Latest News (Page 48)

പാലക്കാട്: രേഖകളില്ലാതെ കടത്താൻ ശ്രമിച്ച ഒരു കോടി രൂപ പിടിച്ചെടുത്തു. വാളയാറിൽ നടന്ന പൊലീസ് പരിശോധനയിലാണ് സംഭവം. കിഴക്കഞ്ചേരി സ്വദേശിയും ബിജെപി പ്രാദേശിക നേതാവുമായ പ്രസാദ് സി നായരും ഡ്രൈവർ പ്രശാന്തും യാത്ര ചെയ്ത കാറിൽ നിന്നാണ് പണം പിടിച്ചത്.

ബംഗളൂരുവിൽ നിന്ന് ആലത്തൂരിലേക്ക് വരികയായിരുന്നു. വാളയാർ ടോൾ പ്ലാസയിൽ ഇന്നലെ രാത്രിയാണ് സംഭവം. രേഖകളൊന്നും ഇവർക്ക് ഹാജരാക്കാനായില്ലെന്നും പണം കോടതിക്ക് കൈമാറുമെന്നും വാളയാർ പൊലീസ് അറിയിച്ചു. പണം പിടികൂടിയതിന് പിന്നാലെ പ്രസാദിന്റെ കിഴക്കഞ്ചേരിയിലെ വീട്ടിൽ വടക്കഞ്ചേരി പൊലീസ് പരിശോധന നടത്തുകയും ചെയ്തു.

തിരുവനന്തപുരം: ഇന്ത്യയിലെ ബാങ്കുകളുടെ കിട്ടാക്കടം 4,50,670 കോടി രൂപയെന്ന് കേന്ദ്രധനമന്ത്രാലയം. ജോൺ ബ്രിട്ടാസ് എംപി രാജ്യസഭയിൽ ഉന്നയിച്ച ചോദ്യത്തിന് മറുപടിയായാണ് കേന്ദ്ര ധനസഹമന്ത്രി പങ്കജ് ചൗധരി കിട്ടാക്കടത്തിന്റെയും എഴുതി തള്ളിയ വായ്പകളുടെയും വിശദാംശങ്ങൾ നൽകിയത്.

സ്വകാര്യബാങ്കുകളിലെ കിട്ടാക്കടത്തിന്റെ ഇരട്ടിയോളം വരും പൊതുമേഖല ബാങ്കുകളിലെ കിട്ടാക്കടം. 30.09.2024ലെ കണക്കുപ്രകാരം പൊതുമേഖല ബാങ്കുകളിലെ കിട്ടാക്കടം 3,16,331 കോടി രൂപയും സ്വകാര്യബാങ്കുകളിലെ കിട്ടാക്കടം 1,34,339 കോടി രൂപയുമാണ്. നൽകിയ വായ്പയുടെ 1.86% ആണ് സ്വകാര്യബാങ്കുകളുടെ കിട്ടാക്കടമെങ്കിൽ പൊതുമേഖല ബാങ്കുകളുടെ കാര്യത്തിൽ ഇത് 3.09% ആണ്.

50 കോടി രൂപയിലേറെ വായ്പ എടുത്ത് ബോധപൂർവം തിരിച്ചടയ്ക്കാത്ത 580 സ്ഥാപനങ്ങളുടെ പട്ടിക റിസർവ് ബാങ്ക് തയ്യാറാക്കിയിട്ടുണ്ടെന്ന് പറഞ്ഞ കേന്ദ്രമന്ത്രി ഇത് സംബന്ധിച്ച് വിശദാംശങ്ങൾ പുറത്തുവിടാൻ തയ്യാറായില്ല. 2018-19 മുതൽ 11.45 ലക്ഷം കോടി രൂപ കിട്ടാക്കടമായി എഴുതിത്തള്ളി. ഇതിൽ 3.5 ലക്ഷം കോടി രൂപ മാത്രമാണ് തിരിച്ചുപിടിക്കാൻ കഴിഞ്ഞത്. ഏറ്റവും കൂടുതൽ വായ്പ എഴുതിത്തള്ളിയത് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയാണ്.

2015-16ൽ 15,955 കോടി രൂപയാണ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ എഴുതിത്തള്ളിയത്. എന്നാൽ 2018-19 ആയപ്പോഴേയ്ക്കും 58,905 കോടി രൂപയായി ഇത് ഉയർന്നു. പഞ്ചാബ് നാഷണൽ ബാങ്കും സമാനപാതയിലാണ്. 2014-15ൽ എഴുതിത്തള്ളിയ കിട്ടാക്കടം 5,996 കോടി രൂപയായിരുന്നത് 2023-24 ആയപ്പോഴേയ്ക്കും 18,317 കോടി രൂപയായി ഉയർന്നു.

കൊല്ലം: കരിങ്ങാലി വെള്ളകുപ്പി കാണുമ്പോൾ ബിയറാണെന്നു തോന്നുന്നവരുടെ മനോനില പരിശോധിക്കണമെന്ന് സിപിഎം വനിതാ നേതാവ് ചിന്ത ജോറോം. കൊല്ലം ജില്ലാ സമ്മേളനത്തിനിടെ പ്രചരിച്ച ചിത്രങ്ങൾക്ക് മറുപടി നൽകുകയായിരുന്നു ചിന്ത. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു ചിന്തയുടെ പ്രതികരണം. ഗ്രീൻ പ്രോട്ടോക്കോൾ പാലിച്ച്, ഹരിത രാഷ്ട്രീയത്തിന്റെ മാതൃകാ പാഠങ്ങൾ പകർത്തിയാണ് പാർട്ടിയുടെ സമ്മേളനങ്ങൾ വിഭാവനം ചെയ്തിരിക്കുന്നത്. അതിന്റെ ഭാഗമായാണ് പ്ലാസ്റ്റിക്ക് കുപ്പിവെള്ളം ഉപേക്ഷിച്ച് പുനരുപയോഗിക്കാൻ കഴിയുന്ന കുപ്പിയിൽ കരിങ്ങാലി കുടിവെള്ളം സമ്മേളന നഗരിയിൽ വിതരണം ചെയ്തത്. ഇതിന്റെ ചിത്രങ്ങൾ ബിയർ കുപ്പിയാണ് എന്ന മട്ടിലാണ് സോഷ്യൽ മീഡിയയിൽ ഇടതുപക്ഷ ‘ നന്നാക്കികൾ’ പ്രചരിപ്പിക്കുന്നതെന്ന് ചിന്ത ചൂണ്ടിക്കാട്ടി.

