Latest News (Page 73)

തിരുവനന്തപുരം: ഗതാഗത നിയമലംഘനങ്ങൾക്ക് പിഴയടയ്ക്കാൻ ആവശ്യപ്പെട്ടുള്ള സന്ദേശങ്ങൾ ഒരിക്കലും വാട്സാപ്പിലൂടെ അയക്കില്ലെന്ന് മുന്നറിയിപ്പ് നൽകി മോട്ടോർ വാഹനവകുപ്പ്. ഇത്തരം സന്ദേശങ്ങൾ തട്ടിപ്പാണെന്നും ഒരിക്കലും ഇത്തരം സന്ദേശങ്ങളോ പേയ്മെന്റ് ലിങ്കോ വാട്ട്‌സ് ആപ്പിൽ അയക്കില്ലെന്നും മോട്ടോർ വാഹനവകുപ്പ് അറിയിച്ചു. ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു എംവിഡി ഇക്കാര്യം അറിയിച്ചത്.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം:

‘അറിഞ്ഞോ അറിയാതെയോ ഒരു ട്രാഫിക് നിയലംഘനം നടത്തിയിട്ടുണ്ടോ ? സ്വയം ഉറപ്പാക്കുക. ട്രാഫിക് നിയമലംഘനം നടത്തിയിട്ടില്ലെന്ന് ഉറപ്പാണെങ്കിൽ ശ്രദ്ധിക്കുക ഇത്തരം ഒരു സന്ദേശമോ പേയ്‌മെന്റ് ലിങ്കോ നിങ്ങളുടെ മൊബൈലിൽ വരുകയില്ല.

ഒരു നിമിഷം നമ്മെ പരിഭ്രാന്തരാക്കാൻ ഇത്തരം മെസ്സേജുകൾക്ക് സാധിക്കും. നമ്മുടെ ആ ഒരു നിമിഷത്തെ പരിഭ്രാന്തി മുതലെടുക്കും വിധം മനഃശാസ്ത്രപരമായി സെറ്റ് ചെയ്തിട്ടുള്ളവയാകും ഒട്ടുമിക്ക വ്യാജസന്ദേശങ്ങളും മോട്ടോർ വാഹനവകുപ്പിന്റെ പോർട്ടൽ echallan.parivahan.gov.in ആണ്. മെസ്സേജുകൾ പരിവാഹൻ പോർട്ടലിൽ നിന്നും നിങ്ങളുടെ രജിസ്‌ട്രേഡ് മൊബൈൽ നമ്പറിലേക്ക് മാത്രമേ വാഹനനമ്പർ സഹിതം നിയമലംഘന അറിയിപ്പുകൾ വരികയുള്ളു.

കൊല്ലം: കുന്നത്തൂർ തുരുത്തിക്കരയിൽ വിദ്യാർത്ഥി സ്‌കൂളിലെ കിണറ്റിൽ വീണ് പരിക്കേറ്റ സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ട് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തി ഉടൻ റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് നിർദ്ദേശം. പൊതു വിദ്യാഭ്യാസ ഡയറക്ടർക്കാണ് നിർദ്ദേശം ലഭിച്ചിരിക്കുന്നത്.

ഇന്ന രാവിലെയാണ് തുരുത്തിക്കര എംടിയുപി സ്‌കൂളിലെ ആറാം ക്ലാസ് വിദ്യാർത്ഥി ഫെബിൻ കിണറ്റിൽ വീണത്. തലയ്ക്ക് ഉൾപ്പടെ പരിക്കേറ്റ വിദ്യാർത്ഥിയെ കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. കിണർ മൂടിയിട്ടുണ്ടെങ്കിലും ബലക്കുറവുണ്ടെന്നാണ് നാട്ടുകാർ പറയുന്നത്. തലയ്ക്കും നടുവിനും പരിക്കേറ്റ കുട്ടി സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് അധികൃതർ അറിയിച്ചു.

