Latest News (Page 71)

പാലക്കാട്: സന്ദീപ് വാര്യരുടെ കോൺഗ്രസ് പ്രവേശനത്തിൽ പ്രതികരണവുമായി പാലക്കാട്ടെ ബിജെപി സ്ഥാനാർത്ഥി സി കൃഷ്ണകുമാർ. സന്ദീപ് വാര്യർ പാർട്ടി വിട്ടതിൽ സന്തോഷമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. സന്ദീപ് പോയതിൽ ബിജെപിക്ക് ഒരു ക്ഷീണവുമില്ല. തലയ്ക്ക് അഹങ്കാരം പിടിച്ച് പോയവനെ പ്രവർത്തകർ ഉൾക്കൊള്ളില്ലെന്നും കൃഷ്ണകുമാർ അഭിപ്രായപ്പെട്ടു.

പാർട്ടിയുടെ വക്താക്കളിൽ ഒരാൾ മാത്രമാണ് സന്ദീപ്. അതുകൊണ്ട് ഒന്നും സംഭവിക്കാനില്ല. കൂടുതൽകാലം സന്ദീപിന് കോൺഗ്രസിൽ നിൽക്കാനാവില്ല. പല പാർട്ടികളുമായി വിലപേശി കൂടുതൽ വിലകൊടുത്ത പാർട്ടിയിൽ സന്ദീപ് പോവുകയായിരുന്നു. പ്രത്യയശാസ്ത്രത്തെ തൂക്കി വിൽക്കാനാണ് രണ്ടു ദിവസം സന്ദീപ് ബെംഗളൂരുവിൽ പോയതെന്നും അദ്ദേഹം വിമർശിച്ചു.

നവംബർ 20 ന് വോട്ടെടുപ്പ് കഴിഞ്ഞാൽ സന്ദീപ് വാര്യറെ കോൺഗ്രസ് കറിവേപ്പിലയാക്കി തള്ളും. പാർട്ടി വിടുമ്പോൾ സ്വന്തം നിഴൽ പോലും അദ്ദേഹത്തിനൊപ്പമുണ്ടാവില്ല. പ്രസ്ഥാനത്തെയും ബലിദാനികളെയും വഞ്ചിച്ചാണ് സന്ദീപ് വാര്യർ പോയതെന്നും കൃഷ്ണകുമാർ കൂട്ടിച്ചേർത്തു.

കൊച്ചി: വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിന് ഇരയായവരുടെ കടം എഴുതിത്തള്ളാൻ നിർദേശിക്കാൻ കഴിയില്ലെന്ന് വ്യക്തമാക്കി റിസർവ് ബാങ്ക്. മോറട്ടോറിയമോ ബാധ്യതകളുടെ പുനക്രമീകരണമോ ആണ് നിലവിൽ സാധ്യതമായ വഴിയെന്നും ഇക്കാര്യത്തിൽ അതത് ബാങ്കുകൾക്ക് ആവശ്യമായ തിരുമാനം എടുക്കാമെന്നും ആർബിഐ അറിയിച്ചു. സംസ്ഥാന സർക്കാരിന്റെ ഡൽഹിയിലെ പ്രത്യേക പ്രതിനിധി കെ വി തോമസ് നൽകിയ കത്തിനാണ് റിസർവ് ബാങ്ക് മറുപടി നൽകിയത്.

അതേസമയം, വയനാട് ദുരിത ബാധിതരോട് അനുഭാവ പൂർണമായ സമീപം ഉണ്ടാവണമെന്ന് കൊച്ചിയിലെത്തിയ റിസർവ് ബാങ്ക് ഗവർണറോട് ആവശ്യപ്പെട്ടതായി കെ വി തോമസ് അറിയിച്ചു. കടം എഴുതിത്തളളുന്നതടക്കമുളള കാര്യങ്ങളിൽ സംസ്ഥാന ബാങ്കേഴ്‌സ് സമിതിക്ക് തീരുമാനങ്ങൾ എടുക്കാൻ കഴിയും.

