കൊച്ചി: ആലപ്പുഴ ജില്ലയിലെ തുറവൂർ മഹാദേവ ക്ഷേത്രത്തിൽ ഫ്‌ളക്സ് ബോർഡ് വച്ചതിനെതിരെ വിമർശനം ഉന്നയിച്ച് ഹൈക്കോടതി. മുഖ്യമന്ത്രി, തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് തുടങ്ങിയവരുടെ ഫോട്ടോ പതിച്ച് ഫ്‌ളക്സ് അടിച്ചത് എന്തിനാണെന്നാണ് ഹൈക്കോടതി ദേവസ്വം ബെഞ്ച് ചോദിക്കുന്നത്. ദേവസ്വം ബോർഡ് പ്രസിഡന്റ് ക്ഷേത്രങ്ങളുടെ ചുമതലക്കാരനും ട്രസ്റ്റിയുമാണെന്നും അല്ലാതെ ഉടമസ്ഥനല്ലെന്നും കോടതി ചൂണ്ടിക്കാട്ടി.
ഭഗവാനെ കാണാനാണ് ഭക്തർ ക്ഷേത്രത്തിൽ വരുന്നത്. അല്ലാതെ അഭിവാദ്യമർപ്പിച്ച ഫ്‌ളക്സ് കാണാനല്ല. ഉത്തരവാദിത്തപ്പെട്ടവർ ഫ്‌ളക്സ് എന്തുകൊണ്ട് അവിടെ നിന്ന് എടുത്തുമാറ്റിയില്ലെന്ന് കോടതി ചോദിക്കുന്നു. ശബരിമല ഇടത്താവളമായ ക്ഷേത്രത്തിൽ ഇത്തരത്തിൽ ഫ്‌ളക്സ് അടിച്ച് വെച്ചത് അനുവദിക്കാനാകില്ല. ഫ്‌ളക്സിന് മുടക്കുന്ന കാശ് അന്നദാനത്തിന് മുടക്കിയാൽ അയ്യപ്പഭക്തർക്ക് കൂടുതൽ പ്രയോജനപ്പെടുമെന്നും കോടതി കൂട്ടിച്ചേർത്തു.
