Latest News (Page 50)

മൃഗസംരക്ഷണ വകുപ്പുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങൾ ചർച്ച ചെയ്യുന്നതിനായി മന്ത്രി ജെ. ചിഞ്ചുറാണി മൃഗസംരക്ഷണ വകുപ്പ് കേന്ദ്ര സെക്രട്ടറി അൽക്ക ഉപാദ്ധ്യായയുമായി കൂടിക്കാഴ്ച നടത്തി. എറണാകുളം മരടിൽ സ്ഥിതി ചെയ്യുന്ന മൃഗസംരക്ഷണ വകുപ്പിന്റെ കീഴിലുള്ള ഭക്ഷ്യ കാർഷിക ഉത്പന്നങ്ങളുടെ പരിശോധന നടത്തുന്ന SLMAP (State Laboratory For Marine Agricultural Products) ലാബിനെ ഉന്നത നിലവാരത്തിൽ എത്തിക്കുന്നതിന് ആവശ്യമായ ഫണ്ട് അനുവദിക്കുന്നതിന് ആവശ്യപ്പെട്ടുകൊണ്ടും കേരളത്തിലെ പക്ഷിപ്പനി നിയന്ത്രണത്തിന്റെ ഭാഗമായി നിലവിൽ കേന്ദ്രസർക്കാർ ആക്ഷൻ പ്ലാൻ അനുസരിച്ച് വകുപ്പ് കൈകൊണ്ടിട്ടുള്ള നടപടികൾ നേരിട്ട് വിലയിരുത്തി നിർദേശങ്ങൾ നൽകുന്നതിനും കേന്ദ്ര സെക്രട്ടറിയുടെ നേതൃത്വത്തിൽ ഒരു ടീം പക്ഷിപ്പനി ബാധിത പ്രദേശങ്ങൾ സന്ദർശിക്കണം എന്നീ ആവശ്യങ്ങളാണ് പ്രധാനമായും ഉന്നയിച്ചത്. കൂടാതെ സംസ്ഥാനത്ത് മികച്ച ഇനം പശുക്കളെ സൃഷ്ടിക്കുന്നതിനായി ഉന്നത ഗുണനിലവാരമുള്ള ഹോഴ്‌സിയൻ ഫ്രീഷ്യൻ, ജേഴ്‌സി തുടങ്ങിയ ഏറ്റവും മികച്ച ഇനം കാളകളുടെ ബീജം സംസ്ഥാനത്തിന് ലഭ്യമാക്കണം എന്ന ആവശ്യവും മന്ത്രി ഉന്നയിച്ചു.

രാഷ്ട്രീയ ഗോകുൽ മിഷൻ പദ്ധതിയിൽ ഉൾപ്പെടുത്തി കേരളത്തിലെ കൃത്രിമ ബീജദാന പ്രവർത്തനം മെച്ചപ്പെടുത്തുന്നതിനായി നിലവിൽ സമർപ്പിച്ചിട്ടുള്ള 47 കോടി രൂപയുടെ പദ്ധതി അംഗീകരിക്കണമെന്ന ആവശ്യവും കേന്ദ്ര സെക്രട്ടറിയുടെ ശ്രദ്ധയിൽപ്പെടുത്തി. കേന്ദ്രസർക്കാരിന്റെ ‘ഭാരത് പശുധൻ’ പോർട്ടലിൽ എൻട്രി വരുത്തുന്നതുമായി ബന്ധപ്പെട്ട വിഷയങ്ങൾ, ബ്രൂസല്ല പ്രതിരോധ കുത്തിവെപ്പ് നടത്തുന്നതിന് ആവശ്യമായ ലോജിസ്റ്റിക്കുകൾ ലഭ്യമാക്കുന്നതിനുള്ള ഫണ്ട് അനുവദിക്കുക, ഇന്റഗ്രേറ്റഡ് സാമ്പിൾ സർവ്വേ നടത്തിയതുമായി ബന്ധപ്പെട്ട് വർഷങ്ങളായി ലഭിക്കാതിരുന്ന വകുപ്പിന് ലഭിക്കേണ്ട കുടിശ്ശിക തുക അനുവദിക്കുക, കഴിഞ്ഞ തവണത്തെ കന്നുകാലി സെൻസസ് നടത്തിയത് മൂലം എന്യൂമറേറ്റർമാർക്ക് നൽകുവാനുള്ള ബാക്കി തുക അനുവദിക്കുക തുടങ്ങിയ വിഷയങ്ങളും മന്ത്രി കേന്ദ്ര സെക്രട്ടറിയുടെ ശ്രദ്ധയിൽപ്പെടുത്തി.

മന്ത്രിയുടെ അഭ്യർത്ഥനമാനിച്ച് പക്ഷിപ്പനിയുമായി ബന്ധപ്പെട്ട ഒരു അടിയന്തര യോഗം കേന്ദ്ര സെക്രട്ടറിയുടെ നേതൃത്വത്തിൽ നടത്തുമെന്നും കേരളത്തിലെ പക്ഷിപ്പനി ബാധിത പ്രദേശങ്ങൾ സന്ദർശിക്കുമെന്നും ഉറപ്പുനൽകി. 2021 ലെ കന്നുകാലി സെൻസസ് നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട സങ്കീർണതകൾ ഉടനടി പരിഹരിക്കാമെന്നും കഴിഞ്ഞ സെൻസസിന്റെ കുടിശിക തുക അനുവദിക്കാമെന്നും കേന്ദ്ര സെക്രട്ടറി അറിയിച്ചു. 10 വർഷമായി ലഭിക്കുവാനുള്ള സാമ്പിൾ സർവ്വേ കുടിശ്ശിക തുക നൽകുന്ന വിഷയം പരിശോധിച്ച് ആവശ്യമായ നടപടി എത്രയും വേഗം കൈക്കൊള്ളുന്നതുമാണെന്നും കേന്ദ്ര സെക്രട്ടറി അറിയിച്ചു.

മൃഗസംരക്ഷണ വകുപ്പിന്റെ SLMAP എന്ന സ്ഥാപനത്തെ ദേശീയ നിലവാരത്തിലുള്ള ഒരു മികച്ച സ്ഥാപനമാക്കി മാറ്റുന്നതിന് ആവശ്യമായ ഫണ്ട് കേന്ദ്ര സർക്കാരിന്റെ അസ്‌കാഡ് പദ്ധതിയിൽ ഉൾപ്പെടുത്തി അനുവദിക്കാമെന്നും ഉറപ്പുനൽകി.

