത്തിന് 290 കോടി കിട്ടിയ കാര്യം കേന്ദ്രസർക്കാർ കോടതിയിൽ അറിയിച്ചതാണ്. അതുപോലുള്ള സഹായമാണ് മറ്റു സംസ്ഥാനങ്ങൾക്കും കൊടുത്തത്. വയനാട് പ്രത്യേക പാക്കേജ് അർഹിക്കുന്നുണ്ട്. അതിനുവേണ്ടി പ്രത്യേക പദ്ധതി സംസ്ഥാന സർക്കാർ ഇതുവരെ കൊടുത്തിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ബീഹാർ പ്രത്യേക പദ്ധതി സമർപ്പിച്ചത് കൊണ്ടാണ് അവർക്ക് കൊടുത്തത് ആന്ധ്രയിലും സഹായം കൊടുത്തത് കൃത്യമായ പ്രോജക്ടുകൾ സമർപ്പിച്ചത് കൊണ്ടാണ്..അതുപോലെ കൊടുക്കാനാണ് കേരള സർക്കാർ ശ്രമിക്കേണ്ടത്. ഊഹ കണക്കിന്റെ അടിസ്ഥാനത്തിൽ കേന്ദ്രസർക്കാരിന് പണം അനുവദിക്കാനാവില്ല. പിണറായി വിജയൻ സ്വന്തം ഉദ്യോഗസ്ഥന്മാരെ കൊണ്ട് കൃത്യമായ കണക്കെടുത്ത് വ്യക്തമായ പദ്ധതികൾ സമർപ്പിക്കാനാണ് ശ്രമിക്കേണ്ടതെന്നും വി മുരളീധരൻ കൂട്ടിച്ചേർത്തു.

k rajan

തിരുവനന്തപുരം: വയനാട് ദുരന്തത്തിൽ കേരളത്തിനുള്ള കേന്ദ്ര സഹായം ഇനിയും വൈകും. കേരളത്തിന് പ്രത്യേക ഫണ്ട് എപ്പോൾ ലഭ്യമാക്കുമെന്ന കാര്യത്തിൽ ഇനിയും വ്യക്തത വന്നിട്ടില്ല. ലെവൽ 3 ദുരന്ത വിഭാഗത്തിൽ ഉൾപ്പെടുത്തുമോയെന്ന കാര്യത്തിലും തീരുമാനം ഉണ്ടായിട്ടില്ല. അതേസമയം, കേന്ദ്ര സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി റവന്യു മന്ത്രി കെ രാജൻ രംഗത്തെത്തി. കേന്ദ്രം കേരളത്തെ വെല്ലുവിളിക്കുകയാണെന്ന് കെ രാജൻ വിമർശിച്ചു.

ദുരന്ത സഹായം വൈകിപ്പിച്ച് കേന്ദ്രം കേരളത്തെ വെല്ലുവിളിക്കുകയാണ്. കേരളം ആവശ്യപ്പെട്ട കാര്യങ്ങൾക്ക് കൃത്യമായ മറുപടി പോലും കേന്ദ്രം നൽകിയില്ല. എസ് ഡി ആർ എഫിൽ തുകയുണ്ടെന്ന കേന്ദ്രത്തിന്റെ വാദം തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

കേന്ദ്രത്തിന്റെ നിലപാട് അംഗീകരിക്കില്ലെന്നും കേരളത്തിന്റെ അവകാശം നേടിയെടുക്കുന്നതിന് വേണ്ടി മുന്നോട്ട് പോകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കേന്ദ്രത്തിന്റെ നടപടി രാജ്യത്തോടുള്ള വെല്ലുവിളിയാണെന്ന് കെ വി തോമസും പറഞ്ഞു.

മറ്റ് സംസ്ഥാനങ്ങൾക്ക് കേന്ദ്രം ദുരിതാശ്വാസ സഹായം നൽകുന്നുണ്ട്. കേന്ദ്രത്തിന്റെ അവഗണനക്കെതിരെ ഒറ്റക്കെട്ടായി നിൽക്കണം. കേരളത്തിന്റെ ഭാഗത്ത് നിന്ന് വീഴ്ച ഉണ്ടായിട്ടില്ല. ധനമന്ത്രിയോട് നേരിട്ട് ആവശ്യപ്പെട്ടതാണ്. മുഖ്യമന്ത്രി ആദ്യം കത്ത് അയച്ചു. ദുരന്തം ഉണ്ടായി 6 മാസം കഴിഞ്ഞു. കേന്ദ്രസഹായം കേരളത്തിന്റെ അവകാശമാണ് ഔദാര്യം അല്ലെന്നും വയനാടിനായി പ്രതിപക്ഷവും ബിജെപിയും ഒരുമിച്ചു നിൽക്കണമെന്നും കെ വി തോമസ് വ്യക്തമാക്കി.