sabarimala

തിരുവനന്തപുരം: മറ്റൊരു മണ്ഡല കാലത്തിന് വിപുലമായ സംവിധാനങ്ങൾ ആരോഗ്യ വകുപ്പ് സജ്ജമാക്കി വരുന്നതായി ആരോഗ്യ മന്ത്രി വീണാ ജോർജ്. ആരോഗ്യ വകുപ്പിലേയും മെഡിക്കൽ കോളേജുകളിലേയും ഡോക്ടർമാരെ കൂടാതെ വിദഗ്ധ സന്നദ്ധ ആരോഗ്യ പ്രവർത്തകരുടേയും സേവനം ഉറപ്പാക്കിയിട്ടുണ്ട്. എല്ലാ പ്രധാന ശബരിമല പാതകളിലും ആരോഗ്യ വകുപ്പിന്റെ സേവനം ലഭ്യമാണ്. എല്ലാവരും ആരോഗ്യ വകുപ്പിന്റെ നിർദേശങ്ങൾ കൃത്യമായി പാലിക്കണം. പമ്പയിലെ കൺട്രോൾ സെന്റർ 24 മണിക്കൂറും പ്രവർത്തിക്കും. ആരോഗ്യ പ്രവർത്തകരുടെയും വിവിധ ഭാഷകൾ കൈകാര്യം ചെയ്യുന്നവരുടെയും സേവനം ഇവിടെ ഉറപ്പാക്കിയിട്ടുണ്ട്. മലകയറ്റത്തിൽ എന്തെങ്കിലും ബുദ്ധിമുട്ട് തോന്നുന്നെങ്കിൽ തൊട്ടടുത്തുള്ള ആരോഗ്യ കേന്ദ്രത്തിൽ ചികിത്സ തേടണം. മലയാളം, ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, തെലുങ്ക്, കന്നട തുടങ്ങി വിവിധ ഭാഷകളിൽ അവബോധം ശക്തമാക്കിയിട്ടുള്ളതായും മന്ത്രി വ്യക്തമാക്കി.

ശബരിമല തീർത്ഥാടന വേളയിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

· നിലവിൽ വിവിധ രോഗങ്ങൾക്കായി ചികിത്സയിലിരിക്കുന്നവർ ദർശനത്തിനായി എത്തുമ്പോൾ ചികിത്സാരേഖകളും കഴിക്കുന്ന മരുന്നുകളും കൈവശം കരുതേണ്ടതാണ്

· സ്ഥിരമായി കഴിക്കുന്ന മരുന്നുകൾ വ്രതകാലത്ത് നിർത്തരുത്

· മല കയറുമ്പോൾ ഉണ്ടാകാവുന്ന ആരോഗ്യ പ്രശ്നങ്ങൾ ഒഴിവാക്കുന്നതിനായി ദർശനത്തിന് എത്തുന്നതിന് ദിവസങ്ങൾക്ക് മുൻപേ നടത്തം ഉൾപ്പെടെയുള്ള ലഘു വ്യായാമങ്ങൾ ചെയ്ത് തുടങ്ങേണ്ടതാണ്

· സാവധാനം മലകയറുക. ഇടയ്ക്കിടയ്ക്ക് വിശ്രമിക്കുക

· മല കയറുന്നതിനിടയിൽ ക്ഷീണം, തളർച്ച, നെഞ്ചുവേദന, ശ്വാസതടസം എന്നിവ ഉണ്ടായാൽ മല കയറുന്നത് നിർത്തി എത്രയും പെട്ടെന്ന് വൈദ്യസഹായം തേടുക

· 04735 203232 എന്ന നമ്പറിൽ അടിയന്തര സഹായത്തിനായി വിളിക്കാവുന്നതാണ്

· തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കുക

· ഭക്ഷണം കഴിക്കുന്നതിന് മുൻപ് കൈകൾ സോപ്പുപയോഗിച്ച് കഴുകുക

· പഴങ്ങൾ നന്നായി കഴുകിയതിന് ശേഷം മാത്രം കഴിക്കുക

· പഴകിയതോ തുറന്നുവച്ചതോ ആയ ആഹാരം കഴിക്കരുത്

· മലമൂത്രവിസർജ്ജനം തുറസ്സായ സ്ഥലങ്ങളിൽ നടത്തരുത്. ശൗചാലയങ്ങൾ ഉപയോഗിക്കുക. ശേഷം കൈകൾ സോപ്പുപയോഗിച്ച് കഴുകുക

