Latest News (Page 49)

തിരുവനന്തപുരം: കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി സംഘടിപ്പിക്കുന്ന 29ാമത് ഐ.എഫ്.എഫ്.കെ 2024 ഡിസംബർ 13 വെള്ളിയാഴ്ച ആരംഭിക്കും. വൈകിട്ട് ആറു മണിക്ക് തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിൽ ചലച്ചിത്ര മേള മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുമെന്ന് മന്ത്രി സജി ചെറിയാൻ പത്രസമ്മേളനത്തിൻ അറിയിച്ചു.

ഹോങ്കോങ്ങിൽ നിന്നുള്ള സംവിധായിക ആൻ ഹുയിക്ക് മുഖ്യമന്ത്രി ലൈഫ്‌ടൈം അച്ചീവ്‌മെന്റ് പുരസ്‌കാരം ചടങ്ങിൽ സമ്മാനിക്കും. പത്തുലക്ഷം രൂപയും ശിൽപ്പവുമടങ്ങുന്നതാണ് അവാർഡ്.

സാംസ്‌കാരിക വകുപ്പ് മന്ത്രി അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ പൊതുവിദ്യാഭ്യാസ, തൊഴിൽ വകുപ്പ് മന്ത്രി വി.ശിവൻകുട്ടി, ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ. അനിൽ, വി.കെ പ്രശാന്ത് എം.എൽ.എ, മേയർ ആര്യാ രാജേന്ദ്രൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ഡി.സുരേഷ് കുമാർ, സാംസ്‌കാരിക വകുപ്പ് അഡീഷനൽ ചീഫ് സെക്രട്ടറി ഡോ.രാജൻ എൻ. ഖോബ്രഗഡെ, സാംസ്‌കാരിക വകുപ്പ് ഡയറക്ടർ ഡോ.ദിവ്യ എസ്.അയ്യർ, ചലച്ചിത്ര അക്കാദമി ചെയർമാൻ പ്രേംകുമാർ, ഫെസ്റ്റിവൽ ക്യുറേറ്റർ ഗോൾഡ സെല്ലം, ജൂറി ചെയർപേഴ്‌സൺ ആനിയസ് ഗൊദാർദ്, കെ.എസ്.എഫ്.ഡി.സി ചെയർമാൻ ഷാജി എൻ കരുൺ, സാംസ്‌കാരിക പ്രവർത്തകക്ഷേമനിധി ബോർഡ് ചെയർമാൻ മധുപാൽ, ഫിലിം ചേംബർ പ്രസിഡന്റ് ബി.ആർ. ജേക്കബ്, അക്കാദമി സെക്രട്ടറി സി.അജോയ് എന്നിവർ പങ്കെടുക്കും.തുടർന്ന് ഉദ്ഘാടനചിത്രമായ ‘ഐ ആം സ്റ്റിൽ ഹിയർ’ പ്രദർശിപ്പിക്കും. വിഖ്യാത ബ്രസീലിയൻ സംവിധായകൻ വാൾട്ടർ സാലസ് സംവിധാനംചെയ്ത പോർച്ചുഗീസ് ഭാഷയിലുള്ള ഈ ചിത്രം ബ്രസീൽ, ഫ്രാൻസ് എന്നീ രാജ്യങ്ങളുടെ സംയുക്ത സംരംഭമാണ്. ഈ വർഷത്തെ വെനീസ് ചലച്ചിത്രമേളയിൽ മികച്ച തിരക്കഥയ്ക്കുള്ള പുരസ്‌കാരവും ഗോൾഡൻ ബെയർ പുരസ്‌കാരത്തിനുള്ള നാമനിർദേശവും നേടിയ ഈ ചിത്രത്തെ 2024ലെ ഏറ്റവും മികച്ച അഞ്ച് അന്താരാഷ്ട്ര ചിത്രങ്ങളിലൊന്നായി ന്യൂയോർക്ക് ആസ്ഥാനമായ നാഷണൽ ബോർഡ് ഓഫ് റിവ്യുവും ഈ വർഷത്തെ മികച്ച 50 ചിത്രങ്ങളിലൊന്നായി ബ്രിട്ടീഷ് മാസിക സൈറ്റ് ആന്റ് സൗണ്ടും തെരഞ്ഞെടുത്തിട്ടുണ്ട്. 1971ൽ ബ്രസീൽ സൈനിക സ്വേച്ഛാധിപത്യത്തിനു കീഴിൽ ഞെരിഞ്ഞമരുന്ന കാലത്ത് നടന്ന സംഭവത്തിന്റെ ചലച്ചിത്രാവിഷ്‌കാരമാണിത്. വിമത രാഷ്ട്രീയ പ്രവർത്തകനായ ഭർത്താവിനെ കാണാതായതിനെ തുടർന്ന് അദ്ദേഹത്തെ അന്വേഷിച്ചിറങ്ങുന്ന അഞ്ചു മക്കളുടെ അമ്മയായ യൂനിസ് പൈവയുടെ കാഴ്ചപ്പാടിലൂടെ ഒരു രാജ്യത്തിനേറ്റ മുറിവിന്റെ ആഴം കാട്ടിത്തരുകയാണ് സംവിധായകൻ.

