Latest News (Page 3,492)

സ്‌കൂളുകള്‍ തുറക്കും

സംസ്ഥാനത്ത് സ്‌കൂളുകള്‍ തുറക്കുന്നത് ഓഗസ്റ്റ് മാസത്തിലെ കോവിഡ് വ്യാപനം വിലയിരുത്തിയതിന് ശേഷമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ്. ഓണത്തിനു ശേഷം
രോഗവ്യാപനം കുറവുള്ള മേഖലകളില്‍ പരീക്ഷണാടിസ്ഥാനത്തില്‍ സ്‌കൂളുകള്‍ തുറക്കാന്‍ ശ്രമിക്കും. സംസ്ഥാനത്തെ ഓരോ ജില്ലയിലും വിവിധ പഞ്ചായത്തുകളിലും രോഗ വ്യാപനത്തിന്റെ തീവ്രതയില്‍ വ്യത്യാസമുണ്ട്. സെപ്തംബറിലും സ്‌കൂളുകള്‍ തുറക്കാനായില്ലെങ്കില്‍ സിലബസ് വെട്ടിച്ചുരുക്കും. എന്നാല്‍ നിലവില്‍ അത്തരമൊരു ആലോചന പരിഗണിക്കുന്നില്ലെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. സ്‌കൂളുകളില്‍ പലതും ഇപ്പോള്‍ ഫസ്റ്റ് ലെവല്‍ ട്രീറ്റ്മെന്റ് സെന്ററുകളാണ്. മഴ ശക്തമായാല്‍ ആളുകളെ ഇവിടെ മാറ്റി പാര്‍പ്പിക്കാന്‍ ഉപയോഗിക്കേണ്ടി വരും. ഇങ്ങനെ വന്നാല്‍ സ്‌കൂളുകള്‍ തുറക്കുന്നത് പിന്നെയും വൈകും.

faisal

തിരുവനന്തപുരം വിമാനത്താവളം വഴിയുള്ള സ്വർണക്കടത്ത് കേസിലെ പ്രതി ഫൈസൽ ഫരീദ് നാല് മലയാള സിനിമകൾക്കു പുറമേ അന്യഭാഷാ സിനിമയുടെ കേരളത്തിലെ റിലീസിനും പണം മുടക്കിയാതായി സൂചന. ജ്വല്ലറി മേഖലയിൽ മാത്രമല്ല മലയാളസിനിമയിലെ ചില പ്രമുഖരുമായും ഫൈസൽ ബന്ധം പുലർത്തിയിരുന്നു എന്ന റിപ്പോർട്ടുകളാണ് പുറത്തു വരുന്നത്. ന്യൂ ജനറേഷൻ സംവിധായകന്റെ ചിത്രത്തിലേക്കു വേണ്ടിയാണ് ഫൈസൽ അരുൺ ബാലചന്ദ്രന് പണം നൽകിയത്. അടുത്ത കാലത്ത് ഇറങ്ങിയ ഒരു സൂപ്പർ ഹിറ്റ് സിനിമയടക്കം നാല് സിനിമകൾക്ക് ഫൈസൽ ഫരീദ് ഹവാല പണമിറക്കിയെന്നും സൂചനയുണ്ട്. അതിനുപുറമെ ഫൈസലുൾപ്പെട്ട കള്ളക്കടത്ത് റാക്കറ്റാണ് ചില മലയാള സിനിമകളിൽ പണമിറക്കുന്നതെന്നും ഇതെല്ലാം ഹവാല പണമായിരുന്നു എന്നുമാണ് റിപ്പോർട്ട്. ഫൈസലിനെ ചോദ്യം ചെയ്യുന്നതോടെ അന്വേഷണം സിനിമ മേഖലയിലെ കൂടുതൽ പേരിലേയ്ക്ക് നീങ്ങും. ദുബായ് പൊലീസ് അറസ്റ്റ് ചെയ്ത ഫൈസൽ ഫരീദിനെ എൻഐഎ ആവശ്യപ്പെട്ടാൽ ഏത് സമയവും ഇന്ത്യയ്ക്ക് കൈമാറിയേക്കുമെന്നാണ് വിവരം.

