National (Page 859)

ന്യൂഡല്‍ഹി: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കേന്ദ്രസര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള എല്ലാ സ്മാരകങ്ങളും മ്യൂസിയങ്ങളും മെയി 15 വരെ അടച്ചിടും. കേന്ദ്ര സാംസ്‌കാരിക-വിനോദ സഞ്ചാര വകുപ്പ് സഹമന്ത്രി പ്രഹ്ലാദ് സിങ് പട്ടേല്‍ ആണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്. കോവിഡ് കേസുകള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ സംസ്ഥാനങ്ങളും കര്‍ശനനിയന്ത്രണങ്ങള്‍ നടപ്പാക്കിയിട്ടുണ്ട്.ഡല്‍ഹിയില്‍ വാരാന്ത്യ കര്‍ഫ്യൂ ഏര്‍പ്പെടുത്തി. ഉത്തര്‍പ്രദേശിലെ പല ജില്ലകളിലും രാത്രികാല കര്‍ഫ്യൂ പ്രഖ്യാപിച്ചിട്ടുണ്ട്. മഹാരാഷ്ട്രയില്‍ അവശ്യസര്‍വീസുകള്‍ക്ക് മാത്രമാണ് പ്രവര്‍ത്തനാനുമതിയുള്ളത്. രാജസ്ഥാനിലും കര്‍ണാടകത്തിലും നിയന്ത്രണങ്ങള്‍ കര്‍ശനമാക്കിയിട്ടുണ്ട്.

ജയ്പൂർ ;കോൺഗ്രസ് പ്രചാരണത്തിൽ ഭിന്നത പുറത്തു കാട്ടാതെ സജീവമായി മുഖ്യമന്ത്രി അശോക് ഗെലോട്ടും സച്ചിൻ പൈലറ്റും. രാജസ്ഥാനിൽ മൂന്നു സീറ്റിൽ 17 നാണ് ഉപതിരഞ്ഞെടുപ്പു നടക്കാനിരിക്കുന്നത്.പ്രചാരണ വേദികളിൽ ഇരു നേതാക്കളും ഒരുമിച്ച് ഉണ്ടെന്നു മാത്രമല്ല, ഇരുവരുടെയും ഒന്നിച്ചുള്ള യാത്രയും പോസ്റ്ററുകളിൽ സച്ചിൻ പൈലറ്റിന്റെ പടവും പ്രാമുഖ്യത്തോടെ കൊടുത്തിരിക്കുന്നതുമൊക്കെ ജനത്തിനിടയിൽ ചർച്ചയാകുന്നു.

ഗുജ്ജറുകൾക്കു നിർണായക സ്വാധീനമുള്ള മണ്ഡലങ്ങളിലാണ് ഉപതിരഞ്ഞെടുപ്പ്. സച്ചിന്റെ പ്രചാരണം ഇവിടെ കോണ്‍ഗ്രസിനു വലിയ ഊർജം പകർന്നിട്ടുണ്ട്. സംസ്ഥാന സർക്കാരിന്റെ ഭാവിയെ ബാധിക്കുന്നതല്ല ഉപതിരഞ്ഞെടുപ്പു ഫലം എന്ന് ആവർത്തിച്ചു വ്യക്തമാക്കുന്നതിലൂടെ സർക്കാരിനോ മുഖ്യമന്ത്രി ഗെലോട്ടിനോ ഭീഷണിയില്ലെന്ന സന്ദേശവും പൈലറ്റ് നൽകുന്നു. അതേസമയം പൈലറ്റിനെ ഒപ്പം കൂട്ടി പ്രചാരണം നടത്തുന്ന മുഖ്യമന്ത്രി ഗെലോട്ട് സർക്കാരിന്റെ പ്രവർത്തനങ്ങളുടെ വിലയിരുത്തലാകും ഉപതിരഞ്ഞെടുപ്പു ഫലം എന്നു വ്യക്തമാക്കി ഉത്തരവാദിത്തം ഏൽക്കുന്നുമുണ്ട്.