സത്യാനന്തര രാഷ്ട്രീയത്തിൽ എങ്ങനെയാണ് അസത്യങ്ങൾ പ്രചരിപ്പിക്കപ്പെടുന്നത് എന്നതിന്റെ സാക്ഷ്യമാണ് നിലവിലെ ബിയർ കുപ്പി പരിഹാസം. പുള്ളിപ്പുലിയുടെ പുള്ളികൾ ഒരിക്കലും മായില്ല എന്ന് ബോർഹസ് പറഞ്ഞതുപോലെ, രാഷ്ട്രീയ അന്ധത ബാധിച്ച ഇടതുപക്ഷ വിരുദ്ധർ – അസത്യ പ്രചാരകർ കള്ളങ്ങൾ തുടർന്നു കൊണ്ടേയിരിക്കും. അവർ എത്രയും വേഗം തങ്ങളുടെ മാനസിക നില പരിശോധിക്കാൻ തയ്യാറാവണമെന്നും ചിന്ത കൂട്ടിച്ചേർത്തു.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം:

സിപിഎം കൊല്ലം ജില്ലാ സമ്മേളനം വളരെ മാതൃകാപരമായ രീതിയിൽ ആണ് സംഘടിപ്പിപ്പെടുന്നതു. ഇത് മറച്ചുപിടിക്കുന്നതിന് കൂടിയാകാം ബോധപൂർവം അർത്ഥശൂന്യമായ ചില പരിഹാസങ്ങളും വിമർശനങ്ങളുമായി ഒരുകൂട്ടർ ഇറങ്ങി പുറപ്പെടുന്നത്. വരുംകാലത്തിന്റെ രാഷ്ട്രീയ ബോധ്യങ്ങളെയും സമര രൂപങ്ങളെയും നിർണയിക്കാനുള്ള പ്രധാനപ്പെട്ട ചർച്ചകളുടെ ഇടമാണ് പാർട്ടിയെ സംബന്ധിച്ച് ഓരോ സമ്മേളനവും. പ്രയോഗത്തിന്റെ പ്രത്യയശാസ്ത്ര രൂപമാണ് മാർക്‌സിസം.

ഗ്രീൻ പ്രോട്ടോക്കോൾ പാലിച്ച്, ഹരിത രാഷ്ട്രീയത്തിന്റെ മാതൃകാ പാഠങ്ങൾ പകർത്തിയാണ് പാർട്ടിയുടെ സമ്മേളനങ്ങൾ വിഭാവനം ചെയ്തിരിക്കുന്നത്. അതിന്റെ ഭാഗമായാണ് പ്ലാസ്റ്റിക്ക് കുപ്പിവെള്ളം ഉപേക്ഷിച്ച് പുനരുപയോഗിക്കാൻ കഴിയുന്ന കുപ്പിയിൽ കരിങ്ങാലി കുടിവെള്ളം സമ്മേളന നഗരിയിൽ വിതരണം ചെയ്തത്. ഇതിന്റെ ചിത്രങ്ങൾ ബിയർ കുപ്പിയാണ് എന്ന മട്ടിലാണ് സോഷ്യൽ മീഡിയയിൽ ഇടതുപക്ഷ ‘ നന്നാക്കികൾ’ പ്രചരിപ്പിക്കുന്നത്.

സത്യാനന്തര രാഷ്ട്രീയത്തിൽ എങ്ങനെയാണ് അസത്യങ്ങൾ പ്രചരിപ്പിക്കപ്പെടുന്നത് എന്നതിന്റെ സാക്ഷ്യമാണ് നിലവിലെ ബിയർ കുപ്പി പരിഹാസം. പുള്ളിപ്പുലിയുടെ പുള്ളികൾ ഒരിക്കലും മായില്ല എന്ന് ബോർഹസ് പറഞ്ഞതുപോലെ, രാഷ്ട്രീയ അന്ധത ബാധിച്ച ഇടതുപക്ഷ വിരുദ്ധർ – അസത്യ പ്രചാരകർ കള്ളങ്ങൾ തുടർന്നു കൊണ്ടേയിരിക്കും. അവർ എത്രയും വേഗം തങ്ങളുടെ മാനസിക നില പരിശോധിക്കാൻ തയ്യാറാവണം.

ന്യൂഡൽഹി: സ്ത്രീധന നിരോധന നിയമം ദുരുപയോഗം ചെയ്യുന്നതിൽ രൂക്ഷ വിമർശനവുമായി സുപ്രീം കോടതി. വ്യക്തിപരമായ പകപോക്കലിന് നിയമം ഉപയോഗിക്കുന്നുവെന്നും ഭർത്താവിനും ഭർത്താവിന്റെ കുടുംബാംഗങ്ങൾക്ക് എതിരെ ഇതിലൂടെ കള്ള കേസുകൾ നൽകുന്നുവെന്നുമാണ് സുപ്രീം കോടതി ഉന്നയിക്കുന്ന വിമർശനം.