പാലക്കാട്: സന്ദീപ് വാര്യരുടെ കോൺഗ്രസ് പ്രവേശനത്തിന് പിന്നാലെ പ്രതികരണവുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. സന്ദീപിന് ഇവിടെ കിട്ടിയതിനേക്കാൾ വലിയ കസേരകൾ കിട്ടട്ടെയെന്ന് അദ്ദേഹം പരിഹസിച്ചു. സന്ദീപ് ബലിദാനികളെ വഞ്ചിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

ഇവിടെ കിട്ടിയതിനേക്കാൾ വലിയ കസേരകൾ സന്ദീപിന് കിട്ടട്ടെ. സന്ദീപ് വാര്യർ കോൺഗ്രസിൽ ചേരാൻ തെരഞ്ഞെടുത്ത ദിവസം വളരെ പ്രധാനപ്പെട്ടതാണ്. വിഡി സതീശൻ ശ്രീനിവാസന്റെയും സഞ്ജിത്തിന്റെയും കൊലയാളികളുടെ ബന്ധുക്കളുമായി കൂടിക്കാഴ്ച നടത്തിയതിന്റെ പിറ്റേദിവസം തന്നെയാണ് സന്ദീപിനെ കോൺഗ്രസിൽ ചേർത്തത്. പാലക്കാട്ടെ വോട്ടർമാർക്ക് അത് ശരിയായ രീതിയിൽ ഉൾക്കൊള്ളാൻ കഴിയുമെന്ന് താൻ വിചാരിക്കുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

ബലിദാനികളുടെ കാര്യത്തിൽ അവരെ വഞ്ചിക്കുന്ന സമീപനമാണ് ഇപ്പോൾ ഉണ്ടായിരിക്കുന്നത്. ഇതൊരു അപ്രസക്തമായ തിരക്കഥയാണ്. ഈ തെരഞ്ഞെടുപ്പിലോ കേരളത്തിലെ ബിജെപിക്ക് അകത്തോ ഇതൊരു ചലനവും ഉണ്ടാക്കുന്നില്ല. നിങ്ങൾ ഉറപ്പിച്ചോളൂ. ഈ കോൺഗ്രസ് പ്രവേശനം ഒരു ചലനവും ഉണ്ടാക്കുന്നില്ല. സന്ദീപിനെതിരെ നേരത്തെയും പാർട്ടി നടപടി എടുത്തതാണ്. ആ നടപടി ഫേസ്ബുക്ക് പോസ്റ്റിട്ടത് കൊണ്ടൊന്നും ആയിരുന്നില്ല. നിങ്ങൾക്കെല്ലാവർക്കും അറിയാം. താനാ നടപടിയുടെ കാര്യങ്ങൾ അന്ന് പുറത്തു പറയാതിരുന്നത് ഒരു രാഷ്ട്രീയ പാർട്ടി പുലർത്തേണ്ട സാമാന്യമായ പാലിക്കേണ്ട മര്യാദയുടെ പേരിൽ മാത്രമാണെന്നും അ്‌ദേഹം കൂട്ടിച്ചേർത്തു.

പാലക്കാട്: സ്‌നേഹത്തിന്റെ കടയിൽ ഒരു മെമ്പർഷിപ്പെടുക്കുകയാണ് താനെന്ന് കോൺഗ്രസ് അംഗത്വം സ്വീകരിച്ച ശേഷം സന്ദീപ് വാര്യരുടെ പ്രതികരണം. ജനാധിപത്യത്തെ മതിക്കാത്ത ഒരിടത്ത് വീർപ്പ് മുട്ടി കഴിയുകയായിരുന്നു. മനുഷ്യ പക്ഷത്ത് നിന്ന് സംസാരിക്കാനുളള സ്വാതന്ത്രം പോലുമില്ലാതെ അച്ചടക്ക നടപടി നേരിട്ടുവെന്ന് അദ്ദേഹം പറഞ്ഞു.

മാധ്യമ ചർച്ചയ്ക്ക് പോകരുതെന്ന് പോലും തന്നോട് പറഞ്ഞു, വിലക്ക് നേരിട്ടു. മതം പറയാനോ, കാലുഷ്യമുണ്ടാക്കാനോ തനിക്ക് താൽപര്യമില്ല. വ്യക്തിപരമായി ഫേസ്ബുക്കിലിട്ട ഒരു പോസ്റ്റിന്റെ പേരിൽ ഒരു വർഷക്കാലം നടപടി നേരിട്ടു. ഞാനിന്ന് ഈ നിമിഷം കോൺഗ്രസിന്റെ ത്രിവർണ്ണ ഷാൾ അണിഞ്ഞ് ഇരിക്കുന്നുണ്ടെങ്കിൽ അതിന്റെ ഉത്തരവാദിത്തം കെ സുരേന്ദ്രനും സംഘത്തിനുമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