· മാലിന്യങ്ങൾ വലിച്ചെറിയരുത്. അവ വേസ്റ്റ് ബിന്നിൽ മാത്രം നിക്ഷേപിക്കുക

· പാമ്പുകടിയേറ്റാൽ എത്രയും പെട്ടെന്ന് വൈദ്യസഹായം തേടുക. പാമ്പ് വിഷത്തിനെതിരെയുള്ള മരുന്ന് ലഭ്യമാണ്

ന്യൂഡൽഹി: കേന്ദ്രമന്ത്രി സുരേഷ് ഗോപി ജി-7 ഉച്ചകോടിയിൽ പങ്കെടുക്കാൻ വേണ്ടി ഇറ്റലിയിലെത്തി. കഴിഞ്ഞ ദിവസമാണ് അദ്ദേഹം ഇറ്റലിയിലെത്തിയത്. സിയേന്ന ടൗൺ മേയറെയും മറ്റ് പ്രതിനിധികളെയും സന്ദർശിച്ചിരുന്നു. തുടർന്ന് ഫ്േളാറൻസിൽ നടന്ന ടൂറിസം മന്ത്രിമാരുടെ മീറ്റിംഗിലും അദ്ദേഹം പങ്കെടുത്തു. നവംബർ 13 മുതൽ 15 വരെയാണ് ചർച്ചകൾ.

ഈജിപ്തിന്റെ ടൂറിസം മന്ത്രിമായി സുരേഷ് ഗോപി ചർച്ച നടത്തി. ഇരുരാജ്യങ്ങൾക്കുമിടിലുള്ള വിനോദ സഞ്ചാര സാദ്ധ്യതകൾ വർദ്ധിപ്പിക്കാൻ സഹായകരമായി ചില ഐഡിയകൾ പരസ്പരം പങ്കുവച്ചുവെന്നും അദ്ദേഹം വ്യക്തമാക്കി.

ലോക നേതാക്കൾക്കൊപ്പം ജി-7 ഉച്ചകോടിയിൽ പങ്കെടുക്കാനായതിന്റെയും അവരുടെ കാഴ്ചപാടുകൾ യാഥാർത്ഥ്യമാകുന്നതും കാണാൻ സാധിച്ചതിന്റെയും സന്തോഷം സുരേഷ് ഗോപി പങ്കുവെച്ചു.

തിരുവനന്തപുരം: ഇക്കൊല്ലത്തെ ശബരിമല തീർത്ഥാടനത്തിന്റെ മുന്നൊരുക്കങ്ങൾ വിലയിരുത്താനായി സംസ്ഥാന പോലീസ് മേധാവി ഡോ. ഷെയ്ഖ് ദർവേഷ് സാഹിബ് പമ്പ സന്ദർശിച്ചു. പമ്പ ശ്രീരാമസാകേതം ആഡിറ്റോറിയത്തിൽ നടന്ന യോഗത്തിൽ അദ്ദേഹം പമ്പയിലും സന്നിധാനത്തും നിലയ്ക്കലിലും ആദ്യഘട്ടത്തിൽ നിയോഗിക്കപ്പെട്ട പോലീസ് ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി.

തീർത്ഥാടനം സുഗമമായി നടത്തുന്നതിന് പോലീസിൻറെ ഭാഗത്തു നിന്നുള്ള എല്ലാ ക്രമീകരണങ്ങളും പൂർത്തിയായതായി സംസ്ഥാന പോലീസ് മേധാവി അറിയിച്ചു. സന്നിധാനത്ത് എത്തുന്ന എല്ലാ ഭക്തജനങ്ങൾക്കും സുഗമമായ ദർശനം നടത്തുന്നതിന് ആവശ്യമായ സഹായം നൽകലാണ് പോലീസിന്റെ പ്രാഥമിക ചുമതലയെന്ന് അദ്ദേഹം പറഞ്ഞു. ശബരിമല തീർഥാടനകാലത്ത് പോലീസ് ഉദ്യോഗസ്ഥരെ നിയോഗിച്ചിരിക്കുന്നത് ഡ്യൂട്ടിയായി മാത്രമല്ല, മനുഷ്യസേവനമായിത്തന്നെ കണക്കാക്കണമെന്ന് അദ്ദേഹം പറഞ്ഞു.