ഉദ്ഘാടനച്ചടങ്ങിനു മുന്നോടിയായി അഞ്ചു മണി മുതൽ 5.45 വരെ കേരള കലാമണ്ഡലം അവതരിപ്പിക്കുന്ന നൃത്തപരിപാടി ഉണ്ടായിരിക്കും.

വയനാട്: ദുരന്തമുണ്ടായതിനു ശേഷം അവിടെ പൂർവസ്ഥിതിയിലാക്കുന്നതിനുള്ള പുനർനിർമാണ സംവിധാനമൊരുക്കുന്നതിന് ആവശ്യമായ വിഭവം അനിവാര്യമാണെന്നും അത് സംസ്ഥാനത്തിന് മാത്രമായി കണ്ടെത്താൻ കഴിയുന്നതല്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. പതിനാറാമത് ധനകാര്യ കമ്മിഷനെ കോവളത്ത് അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളം നേരിടുന്ന ഈ പ്രശ്‌നത്തിൽ സാമ്പത്തിക സഹായത്തിനുള്ള ശുപാർശ ധനകാര്യ കമ്മീഷൻ നടത്തണമെന്നും അദ്ദേഹം പറഞ്ഞു. വയനാട് ദുരന്തത്തിന്റെ ആഴം എല്ലാവരെയും ഞെട്ടിക്കുന്നതായിരുന്നു. പാരിസ്ഥിതിക വിഷയങ്ങൾ പരിഗണിച്ചുകൊണ്ടുതന്നെ ഇവിടത്തെ ജീവിതങ്ങളെയും ഉപജീവന മാർഗത്തെയും സംരക്ഷിക്കേണ്ട ചുമതല സംസ്ഥാനത്തിനുണ്ട്.

സംസ്ഥാനങ്ങളുടെയും തദ്ദേശസ്ഥാപനങ്ങളുടെയും സമ്പത്തിക ശാക്തീകരണമാണ് ഫെഡറലിസത്തിന്റെ ആധാരശില. സംസ്ഥാനങ്ങൾക്ക് വിഭവങ്ങൾ നൽകുന്നതിനെ ഒഴിവാക്കാവുന്ന ഭാരമായി കാണുന്നത് ശരിയല്ല. സാമൂഹ്യ, സാമ്പത്തിക മേഖലകളിൽ പരിപാടികളും നയങ്ങളും നടപ്പാക്കുന്നതിനുള്ള സ്വാതന്ത്ര്യം സംസ്ഥാനങ്ങൾക്ക് വേണം. അതിനുള്ള പണവും ലഭിക്കണം. ഇത് രാജ്യത്തിന്റെ വളർച്ചയ്ക്കും വികസനത്തിനും വഴിവയ്ക്കും. സർക്കാരിക കമ്മീഷൻ പറഞ്ഞതു പോലെ കാര്യങ്ങൾ കൂടുതൽ കേന്ദ്രീകൃതമാകുന്നത് കേന്ദ്രത്തിന് രക്തസമ്മർദവും സംസ്ഥാനങ്ങൾക്ക് അനീമിയയും സൃഷ്ടിക്കും. അത് അഭിലഷണീയമായ കാര്യമല്ല. സംസ്ഥാനത്തിന്റെ കടമെടുപ്പ് പരിധിയിലും കേന്ദ്രം നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുകയാണ്. ഇത് നിയമപരമായ നടപടികളിലേക്ക് നീങ്ങാൻ സംസ്ഥാനത്തെ പ്രേരിപ്പിച്ചതായി മുഖ്യമന്ത്രി പറഞ്ഞു.

ഫെഡറൽ ജനാധിപത്യത്തിൽ കേന്ദ്രത്തിനും സംസ്ഥാനങ്ങൾക്കും തദ്ദേശസ്ഥാപനങ്ങൾക്കും കൃത്യമായ ചുമതലകളുണ്ട്. ഭരണഘടനാപരമായ കാര്യങ്ങൾ നിർവഹിക്കുന്നതിന് സംസ്ഥാനങ്ങൾക്കും തദ്ദേശസ്ഥാപനങ്ങൾക്കും സാമ്പത്തിക ശാക്തീകരണം അനിവാര്യമാണ്. ശക്തിമത്തായ ഒരു രാഷ്ട്രം കെട്ടിപ്പടുക്കുന്നതിനായി ശ്രമിക്കുമ്പോൾ ദുർബല സംസ്ഥാനങ്ങൾക്കും തദ്ദേശസ്ഥാപനങ്ങൾക്കും കേന്ദ്രത്തിന്റെ തുല്യ പങ്കാളികളാകാൻ കഴിയില്ല.