സിപിഎം -ബിജെപി ഡീലിനെ എതിർത്തതാണ് താൻ ചെയ്ത തെറ്റ്. കരിവന്നൂരും കൊടകരയും പരസ്പരം വെച്ചുമാറുന്നതിനെ എതിർത്തുവെന്നതാണ് താൻ ചെയ്ത തെറ്റ്. കൊടകര കുഴൽപ്പണ കേസ് പ്രതി ധർമ്മരാജന്റെ കോൾ ലിസ്റ്റിൽ പേരില്ലാതെ പോയതാണ് താൻ ചെയ്ത കുറ്റം. സ്‌നേഹത്തിന്റെ ഇടത്തേക്കാണ് താൻ വരുന്നതെന്നും സന്ദീപ് വാര്യർ കൂട്ടിച്ചേർത്തു.

പാലക്കാട്: ബിജെപി വിട്ട് സന്ദീപ് വാര്യർ കോൺഗ്രസിൽ. കേരളത്തിന്റെ ചുമതലയുള്ള എഐസിസി സെക്രട്ടറി ദീപാ ദാസ് മുൻഷി, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഉൾപ്പടെയുള്ള നേതാക്കൾ ചേർന്ന് സന്ദീപിനെ സ്വാഗതം ചെയ്തു.

ബിജെപി നേതൃത്വവുമായി സന്ദീപ് വാര്യർ ഏറെക്കാലമായി ഇടഞ്ഞു നിൽക്കുകയായിരുന്നു. കോൺഗ്രസുമായി കഴിഞ്ഞ രണ്ടാഴ്ചയായി നടന്ന ചർച്ചകൾക്ക് ശേഷമാണ് സന്ദീപ് പാർട്ടി അംഗത്വം സ്വീകരിക്കാൻ തീരുമാനിച്ചത്. പാലക്കാട് സ്ഥാനാർഥി സി കൃഷ്ണകുമാറിനെതിരെ സന്ദീപ് ഫെയ്സ്ബുക്ക് പോസ്റ്റിട്ടതോടെയാണ് ബിജെപിയുമായുള്ള അകച്ചയുമായി ബന്ധപ്പെട്ട കാര്യങ്ങൾ പരസ്യമായത്. തുടർന്ന് സന്ദീപിനെ സിപിഎമ്മിലേക്ക് സ്വാഗതം ചെയ്ത് എ കെ ബാലൻ രംഗത്തെത്തിയിരുന്നു.

പലക്കാട് സ്ഥാനാർഥി സി കൃഷ്ണകുമാർ ഉൾപ്പടെയുള്ള നേതാക്കൾ നിരന്തരം അപമാനിച്ചത് എണ്ണിപ്പറഞ്ഞുകൊണ്ട് വൈകാരികമായിട്ടായിരുന്നു സന്ദീപിന്റെ ഫേസ്ബുക്ക് പോസ്റ്റ്.

ന്യൂഡൽഹി: നൈജീരിയൻ സന്ദർശനത്തിനൊരുങ്ങി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഒരു ഇന്ത്യൻ പ്രധാനമന്ത്രി നൈജീരിയയിൽ എത്തുന്നത് പതിനേഴ് വർഷങ്ങൾക്ക് ശേഷമാണ്. ഉച്ചയ്ക്ക് 1 മണിക്ക് യാത്രതിരിക്കുന്ന മോദി നൈജീരിയൻ സമയം ഒമ്പത് മണിക്ക് തലസ്ഥാനമായ അബുജയിൽ എത്തും.

നൈജീരിയയുമായുള്ള സഹകരണം ശക്തമാക്കാനുള്ള ചർച്ച പ്രധാനമന്ത്രി നടത്തും. ബ്രസീൽ, ഗയാന തുടങ്ങിയ രാജ്യങ്ങളിലും പ്രധാനമന്ത്രി സന്ദർശനം നടത്തുന്നുണ്ട്. ബ്രസീലിൽ നടക്കുന്ന ജി ഇരുപത് ഉച്ചകോടിയിൽ അദ്ദേഹം പങ്കെടുക്കും. റഷ്യ യുക്രെയിൻ സംഘർഷം, പശ്ചിമേഷ്യയിലെ സംഘർഷം എന്നിവ ഉച്ചകോടിയിൽ ചർച്ചയാകും.

ബ്രസീലിൽ സന്ദർശനം നടത്തിയ ശേഷം ഗയാനയിൽ എത്തുന്ന മോദി കരീബിയൻ രാജ്യങ്ങളുടെ കൂട്ടായ്മയായ കാരികോം ഇന്ത്യ ഉച്ചകോടിയിലും പങ്കെടുക്കുമെന്ന് ഉന്നത വൃത്തങ്ങൾ അറിയിച്ചു.