ഭവനരഹിതരും ഭൂരഹിതരും  ഇല്ലാത്ത സംസ്ഥാനമാക്കി കേരളത്തെ മാറ്റുകയാണ് സർക്കാരിൻ്റെ  ലക്ഷ്യമെന്ന് റവന്യൂ മന്ത്രി
മന്ത്രി കെ. രാജന്‍ പറഞ്ഞു. പട്ടയം സംബന്ധിച്ച പ്രശ്നങ്ങൾ ഒന്നൊന്നായി പരിഹരിച്ചു വരികയാണ്.

കടമക്കുടി സ്മാര്‍ട്ട് വില്ലേജ് ഓഫീസിന്റെ ഉദ്ഘാടനം  നിര്‍വഹിക്കുകയായിരുന്നു മന്ത്രി. 

കേരളത്തില്‍ ഉടനീളം നടന്ന റവന്യൂ അസംബ്ലികളിലൂടെ ഭൂരഹിതരില്ലാത്ത കേരളം എന്ന ആശയത്തെ പ്രഖ്യാപനത്തില്‍ ഒതുക്കാതെ പ്രാവർത്തികമാക്കുകയാണ്. സാധാരണക്കാർക്ക് അനുകൂലമാകുന്ന രീതിയിൽ നിയമങ്ങൾ മാറണം ചെകുത്താനെ കുരിശ് കാണിച്ച് പേടിപ്പിക്കുന്ന പോലെ  നിയമവും ചട്ടവും കാണിച്ച് ജനങ്ങളെ ഭയപ്പെടുത്തരുത്. ജനകീയമായി പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഉദ്യോഗസ്ഥര്‍ ശ്രമിക്കണം – മന്ത്രി പറഞ്ഞു.

നെല്‍വയല്‍ തണ്ണീര്‍ത്തട നിയമത്തിലെ ഭേദഗതി സാധാരണക്കാരന് വേണ്ടിയാണ് . ഫോം നമ്പര്‍ ഒന്ന് പ്രകാരം കൃഷിഭൂമി ആണെങ്കില്‍ പോലും തരം മാറ്റാതെ അഞ്ച് സെന്റ് സ്ഥലത്ത്  1200 സ്‌ക്വയര്‍ഫീറ്റ് വലുപ്പമുള്ള വീടുകള്‍ നിര്‍മ്മിക്കുന്നതിന് അനുമതി ലഭിക്കും. ഡാറ്റ ബാങ്കില്‍ പെടാത്ത ഭൂമിയില്‍ പഞ്ചായത്ത് സെക്രട്ടറിക്ക് ലൈസന്‍സ് കൊടുത്ത് നമ്പര്‍ ഇട്ട് നല്‍കുവാന്‍ അധികാരമുണ്ട്. ഇതുപ്രകാരം ആയിരക്കണക്കിന് അപേക്ഷകളില്‍ പരാതി പരിഹരിക്കാനാകും. 

ഡിജിറ്റല്‍ റീസര്‍വേ പൂര്‍ത്തീകരിക്കുന്നതോടെ ഭൂമിയുമായി ബന്ധപ്പെട്ട എല്ലാ തര്‍ക്കങ്ങളും അവസാനിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഡിജിറ്റൽവൽക്കരണം പൂർത്തിയാകുന്നതോടെ ഫയൽ തീർപ്പിലെ കാലതാമസം ഒഴിവാകും. സേവനങ്ങൾ ഓൺലൈനിൽ ലഭ്യമാകും

റവന്യൂ വകുപ്പിന്റെ ഓഫീസുകളില്‍ ഡിജിറ്റൽ സംവിധാനങ്ങള്‍ ഒരുങ്ങി കഴിഞ്ഞു. ഭൂമിയുടെ രേഖയുമായി ബന്ധപ്പെട്ട വിവരങ്ങൾ പ്രോപ്പർട്ടി കാർഡിലേക്ക് ഒതുക്കുന്ന സംവിധാനത്തിലേക്കാണ് കേരളം കുതിക്കുന്നത്.

മുനമ്പം ഭൂവിഷയത്തില്‍ ഉടമസ്ഥത സംബന്ധിച്ച് ശാശ്വത പരിഹാരം കണ്ടെത്തി, സര്‍ക്കാര്‍ സ്വീകരിക്കേണ്ട നടപടികള്‍ ശുപാര്‍ശ ചെയ്യാന്‍ കമ്മീഷന്‍ ഓഫ് എന്‍ക്വയറീസ് ആക്ട് പ്രകാരം നിയോഗിക്കപ്പെട്ട ഹൈക്കോടതി മുന്‍ ആക്ടിംഗ് ചീഫ് ജസ്റ്റിസ് സി എന്‍ രാമചന്ദ്രന്‍ നായര്‍ കമ്മീഷൻ പ്രവർത്തനം തുടങ്ങിയിട്ടുണ്ട്. ഇക്കാര്യത്തിൽ കെ.എൻ ഉണ്ണികൃഷ്ണന്‍ എം എല്‍ എ മാതൃകാപരമായ ഇടപെടലുകളാണ് നടത്തിയിട്ടുള്ളതെന്നും മന്ത്രി പറഞ്ഞു.

വനം വകുപ്പ് ജീവനക്കാരുടെ സേവനം കാര്യക്ഷമമാക്കുന്നതിന് അവർക്ക് മെച്ചപ്പെട്ട ജീവിത സാഹചര്യങ്ങൾ ഉറപ്പാക്കേണ്ടത് അനിവാര്യമാണെന്ന് മന്ത്രി എ.കെ. ശശീന്രൻ. മലയാറ്റൂർ ഡിവിഷൻ്റെ കീഴിൽ കോടനാട് വനം വകുപ്പ് ഉദ്യോഗസ്ഥർക്കായുള്ള ക്വാർട്ടേഴ്സിൻ്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി.