2015 -16 മുതൽ സംസ്ഥാനത്തിന് വലിയ സാമ്പത്തിക നേട്ടങ്ങൾ കേന്ദ്രത്തിൽ നിന്ന് ലഭിച്ചുവെന്ന തരത്തിൽ കാര്യങ്ങളെക്കുറിച്ച് വ്യക്തമായ ധാരണയുള്ള ചിലരും പറയുന്നത് നിരാശാജനകമാണ്. കേന്ദ്ര ബഡ്ജറ്റിലെ കണക്കുകൾ ഇതിന് വിരുദ്ധമാണെന്ന് പരിശോധിച്ചാൽ മനസിലാകും. വിഭവങ്ങൾ സംസ്ഥാനവുമായി പങ്കുവയ്ക്കുന്നത് കേന്ദ്ര വിഭവങ്ങളുടെ ശോഷണത്തിന് കാരണമാകുമെന്ന കാഴ്ചപ്പാട് ശരിയല്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. നികുതി വരുമാനത്തിന്റെ 41 ശതമാനം സംസ്ഥാനങ്ങളുമായി പങ്കുവയ്ക്കണമെന്ന പതിനഞ്ചാം ധനകാര്യ കമ്മീഷന്റെ ശുപാർശയ്ക്ക് വിരുദ്ധമായാണ് കാര്യങ്ങൾ സംഭവിക്കുന്നത്. സർചാർജ്, സെസ് വർധന പരിഗണിച്ചാണ് ഇത്തരമൊരു ശുപാർശ ധനകാര്യ കമ്മീഷൻ നൽകിയത്. എന്നാൽ സംസ്ഥാനങ്ങൾക്ക് ലഭിക്കുന്നത് 30 മുതൽ 32 ശതമാനം വരെ മാത്രമാണ്. പഞ്ചവത്സര പദ്ധതികൾക്കുള്ള സാധാരണ കേന്ദ്ര സഹായവും 2015- 16ഓടെ നിലച്ചു.

ദേശീയ ജനസംഖ്യാ നയം നടപ്പാക്കിയത് കേരളത്തിന് നൽകുന്ന കേന്ദ്ര നികുതി വിഹിതത്തെ പ്രതികൂലമായി ബാധിച്ചു. ജനസംഖ്യ അടിസ്ഥാനമാക്കിയുള്ള മാനദണ്ഡമാണ് ഇതിന് കാരണം. കേരളം സമർപ്പിച്ച നിവേദനത്തിൽ ഈ വിഷയം പ്രതിപാദിച്ചിട്ടുണ്ടെന്നും പുതിയ കരട് ഫോർമുല അതിൽ വിശദമാക്കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. ഹരിതനയം ഫലപ്രദമായി നടപ്പാക്കുന്നതിലൂടെയും കേരളത്തിന് വരുമാന നഷ്ടം സംഭവിക്കുന്നുണ്ട്. ജൈവ ഇന്ധനത്തിലൂടെ ലഭിക്കേണ്ട നികുതി സംസ്ഥാനത്തിന് നഷ്ടപ്പെടുകയാണ്. ദേശീയ നയങ്ങൾ നടപ്പാക്കുന്നതിൽ കേന്ദ്രത്തിനൊപ്പം മുന്നോട്ടു നീങ്ങുന്ന കേരളത്തിന് ഇത്തരത്തിൽ സംഭവിക്കുന്ന നഷ്ടങ്ങളെക്കുറിച്ച് ധനകമ്മീഷനെ മുഖ്യമന്ത്രി ധരിപ്പിച്ചു.

ധനമന്ത്രി കെ. എൻ. ബാലഗോപാൽ സ്വാഗതം പറഞ്ഞു. മന്ത്രിമാരായ കെ. രാജൻ, എം. ബി. രാജേഷ്, പി. രാജീവ്, ജെ. ചിഞ്ചുറാണി, ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ, വകുപ്പ് സെക്രട്ടറിമാർ, ഉന്നത ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു. ധനകാര്യ കമ്മീഷൻ ചെയർമാൻ ഡോ. അരവിന്ദ് പനഗാരിയ, അംഗങ്ങളായ ആനി ജോർജ് മാത്യു, മനോജ് പാണ്ഡ, സൗമ്യകാന്തിഘോഷ്, കമ്മീഷൻ സെക്രട്ടറി റിത്വിക് പാണ്ഡെ, ജോയിന്റ് സെക്രട്ടറി രാഹുൽ ജെയിൻ, ഡെപ്യൂട്ടി സെക്രട്ടറി അജിത്കുമാർ രഞ്ജൻ, ഡെപ്യൂട്ടി ഡയറക്ടർ സന്ദീപ് കുമാർ, ഓംപാൽ, കുമാർ വിവേക് എന്നിവർ സന്നിഹിതരായിരുന്നു.

തിരുവനന്തപുരം: കേരളത്തിൽ ഡിസംബർ 12ന് ഒറ്റപ്പെട്ട സ്ഥലങ്ങളിൽ അതിശക്തമായ മഴയ്ക്കും ഡിസംബർ 12,13 തീയതികളിൽ ശക്തമായ മഴയ്ക്കും സാധ്യതയെന്ന് മുന്നറിയിപ്പ് നൽകി കേന്ദ്ര കാലാവസ്ഥ വകുപ്പ്. തെക്കു കിഴക്കൻ ബംഗാൾ ഉൾക്കടലിനും ഭൂമധ്യ രേഖയ്ക്ക് സമീപമുള്ള ഇന്ത്യൻ മഹാസമുദ്രത്തിനും മുകളിലായി സ്ഥിതി ചെയ്തിരുന്ന ന്യുന മർദ്ദം (Low Pressure Area) തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിനും മുകളിലായി ശക്തി കൂടിയ ന്യുന മർദ്ദമായി (Well Marked Low Pressure Area) സ്ഥിതി ചെയ്യുന്നു.

അടുത്ത 24 മണിക്കൂറിനുള്ളിൽ ശ്രീലങ്ക – തമിഴ് നാട് തീരത്തിന് സമീപത്തേക്ക് നീങ്ങാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇടുക്കി, എറണാകുളം, തൃശൂർ എന്നീ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 115.6 mm മുതൽ 204.4 mm വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ (Very Heavy Rainfall) എന്നത് കൊണ്ട് കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്.