മൂന്നാംപ്രതി ഫൈസൽ

കേരളത്തിലേയ്ക്കു സ്വർണം കടത്തിയ കേസിലെ മൂന്നാം പ്രതി തൃശൂർ കൊടുങ്ങല്ലൂർ മൂന്നുപീടിക സ്വദേശി ഫൈസൽ ഫരീദ് (36) ദുബായ് പൊലീസിന്റെ കസ്റ്റഡിയിൽ.
മൂന്നുദിവസം മുൻപാണ് ഫൈസലിനെ ദുബായ് പോലീസ് അറസ്റ്റ് ചെയ്തത്. എന്നാണ് പുറത്തു വരുന്ന വിവരം. കള്ളക്കടത്തിലുള്ള പങ്കാളിത്തം, തീവ്രവാദ പ്രവർത്തനങ്ങൾക്കുള്ള സഹായം ഉൾപ്പെടെ ഗുരുതര കുറ്റങ്ങളാണ് ഫൈസലിനെ തിരെ എൻഐഎ ചുമത്തിയിരിക്കുന്നത്. ഇതിനിടെ ഇന്ത്യ ഫൈസലിന്റെ പാസ്‌പോര്‍ട്ട് റദ്ദാക്കുകയും യു.എ.ഇ. യാത്രാവിലക്ക് ഏര്‍പ്പടുത്തുകയും, ഇന്റർപോൾ ലുക്കൗട്ട് നോട്ടിസ് പുറപ്പെടുവിക്കുകയും ചെയ്തിരുന്നു. നേരത്തെ സ്വര്‍ണക്കടത്തുമായി ബന്ധപ്പെടുത്തി ഫൈസൽ ഫരീദിനെ
ക്കുറിച്ചുള്ള ആദ്യ റിപ്പോർട്ടുകൾ പുറത്തുവന്നപ്പോൾ അതു നിഷേധിച്ചുകൊണ്ട് ഇയാൾ മാധ്യമങ്ങളുടെ മുന്നിലെത്തിയിരുന്നു. എന്നാല്‍ ഇതിനു പിന്നാലെ ഫൈസല്‍ കേസില്‍ ഉള്‍പ്പെട്ട ആളാണെന്ന് എന്‍ഐ.എ. സ്ഥിരീകരിച്ചപ്പോൾ ഒളിവിൽ പോവുകയായിരുന്നു.

faisal

തിരുവനന്തപുരം സ്വര്‍ണക്കടത്തുകേസിലെ മൂന്നാംപ്രതി ഫൈസല്‍ ഫരീദിനെതിരെ ഇന്റര്‍പോള്‍ നോട്ടീസ്. ഇന്ത്യയുടെ അഭ്യര്‍ഥന പ്രകാരമാണ് ഇന്റര്‍പോള്‍ ഫൈസലിനെതിരെ ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചത്. ഇതോടെ ലോകത്തെ ഏത് വിമാനത്താവളത്തില്‍ ഫൈസല്‍ എത്തിയാലും പിടിയിലാകും. ഇന്റര്‍പോളിന്റെ സഹായത്തോടെ ഫൈസല്‍ ഫരീദിനെ ഇന്ത്യയിലേക്ക് കൊണ്ടുവരാനുള്ള നടപടിക്രമങ്ങളുടെ ഭാഗമായാണ് നടപടി. ഫൈസല്‍ ഫരീദിന്റെ പാസ്പോര്‍ട്ട് ഇന്ത്യ നേരത്തെ റദ്ദ് ചെയ്തിരുന്നു. അതേസമയം തൃശൂരിലെ ഫൈസലിന്റെ വീട്ടില്‍ കസ്റ്റംസ് പരിശോധന നടത്തി. ഇവിടെനിന്നും കംപ്യൂട്ടറും രേഖകളും പിടിച്ചെടുത്തു.