കാണാതാകുന്നവരെ കണ്ടെത്തുന്നതിനും പോക്കറ്റടി, മൊബൈൽ ഫോൺ മോഷണം, ലഹരി പദാർഥങ്ങളുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ എന്നിവ തടയുന്നതിനും പ്രത്യേകശ്രദ്ധ ചെലുത്തണം. പ്രധാനപാതകളിലും അനുമതിയില്ലാത്ത സ്ഥലങ്ങളിലും വാഹനം നിർത്തിയിടാൻ അനുവദിക്കരുത്. ജോലിക്ക് നിയോഗിക്കപ്പെട്ട പോലീസ് ഉദ്യോഗസ്ഥർക്ക് മെച്ചപ്പെട്ട താമസ – ഭക്ഷണ സൗകര്യങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.

ചീഫ് പോലീസ് കോർഡിനേറ്റർ ഡി ജി പി എസ്. ശ്രീജിത്തും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു. മുതിർന്ന പോലീസ് ഓഫീസർമാരും സന്നിധാനം, പമ്പ, നിലയ്ക്കൽ എന്നിവിടങ്ങളിൽ ആദ്യഘട്ടത്തിൽ നിയോഗിക്കപ്പെട്ട ഓഫീസർമാരും യോഗത്തിൽ പങ്കെടുത്തു. തീർഥാടനവുമായി ബന്ധപ്പെട്ട് വിവിധ സ്ഥലങ്ങളിൽ പൊലീസ് ഉദ്യോഗസ്ഥർക്കുള്ള താമസ – ഭക്ഷണസൗകര്യങ്ങൾ സംസ്ഥാന പോലീസ് മേധാവി ഡോ. ഷെയ്ഖ് ദർവേഷ് സാഹിബ് നേരിട്ടു സന്ദർശിച്ചു വിലയിരുത്തി

ഒരു കാലത്ത് മലയാള സിനിമയിൽ നിറഞ്ഞു നിന്നിരുന്ന താരമാണ് നടി കാവ്യാ മാധവൻ. ദിലീപുമായുള്ള വിവാഹശേഷം സിനിമയിൽ നിന്നും വിട്ടു നിൽക്കുകയാണ് താരം. ഏറെ നാളുകൾക്കുശേഷം കാവ്യ വിശിഷ്ടാതിഥിയായി പങ്കെടുത്ത ഒരു ചടങ്ങിന്റെ വീഡിയോയും നടിയുടെ പ്രസംഗവുമാണ് ഇപ്പോൾ ശ്രദ്ധിക്കപ്പെടുന്നത്. ചെന്നൈ മഹിളാ അസോസിയേഷൻ സംഘടിപ്പിച്ച വാർത്താ വായനമത്സരത്തിൽ വിജയികളായവർക്ക് സമ്മാനങ്ങൾ വിതരണം ചെയ്തത് കാവ്യയായിരുന്നു. നമ്മുടെ മാതൃഭാഷ നമുക്ക് മനോഹരമായി കൈകാര്യം ചെയ്യാൻ പറ്റിയില്ലെങ്കിൽ അതാണ് ഏറ്റവും മോശപ്പെട്ട കാര്യമായി തനിക്ക് തോന്നുന്നതെന്നാണ് പരിപാടിയിൽ പങ്കെടുത്ത് പ്രസംഗിക്കവെ കാവ്യ പറഞ്ഞത്.

പരിപാടിയിൽ ക്ഷണിക്കപ്പെട്ട അതിഥിയായി ഗായിക സുജാതയുടെ ഭർത്താവ് ഡോ. വി കൃഷ്ണ മോഹനും പങ്കെടുത്തിരുന്നു. കാവ്യയുടെ പ്രസംഗം അതിമനോഹരമായിരുന്നുവെന്നാണ് കഴിഞ്ഞ ദിവസം നിർമ്മാതാവ് കൊട്ടാരക്കര രവിയുടെ മകളുടെ വിവാഹ റിസപ്ഷനിൽ പങ്കെടുക്കാൻ എത്തിയപ്പോൾ മോഹൻ കാവ്യയോട് നേരിട്ട് പറഞ്ഞത്. മോഹൻ കാവ്യയോട് പറഞ്ഞ കോംപ്ലിമെന്റ് സമീപത്ത് നിന്ന് ദിലീപ് കേൾക്കുന്നുണ്ടായിരുന്നു..