വന്യജീവി ആക്രമണവും  തുടർന്നുള്ള കൃഷിനാശവും ജീവഹാനിയും ഇന്ന് വലിയ പ്രശ്നമായി ഉയർന്നുവന്നിട്ടുണ്ട്. ഈ പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിന് വിവിധ തലങ്ങളിലുള്ള കർമ്മ പദ്ധതികൾ ആവിഷ്കരിച്ച് നടപ്പാക്കണം. ഇതിൻ്റെ ഭാഗമായാണ് വനമേഖലയിൽ പ്രതിരോധ പ്രവർത്തനങ്ങൾ ഏർപ്പെടുത്തുക, വനത്തിനകത്ത് ശുദ്ധജലവും ഭക്ഷണോപാധികളും ലഭ്യമാക്കുക, അധിനിവേശ സസ്യങ്ങൾ ഇല്ലാതാക്കുക, ജീവനക്കാർക്ക് മതിയായ സംരക്ഷണവും ആരോഗ്യകരമായ ജീവിത സാഹചര്യവും ഉറപ്പാക്കുക തുടങ്ങിയ പരിപാടികൾ ആവിഷ്കരിക്കുന്നത്. ഇതുവഴി ജീവനക്കാർക്ക് മികച്ച സേവനം ജനങ്ങൾക്ക് നൽകാനാകുമെന്നാണ് പ്രതീക്ഷ. 

വന്യജീവികളോട് ഏറ്റുമുട്ടി വിശ്രമരഹിതമായ ജീവിതം നയിക്കുന്ന വനം വകുപ്പ് ജീവനക്കാർക്ക് തങ്ങളുടെ ജോലി ആത്മാർഥമായും സത്യസന്ധമായും നിർവഹിക്കുന്നതിനുള്ള സാഹചര്യ മൊരുക്കേണ്ടത് അനിവാര്യമാണ്. സംതൃപ്തമായ സാഹചര്യത്തിലൂടെ മാത്രമേ ജീവനക്കാരുടെ പ്രവർത്തനം കാര്യക്ഷമമായി നിർവഹിക്കാൻ കഴിയൂ എന്നും മന്ത്രി പറഞ്ഞു.

ആരോഗ്യ വനിത ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോർജ് ശിശുക്ഷേമ സമിതി സന്ദർശിച്ചു. ആയ ഉപദ്രവമേൽപ്പിച്ച കുഞ്ഞിനേയും മറ്റ് കുട്ടികളേയും കണ്ട് ശിശുക്ഷേമ സമിതിയുടെ പ്രവർത്തനം നേരിട്ട് വിലയിരുത്തി.

ശിശുക്ഷേമ സമിതിയിലെ മുഴുവൻ ആയമാരുടേയും പ്രവർത്തനവും സേവന അഭിരുചിയും വിലയിരുത്തുമെന്ന് മന്ത്രി വീണാ ജോർജ് പറഞ്ഞു. പല ഘട്ടങ്ങളിൽ ജോലിക്ക് കയറിയവരാണിവർ. സൈക്കോ സോഷ്യൽ അനാലിസിസ് നടത്തിയായിരിക്കും അവരെ നിലനിർത്തുക. മറ്റ് ചില തസ്തികകളെ പോലെ പോലീസ് വെരിഫിക്കേഷനും നടത്തും. കേവലം ഒരു ജോലിയല്ലിത്. മാതൃമനസോടെ കുഞ്ഞുങ്ങളെ നോക്കാൻ കഴിയുന്നവർക്കായിരിക്കും മുൻഗണന. പുതിയ നിയമനങ്ങളിലെല്ലാം ഈ തരത്തിലായിരിക്കും.

കുട്ടികൾക്ക് നേരെയുള്ള അതിക്രമം ഗൗരവത്തോടെയാണ് കാണുന്നത്. വനിത ശിശുവികസന വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി സംഭവത്തെപ്പറ്റി വിശദമായി അന്വേഷിച്ച് വരികയാണ്. അതിക്രമം ഒരു കാരണവശാലും അംഗീകരിക്കില്ല. കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി. ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി ജി.എൽ. അരുൺ ഗോപിയും മന്ത്രിയ്ക്കൊപ്പമുണ്ടായിരുന്നു.

കോഴിക്കോട് ജില്ലയിലെ വിലങ്ങാട്ടുണ്ടായ ഉരുൾപൊട്ടൽ ദുരന്തം അനുഭവിക്കുന്ന ദുരന്തബാധിതരുടെ പുനരധിവാസം വേഗത്തിലാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്ന്  റവന്യൂ മന്ത്രി കെ.രാജൻ പറഞ്ഞു. വിലങ്ങാട്ടെ പുനരധിവാസവുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്ത് ചേർന്ന ഉന്നതതല യോഗത്തിൽ അദ്ധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ചൂരൽമലയിലെ ദുരന്തബാധിതർക്കു നൽകുന്ന അതേ പരിഗണന വിലങ്ങാട്ടും നൽകുമെന്നും മന്ത്രി അറിയിച്ചു. ദുരന്ത ബാധിത പ്രദേശങ്ങളിൽ ഡ്രോൺ ഇമാജിനേഷൻ എന്ന സ്ഥാപനം മുഖേന ലിഡാർ സർവ്വെ നടത്തിയ റിപ്പോർട്ട് ഇതിനകം സമർപ്പിച്ചിട്ടുണ്ട്. ആ പ്രദേശങ്ങളിൽ കോഴിക്കോട് എൻ ഐ ടിയിലെ വിദഗ്ധ സംഘം പരിശോധന നടത്തി പ്രദേശങ്ങൾ വാസ യോഗ്യമാണോ എന്ന കാര്യത്തിൽ റിപ്പോർട്ട് തയ്യാറാക്കി ജനുവരിയിൽ കൈമാറുന്നതിന് നിർദ്ദേശം നൽകിയിട്ടുണ്ട്. 