പൊതുജനങ്ങൾക്കുള്ള പ്രത്യേക നിർദേശങ്ങൾ

  • ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, മലവെള്ളപ്പാച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളിൽ താമസിക്കുന്നവർ അധികൃതരുടെ നിർദേശാനുസരണം സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറി താമസിക്കണം.
  • നദിക്കരകൾ, അണക്കെട്ടുകളുടെ കീഴ്പ്രദേശങ്ങൾ എന്നിവിടങ്ങളിൽ താമസിക്കുന്നവരും അപകടസാധ്യത മുൻകൂട്ടി കണ്ട് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കേണ്ടതാണ്.
  • ദുരന്തസാധ്യത പ്രദേശങ്ങളിൽ താമസിക്കുന്നവർ നിർബന്ധമായും തങ്ങളുടെ പ്രദേശത്ത് ക്യാമ്പുകൾ തുറന്നു എന്നുറപ്പാക്കേണ്ടതും പകൽ സമയത്ത് തന്നെ അങ്ങോട്ട് മാറി താമസിക്കേണ്ടതുമാണ്. ഇതിനായി തദ്ദേശ സ്ഥാപന, റവന്യൂ അധികാരികളുമായി ബന്ധപ്പെടാവുന്നതാണ്.ശക്തമായ കാറ്റിനു സാധ്യതയുള്ളതിനാൽ അടച്ചുറപ്പില്ലാത്ത വീടുകളിൽ താമസിക്കുന്നവരും മേൽക്കൂര ശക്തമല്ലാത്ത വീടുകളിൽ താമസിക്കുന്നവരും പ്രത്യേക ജാഗ്രത പാലിക്കേണ്ടതാണ്. അപകടാവസ്ഥ മുന്നിൽ കാണുന്നവർ അധികൃതരുമായി ബന്ധപ്പെട്ട് സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി മാറി താമസിക്കണം.
  • കാറ്റിൽ മരങ്ങൾ കടപുഴകി വീണും പോസ്റ്റുകൾ തകർന്നു വീണും ഉണ്ടാകാനിടയുള്ള അപകടങ്ങളെയും ശ്രദ്ധിക്കേണ്ടതാണ്. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പുറപ്പെടുവിച്ച ശക്തമായ കാറ്റിൽ സ്വീകരിക്കേണ്ട മുൻകരുതൽ നടപടികൾ https://sdma.kerala.gov.in/windwarning/ എന്ന ലിങ്കിൽ നിന്ന് ലഭ്യമാണ്
  • ശക്തമായ മഴ പെയ്യുന്ന സാഹചര്യത്തിൽ ഒരു കാരണവശാലും നദികൾ മുറിച്ചു കടക്കാനോ, നദികളിലോ മറ്റ് ജലാശയങ്ങളിലോ കുളിക്കാനോ മീൻപിടിക്കാനോ മറ്റ് ആവശ്യങ്ങൾക്കോ ഇറങ്ങാൻ പാടുള്ളതല്ല.
  • ജലാശയങ്ങൾക്ക് മുകളിലെ മേൽപ്പാലങ്ങളിൽ കയറി കാഴ്ച കാണുകയോ സെൽഫി എടുക്കുകയോ കൂട്ടം കൂടി നിൽക്കുകയോ ചെയ്യാൻ പാടുള്ളതല്ല.
    മഴ ശക്തമാകുന്ന അവസരങ്ങളിൽ അത്യാവശ്യമല്ലാത്ത യാത്രകൾ പൂർണ്ണമായും ഒഴിവാക്കുക. വെള്ളച്ചാട്ടങ്ങൾ, ജലാശയങ്ങൾ, മലയോര മേഖലകൾ എന്നിവിടങ്ങളിലേക്കുള്ള വിനോദ യാത്രകൾ മഴ മുന്നറിയിപ്പ് മാറുന്നത് വരെ പൂർണ്ണമായി ഒഴിവാക്കേണ്ടതാണ്.
  • ജലാശയങ്ങളോട് ചേർന്ന റോഡുകളിലൂടെയുള്ള യാത്രകളിൽ പ്രത്യേക ജാഗ്രത പാലിക്കുക. അറ്റകുറ്റപ്പണികൾ നടക്കുന്ന റോഡുകളിലും ജാഗ്രത പാലിക്കുക. അതിശക്തമായ മഴയുണ്ടാകുന്ന സാഹചര്യത്തിൽ റോഡപകടങ്ങൾ വർദ്ധിക്കാൻ സാധ്യത മുന്നിൽ കാണണം. ജലാശയങ്ങൾ കരകവിഞ്ഞു ഒഴുകുന്നയിടങ്ങളിൽ വാഹനം ഓടിക്കാൻ ശ്രമിക്കരുത്.
  • സ്വകാര്യ – പൊതു ഇടങ്ങളിൽ അപകടാവസ്ഥയിൽ നിൽക്കുന്ന മരങ്ങൾ/പോസ്റ്റുകൾ/ബോർഡുകൾ, മതിലുകൾ തുടങ്ങിയവ സുരക്ഷിതമാക്കേണ്ടതും മരങ്ങൾ കോതി ഒതുക്കുകയും ചെയ്യേണ്ടതാണ്. അപകടാവസ്ഥകൾ അധികൃതരുടെ ശ്രദ്ധയിൽ പെടുത്തേണ്ടതാണ്.