ലക്‌നൗ: ആശുപത്രിയിലുണ്ടായ തീപിടിത്തത്തിൽ 10 നവജാത ശിശുക്കൾ മരിച്ചു. ഉത്തർപ്രദേശിലെ ത്സാൻസിയിൽ മഹാറാണി ലക്ഷ്മി ബായ് മെഡിക്കൽ കോളേജ് ആശുപത്രിയിലാണ് തീപിടുത്തം ഉണ്ടായത്. 16 കുഞ്ഞുങ്ങളുടെ നില ഗുരുതരമാണ്.

നവജാത ശിശുക്കളുടെ തീവ്ര പരിചരണ വിഭാഗത്തിലാണ് തീപിടിത്തമുണ്ടായത്. ഷോർട്ട് സർക്യൂട്ടാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. തീവ്ര പരിചരണ വിഭാഗത്തിൽ അൻപതോളം കുഞ്ഞുങ്ങളാണ് ഉണ്ടായിരുന്നത്. സംഭവത്തിൽ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അനുശോചനം രേഖപ്പെടുത്തി.

സംഭവം അങ്ങേയറ്റം ദുഃഖകരവും ഹൃദയഭേദകവുമാണെന്ന് അദ്ദേഹം പറഞ്ഞു. രക്ഷാപ്രവർത്തനം വേഗത്തിലാക്കാൻ ജില്ലാ ഭരണകൂടത്തിനും ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കും നിർദ്ദേശം നൽകിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. സംഭവത്തിൽ ഉന്നതതല അന്വേഷണത്തിന് അദ്ദേഹം ഉത്തരവിടുകയും ചെയ്തു.

ആലപ്പുഴ: കേന്ദ്ര സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിൽ കേന്ദ്ര സഹായം വൈകുന്നതിലാണ് അദ്ദേഹം കേന്ദ്ര സർക്കാരിനെതിരെ വിമർശനം ഉന്നയിച്ചത്. ആലപ്പുഴ കഞ്ഞിക്കുഴിയിൽ സിപിഎം ഏരിയാ കമ്മിറ്റി ഓഫീസ് ഉദ്ഘാടനത്തിനിടെയാണ് മുഖ്യമന്ത്രി കേന്ദ്ര സർക്കാരിനെതിരെ രംഗത്തെത്തിയത്.

പ്രളയം വന്നപ്പോൾ സഹായിച്ചില്ല. ലഭിക്കേണ്ട സഹായം മുടക്കി. നാട് നശിക്കട്ടെ എന്നായിരുന്നു കേന്ദ്രത്തിന്റെ നിലപാട്. ഇതിനെതിരെ കോൺഗ്രസ് മിണ്ടിയില്ല. വയനാട് ദുരന്തം ഇന്ത്യ കണ്ട വലിയ ദുരന്തങ്ങളിലൊന്നാണ്. അതിൽ നമ്മൾ ചെയ്യേണ്ടത് നമ്മൾ ചെയ്തു. എന്നാൽ, കേന്ദ്രം മറ്റു സംസ്ഥങ്ങൾക്ക് സഹായം നൽകി. എന്നിട്ടും കേരളത്തിന് സഹായമില്ല. നമ്മൾ എന്താ ഇന്ത്യക്ക് പുറത്തുള്ളവർ ആണോയെന്നും പിണറായി വിജയൻ ചോദിക്കുന്നു.

വലതുപക്ഷ മാധ്യമങ്ങളും ചർച്ചക്കാരും പറഞ്ഞത്, കേരളം കൊടുത്തത് കള്ള കണക്ക് ആണെന്നാണ്. ഇതാണോ നാടിന് വേണ്ടിയുള്ള മാധ്യമ പ്രവർത്തനമെന്നും അദ്ദേഹം വിമർശിച്ചു.

തിരുവനന്തപുരം: വയനാട് ദുരന്തത്തിന്റെ ഇരകളുടെയും കുടുംബങ്ങളുടെ പുനരധിവാസം ഉറപ്പാക്കാനായി സംസ്ഥാന സർക്കാർ സമർപ്പിച്ച സഹായ അഭ്യർത്ഥന നിഷേധിക്കുന്ന കേന്ദ്ര സർക്കാർ നിലപാടിൽ കടുത്ത വിവേചനമാണ് പ്രകടമാകുന്നതെന്ന് മന്ത്രി പി രാജീവ്. കേരളം ഇന്ത്യയിലാണ് എന്ന് കേന്ദ്രസർക്കാരിനെ ഓർമ്മിപ്പിക്കേണ്ട സാഹചര്യമാണ് ഓരോ ദിവസവും. മലയാളികളോട് ഇത്ര വൈരാഗ്യം എന്തിനാണെന്ന് അദ്ദേഹം ചോദിക്കുന്നു.