സച്ചിൻ പൈലറ്റ് പിസിസി പ്രസിഡന്റായിരിക്കെ നൽകിയ വാഗ്ദാനങ്ങളാണു സംസ്ഥാന സർക്കാർ നടപ്പാക്കുന്നതെന്നും പ്രചാരണ യോഗങ്ങളിൽ ആവർത്തിക്കുന്നതിലൂടെ യോജിപ്പിന്റെ പുതിയ പാത തുറന്നുവെന്ന സന്ദേശവും അദ്ദേഹം നൽകുന്നു.സംസ്ഥാന സർക്കാരിന്റെ നിലനിൽപിനു തിരഞ്ഞെടുപ്പു ഫലം ഭീഷണിയാകില്ലെങ്കിലും ഭരണം പകുതിയാകുമ്പോഴുള്ള ഉപതിരഞ്ഞെടുപ്പ് എന്ന നിലയിൽ ഭരണത്തിന്റെ വിലയിരുത്തലാകുമെന്ന കാര്യത്തിൽ കോണ്‍ഗ്രസിനും മുഖ്യമന്ത്രി അശോക് ഗെലോട്ടിനും തിരഞ്ഞെടുപ്പ് ഏറെ പ്രധാനമാണ്.

അതെസമയം മുഖ്യപ്രതിപക്ഷമായ ബിജെപിയിൽ തന്നെ ഒഴിവാക്കി കളിക്കുന്ന നേതൃത്വത്തോട് പിണങ്ങി മുൻമുഖ്യമന്ത്രി വസുന്ധര രാജെ സിന്ധ്യ പ്രചാരണ കളത്തിൽനിന്നു വിട്ടുനിൽക്കുന്നു. വസുന്ധരയുടെ കുറവ് അറിയാതിരിക്കാൻ അവരുടെ ആങ്ങളയുടെ മകൻ ജ്യോതിരാധിത്യ സിന്ധ്യയെ കളത്തിലിറക്കിയിരിക്കുകയാണ് ബിജെപി.താരപ്രചാരകരുടെ പട്ടികയിൽനിന്നുതന്നെ വസുന്ധരയ ഒഴിവാക്കിയ പാർട്ടി നേതൃത്വം ഇതേക്കുറിച്ചു പാർട്ടിക്കുള്ളിൽ പരസ്യ വിമർശനം ഉയർന്നതോടെ അവരെ പട്ടികയിൽ ഉൾപ്പെടുത്തുകയായിരുന്നു. എന്നാൽ പാർട്ടി കേന്ദ്രനേതൃത്വവും അവരുടെ പിന്തുണയോടെ സംസ്ഥാന നേതൃത്വവും തനിക്കെതിരെ നടത്തുന്ന നീക്കങ്ങളെക്കുറിച്ചു വ്യക്തമായ ബോധ്യമുള്ള വസുന്ധര പ്രചാരണ രംഗത്തേക്ക് ഇറങ്ങാനേ തയ്യാറായിട്ടില്ല.

മകന്റെ ഭാര്യയുടെ അസുഖമാണു കാരണമായി അവർ പറയുന്നതെങ്കിലും തന്നോടുള്ള പെരുമാറ്റത്തിലെ നീരസമാണ് ഇതിനു പിന്നിലെന്നതു വ്യക്തമാണ്. വസുന്ധര ഇല്ലാതെയും സംസ്ഥാനത്തു പാർട്ടിക്കു വിജയിക്കാനാകുമെന്ന തെളിയിക്കാൻ തത്രപ്പെടുമ്പോഴും പ്രചാരണം അവസാന ഘട്ടത്തിലേക്ക് എത്തിയതോടെ സഹാറയിലെങ്കിലും ഇതു തിരിച്ചടിയാകുമോ എന്ന ഭയം പാർട്ടി സംസ്ഥാന നേതൃത്വത്തിനുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിയോ ആഭ്യന്ത്രമന്ത്രി അമിത് ഷായോ താരപ്രചാരകരായി എത്തില്ലെന്നതും തിരിച്ചടിയായി. ഇതേ തുടർന്നാണു ജ്യോതിരാദിത്യ സിന്ധ്യയെ രംഗത്തിറക്കാൻ പാർട്ടി നിർബന്ധിതരായത്.