സ്വർണ്ണക്കടത്തിന്റെ ഫൈസൽ പ്രധാനകണ്ണിയാണെന്ന് നേരത്തെ അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. എന്നാൽ സ്വർണ്ണക്കടത്തുമായി തനിക്ക് ബന്ധമില്ലെന്നും മാധ്യമങ്ങൾ തന്റെ ചിത്രങ്ങൾ ദുരുപയോഗം ചെയ്യുന്നതായും അതിനെതിരെ കേസ് നൽകുമെന്നും ഫൈസൽ ആരോപണവുമായി രംഗത്തുവന്നു. അതിനുശേഷമാണ് ഇയാൾ ഒളിവിൽ പോയത്.

കുഴൽപ്പണം സംഘമോ

സമൂഹമാധ്യമങ്ങൾ വഴി ചികിത്സാ സഹായ അഭ്യർഥന നടത്തിയതിനു പിന്നാലെ കണ്ണൂര്‍ സ്വദേശിനിയായ വര്‍ഷയുടെ ബാങ്ക് അക്കൗണ്ടിൽ ഒരു കോടി രൂപയിലേറെ പണം എത്തിയ സംഭവത്തിൽ ഹവാല, കുഴൽപ്പണ ബന്ധമുണ്ടോ എന്ന് സംശയിക്കുന്നതായി പൊലീസ്. ഓണ്‍ലൈന്‍ ചാരിറ്റി രംഗത്ത് പ്രവര്‍ത്തിക്കുന്ന സാജന്‍ കേച്ചേരി എന്നയാളുടെ സഹായത്തോടെ മുപ്പത് ലക്ഷം ആവശ്യമായിരുന്ന വർഷയുടെ അമ്മയുടെ ശസത്രക്രിയയ്ക്ക് ഒറ്റ ദിവസമായപ്പോഴേക്കും അക്കൗണ്ടില്‍ എത്തിയത് 65 ലക്ഷം രൂപ. ഇനി ആരും പണം അയയ്ക്കേണ്ട എന്ന് അറിയിച്ചിട്ടും തൊട്ടടുത്ത ദിവസം ഒരു കോടിക്കുമേല്‍ രൂപയാണ് വര്‍ഷയുടെ അക്കൗണ്ടില്‍ എത്തിയത്. ഇതില്‍ 60 ലക്ഷം വിദേശത്ത് പ്രവര്‍ത്തിക്കുന്ന ഒരു ചാരിറ്റി സംഘടനയില്‍ നിന്നും ഒറ്റത്തവണയായി നിക്ഷേപിച്ചതാണ്. അതോടെ അക്കൗണ്ട് ജോയിന്റാക്കണം എന്നും ചികിത്സ കഴിഞ്ഞ് ബാക്കി തുക മറ്റാളുകളുടെ ചികിത്സയ്ക്കായി എടുക്കാന്‍ അനുവദിക്കണം എന്ന ആവശ്യവുമായി സാജന്‍ കേച്ചേരി എത്തുകയും എന്നാൽ ആ ആവശ്യം വര്‍ഷ അംഗീകരിച്ചില്ല. സഹായിക്കാനെത്തിയവരുടെ മുഖം മാറി ഭീഷണിയുടെ സ്വരമായപ്പോള്‍ വർഷ ആരോഗ്യ മന്ത്രി കെ.കെ. ശൈലജയുടെ നിർദേശമനുസരിച്ച് ഡിസിപിക്ക് പരാതി നൽകിയത്. ഇത്ര വലിയ തുക കുറഞ്ഞ സമയത്തിനുള്ളിൽ അക്കൗണ്ടിൽ എത്തിയത് അസ്വാഭാവിക സംഭവമെന്ന് ഡിസിപി ജി.പൂങ്കുഴലി ഐപിഎസ് പറഞ്ഞു. ചാരിറ്റിയുടെ മറവിൽ കുഴൽപ്പണം വർഷയുടെ അക്കൗണ്ടിലേക്കയച്ചതാണോ എന്നതാണു പൊലീസ് അന്വേഷിക്കുന്നത്. ഇക്കാര്യത്തിൽ വിശദമായ പരിശോധനയ്ക്കു നിർദേശിച്ചതായും ഡിസിപി വ്യക്തമാക്കി.