പ്രതികാരമായി നിയമം ഉപയോഗിക്കുന്നതിനെതിരെ ജാഗ്രത വേണം. സ്ത്രീകൾക്ക് നീതി ഉറപ്പാക്കാനാണ് നിയമം. അത് അനീതിക്കായി ഉപയോഗിക്കരത്. ജസ്റ്റിസ് ബി വി നാഗരത്‌ന അധ്യക്ഷയായ ബെഞ്ചാണ് ഇതുസംബന്ധിച്ച പരാമർശം നടത്തിയത്. ഗാർഹിക തർക്കങ്ങൾ സംബന്ധിയായ കേസിൽ രാജ്യത്ത് വലിയ രീതിയിലാണ് വർധിച്ചിരിക്കുന്നത്. എന്നാൽ വലിയ രീതിയിൽ നിയമം ദുരുപയോഗം ചെയ്യുന്നതായി കോടതിയുടെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഭർത്താവിനും ഭർതൃവീട്ടുകാർക്കും എതിരെയുള്ള വൈരാഗ്യം തീർക്കാനായി നിയമം ഉപയോഗിക്കരുത്.

കൃത്യമായ തെളിവുകൾ ഇല്ലാതെ വ്യാപകമായ രീതിയിൽ ഭർത്താവിന്റെ കുടുംബാംഗങ്ങൾക്കെതിരായ നിലയിൽ നിയമത്തിന്റെ സാധ്യതകൾ ഉപയോഗിക്കുന്നത് അനുവദിക്കാനാവില്ല. ഇത്തരം കേസുകൾ ശ്രദ്ധയിൽ വന്നാൽ തള്ളിക്കളയണമെന്നും കീഴ്‌ക്കോടതികളോട് സുപ്രീം കോടതി നിർദ്ദേശിച്ചു.

ശബരിമല: അയ്യപ്പസ്വാമിയുടെ സ്വർണ ലോക്കറ്റ് വിപണിയിലെത്തിക്കാൻ തിരുവിതാംകൂർ ദേവസ്വം ബോർഡ്. അയ്യപ്പസ്വാമിയുടെ ചിത്രം ആലേഖനം ചെയ്ത ലോക്കറ്റുകളാണ് വിപണിയിലെത്തിക്കാൻ തയാറാക്കുന്നത്. ഒരു ഗ്രാം, 2 ഗ്രാം, 4 ഗ്രാം, 6 ഗ്രാം, 8 ഗ്രാം വീതമുള്ള ലോക്കറ്റുകൾ വിൽപനയ്ക്ക് ഉണ്ടാകും.

താൽപര്യപത്രം ക്ഷണിച്ചപ്പോൾ പ്രമുഖ സ്വർണ വ്യാപാരശാലകൾ പങ്കെടുത്തു. ഇന്നു ചേരുന്ന ബോർഡ് യോഗം ലോക്കറ്റുകളുടെ നിർമാണവും വിതരണവും ഏതു സ്ഥാപനത്തെ ഏൽപിക്കണമെന്നു തീരുമാനിക്കും. മണ്ഡല കാലം കഴിയും മുൻപ് വിൽപന തുടങ്ങുമെന്നാണ് റിപ്പോർട്ടുകൾ. ഗുരുവായൂരപ്പന്റെ ലോക്കറ്റ് ഗുരുവായൂർ ദേവസ്വം ഇറക്കിയിട്ടുണ്ട്. അതേ മാതൃകയിലാണ് ശബരിമലയിലും ലോക്കറ്റ് ഒരുക്കുന്നത്.

തിരുവനന്തപുരം: സംരംഭകവർഷം പദ്ധതിയുടെ തുടർപ്രവർത്തനങ്ങളുടെ ഭാഗമായി വ്യവസായ വകുപ്പ് കേരളം മുഴുവൻ സംരംഭക സഭകൾ സംഘടിപ്പിക്കുന്നു. പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന് (ഡിസംബർ 11) വൈകിട്ട് 3.30 ന് കാട്ടാക്കട ആർ കെ എൻ ഹാളിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിക്കും. നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി പി രാജീവ് അധ്യക്ഷനാകും. മന്ത്രിമാരായ എം ബി രാജേഷ്, വി ശിവൻകുട്ടി, ജി ആർ അനിൽ എന്നിവർ മുഖ്യാതിഥികളാകും.

ജില്ലാ മണ്ഡലതല ഉദ്ഘാടനങ്ങളും സംഘടിപ്പിക്കും. കേരളത്തിലെ ഓരോ പഞ്ചായത്തിലും ശരാശരി 250ൽപരം സംരംഭങ്ങൾ സംരംഭക വർഷം പദ്ധതിയുടെ ഭാഗമായി രൂപീകരിച്ചിട്ടുണ്ട്. സംരംഭങ്ങൾക്ക് കൂടുതൽ ഉത്തേജനം പകരുവാൻ വേണ്ടി സംരംഭക വർഷം പദ്ധതിയുടെ ഭാഗമായി ഓരോ പഞ്ചായത്തിലും രൂപീകരിച്ച പുതിയ സംരംഭങ്ങളുടെയും അതിനു മുൻപ് മുതൽക്കേ പ്രവർത്തിച്ച് പോരുന്ന സംരംഭങ്ങളുടെയും പ്രതിനിധികളുടെ യോഗമാണ് ‘സംരംഭക സഭ’ എന്ന പേരിൽ നടത്തുക. വ്യവസായവുമായി ബന്ധപ്പെട്ട അനുമതികൾ നൽകുന്ന വിവിധ വകുപ്പുകളുടെ പ്രതിനിധികളും പങ്കെടുക്കുമെന്ന് സെക്രട്ടേറിയറ്റിലെ പിആർ ചേംബറിൽ നടന്ന വാർത്താ സമ്മേളനത്തിൽ മന്ത്രി പി രാജീവ് അറിയിച്ചു.