തിരുവനന്തപുരം: ക്രിസ്മസ് നവവത്സര ആഘോഷങ്ങളുടെ ഭാഗമായി വൈദ്യുത ദീപാലങ്കാരം നടത്തുമ്പോൾ ജാഗ്രത പുലർത്തണമെന്ന് മുന്നറിയിപ്പ് നൽ കെഎസ്ഇബി. ഗുണമേന്മ കുറഞ്ഞ പ്ലാസ്റ്റിക് ഇൻസുലേറ്റഡ് വയറുകൾ ഒഴിവാക്കണമെന്നാണ് നിർദ്ദേശം. ഗുണനിലവാരമുള്ള വയറുകളും അനുബന്ധ ഉപകരണങ്ങളും മാത്രം ഉപയോഗിക്കണം.

ലോഹനിർമ്മിതമായ പ്രതലങ്ങളിൽ സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചുമാത്രം ദീപാലങ്കാരം നടത്തുക. പ്ലഗ്, സ്വിച്ച് എന്നിവ ഉപയോഗിച്ചു മാത്രം വൈദ്യുത കണക്ഷൻ എടുക്കുക, വയർ നേരിട്ട് പ്ലഗ് സോക്കറ്റിൽ കുത്തരുത്. വയറിൽ മൊട്ടുസൂചി/സേഫ്റ്റി പിൻ കുത്തി കണക്ഷനെടുക്കരുത്.

വയർ ജോയിന്റുകൾ ശരിയായ തരത്തിൽ ഇൻസുലേറ്റ് ചെയ്തു എന്ന് ഉറപ്പാക്കുക. ELCB/RCCB പ്രവർത്തനക്ഷമമാണെന്ന് ഉറപ്പുവരുത്തണമെന്നും അധികൃതർ കൂട്ടിച്ചേർത്തു.

എറണാകുളം: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് രാഷ്ട്രപതിക്ക് കത്തയച്ച് അതിജീവിത. മെമ്മറി കാർഡ് തുറന്നതിൽ ഉത്തരവാദികൾക്കെതിരെ നടപടിയില്ലെന്നാണ് കത്തിൽ അതിജീവിത വ്യക്തമാക്കിയിരിക്കുന്നത്. ചട്ട വിരുദ്ധമായി മെമ്മറി കാർഡ് തുറന്ന് പരിശോധിച്ചെന്ന് വ്യക്തമായിട്ടും നടപടിയുണ്ടായില്ലെന്ന് കത്തിൽ ആരോപിക്കുന്നു.

ഹൈക്കോടതിക്കും സുപ്രീംകോടതിക്കും പരാതി നൽകിയിട്ടും നടപടിയില്ല. ജുഡീഷ്യറിയുടെ ഭരണതലത്തിലാണ് നടപടിയെടുക്കേണ്ടത്. അതുണ്ടാകാത്ത സാഹചര്യത്തിലാണ് രാഷ്ട്രപതിക്ക് കത്ത് നൽകുന്നതെന്ന് അതിജീവിത കൂട്ടിച്ചേർത്തു.

കൊച്ചി: ആലപ്പുഴ ജില്ലയിലെ തുറവൂർ മഹാദേവ ക്ഷേത്രത്തിൽ ഫ്‌ളക്സ് ബോർഡ് വച്ചതിനെതിരെ വിമർശനം ഉന്നയിച്ച് ഹൈക്കോടതി. മുഖ്യമന്ത്രി, തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് തുടങ്ങിയവരുടെ ഫോട്ടോ പതിച്ച് ഫ്‌ളക്സ് അടിച്ചത് എന്തിനാണെന്നാണ് ഹൈക്കോടതി ദേവസ്വം ബെഞ്ച് ചോദിക്കുന്നത്. ദേവസ്വം ബോർഡ് പ്രസിഡന്റ് ക്ഷേത്രങ്ങളുടെ ചുമതലക്കാരനും ട്രസ്റ്റിയുമാണെന്നും അല്ലാതെ ഉടമസ്ഥനല്ലെന്നും കോടതി ചൂണ്ടിക്കാട്ടി.

ഭഗവാനെ കാണാനാണ് ഭക്തർ ക്ഷേത്രത്തിൽ വരുന്നത്. അല്ലാതെ അഭിവാദ്യമർപ്പിച്ച ഫ്‌ളക്സ് കാണാനല്ല. ഉത്തരവാദിത്തപ്പെട്ടവർ ഫ്‌ളക്സ് എന്തുകൊണ്ട് അവിടെ നിന്ന് എടുത്തുമാറ്റിയില്ലെന്ന് കോടതി ചോദിക്കുന്നു. ശബരിമല ഇടത്താവളമായ ക്ഷേത്രത്തിൽ ഇത്തരത്തിൽ ഫ്‌ളക്സ് അടിച്ച് വെച്ചത് അനുവദിക്കാനാകില്ല. ഫ്‌ളക്സിന് മുടക്കുന്ന കാശ് അന്നദാനത്തിന് മുടക്കിയാൽ അയ്യപ്പഭക്തർക്ക് കൂടുതൽ പ്രയോജനപ്പെടുമെന്നും കോടതി കൂട്ടിച്ചേർത്തു.