താൻ പറഞ്ഞ് കൊടുക്കുന്നത് ഒന്നും മോശമാവാറില്ലെന്ന് ദിലീപ് ഇതിന് കമന്റായി പറഞ്ഞു. ഇത് കേട്ട് മോഹനും കാവ്യ മാധവനും സുജാതയുമെല്ലാം പൊട്ടിച്ചിരിക്കുന്നത് വീഡിയോ ഫാൻ പേജുകളിൽ പ്രചരിക്കുന്നുണ്ട്.

ചെന്നൈ: രാമേശ്വരത്തെ പുതിയ പാമ്പൻ കടൽപ്പാലത്തിലൂടെയുള്ള ട്രെയിനിന്റെ അതിവേഗ പരീക്ഷണ ഓട്ടം വിജയകരം. ദക്ഷിണ മേഖലാ റെയിൽവേ സുരക്ഷാ കമ്മീഷണർ എ എം ചൗധരിയുടെ മേൽനോട്ടത്തിലാണ് പരിശോധന നടന്നത്. മണ്ഡപം- പാമ്പൻ റെയിൽവെ സ്റ്റേഷനുകൾക്കിടയിലാണ് ട്രെയിൻ ഓടിച്ചത്.

പുതിയ പാലം നിർമിച്ചിരിക്കുന്നത് പഴയ പാമ്പൻ പാലത്തിന് സമാന്തരമായാണ്. പുതിയ പാലം ഗതാഗതത്തിന് തുറന്നുകൊടുക്കുന്നതിന് മുൻപുളള അവസാന നടപടിക്രമമാണ് വിജയകരമായി പൂർത്തിയായത്. സുരക്ഷാ കമ്മീഷണർ റിപ്പോർട്ട് സമർപ്പിച്ചതിന് ശേഷം പാലത്തിൻറെ ഉദ്ഘാടന തീയതി തീരുമാനിക്കുമെന്നാണ് വിവരം.

കപ്പലുകൾക്ക് കടന്നുപോകാൻ ഒരുഭാഗം ലംബമായി ഉയരുന്ന രാജ്യത്തെ ആദ്യ വെർട്ടിക്കൽ ലിഫ്ടിംഗ് കടൽപ്പാലമാണ് പാമ്പനിലേത്. 535 കോടി രൂപ ചെലവിലാണ് റെയിൽവേ എഞ്ചിനീയറിങ് വിഭാഗം പാലം നിർമ്മിച്ചത്. ഈ മാസം അവസാനമോ അടുത്ത മാസം ആദ്യമോ പ്രധാനമന്ത്രി പാലം ഉദ്ഘാടനം ചെയ്യുമെന്നാണ് പുറത്തു വരുന്ന വിവരം.

കണ്ണൂർ: കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പ് റിപ്പോർട്ട് ചെയ്യാൻ എത്തിയ മാധ്യമങ്ങളെ വിലക്കി പോലീസ്. ജില്ലാ കളക്ടറുടെ നിർദ്ദേശപ്രകാരമാണ് നടപടി എന്നാണ് പോലീസ് വ്യക്തമാക്കിയത്. വോട്ടെടുപ്പ് നടക്കുന്ന പഞ്ചായത്ത് ഓഫീസിനു മുന്നിൽ പോലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. മുൻകൂർ അനുവാദം വാങ്ങാതെ മാധ്യമപ്രവർത്തകരെ കടത്തിവിടില്ലെന്ന് പോലീസ് അറിയിച്ചു.

ഇതാദ്യമായാണ് പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ നിന്നും മാധ്യമങ്ങളെ വിലക്കുന്നത്. അഡ്വക്കേറ്റ് കെ കെ രത്‌നകുമാരിയാണ് എൽഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിക്കുന്നത്. ജൂബിലി ചാക്കോയാണ് കോൺഗ്രസ് സ്ഥാനാർഥി. എഡിഎം നവീൻ ബാബുവിൻറെ മരണത്തിൽ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തി കേസെടുത്തതിന് പിന്നാലെയാണ് പി പി ദിവ്യയെ കണ്ണൂർ ജില്ല പഞ്ചായത്ത് പ്രസിഡന്റ് പദവിയിൽ നിന്ന് നീക്കിയത്.