സംരംഭക വർഷം പദ്ധതിയിലൂടെ ഡിസംബർ 10 വരെ 3,35,780 സംരംഭങ്ങൾ ആരംഭിക്കുകയും 21,450 കോടിയുടെ നിക്ഷേപങ്ങൾ കടന്നുവരികയും 7,11,870 തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുകയും ചെയ്തിട്ടുണ്ട്. ഇന്ത്യയിൽ എം എസ് എം ഇ മേഖലയിലെ ബെസ്റ്റ് പ്രാക്റ്റീസ് അവാർഡും പദ്ധതി നേടിയിട്ടുണ്ട്. ഈ പദ്ധതിയുടെ ഭാഗമായി പുതിയ സംരംഭങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനായി വ്യവസായ വകുപ്പ് നിരവധി പ്രവർത്തനങ്ങൾ ഏറ്റെടുത്തിട്ടുണ്ട്. നാല് ശതമാനം പലിശനിരക്കിൽ വായ്പ ലഭിക്കുന്ന കേരള എന്റർപ്രൈസസ് ലോൺ സ്‌കീം, എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും എന്റർപ്രൈസ് ഡെവലപ്‌മെന്റ് എക്‌സിക്യൂട്ടീവുകൾ, ഹെൽപ് ഡെസ്‌കുകൾ, ജില്ലാതലത്തിൽ എം എസ് എം ഇ ക്ലിനിക്കുകൾ എന്നിവയെല്ലാം സംരംഭക വർഷത്തിന്റെ ഭാഗമായി കൊണ്ടുവന്ന പ്രവർത്തനങ്ങളാണ്.

സംരംഭക സഭയിലൂടെ ഓരോ പഞ്ചായത്തിലും നിലവിൽ പ്രവർത്തിക്കുന്ന സംരംഭങ്ങളുടെ ഒരു കൂട്ടായ്മ രൂപീകരിക്കും. ഒപ്പം സംരംഭകർക്ക് വ്യവസായ വകുപ്പിന്റെയും മറ്റു അനുബന്ധ വകുപ്പുകളുടെയും വിവിധ സംരംഭകത്വ പ്രോത്സാഹന പദ്ധതികളെയും സേവനങ്ങളെയും കുറിച്ചുള്ള ബോധവത്കരണം നടത്തുന്നതിനും ഈ വേദി ഉപയോഗിക്കും. സംരംഭകർക്കുള്ള വിവിധ ആവശ്യങ്ങൾ (ലോൺ/ ലൈസൻസ്/ സബ്സിഡി/ ഇൻഷുറൻസ് മുതലായവ) നിറവേറ്റുവാൻ വേണ്ടി പ്രാദേശിക ബാങ്കുകൾ, ഇൻഷുറൻസ് സേവന ദാതാക്കൾ എന്നിവരുമായി സഹകരിക്കുവാൻ എന്റർപ്രൈസ് ഡെവലപ്‌മെന്റ് എക്‌സിക്യൂട്ടീവുകളുടെ സേവനം ലഭ്യമാക്കുന്നതിനും സംരംഭകരിൽ നിന്നും പോളിസി നിർമാണ തലത്തിൽ ഉപയോഗിക്കാവുന്ന തരത്തിലുള്ള ഫീഡ്ബാക്ക് എടുക്കുന്നതിനും പ്രാദേശിക തലത്തിലുള്ള സംരംഭക ആവാസവ്യവസ്ഥ ശക്തിപ്പെടുത്തുന്നതിന് വേണ്ട ഫീഡ്ബാക്കും നടപടികളും സ്വീകരിക്കുന്നതിനും ലക്ഷ്യമിടുന്നുണ്ട്. സംരംഭകരുടെ വിവിധ വകുപ്പുകളുമായി ബന്ധപ്പെട്ടുള്ള ആവശ്യങ്ങൾക്കായി, അതാത് വകുപ്പുകളുടെ പ്രതിനിധികൾ വകുപ്പ് തലത്തിലുള്ള ബോധവത്കരണം നടത്തുന്നതിനും തദ്ദേശസ്വയംഭരണ വകുപ്പിന്റെ ലോക്കൽ ഇക്കണോമിക് ഡെവലപ്‌മെന്റ് പദ്ധതി, മാർക്കറ്റിംഗ് സഹായ പദ്ധതികൾ മുതലായവയെക്കുറിച്ച് പഞ്ചായത്ത് തലത്തിൽ സംരംഭകരുമായി ഏകോപനം നടത്തുന്നതിനും ഊന്നൽ നൽകും. സംരംഭകർ പൊതുവായി അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങൾക്കുള്ള ഉചിതമായ പരിഹാര നടപടികളും നിർദേശങ്ങളും കണ്ടെത്തുവാൻ സംരംഭകരും വിവിധ വകുപ്പുകളുടെയും ഏജൻസികളുടെയും (കെഎസ്ഇബി, മൈനിങ് & ജിയോളജി, ലേബർ, പരിസ്ഥിതി, ICAI, ലീഡ് ബാങ്ക്, സഹകരണ ബാങ്ക്, മറ്റു ബാങ്കുകൾ) പ്രതിനിധികളും ഉദ്യോഗസ്ഥരുമായുള്ള ചർച്ച നടത്താനും കെ-സ്വിഫ്റ്റ് അക്‌നോളഡ്ജ്‌മെന്റ്, ഉദ്യം രജിസ്ട്രേഷൻ എന്നിവ ലഭ്യമാക്കുവാൻ ഹെൽപ്ഡെസ്‌ക് സംവിധാനം രൂപീകരിക്കാനും സംരംഭക സഭ ലക്ഷ്യമിടുന്നുണ്ട്.