തിരുവനന്തപുരം: പാലക്കാട് ഉപതിരഞ്ഞെടുപ്പ് പ്രചാരണത്തിലെ അതൃപ്തി പരസ്യമാക്കി ചാണ്ടി ഉമ്മൻ. എല്ലാവർക്കും ചുമതലകൾ നൽകി. തനിക്ക് ചുമതല തന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. അന്ന് പറയേണ്ടെന്ന് കരുതിയതാണ്. ഇപ്പോഴും കൂടുതൽ കാര്യങ്ങൾ ഒന്നും പറയുന്നില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.

പ്രചാരണത്തിനായി ഒരു ദിവസം മാത്രമാണ് പാലക്കാട് പോയത്. എല്ലാവരെയും ഒന്നിച്ചു നിർത്തി നേതൃത്വം മുന്നോട്ടുകൊണ്ട് പോകണമെന്നും അദ്ദേഹം പറഞ്ഞു. പാർട്ടി പുനഃസംഘടനയിൽ യുവാക്കൾക്ക് പ്രാതിനിധ്യം കിട്ടണം. കെ സുധാകരൻ കെപിസിസി പ്രസിഡന്റ് സ്ഥാനത്തു നിന്നും മാറണം എന്ന അഭിപ്രായം ഇല്ല. അത് ചർച്ച ചെയ്യാൻ പോലും പാടില്ല. എല്ലാവരെയും ചേർത്തുപിടിച്ചു കൊണ്ടുപോകണമെന്നും ചാണ്ടി ഉമ്മൻ കൂട്ടിച്ചേർത്തു.

തിരുവനന്തപുരം: അതിദാരിദ്ര്യ നിർമാർജനം, മാലിന്യ മുക്ത നവകേരളം, പാലിയേറ്റീവ് കെയർ എന്നീ വിഷയങ്ങളിൽ തീരുമാനങ്ങളെടുക്കുന്നതിന് മുഖ്യമന്ത്രി പിണറായി വിജയൻ തദ്ദേശസ്വയംഭരണ സ്ഥാപന പ്രതിനിധികളുമായി ചർച്ച നടത്തി. 2025 മാർച്ച് 30ന് സമ്പൂർണ ശുചിത്വ കേരള പ്രഖ്യാപനം നടത്തേണ്ടതുണ്ടെന്ന് മുഖ്യമന്ത്രി യോഗത്തിൽ പറഞ്ഞു. അതുപോലെതന്നെ 2025 നവംബർ ഒന്നിന് കേരളത്തെ അതിദാരിദ്ര്യ വിമുക്തമായി പ്രഖ്യാപിക്കാനും കഴിയണം. ഇതിനാവശ്യമായ നടപടികൾ തദ്ദേശസ്ഥാപനങ്ങൾ വേഗത്തിലാക്കാൻ മുഖ്യമന്ത്രി നിർദ്ദേശം നൽകി.

64,006 കുടുംബങ്ങളിലായി 1,03,099 പേർ അതിദരിദ്രരാണെന്ന് കണ്ടെത്തി. 1,032 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലായാണ് ഇവരെ കണ്ടെത്തിയത്. നിലവിൽ 40,180 കുടുംബങ്ങളെ അതിദാരിദ്ര്യത്തിൽ നിന്ന് മുക്തരാക്കാൻ കഴിഞ്ഞിട്ടുണ്ട്. ഇതിനുള്ള പ്രവർത്തനങ്ങൾക്ക് കൂടുതൽ വേഗത ഉണ്ടാവണം. അതിന് ചെയ്യേണ്ട കാര്യങ്ങൾ തദ്ദേശസ്ഥാപന ഭരണ സമിതികൾ ആലോചിക്കണം. പൂർത്തീകരിക്കേണ്ട പ്രവർത്തനങ്ങൾ സമയബന്ധിതമായി പൂർത്തീകരിക്കുന്നതിന് സമയക്രമം നിശ്ചയിച്ച് പ്രവർത്തന രൂപരേഖ തയ്യാറാക്കണം. ഭക്ഷണ ദൗർലഭ്യം കാരണം ബുദ്ധിമുട്ട് അനുഭവിക്കുന്നവർക്ക് ഭക്ഷണം ലഭ്യമാക്കാൻ കഴിഞ്ഞിട്ടുണ്ട്. ഗുണമേൻമാധിഷ്ഠിത സേവനം ലഭ്യമാകുന്നുവെന്ന് തദ്ദേശസ്ഥാപനതലത്തിലെ ഉപസമിതി ഉറപ്പാക്കണം. അവയവമാറ്റ ശസ്ത്രക്രിയക്ക് വിധേയരാകേണ്ട 40 ഗുണഭോക്താക്കൾക്ക് ആവശ്യമായ അവയവങ്ങൾ ലഭ്യമാക്കുന്നതിന് പ്രത്യേക പരിഗണന നൽകണം. ഓരോ തദ്ദേശ സ്വയംഭരണ സ്ഥാപനവും ഇക്കാര്യത്തിൽ തങ്ങൾക്ക് എന്തൊക്കെ ചെയ്യാനാകുമെന്ന് നിശ്ചയിക്കണം. വരുമാനം ക്ലേശഘടകമായി കണ്ടെത്തിയ കുടുംബങ്ങളിൽ 521 കുടുംബങ്ങൾക്ക് വരുമാനദായക പ്രവർത്തനങ്ങൾ ഉറപ്പാക്കുന്നതിന് നടപടികൾ കൈക്കൊള്ളണം. ആരോഗ്യപരമായ കാരണങ്ങളാൽ തൊഴിലെടുക്കാൻ സാധിക്കില്ലെന്ന് കണ്ടെത്തിയ 923 കുടുംബങ്ങൾക്ക് വരുമാനം കണ്ടെത്തുന്നതിന് പ്രത്യേക പദ്ധതി ആവിഷ്‌ക്കരിക്കണം.