ദുരന്ത പ്രദേശങ്ങളിൽ കൃഷി ചെയ്യാൻ സാധിക്കുന്ന വിളകളെ സംബന്ധിച്ച് പഠനം നടത്തി വിശദമായ റിപ്പോർട്ട് സമർപ്പിക്കുന്നതിന് കേരള കാർഷിക സർവ്വകലാശാലയിലെ വിദഗ്ധരടങ്ങുന്ന ഒരു പ്രത്യേക സംഘത്തെ നിയോഗിക്കുന്നതിന് യോഗം തീരുമാനിച്ചു. അതിനാവശ്യമായ നിർദേശം കൃഷി വകുപ്പ് മന്ത്രി നൽകി കഴിഞ്ഞു. ഉരുൾ പൊട്ടലിന്റെ ഫലമായി പുഴയിൽ അടിഞ്ഞു കൂടിയ എക്കലും മറ്റു അവശിഷ്ടങ്ങളും നീക്കം ചെയ്യുന്നതിനായി 2 കോടി രൂപ സംസ്ഥാന ദുരന്ത പ്രതികരണ നിധിയിൽ നിന്നും അനുവദിക്കും. ഇതിനായി മേജർ ഇറിഗേഷൻ റിപ്പോർട്ടും എസ്റ്റിമേറ്റും തയ്യാറാക്കി ജില്ലാ കളക്ടർ മുഖനേ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിക്ക് കൈമാറണം. ദുരന്തത്തിൽ തകർന്നവ പുനർ നിർമ്മിക്കുന്നതിനുള്ള 7 പ്രവൃത്തികൾക്കായി 49,60,000 രൂപ മൈനർ ഇറിഗേഷൻ എസ്റ്റിമേറ്റ് തയ്യാറാക്കി ചീഫ് എഞ്ചീനിയർ മുഖേന ജലവിഭവ വകുപ്പിന്റെ അഡീഷണൽ ചീഫ് സെക്രട്ടറി കണ്ട് റവന്യൂ ദുരന്തനിവാരണ പ്രിൻസിപ്പൽ സെക്രട്ടറിക്ക് കൈമാറുന്ന മുറയ്ക്ക് സംസ്ഥാന ദുരന്ത പ്രതികരണ നിധിയിൽ നിന്നും അനുവദിക്കുന്നതിനും യോഗം തീരുമാനിച്ചു. പുഴയുടെ തകർന്ന പാർശ്വ ഭിത്തികൾ പുനർ നിർമ്മിക്കുന്നതിന് 3,13,47,165 രൂപയാണ് എസ്റ്റിമേറ്റ് സമർപ്പിച്ചിരിക്കുന്നത്. അതിൽ കല്ലിന്റെ വിലയായി കണ്ടെത്തിയ 1,19,94,145 രൂപ ഒഴികെയുള്ള 1,93,53,020 രൂപ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി നടത്തണമെന്നും യോഗം തീരുമാനമെടുത്തു. ദുരന്ത ബാധിതരായി താത്കാലിക വാടക വീടുകളിൽ താമസിക്കുന്ന 92 കുടുംബങ്ങൾക്ക് നൽകുവാൻ തീരുമാനിച്ചിട്ടുള്ള 6000 രൂപ വീതം കൃത്യമായി ലഭിക്കുന്നു എന്നുള്ളത് ഉറപ്പു വരുത്തുമെന്നും റവന്യൂ മന്ത്രി പറഞ്ഞു. ജീവനോപാധി നഷ്ടപ്പെട്ടവർക്കായുള്ള ധനസഹായത്തിന്റെ ഭാഗമായി ഓരോ കുടംബത്തിലേയും മുതിർന്ന രണ്ട് പേർക്ക് നൽകുവാൻ തീരുമാനിച്ച 300 രൂപ ദിവസ വേതനം 90 ദിവസത്തേക്ക് പൂർണ്ണമായും ലഭ്യമാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കും.  ദുരന്ത ബാധിതരെ പുനരധിവസിപ്പിക്കുന്നതിനുള്ള നഷ്ടപരിഹാര തുക സർക്കാർ തീരുമാനിക്കുന്നതിന് അനുസരിച്ച് അതിവേഗം നടത്താനും അതുമായി ബന്ധപ്പെട്ട പുനരധിവാസ പ്രവർത്തനങ്ങൾ കളക്ടർ, എംഎൽഎ, തദ്ദേശ സ്വയംഭരണ സ്ഥാപന അധികാരികൾ എന്നിവർ ചേർന്ന്  തയ്യാറാക്കുന്നതിനും യോഗം നിർദേശം നൽകി.

ഉന്നതവിദ്യാഭ്യാസമേഖലയില്‍ കരിക്കുലം, വിദ്യാഭ്യാസനയങ്ങള്‍ എന്നിവയുടെ പരിഷ്‌കരണത്തിന് വിദഗ്ധസമിതികള്‍ നടത്തുന്ന ഇടപെടലുകളുടെയും നിര്‍ദേശങ്ങളുടെയും തുടര്‍ച്ചയായി സമഗ്രവും സമൂലവുമായ ദിശാമാറ്റം അനിവാര്യമെന്ന് മന്ത്രി ഡോ. ആര്‍ ബിന്ദു പറഞ്ഞു.
കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയില്‍ അന്താരാഷ്ട്ര വിദ്യാഭ്യാസ കോണ്‍ക്ലേവിന്റെ നടത്തിപ്പിനായി ചുമതലപ്പെടുത്തിയ കമ്മറ്റികളുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. 

തൊഴിലും വിദ്യാഭ്യാസവും തമ്മിലുള്ള വിടവ് നികത്തുന്നതിലും വിദ്യാര്‍ത്ഥികളുടെ സംരംഭകത്വ താല്‍പര്യങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിലും ഊന്നല്‍ നല്‍കുന്ന തരത്തില്‍ വിജ്ഞാനാധിഷ്ഠിതസമൂഹം കെട്ടിപ്പടുക്കുന്നതിന് സംസ്ഥാനത്തെ ഉന്നതവിദ്യാഭ്യാസസ്ഥാപനങ്ങള്‍ മാതൃകാപരമായ പ്രവര്‍ത്തനങ്ങളാണ് നടത്തുന്നത്. കേരള സംസ്ഥാന ഉന്നതവിദ്യാഭ്യാസ കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന ഷേപ്പിംഗ് കേരളാസ് ഫ്യൂചര്‍ – ഇന്റര്‍നാഷണല്‍ കോണ്‍ക്ലേവ് ഓണ്‍ നെക്സ്റ്റ്-ജെന്‍ ഹയര്‍ എജുക്കേഷന്‍ ജനുവരി 14, 15 തീയതികളിലായി കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയില്‍ നടത്തുവാനാണ് തീരുമാനിച്ചിട്ടുള്ളത്.ആഗോളതലത്തിലുള്ള മാറ്റങ്ങളുടെ ഗതിവേഗം ഉള്‍ക്കൊണ്ട് കൊണ്ട്  പ്രഖ്യാപിച്ച രാജ്യാന്തര കോണ്‍ക്ലേവ് സര്‍ക്കാരിന്റെ വിഷന്റെ കൂടി ഭാഗമാണെന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു.  