വന്‍ വീഴ്ച

സ്വർണ്ണക്കള്ളക്കടത്തു കേസുമായി ബന്ധപ്പെട്ട് രണ്ടു പേരുടെ അറസ്റ്റ് കൂടി കസ്റ്റംസ് രേഖപ്പെടുത്തി. കോഴിക്കോട് സ്വദേശികളായ കൈവേലിക്കല്‍ മുഹമ്മദ് അബ്ദുള്‍ഷമീം , വട്ടക്കിണര്‍ കോങ്കണിപ്പറമ്പ് ജാസ്മഹലില്‍ സി.വി. ജിഫ്‌സല്‍ എന്നിവരെ ഇന്നലെയാണ് കസ്റ്റഡിയിലെടുത്തത്. കോഴിക്കോട്ടെ ജ്വല്ലറിയില്‍ കസ്റ്റംസ് നടത്തിയ മിന്നല്‍ പരിശോധനയില്‍ മതിയായ രേഖകള്‍ ഇല്ലാത്ത 3.72കിലോഗ്രാം സ്വര്‍ണം പിടിച്ചെടുത്തു. ഇതുമായി ബന്ധപ്പെട്ട് ജ്വല്ലറി ഉടമസ്ഥരായ ഇവരെ കസ്റ്റഡിയിലെടുത്തു ജിഫ്‌സലിന്റെ വീട്ടിലും പരിശോധന നടന്നു. ഇരുവരെയും കൂടുതല്‍ ചോദ്യം ചെയ്യുന്നതിനായി കൊച്ചിയിലേക്കു കൊണ്ടുപോയി. സ്വർണക്കടത്ത് കേസ്‌ പ്രതി അന്‍വറിനൊപ്പം
തിരുവനന്തപുരത്ത് ഇരുവരും ഒത്തുകൂടിയെന്നു കസ്റ്റംസ് കണ്ടെത്തിയിട്ടുണ്ട്. കള്ളക്കടത്തു സ്വര്‍ണം കോഴിക്കോട്ടെ വിവിധ ജ്വല്ലറികളില്‍ എത്തിച്ചതായി അറസ്റ്റിലായവര്‍ മൊഴി നൽകിയതിനെ തുടർന്ന് വരും ദിവസങ്ങളില്‍ കൂടുതല്‍ ജ്വല്ലറികളില്‍ പരിശോധന നടത്തു മെന്നാണ് കസ്റ്റംസ് നല്‍കുന്ന സൂചന.