കണ്ണൂർ: പി വി അൻവർ എംഎൽഎക്കെതിരെ ക്രിമിനൽ അപകീർത്തി കേസ് ഫയൽ ചെയ്ത് പി ശശി. തലശ്ശേരി, കണ്ണൂർ കോടതികളിലാണ് കേസ് ഫയൽ ചെയ്തിരിക്കുന്നത്. അൻവർ ഉന്നയിച്ച ആരോപണങ്ങൾ പിൻവലിച്ചു മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് ശശി വക്കീൽ നോട്ടിസ് അയച്ചിരുന്നു. ഇതിന് അൻവർ മറുപടി നൽകാത്തതിനെ തുടർന്നാണ് കേസ് ഫയൽ ചെയ്തത്. ശശിക്കെതിരെ ഗുരുതര ആരോപണങ്ങളാണ് അൻവർ ഉന്നയിച്ചിരുന്നത്.

നേരത്തെ തന്നെ പിവി അൻവറിന്റെ ആരോപണങ്ങൾക്കെതിരെ ശശി നിയമ നടപടി സ്വീകരിച്ചിരുന്നു. കഴിഞ്ഞ ഒക്ടോബർ മൂന്നിന് അൻവറിനെതിരെ വക്കീൽ നോട്ടീസും അയച്ചിരുന്നു. ഈ ആരോപണങ്ങൾ പിൻവലിച്ച് മാപ്പു പറയണമെന്നായിരുന്നു ആവശ്യം. നോട്ടീസിന് മറുപടി നൽകാത്ത സാഹചര്യത്തിലാണ് ക്രിമിനൽ നടപടിയുമായി മുന്നോട്ടു പോകാൻ പി ശശി തീരുമാനിച്ചത്.

ഗുരുതരമായ ആരോപണങ്ങളാണ് പി ശശിക്കെതിരെ അൻവർ ഉന്നയിച്ചത്.

തൃശ്ശൂർ: ആനകളെ എഴുന്നള്ളിക്കുന്നത് സംബന്ധിച്ചുള്ള ഇപ്പോഴത്തെ ഹൈക്കോടതി നിർദ്ദേശപ്രകാരം തൃശ്ശൂർ പൂരം നടത്താനാവില്ലെന്ന് വ്യക്തമാക്കി തിരുവമ്പാടി ദേവസ്വം സെക്രട്ടറി കെ ഗിരീഷ് കുമാർ. 36 മണിക്കൂർ നീണ്ടു നിൽക്കുന്ന പൂരത്തിൽ ഒരു വിഭാഗത്തിന് തന്നെ 150 ആനകൾ വേണ്ടി വരും. ഉത്സവങ്ങളെ ഇല്ലാതാക്കാൻ ഇറങ്ങിയ എൻജിഒകളെ മാത്രം കേട്ട് തീരുമാനമെടുക്കരുതെന്നും കേസിൽ തിരുവമ്പാടി കക്ഷിചേരുമെന്നും അദ്ദേഹം അറിയിച്ചു.

പൂരം നടത്താതിരിക്കാനാണ് ഇപ്പോഴത്തെ നീക്കം. ഇപ്പോഴത്തെ നിയന്ത്രണങ്ങൾ പാലിച്ചാൽ മഠത്തിൽ വരവും തെക്കോട്ടിറക്കവും നടത്താൻ കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