കേരളം ഇനി മസ്തിഷ്‌കനേട്ടത്തിന്റെയും റിവേഴ്സ് മൈഗ്രേഷന്റെയും കാലഘട്ടമാണ് കാണാന്‍ പോകുന്നതെന്ന് യോഗത്തിന്റെ മുഖ്യാതിഥിയായ നിയമ വകുപ്പ് മന്ത്രി പി. രാജീവ് പറഞ്ഞു. വ്യവസായമേഖല നേരിടുന്ന പ്രശ്നങ്ങള്‍ക്കുള്ള പരിഹാരം കാണുന്നത് ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളാണ്. ഗവേഷകരും, അക്കാദമികസമൂഹവും വ്യവസായവും ഒരുമിച്ച് പോകുന്ന ഒരു എക്കോസിസ്റ്റം ഉണ്ടാകേണ്ടത് അനിവാര്യമാണ്. മാറ്റങ്ങള്‍ കൊണ്ടുവരാനുള്ള നയരൂപീകരണത്തിനെ സ്വാധീനിക്കാനും വ്യവസായ, വിദ്യാഭ്യാസ മേഖലകളില്‍ മുന്നേറ്റങ്ങള്‍ കൊണ്ട് റിവേഴ്സ് മൈഗ്രേഷന്‍ സാധ്യമാക്കാനും ഇതുപോലുള്ള സമ്മേളനങ്ങള്‍ വലിയ പങ്കു വഹിക്കുമെന്നും മന്ത്രി രാജീവ് പറഞ്ഞു.

നൂതന സമീപനങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനും ഗവേഷണ, അക്കാദമിക പ്രവര്‍ത്തനങ്ങളിലെ മികവുകള്‍ പങ്കിടുന്നതിനും ലക്ഷ്യമിടുന്ന കോണ്‍ക്ലേവ് ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ വെല്ലുവിളികളെയും അവസരങ്ങളെയും അഭിസംബോധന ചെയ്യുന്ന  വേദിയാകും. കോണ്‍ക്ലേവിന്റെ രണ്ടു ദിവസങ്ങളിലായി കേരളത്തിന്റെ വിദ്യാഭ്യാസമേഖലയെക്കുറിച്ചുള്ള ആഗോളവീക്ഷണം, ഗവേഷണമികവ്, സാമ്പത്തിക സുസ്ഥിരത, നിര്‍മിതബുദ്ധി, നയരൂപീകരണത്തില്‍ ഗവേഷണങ്ങളുടെ പങ്ക്, തൊഴില്‍മേഖല, അധ്യാപനമേഖലയിലെ മാറ്റങ്ങള്‍, വിദ്യാര്‍ത്ഥി യൂണിയനുകളുടെ പ്രവര്‍ത്തനങ്ങള്‍ എന്നിവ ഉന്നതവിദ്യാഭ്യാസമേഖലയില്‍ ഉണ്ടാക്കുന്ന പ്രതിഫലനത്തെക്കുറിച്ച് പ്ലീനറി സെഷനുകളും പാരലല്‍ സെഷനുകളും നടക്കും. അന്താരാഷ്ട്ര വിദ്യാഭ്യാസ കോണ്‍ക്ലേവിന്റെ വിവിധ പ്രീ കോണ്‍ക്ലേവ് ഇവന്റുകള്‍ കൊച്ചിയിലെ മികവുറ്റ വിദ്യാഭ്യാസസ്ഥാപനങ്ങളില്‍ നടത്താനും യോഗത്തില്‍ നിര്‍ദേശമുയര്‍ന്നു.

എംഎല്‍എ മാരായ കെ ജെ മാക്‌സി, സി കെ ആശ,കേരള സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ മെമ്പര്‍ സെക്രട്ടറി ഡോ. രാജന്‍ വര്‍ഗ്ഗീസ്, കുസാറ്റ് വൈസ് ചാന്‍സലര്‍ ഡോ. എം. ജുനൈദ് ബുഷിരി, രജിസ്ട്രാര്‍ ഡോ. എ. യു അരുണ്‍, കെ ആര്‍ നാരായണന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വല്‍ സയന്‍സ് ആന്‍ഡ് ആര്‍ട്‌സ് ചെയര്‍മാന്‍ സയീദ് മിര്‍സ, വിവിധ സര്‍വകലാശാലകളിലെ വൈസ്ചാന്‌സലര്‍മാര്‍,  കോളേജ് അധ്യാപക സംഘടനാപ്രതിനിധികള്‍, കുസാറ്റ് സിന്‍ഡിക്കേറ്റ് അംഗങ്ങള്‍, വിവിധ വകുപ്പുമേധാവികള്‍, അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസ് പ്രതിനിധികള്‍ എന്നിവരും യോഗത്തില്‍ പങ്കെടുത്തു.

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ ഉടനടി രാജിവയ്ക്കണമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. ചെങ്ങന്നൂർ മുൻ എം എൽ എ കെ. കെ രാമചന്ദ്രന്റെ മകന്റെ നിയമനത്തിൽ സുപ്രീംകോടതി സംസ്ഥാന സർക്കാരിന്റെ അധികാരദുർവിനിയോഗവും സ്വജനപക്ഷപാതവും കണ്ടെത്തിയ സാഹചര്യത്തിൽ മുഖ്യമന്ത്രി രാജിവെയ്ക്കണമെന്നാണ് കെ സുധാകരൻ ആവശ്യപ്പെട്ടത്.