പാലക്കാട്: പാലക്കാട് തെരഞ്ഞെടുപ്പിൽ എൽഡിഎഫ് മികച്ച വിജയം നേടുമെന്ന് സിപിഎം കേന്ദ്ര കമ്മിറ്റി അംഗം ഇ പി ജയരാജൻ. ആരു വിചാരിച്ചാലും സിപിഎമ്മിനെ തോൽപ്പിക്കാനാകില്ലെന്ന് അദ്ദേഹം പറഞ്ഞു. ഇന്ന് ഇ പി ജയരാജൻ പാലക്കാട്ടെ തെരഞ്ഞെടുപ്പ് യോഗത്തിൽ പങ്കെടുക്കാൻ വേണ്ടി എത്തും. പി സരിനായി വോട്ട് തേടിയാണ് ഇ പി എത്തുന്നത്. വൈകിട്ട് 5 നാണ് പൊതുയോഗം സംഘടിപ്പിച്ചിരിക്കുന്നത്.

അതേസമയം, ജയരാജന്റെ ആത്മകഥ വിവാദം ഉപതെരഞ്ഞെടുപ്പിന് ശേഷം സിപിഎം പരിശോധിച്ചേക്കുമെന്നാണ് റിപ്പോർട്ട്. പുസ്തകത്തിൽ വ്യക്തിപരമായ വിവരങ്ങളും ചിത്രങ്ങളും ഉൾപ്പെട്ടതാണ് സംശയത്തിന് കാരണമായിരിക്കുന്നത്. വിഷയത്തിൽ ഇ പി ജയരാജനോട് സിപിഎം വിശദീകരണം തേടിയേക്കുമെന്നും റിപ്പോർട്ടുകളുണ്ട്.

വാഷിംഗ്ടൺ: അമേരിക്കയിൽ മാർക്കോ റൂബിയോ പുതിയ വിദേശ കാര്യ സെക്രട്ടറിയാകും. ഡൊണാൾഡ് ട്രംപ് നടത്തിയ കാബിനറ്റ് പ്രഖ്യാപനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

ഫ്‌ലോറിഡയിൽ നിന്നുള്ള യുഎസ് സെനറ്ററാണ് റൂബിയോ. ഈ പദവിയിൽ എത്തുന്ന ആദ്യ ലറ്റിനോ വംശജൻ കൂടിയാണ് മാർക്കോ റൂബിയോ. റിപ്പബ്ലിക്കൻ പാർട്ടിയിലേക്ക് കൂറുമാറിയ തുൾസി ഗാബാർഡാണ് നാഷണൽ ഇന്റലിജൻസ് ഡയറക്ടർ. റിപ്പബ്ലിക്കൻ പാർട്ടിയിലേക്ക് ഈയിടെ കൂറുമാറിയ മുൻ ഡെമോക്രാറ്റ് ജനപ്രതിനിധിയാണ് ഗാബാർഡ്. തന്റെ വിശ്വസ്തരെ ഒപ്പം നിർത്തിയാണ് ട്രംപിന്റെ ക്യാബിനറ്റ് പ്രഖ്യാപനം.

മാറ്റ് ഗേറ്റ്‌സാണ് അറ്റോർണി ജനറൽ പദവിയിലേക്ക് എത്തുന്നത്. ട്രംപിന്റെ വിശ്വസ്തനും ഫ്‌ളോറിഡയൽ നിന്നുള്ള ജനപ്രതിനിധിയുമാണ് മാറ്റ് ഗേറ്റ്‌സ്. എന്നാൽ, നിരവധി കേസുകളിൽ അന്വേഷണം നേരിടുന്ന ഗേറ്റ്‌സിന്റെ നിയമനത്തിന് അംഗീകാരം നൽകുന്നതിൽ റിപ്പബ്ലിക്കൻ സെനറ്റർമാർ സംശയം പ്രകടിപ്പിച്ചിട്ടുണ്ട്.