തിരുവനന്തപുരം: ശബരിമല മണ്ഡല-മകരവിളക്ക് തീർഥാടന കാലത്ത് കുടിവെള്ള വിതരണം സുഗമമാക്കുന്നതിന് എല്ലാ ക്രമീകരണങ്ങളും പൂർത്തിയാക്കി കേരള വാട്ടർ അതോറിറ്റി. തീർഥാടകർക്കായി പമ്പ മുതൽ സന്നിധാനം വരെ എട്ടു സംഭരണികളിലായി ഏകദേശം 68 ലക്ഷം ലിറ്റർ ജലം സംഭരിക്കുന്നുണ്ട്. താൽക്കാലിക ടാപ്പുകളും സ്ഥാപിച്ചിട്ടുണ്ട്. ശബരിമലയിൽ റിവേഴ്‌സ് ഓസ്മോസിസ്(ആർഒ) പ്ലാന്റുകൾ വഴി ജലം ശുദ്ധീകരിച്ച് മണിക്കൂറിൽ 35000 ലിറ്റർ ശുദ്ധജലം വിതരണം ചെയ്യും. ആർഒ പ്ലാൻറുകളിൽ നിന്നു പൈപ്പുകൾ സ്ഥാപിച്ച് 103 കിയോസ്‌കുകളിലായി 270 ടാപ്പുകൾ വഴിയാണ് തീർത്ഥാടകർക്ക് കുടിവെള്ളം വിതരണം നടത്തുന്നത്. ആവശ്യാനുസരണം കൂടുതൽ കിയോസ്‌കുകൾ സ്ഥാപിക്കാനാണ് തീരുമാനം. നിലയ്ക്കൽ ബേസ് ക്യാംപിൽ വാട്ടർ അതോറിറ്റിയുടെ, മണിക്കൂറിൽ 1000 ലിറ്റർ ശേഷിയുള്ള 28 ആർഒ പ്ലാന്റുകളിൽ നിന്നുള്ള ജലം വിതരണം നടത്തുന്നതിന് ഏകദേശം 20 കിലോമീറ്റർ പിവിസി പൈപ്പുകൾ സ്ഥാപിച്ചിട്ടുണ്ട്. 80 കിയോസ്‌കുകളിൽ 226 ടാപ്പുകൾ സ്ഥാപിച്ചിട്ടുണ്ട്.

പമ്പ-ശബരിമല ശുദ്ധജല വിതരണ പദ്ധതിയുടെ എല്ലാ ഘടകങ്ങളും പ്രവർത്തനസജ്ജമാണെങ്കിലും തീർഥാടനകാലത്ത് കൂടുതൽ കാര്യക്ഷമമാക്കുന്നതിന് അറ്റകുറ്റപ്പണികൾ നടത്തിയിട്ടുണ്ട്. തീർഥാടകർക്ക് ശുദ്ധജലം വിതരണം നടത്താനായി വാട്ടർ അതോറിറ്റിയുടെ 13 എംഎൽഡി ഉൽപാദന ശേഷിയുള്ള കുടിവെള്ള പദ്ധതിയാണ് ശബരിമലയിലുള്ളത്. പമ്പാ ത്രിവേണിയിലെ ഇൻടേക്ക് പമ്പ് ഹൌസിൽ നിന്ന് പ്രഷർ ഫിൽട്ടർ വഴി ശുദ്ധീകരിക്കുന്ന ജലം, പമ്പ ഭൂതലസംഭരണിയിൽ ശേഖരിച്ച് ക്ലോറിനേഷൻ നടത്തി പമ്പാമേഖലയിലും നീലിമലബോട്ടം പമ്പ് ഹൗസിലും തുടർന്ന് നീലിമലടോപ്പ് പമ്പ് ഹൗസ്, അപ്പാച്ചിമേട് പമ്പ് ഹൗസ് വഴി ശരംകുത്തി സംഭരണിയിലും സന്നിധാനം ദേവസ്വം സംഭരണികളിലേക്കും ശേഖരിച്ച് സന്നിധാനത്തും കാനനപാതയിലും ജലവിതരണം ക്രമീകരിച്ചിരിക്കുന്നു. ശബരിമല, പാണ്ടിത്താവളം എന്നിവിടങ്ങളിൽ ദേവസ്വം ബോർഡ് 1.90 എംഎൽഡി ജലം ഏഴു ടാങ്കുകളിലായി സംഭരിച്ചു വിതരണം നടത്തുന്നുണ്ട്. ദേവസ്വം ബോർഡ് കിയോസ്‌കുകളിലേക്കും ശൗചാലയങ്ങളിലേക്കും മറ്റ് സർക്കാർ-അർധ സർക്കാർ-ദേവസ്വം ബോർഡ് സ്ഥാപനങ്ങളിലേക്കും വാട്ടർ അതോറിറ്റിയാണ് ശുദ്ധജലമെത്തിക്കുന്നത്.