കിഴക്കന്‍ ലഡാക്കിലെ

കിഴക്കന്‍ ലഡാക്കിലെ സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിനായി രാജ്യരക്ഷാ മന്ത്രി രാജ്‌നാഥ് സിംഗ് ലഡാക്കിലെത്തി.രണ്ട് ദിവസത്തെ ജമ്മുകശ്മീര്‍, ലഡാക്ക് സന്ദര്‍ശനത്തിനായി ഇന്ന് പുലര്‍ച്ചെയാണ് ലഡാക്കിലെ ലേയില്‍ എത്തിയത്. ചൈനയുമായുള്ള ചര്‍ച്ചകള്‍ തുടരുകയാണെന്നും എത്രകണ്ട് അതിന്റെ ഫലം ഉണ്ടാകുമെന്ന് ഉറപ്പുതരാന്‍ കഴിയില്ല എന്നും, എന്നാൽ ഇന്ത്യയുടെ ഒരിഞ്ച് ഭൂമിയില്‍പോലും തൊടാന്‍ ഒരു വിദേശശക്തിയേയും അനുവദിക്കില്ല എന്നും പ്രതിരോധ മന്ത്രി വ്യക്തമാക്കി.ചൈന ഗാല്‍വാന്‍ മേഖലയിൽ നടത്തിയ പ്രകോപനങ്ങളോട് പ്രതികരിക്കുകയായിരുന്നു പ്രതിരോധ മന്ത്രി. അതിര്‍ത്തിയില്‍ ഇന്ത്യാ-ചൈന സംഘര്‍ഷം ഉടലെടുത്ത ശേഷം രാജ്യരക്ഷാ മന്ത്രി നടത്തുന്ന ആദ്യ ലഡാക്ക് സന്ദര്‍ശനമാണിത്. പ്രതിരോധമന്ത്രിക്കൊപ്പം സംയുക്തസൈനിക മേധാവി ജനറല്‍ ബിപിന്‍ റാവത്തും, കരസേന മേധാവി ജനറല്‍ എം.എം.നരവാനെയും ലഡാക്കിലുണ്ട്.കരസേനയുടെ വിവിധ വിഭാഗങ്ങളുടെ സൈനിക അഭ്യാസങ്ങളിലും അദ്ദേഹം പങ്കെടുത്തു.കിഴക്കന്‍ ലഡാക്കിലെ സ്ഥിതിഗതികളും അദ്ദേഹം വിലയിരുത്തും.

jio glass

43-ാം വാർഷിക ജനറൽ മീറ്റിംഗിലാണ് റിലയൻസ് ഇൻഡസ്ട്രീസ് നൂതന സാങ്കേതിക സൗകര്യങ്ങളുള്ള ജിയോ ഗ്ലാസുമായി രംഗത്തെത്തിയിരിക്കുന്നത്.മിക്സഡ് റിയാലിറ്റി അടിസ്ഥാനമാക്കിയുള്ള ഹോളോഗ്രാഫിക് ലെൻസ് ആണ് ജിയോ ഗ്ലാസിൽ ഉപയോഗിച്ചിരിക്കുന്നത്.ഹോളോ ഗ്രാഫിക് വീഡിയോ കോൾ ചെയ്യുന്നതുവഴി ഫോൺ വിളിക്കുന്നയാൾക്ക് അയാളുടെ 3ഡി രൂപത്തിൽ സുഹൃത്തുക്കളോട് സംസാരിക്കാനാവും.എച്ച്ഡി ഗുണമേന്മയിലുള്ള വീഡിയോയും ഓഡിയോയുമുൾപ്പെടെ സ്മാർട്ഫോണുമായി ബന്ധിപ്പിച്ച് ഇന്റർനെറ്റ് ഉപയോഗിക്കാനുള്ള സൗകര്യവും ഇതിലുണ്ട്. ഇതിനുപുറമേ കോൺഫറൻസ് വീഡിയോ കോൾ, പ്രസന്റേഷനുകൾ ഉൾപ്പെടെ നിരവധി കാര്യങ്ങൾ ജിയോ ഗ്ലാസിലൂടെ സാദ്ധ്യമാണ്. 25 ആപ്ലിക്കേഷനുകളാണ് ജിയോ ഗ്ലാസിൽ നിലവിൽ ലഭ്യമായുളളത്.

പ്ലാസ്റ്റിക്കിൽ നിർമിതമായ ഫ്രെയിം ആണ് ജിയോഗ്ലാസിൽ ഉള്ളത്. രണ്ട് ലെൻസുകളുടെയും നടുവിലായി ഒരു ക്യാമറയും, ലെൻസുകൾക്ക് പുറകിലായി മിക്സഡ് റിയാലിറ്റി സംവിധാനങ്ങൾ ഒരുക്കുന്ന സാങ്കേതിക സൗകര്യങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്. ഗ്ലാസിന് രണ്ട് സ്പീക്കറുകളാണുളളത്. ജിയോ ഗ്ലാസിന്റെ ഭാരം 75 ഗ്രാം ആണ്.കൊവിഡ് വ്യാപന പശ്ചാത്തലത്തിൽ വീഡിയോ കോൺഫറൻസിലൂടെയാണ് മീറ്റിംഗ് സംഘടിപ്പിച്ചത്.