ഹൈക്കോടതി റദ്ദാക്കിയ നിയമനമാണ് സുപ്രീംകോടതിയും ശരിവച്ചത്. പരമോന്നത കോടതിയിൽ നിന്ന് വരെ തിരിച്ചടി കിട്ടിയ മുഖ്യമന്ത്രിക്ക് ഇനി അധികാരത്തിൽ തുടരാൻ അർഹതയില്ലെന്ന് സുധാകരൻ ചൂണ്ടിക്കാട്ടി. ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് 2017 ൽ അജണ്ടയ്ക്കു പുറത്തുള്ള വിഷയങ്ങളായി കൊണ്ടുവന്നാണ് മന്ത്രിസഭ മൂന്നു വിവാദ വിഷയങ്ങൾ പാസാക്കിയത്. കെകെ രാമചന്ദ്രൻ നായരുടെ കുടുംബത്തിന് സാമ്പത്തിക സഹായവും മകന് ജോലിയും, അന്തരിച്ച എൻസിപി നേതാവ് ഉഴവൂർ വിജയന്റെ കുടുംബത്തിന് 25 ലക്ഷം രൂപയുടെ സഹായം, കോടിയേരി ബാലകൃഷ്ണന് അകമ്പടി പോകുമ്പോൾ അന്തരിച്ച പോലീസുകാരൻ പ്രവീണിന്റെ കുടുംബത്തിന് 20 ലക്ഷം രൂപ സഹായം എന്നിവയാണവ. ആശ്രിത നിയമനം നടത്താൻ പ്രത്യേക അധികാരമുണ്ടെന്ന സർക്കാരിന്റെ അവകാശവാദമാണ് സുപ്രീംകോടതിയിൽ പൊളിഞ്ഞത്. സർക്കാർ ജീവനക്കാർക്കുള്ള അവകാശമാണ് ആശ്രിതനിയമനം. അത് പാർട്ടിക്കാർക്കും സ്വന്തക്കാർക്കും നല്കാൻ മന്ത്രിമാർക്ക് അധികാരമില്ലെന്ന് സുവ്യക്തമാണെന്ന് അദ്ദേഹം അറിയിച്ചു.

ഇതോടനുബന്ധിച്ച് ദുരിതാശ്വസനിധി ദുരുപയോഗം ചെയ്ത കേസുകൾ ഹൈക്കോടതിയുടെ പരിഗണനയിലാണ്. ലോകായുക്തയിൽ കേസുണ്ടായെങ്കിലും അവ തള്ളിക്കളഞ്ഞ് മുഖ്യമന്ത്രിയെ സംരക്ഷിച്ചു. സുപ്രീംകോടതി വിധി ലോകായുക്തയുടെ കണ്ണുതുറപ്പിക്കണം. സ്വജനപക്ഷപാതത്തിലൂടെയും ബന്ധുനിയമനത്തിലൂടെയും പിണറായി സർക്കാർ നിരവധി പാർട്ടിക്കാർക്കാണ് നിയമനം നല്കിയത്. സർവകലാശാലാ നിയമനങ്ങൾ ഏതാണ്ട് പൂർണമായും ഡിവൈഎഫ്ഐ നേതാക്കളുടെ ഭാര്യമാർക്കു നല്കി. മന്ത്രിമാരായ ഇപി ജയരാജൻ, കെടി ജലീൽ തുടങ്ങിയവർക്ക് ബന്ധുനിയമനത്തിന്റെ പേരിൽ രാജിവയ്ക്കേണ്ടി വന്നു. ഇതിനെല്ലാം ഒത്താശ നല്കുന്നത് മുഖ്യമന്ത്രിയാണെന്നും അതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ രാജി അനിവാര്യമാണെന്നും സുധാകരൻ കൂട്ടിച്ചേർത്തു.

തിരുവനന്തപുരം: കേരള സംസ്ഥാന ഐടി മിഷന്റെ പദ്ധതിയായ ഇ-ഡിസ്ട്രിക്ട് പോർട്ടലിലെ സേവനങ്ങൾ പ്രയോജനപ്പെടുത്തുന്നതിന് യൂസർ അക്കൗണ്ട് സൃഷ്ടിക്കുന്നതിന് ആധാർ അധിഷ്ടിത ഒ.ടി.പി. സംവിധാനം പ്രാബല്യത്തിലായി. നിലവിൽ യൂസർ അക്കൗണ്ട് തുറക്കുന്ന സമയം നൽകുന്ന മൊബൈൽ നമ്പറിലേക്കാണ് ഒടിപി ലഭിക്കുന്നത്. എന്നാൽ ഈ സംവിധാനം ദുരുപയോഗം ചെയ്യുന്നുവെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് ഉപഭോക്താവിന്റെ ആധാറുമായി ബന്ധിപ്പിച്ചിരിക്കുന്ന മൊബൈൽ നമ്പറിലേക്ക് മാത്രം ഒ.ടി.പി. നൽകാനുള്ള സംവിധാനം ഏർപ്പെടുത്തുന്നത്. യൂസർ അക്കൗണ്ട് ക്രിയേഷൻ, പുതിയ ആപ്ലിക്കന്റ് രജിസ്ട്രേഷൻ, നിലവിലെ രജിസ്ട്രേഷൻ തിരുത്തൽ, യൂസർ നെയിം റിക്കവറി, പാസ്വേഡ് റീസെറ്റ്, ഡ്യൂപ്ലിക്കേറ്റ് രജിസ്ട്രേഷൻ പരിശോധന എന്നീ ഘട്ടങ്ങളിൽ ഒ.ടി.പി. അനിവാര്യമാണ്. മൊബൈൽ നമ്പർ ആധാറുമായി ബന്ധിപ്പിച്ചിട്ടില്ലാത്ത ഉപഭോക്താക്കൾ ആധാറുമായി ബന്ധിപ്പിക്കണം. നിലവിൽ ‘ഇ-ഡിസ്ട്രിക്ട് പോർട്ടലിൽ അക്കൗണ്ട് ഉള്ളവർക്ക് ലോഗിൻ ചെയ്തതിന് ശേഷം പ്രൊഫൈൽ പേജിൽ ആധാർ നമ്പരുമായി ലിങ്ക് ചെയ്ത മൊബൈൽ നമ്പർ അപ്ഡേറ്റ് ചെയ്യാം.

സർക്കാർ സേവനങ്ങൾ, സർക്കാർ ഓഫീസുകൾ സന്ദർശിക്കാതെ ജനങ്ങൾക്ക് ഇന്റർനെറ്റ് മുഖേന നേരിട്ട് ലഭ്യമാക്കുവാനായി 2010-ൽ ആരംഭിച്ച പദ്ധതിയാണ് ‘ഇ-ഡിസ്ട്രിക്ട്’. റവന്യൂ വകുപ്പിന്റെ 23 ഇനം സർട്ടിഫിക്കറ്റ് സേവനങ്ങളും, വന്യജീവി ആക്രമണത്തിനാൽ ഉണ്ടാകുന്ന നഷ്ടപരിഹാരങ്ങൾക്കുള്ള ആറിനം അപേക്ഷകൾ വനം വകുപ്പിന് സമർപ്പിക്കാനുള്ള സേവനങ്ങളും, നേച്ചർ ക്യാമ്പ് റിസർവേഷൻ സേവനവും, പബ്ലിക് യൂട്ടിലിറ്റി ബില്ലുകളുടെ പെയ്‌മെന്റ് മുതലായ സേവനങ്ങളും ‘ഇ-ഡിസ്ട്രിക്ട്’ മുഖേന നൽകുന്നു. ഇതുവരെ 12 കോടിയിലധികം അപേക്ഷ ‘ഇ-ഡിസ്ട്രിക്ട് വഴി ലഭിച്ചു.