നിലയ്ക്കലിൽ ജലവിതരണ പദ്ധതി നിലവിലില്ലാത്തതിനാൽ, ദേവസ്വം ബോർഡിന്റെ ആവശ്യാനുസരണം പമ്പയിൽ നിന്നും പെരുന്നാട്ടിൽ നിന്നും ടാങ്കർ ലോറിയിൽ നിലയ്ക്കലിൽ കുടിവെള്ളം എത്തിക്കുന്നുണ്ട്. നിലയ്ക്കലിൽ 65 ലക്ഷം ലിറ്റർ ജലം സംഭരിക്കുന്നതിനായി ദേവസ്വം ബോർഡിൻറെ 40 ലക്ഷം ലിറ്റർ ടാങ്കിന് പുറമെ, കേരള വാട്ടർ അതോറിറ്റി 5 ലക്ഷത്തിന്റെ 3 സ്റ്റീൽ ടാങ്കുകളും 5000 ലിറ്ററിൻറെ 215 എച്ച്ഡിപിഇ ടാങ്കുകളും വിവിധ സ്ഥലങ്ങളിൽ സ്ഥാപിച്ചിട്ടുണ്ട്. പമ്പയിൽ നിന്ന് ടാങ്കർ ലോറിയിൽ ദേവസ്വം ബോർഡിന്റെ ആവശ്യാനുസരണം കുടിവെള്ളമെത്തിച്ച് വിതരണം ചെയ്യുന്നതാണ് പതിവ്. പെരുനാട് പഞ്ചായത്തിലെ വിവിധ ഇടത്താവളങ്ങിൽ പഞ്ചായത്ത് നിർദേശിക്കുന്നനുസരിച്ച് കുടിവെള്ളമെത്തിക്കുന്നതും വാട്ടർ അതോറിറ്റിയാണ്. പന്തളം, റാന്നി, വടശ്ശേരിക്കര ഇടത്താവളങ്ങളിലും സുഗമമായ കുടിവെള്ള വിതരണം ഉറപ്പാക്കുന്നു. സമാന്തര പാതയായ സ്വാമി-അയ്യപ്പൻ റോഡിൽ ശുദ്ധജല വിതരണത്തിന് വിതരണക്കുലുകൾ സ്ഥാപിച്ച് ചരൽമേട് അഞ്ചാം വളവ് വരെയും ദേവസ്വം ബോർഡ് സ്ഥാപിക്കുന്ന ഇ-ടോയ്‌ലറ്റ്, കിയോസ്‌ക്, പൊതുടാപ്പുകൾ എന്നിവയിലും ആവശ്യാനുസരണം കുടിവെള്ളം വിതരണം നടത്തിവരുന്നു.