വയനാട് ദുരന്ത ബാധിതർക്ക് സഹായം നൽകില്ലെന്ന കേന്ദ്ര നിലപാട് മലയാളികളോടുള്ള അനീതിയാണ്. തങ്ങൾക്ക് എന്ത് ധിക്കാരവും ഈ രാജ്യത്ത് കാണിക്കാമെന്ന അഹന്ത കലർന്ന സമീപനമാണ് കേന്ദ്ര സർക്കാർ സ്വീകരിക്കുന്നത്. നാനൂറോളം മനുഷ്യരുടെ ജീവൻ അപഹരിക്കുകയും നൂറിലധികം പേരെ കാണാതാവുകയും ചെയ്ത മഹാദുരന്തത്തോട് കേന്ദ്രസർക്കാർ കടുത്ത നീതി നിഷേധമാണ് കാട്ടുന്നത്. വയനാടുമായി താരതമ്യം ചെയ്യുമ്പോൾ വളരെ ചെറിയ ദുരന്തങ്ങൾ നടന്ന സംസ്ഥാനങ്ങൾക്ക് പോലും വലിയ തുകകൾ അനുവദിച്ചു നൽകിയപ്പോൾ കേരളത്തിന് കേന്ദ്രം നൽകിയത് വട്ടപ്പൂജ്യമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

പ്രധാനമന്ത്രി വയനാട് സന്ദർശിക്കുമ്പോൾ സഹായം പ്രഖ്യാപിക്കും എന്നായിരുന്നു ആദ്യം സംഘപരിവാർ കേന്ദ്രങ്ങൾ പ്രചരിപ്പിച്ചത്. സന്ദർശനം കഴിഞ്ഞ നാളുകൾ ഏറെയായിട്ടും ഒന്നുമുണ്ടായില്ല. കേരള ഹൈക്കോടതിക്കും ഈ വിവേചനം ബോധ്യപ്പെട്ടതിനാലാകാം സഹായ തുക എപ്പോൾ പ്രഖ്യാപിക്കുമെന്ന് അറിയിക്കാൻ കേന്ദ്രത്തോട് നിർദേശിച്ചത്. ഒടുവിൽ മാസങ്ങൾക്കു ശേഷമാണ് കേന്ദ്രസർക്കാർ അവരുടെ നിലപാട് വ്യക്തമാക്കിയത്. വയനാട് ദുരന്തം ദേശീയ ദുരന്തമായി പ്രഖ്യാപിക്കില്ല എന്നും കേരളത്തിന് സഹായം അനുവദിക്കില്ല എന്നും ഔദ്യോഗികമായി തന്നെ അറിയിച്ചു.

രാഷ്ട്രീയമായി തങ്ങളുടെ എതിർ ചേരിയിലുള്ള സംസ്ഥാന ഗവൺമെന്റുകളോട് വിവേചനം കാണിക്കുന്ന രീതിയാണ് നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസർക്കാരിന്. രാജ്യത്തിന്റെ ഫെഡറൽ മൂല്യങ്ങളെ കാറ്റിൽപ്പറത്തുകയാണ്. ഏറ്റവും കൊടിയ വിവേചനം നേരിടുന്ന സംസ്ഥാനം കേരളമാണ്. രാഷ്ട്രീയമായും സാമ്പത്തികമായും കേരളത്തെ ശ്വാസംമുട്ടിക്കുക എന്ന നയം കേന്ദ്രസർക്കാർ സ്വീകരിച്ചിട്ടുണ്ട്. കേരളത്തിൽ നിന്നുൾപ്പെടെ പിരിച്ചെടുക്കുന്ന നികുതിയുടെ അർഹതപ്പെട്ട വിഹിതം നമുക്ക് തിരികെ ലഭ്യമാക്കുന്നില്ല. നമുക്ക് ന്യായമായും ലഭിക്കേണ്ട പങ്ക് നിഷേധിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