സംരംഭക സഭയുടെ ഏകോപനം, സൂപ്പർവൈസിങ്, മോണിറ്ററിങ്, നിർവഹണം തുടങ്ങിയ പ്രവർത്തനങ്ങൾക്കായി ജില്ലയുടെ ചുമതലയുള്ള മന്ത്രി അധ്യക്ഷനായും ജില്ലാ കലക്ടർ കൺവീനറായും സ്ഥലം എം എൽ എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ, ലീഡ് ബാങ്ക് മാനേജർ എന്നിവർ അംഗങ്ങളായും ജില്ലാ തല ഉപദേശക കമ്മിറ്റി രൂപീകരിക്കും. ഈ കമ്മിറ്റി ആയിരിക്കും ജില്ലയിലെ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനത്തിലും സംരംഭക സഭയുടെ സുഗമമായ നടത്തിപ്പിന് എല്ലാ വകുപ്പുകളുടെയും പൂർണ പിന്തുണ ഉറപ്പ് വരുത്തുന്നതിനായി പ്രവർത്തിക്കുക. ഒപ്പം പ്രോഗ്രാം നടത്തിപ്പ് സംബന്ധിച്ച് ജില്ലയിൽ നടത്തുവാൻ ഉദ്ദേശിക്കുന്ന എല്ലാ പ്രവർത്തനങ്ങൾക്കും വേണ്ട നിർദേശങ്ങൾ നൽകുന്നതിനുള്ള അധികാരവും കമ്മിറ്റിക്കായിരിക്കും.

ജില്ലാ തല ഉപദേശക കമ്മിറ്റിക്ക് പുറമെ ജില്ലാ കലക്ടർ അധ്യക്ഷനായും ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ കൺവീനറായുമുള്ള ജില്ലാ തല ഏകോപന കമ്മിറ്റി രൂപീകരിക്കും. ഇതിൽ എൽഎസ്ജിഡി ജോയിന്റ് ഡയറക്ടർ, സഹകരണം ജോയിന്റ് ഡയറക്ടർ, ജില്ലാ പഞ്ചായത്ത് സെക്രട്ടറി, ജില്ലാ വ്യവസായ കേന്ദ്രം മാനേജർ, ലീഡ് ബാങ്ക് മാനേജർ എന്നിവർ അംഗങ്ങളായിരിക്കും. പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം സംഘടിപ്പിക്കുന്നതിനും ഉദ്ഘാടനത്തിനായി ജില്ലയിലെ ത്രിതല പഞ്ചായത്ത് തലത്തിലെ പ്രസിഡന്റുമാർ, സെക്രട്ടറിമാർ, കെ എസ് ഇ ബി, പി സി ബി, മൈനിങ് ആന്റ് ജിയോളജി, ലേബർ, പരിസ്ഥിതി, വ്യവസായം മുതലായ വകുപ്പികളിലെ ജില്ലാതല ഉദ്യോഗസ്ഥർ, ലീഡ് ബാങ്ക്, ഇൻഷുറൻസ് സേവന കമ്പനികളുടെ പ്രതിനിധികൾ തുടങ്ങിയവരുടെ പങ്കാളിത്തം ഉറപ്പുവരുത്തുന്നതിനുമുള്ള ചുമതല ഈ സമിതിക്കാണ്.

സംരംഭക സഭ പ്രോഗ്രാം നടത്തിപ്പ് സംബന്ധിച്ച് ജില്ലയിൽ നടത്തുവാൻ ഉദ്ദേശിക്കുന്ന എല്ലാ പ്രവർത്തനങ്ങളുടെയും ഏകോപനം ഉറപ്പാക്കുന്നതിന് കളക്ടറുടെ നേത്രത്വത്തിൽ മീറ്റിംഗ് കൂടുക, ജില്ലാ തലത്തിൽ പ്രോഗ്രാം മോണിറ്റർ ചെയ്യുക, പ്രോഗ്രാമിന്റെ വിജയകരമായ സംഘാടനത്തിനു വേണ്ട നടപടികൾ സ്വീകരിക്കുക, സംരംഭക സഭയുടെ ജില്ലാ തലത്തിൽ ഉള്ള അവലോകനം ചെയ്യുക എന്നിവയാണ് ജില്ലാതല ഏകോപന സമിതിയുടെ മറ്റ് കടമകൾ.

തദ്ദേശ സ്വയംഭരണ സ്ഥാപനത്തിലും സംരംഭകർക്കായി ഒരു മോണിറ്ററിങ് കമ്മിറ്റി സംരംഭക സഭയിലൂടെ കടന്നുവരികയാണ്. ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്റെ അധ്യക്ഷൻ തന്നെയായിരിക്കും ഈ കമ്മിറ്റിയുടെ അധ്യക്ഷൻ. ബന്ധപ്പെട്ട വ്യവസായ വികസന ഓഫീസർ കൺവീനറായിട്ടുള്ള കമ്മിറ്റിയിൽ ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്റെ വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ, സി. ഡി. എസ് ചെയർപേഴ്‌സൺ, എന്റർപ്രൈസ് ഡെവലപ്‌മെന്റ് എക്‌സിക്യൂട്ടീവ്, പഞ്ചായത്ത്/ മുനിസിപ്പാലിറ്റി/ കോർപ്പറേഷൻ പ്രദേശത്തുള്ള ലീഡിങ് ബാങ്ക് പ്രതിനിധി, കമ്മിറ്റിയുടെ പ്രവർത്തനത്തിന് അഭികാമ്യമായ, നോമിനേറ്റ് ചെയുന്ന മറ്റു അംഗങ്ങൾ എന്നിവരും ഉണ്ടാകും.