ജലം ശുദ്ധീകരിക്കുന്നതിനുവേണ്ടി ത്രിവേണി ഇൻടേക്ക് പമ്പ് ഹൗസിനോട് ചേർന്ന് പ്രഷർ ഫിൽട്ടർ സംവിധാനം സ്ഥാപിച്ചിട്ടുണ്ട്. ഇവിടെ നിന്ന് ശുദ്ധീകരിച്ച ജലം മറ്റു പമ്പ് ഹൗസുകളിലെത്തിച്ച് ഇലക്ട്രോ ക്ലോറിനേഷൻ സംവിധാനം വഴി അണുനശീകരണം നടത്തുന്നു. ഈ ജലത്തെ വീണ്ടും റിവേഴ്‌സ് ഓസ്മോസിസ് പ്ലാന്റ് വഴി ശുദ്ധീകരിച്ച് കിയോസ്‌കുകളിലൂടെ വിതരണം നടത്തുന്നു. ഈ പ്ലാന്റുകളിൽനിന്നുള്ള ജലം കേന്ദ്ര പൊതുജന ആരോഗ്യ പരിസ്ഥിതി എൻജിനിയറിംഗ് ഓർഗനൈസേഷനും ലോകാരോഗ്യ സംഘടനയും (WHO) നിഷ്‌കർഷിക്കുന്ന നിലവാരം പുലർത്തുന്നതാണ്. ശുദ്ധജലത്തിൻറെ ഗുണനിലവാരം ഓരോ മണിക്കൂർ ഇടവിട്ട് നിരീക്ഷിക്കാൻ പമ്പയിൽ ഗുണനിലവാര ലബോറട്ടറിയും ജലവിതരണത്തിന്റെ മേൽനോട്ടം വഹിക്കാൻ അസി. എൻജിനിയറുടെ നേതൃത്വത്തിൽ കൺട്രോൾ റൂമുമുണ്ട്. പമ്പയിലെ വാട്ടർ അതോറിറ്റിയുടെ എൻഎബിഎൽ അക്രഡിറ്റേഷനുള്ള ലബോറട്ടറിയിൽ കർശന പരിശോധന നടത്തിയ ശേഷമാണ് കുടിവെള്ളം വിതരണം നടത്തുന്നത്. ഇൻടേക്ക് പമ്പ്ഹൗസ് പരിസരത്തേക്ക് ആളുകൾ കടന്ന് മാലിന്യം ഉണ്ടാകാതിരിക്കാൻ പോലീസ് സഹായത്തോടെ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നുണ്ട്. വാട്ടർ കിയോസ്‌കുകൾ കൃത്യമായി വൃത്തിയായി സൂക്ഷിക്കുന്നതിനും ജീവനക്കാരെ നിയമിക്കുന്നു.

പത്തനംതിട്ട: ശബരിമല ഡ്യൂട്ടിക്ക് നിയോഗിക്കുന്ന പൊലീസുകാർക്ക് ഡ്യൂട്ടിയുമായി ബന്ധപ്പെട്ട് മാർഗ നിർദ്ദേശങ്ങൾ നൽകണമെന്ന് നിർദ്ദേശിച്ച് മനുഷ്യാവകാശ കമ്മീഷൻ. പതിനെട്ടാം പടി കയറുമ്പോൾ പോലീസുകാരൻ കരണത്തടിച്ചെന്ന പരാതിയിലാണ് മനുഷ്യാവകാശ കമ്മീഷന്റെ നടപടി. പത്തനംതിട്ട ജില്ലാ പൊലീസ് മേധാവിക്കാണ് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ അംഗം വി കെ ബീനാകുമാരി ഉത്തരവ് നൽകിയത്.

പത്തനംതിട്ട സ്വദേശി കിരൺ സുരേഷാണ് മനുഷ്യാവകാശ കമ്മീഷൻ മുമ്പാകെ പരാതി സമർപ്പിച്ചത്. റാന്നി ഡി.വൈ.എസ്.പി, പത്തനംതിട്ട ജില്ലാ പോലീസ് മേധാവി മുഖേന റിപ്പോർട്ട് സമർപ്പിച്ചിരുന്നു. പൊലീസ് ഉദ്യോഗസ്ഥനെ വിളിച്ചു വരുത്തി ഈ പരാതി പരിഹരിച്ചിട്ടുണ്ടെന്നും പരാതിക്കാരന് പരാതിയുമായി മുന്നോട്ടു പോകാൻ താൽപര്യമില്ലെന്നുമായിരുന്നു റാന്നി ഡിവൈഎസ്പിയുടെ റിപ്പോർട്ട്.

അയ്യപ്പഭക്തരെ പതിനെട്ടാം പടി കയറാൻ ഒരു കൈ സഹായിക്കാനും തിരക്ക് നിയന്ത്രിക്കാനുമാണ് പോലീസുകാരെ ഡ്യൂട്ടിക്ക് നിയോഗിക്കുന്നതെന്ന് മനുഷ്യാവകാശ കമ്മീഷൻ ഉത്തരവിൽ പറഞ്ഞു. ഭക്തരെ ശാരീരികമായി ഉപദ്രവിച്ചുവെന്ന് കേൾക്കുന്നത് വിശ്വാസികൾക്ക് ഉൾക്കൊള്ളാനാവില്ല. പരാതിക്കാരന്റെ കരണത്തടിച്ചത് തീർച്ചയായും ക്യത്യവിലോപമാണെന്നും മനുഷ്യാവകാശ കമ്മീഷൻ ചൂണ്ടിക്കാട്ടി.