പട്ടികജാതി – പട്ടികവർഗ വികസന കോർപ്പറേഷൻ, വനിത വികസന കോർപ്പറേഷൻ, പിന്നാക്ക വിഭാഗ വികസന കോർപ്പറേഷൻ മുതലായ ഏജൻസികളെ ഉപജീവന പദ്ധതികളുമായി കണ്ണിചേർക്കണം. പ്രാദേശിക സംരംഭങ്ങൾ, സ്വകാര്യ സ്ഥാപനങ്ങൾ മുതലായവയുടെ സേവനം തൊഴിൽ ലഭ്യമാക്കുന്നതിന് പ്രയോജനപ്പെടുത്തണം. പുതുതായി സംരംഭങ്ങൾ ആരംഭിക്കാൻ സാധ്യതയുള്ളവർക്ക് ആവശ്യമായ പിന്തുണ ഉറപ്പാക്കണം. താരതമ്യേന പ്രായമുള്ളവർ, ദുർബലർ, ശാരീരികവും മാനസികവുമായ വെല്ലുവിളികൾ നേരിടുന്നവർ, ഭിന്നശേഷിക്കാർ മുതലായവർക്കുള്ള ഉപജീവന പ്രവർത്തനങ്ങൾ തയ്യാറാക്കുന്നതിന് പ്രത്യേക പരിശീലനം സിദ്ധിച്ചവരെ ഉൾപ്പെടുത്തി ടീമുകളെ സജ്ജമാക്കണം. ഉപജീവന പദ്ധതികളുടെ പുരോഗതി ജനകീയ സമിതികൾ നിരീക്ഷിക്കണം. എല്ലാ വകുപ്പുകളും നടപ്പിലാക്കുന്ന ക്ഷേമപദ്ധതികളിൽ അതിദരിദ്ര ഗുണഭോക്താക്കൾക്ക് മുൻഗണന നൽകണം. ഓരോ തദ്ദേശ സ്വയംഭരണ സ്ഥാപനത്തിലും വീടില്ലാത്ത അതിദരിദ്രർക്ക് വീട് ലഭ്യമാക്കുന്നതിന് പ്രത്യേക പദ്ധതി ആവിഷ്‌കരിക്കണം.

ഓരോ തദ്ദേശ സ്വയംഭരണ സ്ഥാപനത്തിലും അതിദരിദ്രരെ പിന്തുണയ്ക്കാൻ കെയർ ഫണ്ട് എന്ന ആശയം മാർഗരേഖയിൽ നിർദ്ദേശിച്ചിരുന്നു. സിഎസ്ആർ ഫണ്ട്, പ്രവാസി സംഘടനകൾ മറ്റ് സ്ഥാപനങ്ങൾ എന്നിവയുടെ സഹായവും സ്‌പോൺസർഷിപ്പും പ്രയോജനപ്പെടുത്തിയുള്ള വിഭവ സമാഹരണമാണ് ലക്ഷ്യമിട്ടത്. ഈ ആശയം ഫലപ്രദമായി നടപ്പിലാക്കണമെന്ന് മുഖ്യമന്ത്രി നിർദ്ദേശിച്ചു.

ബെംഗളൂരു: മുൻ കേന്ദ്ര വിദേശ കാര്യമന്ത്രിയും കർണാടക മുൻ മുഖ്യമന്ത്രിയുമായിരുന്ന എസ് എം കൃഷ്ണ അന്തരിച്ചു. 93 വയസായിരുന്നു. ഇന്ന് പുലർച്ചെ 2.45-ന് ബംഗളൂരുവിലെ വസതിയിലായിരുന്നു അന്ത്യം. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് വിശ്രമ ജീവിതം നയിക്കുകായിരുന്നു അദ്ദേഹം.

2009 മുതൽ 2012 വരെ യുപിഎ സർക്കാരിൽ വിദേശകാര്യമന്ത്രിയായിരുന്ന അദ്ദേഹം. 1999 മുതൽ 2004 വരെ കർണാടക മുഖ്യമന്ത്രിയായിരുന്നു. 2017-ൽ കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്നിരുന്നു. 1962-ൽ പ്രജാ സോഷ്യലിസ്റ്റ് പാർട്ടിയിലൂടെ രാഷ്ട്രീയത്തിലേക്ക് പ്രവേശിച്ച അദ്ദേഹം അറിയപ്പെടുന്ന നിയമജ്ഞനായിരുന്നു.