തിരുവനന്തപുരം: മൂന്ന് വർഷത്തെ അധ്യാപക സ്ഥിരനിയമനം റദ്ദാക്കുവാനോ, നിലവിൽ അംഗീകരിച്ച നിയമനങ്ങൾ പുനഃപരിശോധിക്കുവാനോ നിർദ്ദേശം നൽകിയിട്ടില്ലെന്ന് പൊതു വിദ്യാഭ്യാസ തൊഴിൽ വകുപ്പ് മന്ത്രി വി ശിവൻകുട്ടി. ഇത് സംബന്ധിച്ച് വന്ന വാർത്ത തെറ്റാണെന്നും മന്ത്രി വ്യക്തമാക്കി.

ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ റിട്ട് അപ്പീൽ 1445/2022 ഉൾപ്പെടെയുള്ള ഒരു കൂട്ടം ഹർജികളുടെ 13.03.2023 ലെ വിധിന്യായത്തിന്റെ അവസാന ഖണ്ഡികയിലെ നാലാമത്തെ അഡിഷണൽ നിർദ്ദേശ പ്രകാരം, 08.11.2021 ന് ശേഷം ഉണ്ടാകുന്ന ഒഴിവുകളിൽ 10.08.2022 ലെ wp© 11673/2022നം വിധി ന്യായത്തിലേയും റിട്ട് അപ്പീൽ 1445/2022 നം വിധിന്യായത്തിലേയും നിർദ്ദേശങ്ങൾ പാലിച്ചു കൊണ്ട് ഭിന്നശേഷി സംവരണം നടപ്പിലാക്കുന്നത് വരെ, എയ്ഡഡ് സ്‌കൂളുകളിൽ ദിവസ വേതന അടിസ്ഥാനത്തിൽ മാത്രമേ ബന്ധപ്പെട്ട മാനേജർമാർ നിയമനം നടത്താവൂ എന്ന് വ്യക്തമാക്കിയിട്ടുള്ളതാണ്. പ്രസ്തുത നിർദ്ദേശം പാലിക്കുന്നുണ്ട് എന്ന് ഉറപ്പാക്കാൻ സർക്കാർ പൊതു വിദ്യാഭ്യാസ ഡയറക്ടറോട് നിർദ്ദേശിച്ചിരുന്നു.

ആയതിന്റെ അടിസ്ഥാനത്തിൽ, ഹൈക്കോടതി വിധിന്യായങ്ങൾക്ക് വിരുദ്ധമായി സമർപ്പിക്കുന്ന നിയമന പ്രപ്പോസലുകൾ തിരികെ നൽകുന്നതിനും അവ വിധിന്യായം പാലിച്ച് സമർപ്പിക്കുമ്പോൾ അംഗീകരിക്കുന്നതിനും വിദ്യാഭ്യാസ ഓഫീസർമാർക്ക് നിർദ്ദേശം നൽകുക മാത്രമാണ് ഉണ്ടായിട്ടുള്ളത്.

പരസ്പര വിരുദ്ധമോ, അവ്യക്തമായതോ ആയ സർക്കുലറുകൾ എന്ന് പറയുന്നുണ്ടെങ്കിലും അവ ഏതെന്ന് പത്രവാർത്തയിൽ വ്യക്തമാക്കിയിട്ടില്ല. പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ കാര്യാലയത്തിൽ നിന്നും അപ്രകാരമുള്ള സർക്കുലറുകൾ നൽകിയിട്ടുമില്ല. എല്ലാ വിദ്യാഭ്യാസ ഓഫീസർമാർക്കും നിയമനാംഗീകാര നടപടികൾ കൂടുതൽ വേഗത്തിൽ പൂർത്തിയാക്കുന്നതിന് ആവശ്യമായ നിർദ്ദേശങ്ങൾ മാത്രമാണ് ഭിന്നശ്ശേഷി സംവരണവുമായി ബന്ധപ്പെട്ട് പുറപ്പെടുവിച്ചിട്ടുള്ളത് മന്ത്രി ചൂണ്ടിക്കാട്ടി.

തിരുവനന്തപുരം: കേരളത്തിലെ ആന്റി മൈക്രോബിയൽ റെസിസ്റ്റൻസ് (എഎംആർ) തോത് വിലയിരുത്താനും അതിനനുസരിച്ച് ആന്റി മൈക്രോബ്രിയൽ റെസിസ്റ്റൻസ് പ്രതിരോധിക്കാനും പ്രവർത്തനങ്ങൾ ക്രോഡീകരിക്കാനുമായി 2023ലെ ആന്റിബയോഗ്രാം (എഎംആർ സർവെയലൻസ് റിപ്പോർട്ട്) ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് പുറത്തിറക്കി. ആരോഗ്യ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ഡോ. രാജൻ ഖോബ്രഗഡെയാണ് മന്ത്രിക്ക് റിപ്പോർട്ട് കൈമാറിയത്. 2022ൽ ഈ സർക്കാരിന്റെ കാലത്താണ് രാജ്യത്ത് ആദ്യമായി 2021ലെ ആന്റി ബയോഗ്രാം പുറത്തിറക്കുന്നത്. ഇത് തുടർച്ചയായ മൂന്നാം തവണയാണ് കേരളം ചിട്ടയായ പ്രവർത്തനങ്ങളോടെ ആന്റിബയോഗ്രാം പുറത്തിറക്കുന്നത്. ലോക ആന്റിബയോട്ടിക് അവബോധ വാരാചരണത്തിന്റെ ഭാഗമായി ബഹുഭൂരിപക്ഷം പഞ്ചായത്തുകളിലുൾപ്പെടെ ശക്തമായ ബോധവത്ക്കരണ പ്രവർത്തനങ്ങളാണ് നടത്തിയത്. വീടുകളിൽ എത്തിയുള്ള ബോധവത്ക്കരണ പരിപാടിയിൽ മന്ത്രി വീണാ ജോർജ് നേരിട്ട് പങ്കാളിയായി.