പ്രോഗ്രാമിന്റെ തദ്ദേശ സ്ഥാപനതല ഉദ്ഘാടനം സംഘടിപ്പിക്കൽ, സംരംഭകരുമായുള്ള ചർച്ചയിൽ പങ്കെടുക്കുവാൻ വേണ്ടി അതാതു വകുപ്പിലെ ഉദ്യോഗസ്ഥരുടെ സാന്നിധ്യം ഉറപ്പുവരുത്തൽ, ബന്ധപ്പെട്ട തദ്ദേശ സ്ഥാപന തലത്തിൽ പ്രോഗ്രാമിന് വേണ്ട പ്രചാരണം നൽകൽ, ബന്ധപ്പെട്ട മറ്റു വകുപ്പുകൾ, പ്രാദേശിക ബാങ്കുകൾ, ഇൻഷുറൻസ് സേവന കമ്പനികൾ എന്നിവയുടെ പ്രതിനിധികളെ സഹകരിപ്പിച്ച് ലോൺ/ ലൈസൻസ്/ സബ്സിഡി/ ഇൻഷുറൻസ് മേളക്ക് നേത്രത്വം നൽകൽ, സംരംഭക സഭയുടെ വിജയകരമായ നടത്തിപ്പിന് വേണ്ട എല്ലാ സംവിധാനങ്ങളും ഒരുക്കൽ, പ്രോഗ്രാമിന് ശേഷം അതിന്റെ പ്രവർത്തനങ്ങൾ അവലോകനം ചെയ്യൽ തുടങ്ങിയവയാണ് കമ്മിറ്റിയുടെ ചുമതലകൾ.

സംരംഭക സഭയുമായി ബന്ധപ്പെട്ട് ജില്ലാ വ്യവസായ കേന്ദ്രങ്ങൾ വഴി സംരംഭക സഭയിൽ പങ്കെടുത്ത സംരംഭകരുടെ വിശദാംശങ്ങൾ പഞ്ചായത്ത് തലത്തിൽ ശേഖരിക്കും. ഒപ്പം പോളിസി രൂപീകരണത്തിന് സഹായകരമാകുന്ന നിർദേശങ്ങൾ ഏകോപിപ്പിച്ചു നൽകുന്നതിനുള്ള ഉത്തരവാദിത്തവും ജില്ലാ വ്യവസായ കേന്ദ്രങ്ങൾക്കായിരിക്കും. പ്രാദേശികമായി പരിഹരിക്കാവുന്ന പ്രശ്‌നങ്ങൾ ഉടനെ പരിഹരിക്കും. സംരംഭക സഭയുമായി ബന്ധപ്പെട്ട് പഞ്ചായത്ത് സ്വീകരിച്ച പ്രത്യേക നടപടികൾ എന്തെങ്കിലും ഉണ്ടെകിൽ അവ നൽകുന്നതിനും ലോൺ/ ലൈസൻസ്/ സബ്സിഡി/ ഇൻഷുറൻസ് മേളയുടെ ഭാഗമായി ഉള്ള വിവരങ്ങൾ ഏകോപിപ്പിച്ച് നൽകുന്നതിനുമുള്ള ചുമതലയും ജില്ലാ വ്യവസായ കേന്ദ്രങ്ങൾക്കായിരിക്കുമെന്ന് മന്ത്രി അറിയിച്ചു.

ലക്‌നൗ: ട്രക്കും വാനും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഏഴു പേർക്ക് ദാരുണാന്ത്യം. ഉത്തർപ്രദേശിലെ ഹത്രാസിലാണ് സംഭവം. മഥുര – കൈസർഗഞ്ച് ഹൈവേയിലാണ് അപകടം ഉണ്ടായത്. മൂന്ന് സ്ത്രീകളും മൂന്ന് പുരുഷന്മാരും ഒരു കുട്ടിയുമാണ് അപകടത്തിൽ മരണപ്പെട്ടത്. പിക്കപ്പ് വാനും കൊറിയർ കണ്ടെയ്‌നർ ട്രക്കുമാണ് കൂട്ടിയിടിച്ചത്. മരിച്ചവരെല്ലാം ഒരു കുടുംബത്തിലെ അംഗങ്ങളാണ്.

നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. പരിക്കേറ്റവരിൽ ഏഴ് പേരെ ജില്ലാ ആശുപത്രിയിലും മറ്റ് ആറ് പേരെ മറ്റ് ആശുപത്രികളിലും പ്രവേശിപ്പിച്ചു. സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചു. മരണപ്പെട്ടവരുടെ ആശ്രിതർക്ക് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് രണ്ട് ലക്ഷം രൂപയുടെ ധനസഹായം പ്രഖ്യാപിച്ചു. ഗുരുതരമായി പരിക്കേറ്റവർക്ക് 50,000 രൂപ വീതവും നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