2004-ൽ മുഖ്യമന്ത്രി പദം ഒഴിഞ്ഞ ശേഷം അദ്ദേഹം മഹാരാഷ്ട്ര ഗവർണറായി. സജീവ രാഷ്ട്രീയത്തിലേക്ക് മടങ്ങാൻ ആഗ്രഹിച്ച അദ്ദേഹത്തിന് രണ്ടാം യുപിഎ സർക്കാരിൽ മൻമോഹൻ സിംഗ് വിദേശകാര്യ മന്ത്രി പദവി നൽകി. എന്നാൽ 2012-ൽ അദ്ദേഹത്തോട് കോൺഗ്രസ് ആ പദവി ഒഴിയാൻ നിർദേശിച്ചത് കൃഷ്ണയ്ക്ക് കടുത്ത അതൃപ്തിയുണ്ടാക്കി. പിന്നീട് പാർട്ടിയുമായി അകന്ന അദ്ദേഹം 2017-ൽ ബിജെപിയിൽ ചേർന്നു. 2021-ൽ രാഷ്ട്രീയത്തിൽ നിന്ന് വിരമിച്ച അദ്ദേഹം വിശ്രമജീവിതത്തിലായിരുന്നു.

ശബരിമല തീർത്ഥാടകർക്ക് സുരക്ഷിതവും തടസരഹിതവുമായ യാത്ര ഉറപ്പാക്കാൻ പത്തനംതിട്ട ജില്ലാ ഭരണകൂടം തയ്യാറാക്കിയ സ്വാമി ചാറ്റ്ബോട്ട് വഴികാട്ടിയാകുന്നു. തീർത്ഥാടന അനുഭവം വർദ്ധിപ്പിക്കുന്നതിനായി രൂപകൽപ്പന ചെയ്ത വാട്ട്സ്ആപ്പ് അധിഷ്ഠിത വെർച്വൽ അസിസ്റ്റന്റാണിത്. തത്സമയ വിവരങ്ങളും തൽക്ഷണ പിന്തുണയും നൽകുന്നതിനായി ആരംഭിച്ച ചാറ്റ്‌ബോട്ട് ആറ് വ്യത്യസ്ത ഭാഷകളിൽ ലഭ്യമാണ്.

വിവിധ പ്രദേശങ്ങളിൽ നിന്നുള്ളവർക്ക് അനായാസം ഉപയോഗിക്കാനാകും. തീർത്ഥാടകർ 6238008000 എന്ന വാട്ട്സ്ആപ്പ് നമ്പറിലേക്ക് ‘ഹായ്’ അയച്ച് ഇഷ്ടമുള്ള ഭാഷ. ഭക്ഷണ ചാർട്ടുകൾ, കെഎസ്ആർടിസി ബസ് സമയങ്ങൾ, കാലാവസ്ഥാ അപ്ഡേറ്റുകൾ, ക്ഷേത്ര സേവനങ്ങൾ, താമസ ബുക്കിംഗ് തുടങ്ങിയവ സേവനങ്ങളിൽ നിന്ന് തിരഞ്ഞെടുക്കാനാകും. ചാറ്റ്‌ബോട്ട് ഇവയ്ക്ക് തത്സമയ പ്രതികരണങ്ങൾ നൽകുകയും ഉപയോക്താക്കൾക്ക് അവരുടെ ചോദ്യങ്ങൾ പരിഹരിക്കുന്നതിന് ഘട്ടം ഘട്ടമായി വഴികാട്ടുകയും ചെയ്യും. തമിഴ്നാട്ടിൽ നിന്നുള്ള ഏറ്റവും കൂടുതൽ ഉപയോക്താക്കളുമായി മൂന്നാഴ്ചയ്ക്കുള്ളിൽ ഒരു ലക്ഷത്തിലധികം ഉപയോക്താക്കൾക്ക് സേവനം നൽകി. ഈ വെർച്വൽ അസിസ്റ്റന്റ് രണ്ടായിരത്തി ഇരുന്നൂറിലധികം എമർജൻസികൾ കാര്യക്ഷമമായി കൈകാര്യം ചെയ്തിട്ടുണ്ട്. കാണാതായ വ്യക്തികൾ, മെഡിക്കൽ അത്യാഹിതങ്ങൾ, വാഹന തകരാർ തുടങ്ങിയ അത്യാഹിതങ്ങൾ കൈകാര്യം ചെയ്യാൻ ചാറ്റ്ബോട്ടിന് കഴിഞ്ഞു.

കെഎസ്ആർടിസി ബസ് സമയവും ഭക്ഷണ ചാർട്ടുമാണ് ഇതിനോടകം കൂടുതലായി ഉപയോഗിക്കപ്പെട്ട ഓപ്ഷനുകൾ. മഴ കണക്കിലെടുത്ത് തീർഥാടകർക്ക് സുരക്ഷിതമായ യാത്ര ഉറപ്പാക്കുന്നതിന് ചാറ്റ്‌ബോട്ടിലെ പുതിയ ഫീച്ചറായി കാലാവസ്ഥാ അപ്‌ഡേറ്റുകൾ നൽകിയിട്ടുണ്ട്. എല്ലാവർക്കും സുരക്ഷിതവും കൂടുതൽ സൗകര്യപ്രദവുമായ തീർഥാടന അനുഭവം ഉറപ്പാക്കിക്കൊണ്ട് പൊതുസേവനം മെച്ചപ്പെടുത്തുന്നതിന് സാങ്കേതിക വിദ്യ പ്രയോജനപ്പെടുത്തുന്നതിനുള്ള ജില്ലാ ഭരണകൂടത്തിന്റെ പ്രതിബദ്ധതയാണ് സ്വാമി ചാറ്റ്ബോട്ട് ഉയർത്തിക്കാട്ടുന്നത്.