കാർസ്നെറ്റ് ശൃംഖലയിൽ ഉൾപ്പെട്ട ത്രിതീയ ആരോഗ്യ കേന്ദ്രങ്ങളുടേതാണ് ഈ റിപ്പോർട്ട്. ആന്റിബയോട്ടിക്കുകളുടെ അമിത ഉപയോഗം മനസിലാക്കാനും അതിലൂടെ കർമ്മപദ്ധതി ആവിഷ്‌ക്കരിച്ച് അത് കുറയ്ക്കാനും ആന്റിബയോഗ്രാം റിപ്പോർട്ടിലൂടെ സാധിക്കുന്നു. സംസ്ഥാന ആന്റി ബയോഗ്രാം റിപ്പോർട്ടിൽ നിന്നും ആന്റിബയോട്ടിക് റെസിസ്റ്റൻസ് തോത് വലിയ ഭീഷണിയായി തന്നെ നിലനിൽക്കുന്നതായാണ് കാണുന്നത്.

കേരള ആന്റിമൈക്രോബിയൽ റെസിസ്റ്റൻസ് സ്ട്രാറ്റജിക് ആക്ഷൻ പ്ലാൻ (കാർസാപ്), കേരള ആന്റിമൈക്രോബിയൽ റെസിസ്റ്റൻസ് സർവൈലൻസ് നെറ്റ് വർക്ക് (കാർസ് നെറ്റ്) എന്നിവ രൂപീകരിച്ചാണ് എഎംആർ പ്രതിരോധം ശക്തമാക്കിയത്. എഎംആർ പ്രതിരോധം വിലയിരുത്തുന്നതിന് 9 ജില്ലകളിലെ 21 ലാബുകളിൽ നിന്നും 13 ജില്ലകളിളെ 51 ലാബുകളായി, ലബോറട്ടറികളുടെ ശൃംഖല ഘട്ടം ഘട്ടമായി വികസിച്ചു. ആന്റിമൈക്രോബിയൽ ഡാറ്റയുടെ ശേഖരണത്തിനും വിശകലനത്തിനും ഡബ്ല്യുഎച്ച്ഒ നെറ്റ് (WHONET) സോഫ്റ്റ് വെയറാണ് ഉപയോഗിക്കുന്നത്.

2023 ജനുവരി 1 മുതൽ ഡിസംബർ 31 വരെയുള്ള എഎംആർ ഡേറ്റയാണ് ഈ റിപ്പോർട്ടിൽ ഉൾക്കൊള്ളിച്ചിട്ടുള്ളത്. ഈ കാലയളവിൽ 11 ജില്ലകളിൽ നിന്നുള്ള 34 നിരീക്ഷണ ലബോറട്ടറികളാണ് ഡേറ്റ സമർപ്പിച്ചത്. 45,397 മുൻഗണനാ രോഗകാരികളുടെ ആന്റിമൈക്രോബയൽ സസെപ്റ്റിബിലിറ്റി (എ.എസ്.ടി.) സംവേദ്യത ഡേറ്റയും ഈ റിപ്പോർട്ടിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്. പ്രാഥമിക തലത്തിലും ദ്വിതീയ തലത്തിലുമുള്ള ആശുപത്രികളിലെ ആന്റിബയോഗ്രാം തയ്യാറാക്കുന്നതിനായി രാജ്യത്തിലാദ്യമായി ഹബ്ബ് ആന്റ് സ്പോക്ക് മോഡൽ ഫോർ എഎംആർ സർവൈലൻസ് കേരളം ആരംഭിച്ചിരുന്നു. രാജ്യത്ത് കേരളത്തിൽ മാത്രമേ ഈ നിരീക്ഷണ സംവിധാനമുള്ളൂ. അതിന്റെ അടിസ്ഥാനത്തിൽ രാജ്യത്ത് ആദ്യമായി എറണാകുളം ജില്ലയിലെ ആന്റിബയോഗ്രാം കേരളം പുറത്തിറക്കി. ജില്ലാതല ആന്റിബയോഗ്രാം അടിസ്ഥാനമാക്കി എറണാകുളം ജില്ലയുടെ ആന്റിബയോട്ടിക് മാർഗരേഖ ഇന്നലെ മന്ത്രി വീണാ ജോർജ് പ്രകാശനം ചെയ്തു. ശക്തമായ ഹബ്ബ് ആന്റ് സ്പോക്ക് എഎംആർ സർവൈലൻസിലൂടെ അടുത്ത വർഷത്തിൽ കേരളത്തിലെ എല്ലാ ജില്ലകളിലും ജില്ലാതല ആന്റിബയോഗ്രാം പുറത്തിറക്കും.

സമ്പൂർണ ആന്റിബയോട്ടിക് സാക്ഷരതയുള്ള സംസ്ഥാനമാക്കി മാറ്റുകയെന്ന ലക്ഷ്യത്തോടെയാണ് കേരളം പ്രവർത്തിക്കുന്നത്. എല്ലാ ജില്ലകളിലും ജില്ലാതല ആന്റിമൈക്രോബിയൽ റെസിസ്റ്റൻസ് കമ്മിറ്റികളും ബ്ലോക്ക് തല കമ്മിറ്റികളും രൂപീകരിച്ചിട്ടുണ്ട്. ഡോക്ടറുടെ പ്രിസ്‌ക്രിപ്ഷൻ ഇല്ലാതെ ആന്റിബയോട്ടിക്കുകൾ മെഡിക്കൽ സ്റ്റോറുകളിൽ വിൽക്കാൻ പാടില്ല എന്ന സർക്കാർ നിർദേശത്തിന്റെ ഫലമായി കേരളത്തിൽ ആന്റിബയോട്ടിക്കുകളുടെ ഉപയോഗത്തിൽ 20 മുതൽ 30 ശതമാനം വരെ ഈ വർഷം കുറവുണ്ടായി. എല്ലാ ആശുപത്രികളേയും ആന്റിബയോട്ടിക് സ്മാർട്ട് ആശുപത്രികളാക്കാനുള്ള പ്രവർത്തനങ്ങളാണ് നടന്നു വരുന്നത്.