ഐക്യരാഷ്ട്ര സഭ

ഐക്യരാഷ്ട്ര സഭാ സാമ്പത്തിക സാമൂഹിക സമിതിയുടെ ഉന്നത തല യോഗത്തിന്റെ നാളെ നടക്കുന്ന സമാപന ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി വിര്‍ച്വല്‍ അഭിസംബോധന നടത്തും. സമാപന സമ്മേളനത്തില്‍ പ്രധാനമന്ത്രിക്കൊപ്പം നോര്‍വെ പ്രധാനമന്ത്രിയും ഐക്യരാഷ്ട്ര സഭ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറസും പങ്കെടുക്കും. കോവിഡ്-19 ന് ശേഷമുള്ള ബഹുമുഖത്വം: 75-ാം വാര്‍ഷികത്തിന് ശേഷം ഐക്യരാഷ്ട്ര സഭ എങ്ങനെയാകണം എന്നതാണ് ഇക്കൊല്ലത്തെ പ്രമേയം. യു.എന്‍. സുരക്ഷാ സമിതിയില്‍ ഇന്ത്യ താത്കാലിക അംഗത്വം നേടിയതിനു ശേഷം ഐക്യരാഷ്ട്ര സഭയില്‍ പ്രധാനമന്ത്രി നടത്തുന്ന ആദ്യ അഭിസംബോധനയാണിത്. അന്താരാഷ്ട്ര തലത്തിലെ സാമ്പത്തിക, സാമൂഹിക പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്ത് നയരൂപീകരണം ശുപാര്‍ശ ചെയ്യുന്ന സംവിധാനമാണ് ഐക്യരാഷ്ട്ര സഭാ സാമ്പത്തിക സാമൂഹിക സമിതി.

gold

സ്വര്‍ണ്ണക്കടത്തു കേസില്‍ കസ്റ്റംസ് മൂന്ന് പേരുടെ അറസ്റ്റ് രേഖപ്പെടുത്തി. മൂവാറ്റുപുഴ സ്വദേശി ജലാല്‍, മലപ്പുറം സ്വദേശികളായ മുഹമ്മദ് ഷാഫി, അംജിത് അലി എന്നുവരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. ഇവരെ ഇന്ന് കൊച്ചിയിലെ സാമ്പത്തിക കുറ്റകൃത്യങ്ങള്‍ക്കായുള്ള കോടതിയില്‍ ഹാജരാക്കും. അതിനിടെ നേരത്തെ എന്‍.ഐ.എ അറസ്റ്റ് ചെയ്ത സന്ദീപിന്റെ ബാഗ് തുറക്കുന്നതുമായി ബന്ധപ്പെട്ട അപേക്ഷയില്‍ കോടതി ഇന്ന് വിധി പറയും. നേരത്തെ കെ.ടി. റമീസിനെ അറസ്റ്റ് ചെയ്തിരുന്നു. അതേസമയം, സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട് മുന്‍ ഐ.ടി സെക്രട്ടറിയും, മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുമായിരുന്ന എം. ശിവശങ്കറിനെ കസ്റ്റംസ് ഒമ്പത് മണിക്കൂറിലേറെ ചോദ്യം ചെയ്തു. തിരുവനന്തപുരം കസ്റ്റംസ് ആസ്ഥാനത്ത് പുലര്‍ച്ചെ 2.30 വരെയായിരുന്നു ചോദ്യം ചെയ്യല്‍. കസ്റ്റംസിന് പുറമെ റവന്യൂ ഇന്റലിജന്‍സ് വിഭാഗവും ശിവശങ്കറിനെ ചോദ്യം ചെയ്തു.