തിരുവനന്തപുരം: അക്കാദമിക വ്യവസായ മേഖലകൾ പരസ്പരം ബന്ധപ്പെടാത്ത സാഹചര്യം മാറി പഠനകാലയളവിൽ തന്നെ വിദ്യാർത്ഥികൾക്ക് താൽപര്യമുളള തൊഴിൽ മേഖലയുമായി ബന്ധപ്പെടാൻ കഴിയണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാന സർക്കാരിന്റെ ഭാഗത്തുനിന്നുള്ള കണക്ട് കരിയർ ടു ക്യാമ്പസ്, ഇൻഡസ്ട്രി ഓൺ ക്യാമ്പസ്, ക്യാമ്പസ് ഇൻഡസ്ട്രിയൽ പാർക്കുകൾ തുടങ്ങിയ പദ്ധതികൾ അക്കാദമിക വ്യാവസായിക സഹകരണം ഉറപ്പുവരുത്താൻ സഹായകമായ ഇടപെടലുകളാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഉന്നതവിദ്യാഭ്യാസ കോൺക്ലേവ് ഉദ്യമ 1.0 യുടെ സമാപന സമ്മേളനം മാസ്‌കറ്റ് ഹോട്ടലിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ലോകത്താകമാനം സാങ്കേതിക വിദ്യാഭ്യാസ മേഖലയിലും സാങ്കേതിക രംഗത്താകെയും ചടുലമായ മാറ്റങ്ങൾ സംഭവിക്കുകയാണ്. മുമ്പൊക്കെ വിദ്യാഭ്യാസം വേറെ, തൊഴിൽ വേറെ എന്നൊരു ധാരണ നിലനിന്നിരുന്നു. എന്നാൽ കാലക്രമത്തിൽ അതിനു മാറ്റം വരുന്നത് നാം കണ്ടുകൊണ്ടിരിക്കുകയാണ്. തൊഴിലധിഷ്ഠിത വിദ്യാഭ്യാസം എന്ന ആശയത്തിനു കൂടുതൽ മേൽക്കൈ ഉണ്ടാവുകയാണ് ചെയ്യുന്നത്.

2050 ഓടെ ലോകത്ത് ഉയർന്നുവരുന്ന ഭൂരിഭാഗം തൊഴിലുകളും ശാസ്ത്ര – സാങ്കേതിക – എഞ്ചിനീയറിംഗ് മേഖലകളിൽ നിന്നായിരിക്കുമെന്നാണ് വിദഗ്ധർ കണക്കുകൂട്ടുന്നത്. എന്നാൽ പലപ്പോഴും സാങ്കേതിക വിദ്യാഭ്യാസവും വ്യവസായ മേഖലയും പരസ്പരം ബന്ധപ്പെടാതെ കിടന്ന ഒരവസ്ഥ ഉണ്ടായിരുന്നു. സാങ്കേതിക വിദ്യാഭ്യാസം ഒരു വഴിക്ക് നടക്കുന്നു. അതിനുശേഷം ചില കമ്പനികൾ സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാർത്ഥികളെ തൊഴിൽ നൽകുന്നതിനായി തെരഞ്ഞെടുക്കുന്നു. പിന്നീട് അവരുടേതായ ചില ബ്രിഡ്ജ് കോഴ്സുകൾ പഠിപ്പിച്ച് വിദ്യാർത്ഥികളെ തൊഴിലാളികളായി ആ സ്ഥാപനത്തിന്റെ ഭാഗമാക്കുന്നു. ഇതാണ് പൊതുവിൽ നടന്നുകൊണ്ടിരിക്കുന്നത്. ഈയൊരു സാഹചര്യത്തിനു മാറ്റം ഉണ്ടാവേണ്ടതുണ്ട്.

അക്കാദമിക വ്യാവസായിക സഹകരണം ഉറപ്പുവരുത്താൻ സർക്കാർ നടപ്പിലാക്കുന്ന വിവിധ പദ്ധതികളുടെ തുടർച്ചയായാണ് കോൺക്ലേവിനെ സർക്കാർ കാണുന്നത്. തൊഴിൽസേനയ്ക്ക് സഹായകരമാകുംവിധമുള്ള നൈപുണ്യം വിദ്യാർത്ഥികളിൽ എത്തിക്കാനും സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളും സംരംഭകരും തമ്മിലുള്ള ഇഴയടുപ്പം വർദ്ധിപ്പിക്കാനും ലോകത്താകമാനം ഉണ്ടാകുന്ന നൂതന മുന്നേറ്റങ്ങൾക്കനുസൃതമായുള്ള അക്കാദമിക പഠന ചർച്ചകൾ ഉയർത്തിക്കൊണ്ടുവരാനും കോൺക്ലേവിലൂടെ കഴിഞ്ഞിട്ടുണ്ടെന്നാണ് പ്രതീക്ഷയെന്നും മുഖ്യമന്ത്രി പറഞ്ഞു. കോൺക്ലേവിലൂടെ ഉയർന്നുവന്ന ആശയങ്ങൾ ക്രോഡീകരിച്ച് സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടറേറ്റ് തയ്യാറാക്കിയ വിഷൻ ഡോക്യുമെന്റ് മുഖ്യമന്ത്രി ഉന്നതവിദ്യാഭ്യാസ മന്ത്രി ഡോ ആർ ബിന്ദുവിന് കൈമാറി പ്രകാശനം ചെയ്തു.

മന്ത്രി ഡോ ആർ ബിന്ദു അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ വി കെ പ്രശാന്ത് എംഎൽഎ, മുഖ്യമന്ത്രിയുടെ ശാസ്ത്ര ഉപദേഷ്ടാവ് എം ചന്ദ്രദത്തൻ, ഉന്നതവിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഇഷിതാ റോയ്, കൊളീജിയേറ്റ് എജ്യൂക്കേഷൻ ഡയറക്ടർ സുധീർ കെ, ടിസിഎസ് കേരള വൈസ് പ്രസിഡന്റ് ദിനേശ് പി തമ്പി, ടെക്‌നിക്കൽ എജ്യൂക്കേഷൻ ഡയറക്ടർ ഡോ ഷാലിജ് പി ആർ, ഉദ്യമ കോഓർഡിനേറ്റർ ഡോ ആശാലത ആർ തുടങ്ങിയവർ സംബന്ധിച്ചു.

തിരുവനന്തപുരം: അഡീഷണൽ ചീഫ് സെക്രട്ടറി ജയതിലകിനും കെ ഗോപാലകൃഷ്ണൻ ഐ എ എസിനുമെതിരെ രൂക്ഷ വിമർശനം ഉന്നയിച്ച് എൻ പ്രശാന്ത് ഐഎഎസ്. രണ്ട് ഉദ്യോഗസ്ഥരും തന്നെ കുടുക്കാൻ വ്യാജ ഫയൽ ഉണ്ടാക്കിയെന്ന് അദ്ദേഹം ആരോപിച്ചു. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.