ഈ സാഹചര്യത്തിലാണ് ന്യൂഡൽഹിയിൽ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ കേരളത്തിലെ ജനപ്രതിനിധികളുടെയും രാഷ്ട്രീയ നേതാക്കളുടെയും സമരം സംഘടിപ്പിക്കപ്പെട്ടത്. രാജ്യത്തെ നേതാക്കന്മാരും മറ്റു സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു. സുപ്രീംകോടതിയിൽ കേരളം നേരിടുന്ന നേരിടുന്ന വിവേചനങ്ങൾ അക്കമിട്ട് നിരത്തി ഹർജി നൽകി. ഫെഡറൽ മൂല്യങ്ങൾ സംരക്ഷിക്കണമെന്ന് ആവർത്തിച്ചു പറഞ്ഞുകൊണ്ട് നടത്തിയ രാഷ്ട്രീയ പോരാട്ടം രാജ്യത്തിന്റെയാകെ ശ്രദ്ധയാകർഷിച്ചു. കേരളമുയർത്തിയ മുദ്രാവാക്യത്തിന്റെ ചുവടുപിടിച്ച് മറ്റു ചില സംസ്ഥാനങ്ങളും നികുതി വിതരണത്തിലെയും സാമ്പത്തിക ഫെഡറലിസത്തിലെയും അനീതിക്കെതിരെ ശബ്ദമുയർത്തി. ഈ പശ്ചാത്തലത്തിലും വയനാട് ദുരന്തത്തെയും രാഷ്ട്രീയക്കണ്ണോടു കൂടി സമീപിച്ച് നിസ്സാരവൽക്കരിക്കുകയാണ് കേന്ദ്ര സർക്കാരെന്നും മന്ത്രി കൂട്ടിച്ചേർത്തു.

തിരുവനന്തപുരം: ആത്മകഥാ വിവാദത്തിൽ പ്രതികരണവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. ആത്മകഥാ ബോംബ് ഒരു തരത്തിലും ബാധിച്ചിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. ഡിസി ബുക്‌സുമായി ഇപി കരാർ ഉണ്ടാക്കിയിട്ടില്ല. താൻ എഴുതിയതല്ലെന്ന് ജയരാജൻ തന്നെ പറഞ്ഞു. പുസ്തക വിവാദത്തിൽ ഇല്ലാത്ത കാര്യം പ്രചരിപ്പിച്ചു. പാർട്ടി അന്വേഷണം നടത്തുന്നില്ല. നിയമപരമായ അന്വേഷണം നടക്കട്ടെയെന്നും അദ്ദേഹം അറിയിച്ചു.

ഇല്ലാത്ത കാര്യമാണ് പ്രചരിപ്പിച്ചത്. ഇപിയെ പാർട്ടി വിശ്വസിക്കുന്നു. ഇപി നിയമപരമായി മുന്നോട്ട് പോകട്ടെയെന്നും അദ്ദേഹം വ്യക്തമാക്കി. വയനാട്ടിലേത് കേരളം കണ്ട വലിയ ദുരന്തമാണ്. പ്രധാനമന്ത്രി സന്ദർശിച്ച് സഹായം പ്രഖ്യാപിച്ചിട്ടും ഒന്നും കിട്ടിയില്ല. ദേശീയ ദുരന്തമായി പ്രഖ്യാപിച്ചാൽ പുനരധിവാസത്തിന് വലിയ സഹായം കിട്ടുമായിരുന്നു.

വെന്നും എംവി ഗോവിന്ദൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. കൊടകര കേസിൽ അന്വേഷണത്തിന് കേന്ദ്ര ഏജൻസികൾ തയാറാവുന്നില്ല. പാലക്കാടും- വടകരയും – തൃശൂരും ചേർന്നുള്ള ഡീലുണ്ട് ബിജെപിയും കോൺഗ്രസും തമ്മിൽ. പാലക്കാട് കോൺഗ്രസിൽ വലിയ പൊട്ടിത്തെറിയാണുണ്ടാവുന്നത്. കോൺഗ്രസിൽ നിന്ന് പുറത്ത് വരുന്ന നേതാക്കളെല്ലാം ബിജെപി സഖ്യം പറയുന്നുണ്ട്. പാലക്കാട് എൽഡിഎഫ് പിടിച്ചെടുക്കും വിധത്തിലാണ് സ്ഥിതി. ഇ ശ്രീധരന് കിട്ടിയ വോട്ട് ബിജെപി സ്ഥാനാർത്ഥിക്കോ ഷാഫിക്ക് കിട്ടിയ വോട്ട് യുഡിഎഫ് സ്ഥാനാർത്ഥിക്കോ കിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.