തെളിവായി ഇ ഓഫീസ് ലോഗ് രേഖകളും പ്രശാന്ത് ഫേസ്ബുക്കിലൂടെ ഷെയർ ചെയ്തിട്ടുണ്ട്. ഈ-ഓഫീസിലെ പിഡിഎഫ് ഫയലിന്റെ ഏറ്റവും താഴെ ഡൗൺലോഡ് ചെയ്ത വ്യക്തിയുടെ വിവരം കാണിക്കും. ഈ ഭാഗമാണ് പ്രശാന്ത് പങ്കുവെച്ചത്. കുറ്റാരോപണ മെമ്മോ കൈപ്പറ്റിയതിനു ശേഷമാണ് പ്രശാന്ത് ആരോപണവുമായി രംഗത്തെത്തിയത്.

തിരുവനന്തപുരം: സംസ്ഥാനങ്ങളുമായി കേന്ദ്രം പങ്കു വയ്ക്കുന്ന നികുതി വിഹിതം 50 ശതമാനമായി ഉയർത്തണമെന്ന് കേരളം പതിനാറാം ധനകാര്യ കമ്മീഷനോട് ആവശ്യപ്പെട്ടതായി കമ്മീഷൻ ചെയർമാൻ പ്രൊഫ. അരവിന്ദ് പനഗാരിയ വാർത്താസമ്മേളനത്തിൽ പറഞ്ഞു. പതിനഞ്ചാം ധനകാര്യ കമ്മീഷൻ സംസ്ഥാനങ്ങൾക്കുള്ള വിഹിതം 41 ശതമാനമെന്നാണ് നിശ്ചയിച്ചത്. കേരളത്തിന്റേതിനു സമാനമായ ശുപാർശ കമ്മീഷൻ സന്ദർശിച്ച മറ്റു സംസ്ഥാനങ്ങളിൽ നിന്നും ഉണ്ടായിട്ടുണ്ടെന്ന് ചെയർമാൻ പറഞ്ഞു. നിലവിൽ കേരളം ഉൾപ്പെടെ 14 സംസ്ഥാനങ്ങൾ കമ്മീഷൻ സന്ദർശിച്ചു.

കേന്ദ്രം പങ്കുവയ്ക്കുന്ന നികുതി വിഹിതം നിശ്ചയിക്കുന്ന മാനദണ്ഡങ്ങളിലും വലിയ മാറ്റം കേരളം നിർദ്ദേശിച്ചിട്ടുണ്ട്. ജനസാന്ദ്രതാടിസ്ഥാനത്തിൽ വിഹിതം നിശ്ചയിക്കുന്നതിനുള്ള മാനദണ്ഡം പുതിയതായി ഉൾപ്പെടുത്തണമെന്നാണ് കേരളം മുന്നോട്ടു വച്ച ഒരു ആവശ്യമെന്ന് ചെയർമാൻ പറഞ്ഞു. ഈ മാനദണ്ഡത്തിലൂടെ രണ്ടര ശതമാനം നികുതി വിഹിതം നിശ്ചയിക്കണം. ദുരന്തനിവാരണത്തിനായി കൂടുതൽ വിഹിതം കേരളം ആവശ്യപ്പെട്ടിട്ടുണ്ട്. പ്രതിശീർഷക വരുമാനം കുറവുള്ള സംസ്ഥാനങ്ങൾക്ക് നിലവിൽ കൂടുതൽ വിഹിതം ലഭിക്കുന്നുണ്ട്. ഇത്തരത്തിലുള്ള വിഹിതം നിലവിലെ 45 ശതമാനത്തിൽ നിന്ന് 30 ശതമാനമാക്കണമെന്ന് കേരളം നിർദ്ദേശിച്ചു.

ഭൂവിസ്തൃതി മാനദണ്ഡപ്രകാരമുള്ള വിഹിതം 15 ശതമാനത്തിൽ നിന്ന് അഞ്ച് ശതമാനമാക്കണം, ജനസംഖ്യാടിസ്ഥാനത്തിലുള്ള വിഹിതം 15 ശതമാനത്തിൽ നിന്ന് 32.5 ശതമാനമാക്കണം, ഇതിനായി 2011ലെ സെൻസസ് പരിഗണിക്കുന്നതിനു പകരം 1971ലെ സെൻസസ് അടിസ്ഥാനമാക്കണം, വനമേഖലാ മാനദണ്ഡ പ്രകാരമുള്ള വിഹിതം 10 ശതമാനത്തിൽ നിന്ന് 7.5 ശതമാനമായി കുറയ്ക്കണം തുടങ്ങി വിവിധ ആവശ്യങ്ങളാണ് കേരളം മുന്നോട്ടു വച്ചതെന്ന് കമ്മീഷൻ ചെയർമാൻ അറിയിച്ചു. കേരളത്തിലെ തദ്ദേശസ്ഥാപനങ്ങളുടെ പ്രകടനം മികച്ചതാണെന്നും കമ്മീഷൻ വിലയിരുത്തി. സെസ്, സർചാർജ് ഇനത്തിലുള്ള വരുമാനം പൂർണമായി കേന്ദ്രത്തിനാണ് ലഭിക്കുന്നത്. ഈ വിഷയവും വിവിധ സംസ്ഥാനങ്ങൾ ഉന്നയിച്ചു. എന്നാൽ അത് സങ്കീർണമായ പ്രശ്‌നമാണെന്ന് അദ്ദേഹം വ്യക്തമാക്കി. കമ്മീഷൻ അംഗങ്ങളും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.