കോൺഗ്രസിന്റെ കൈവശമിരുന്ന സുജൻഗഡ്, സഹാറ, ബിജെപി പ്രതിനിധീകരിച്ച രാജസമന്ധ് എന്നീ മണ്ഡലങ്ങളിലേക്കാണ് 17ന് ഉപതിരഞ്ഞെടുപ്പ്. ഇതിൽ സുജൻഗഡിൽ ഇരു പാർട്ടികളും മാറിമാറി വിജയിച്ചിട്ടുള്ള സീറ്റാണ്. മന്ത്രിസഭാംഗമായിരുന്ന ഭൻവർലാൽ മേഘ്‍വാലിന്റെ നിര്യാണത്തെ തുടർന്നാണു തിരഞ്ഞെടുപ്പു വേണ്ടിവന്നത്. അദ്ദേഹത്തിന്റെ പുത്രൻ മനോജ് മേഘ്‍വാലാണ് കോൺഗ്രസ് സ്ഥാനാർഥി. 38,000ത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിനു ഭൻവർലാൽ കീഴടക്കിയ ഖേമാറാം മേഘ്‍വാൽ തന്നെയാണു ബിജെപി സ്ഥാനാർഥി. പ്രയാസമില്ലാതെ ജയിച്ചു കയറാൻ കഴിഞ്ഞേക്കുമെന്നു കോണ്‍ഗ്രസ് കണക്കു കൂട്ടുന്ന ഏക മണ്ഡലവും ഇതാണ്.

ബിജെപി എംഎൽഎയും മുൻമന്ത്രിയുമായിരുന്ന കിരൺ മഹേശ്വരിയുടെ നിര്യാണം മൂലം ഒഴിവുവന്ന രാജസമന്ധിൽ ബിജെപി അവരുടെ പുത്രി ദീപ്തി മഹേശ്വരിയെയാണു മൽസരിപ്പിക്കുന്നത്. കിരൺ മഹേശ്വരി 24,000 ത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിൽ ജയിച്ച മണ്ഡലത്തിൽ ദീപ്തിയെ നേരിടുന്ന കോൺഗ്രസിന്റെ താൻസൂക്ക് ബോറയാണ്. 45കാരനായ ബോറ പാർട്ടിയുടെ പുതിയ പ്രതീക്ഷയും അറിയപ്പെടുന്ന മാർബിൾ വ്യവസായിയുമാണ്. നിയമസഭാ സ്പീക്കർ സി.പി.ജോഷിയുടെ അടുത്ത ആളായി അറിയപ്പെടുന്ന ബോറയിലൂടെ ജോഷിക്കു നിർണായക സ്വാധീനമുള്ള മണ്ഡലം തിരിച്ചു പിടിക്കാനുള്ള ശ്രമത്തിലാണു കോണ്‍ഗ്രസ്. കേന്ദ്ര സർക്കാരിന്റെ കാർഷിക നിയമങ്ങൾക്കെതിരായ പ്രതിഷേധങ്ങളും സഹായിക്കുമെന്നു കോൺഗ്രസ് പ്രതീക്ഷിക്കുന്നു.

കഴിഞ്ഞ തിരഞ്ഞെടുപ്പിൽ കോണ്‍ഗ്രസ് ജയിച്ചെങ്കിലും സഹാറയിൽ സ്ഥിതി വ്യത്യസ്ഥമാണ്. ബിജെപിയുടെ ശക്തി കേന്ദ്രമായി അറിയപ്പെടുന്ന മണ്ഡലമാണു സഹാറ. ബിജെപി നേതാവായിരുന്ന ലാധൂലാൽ പിതലിയ 2018ൽ റിബലായി മൽസരിച്ചു 30,573 വോട്ടുകൾ നേടി മൂന്നാം സ്ഥാനത്ത് എത്തിയതോടെ പാർട്ടി ഒൗദ്യോഗിക സ്ഥാനാർഥി രൂപ് ലാൽ ജാട്ട് ഏഴായിരത്തോളം വോട്ടുകൾക്കു പരാജയപ്പെടുകയായിരുന്നു. ഇത്തവണയും പിതലിയ റിബലായി രംഗത്തു വന്നെങ്കിലും അവസാന നിമിഷം പത്രിക പിൻവലിപ്പിക്കാൻ ബിജെപിയ്ക്കായി.എന്നാൽ ഇതുകൊണ്ടുമാത്രം സഹാറ തിരിച്ചു പിടിക്കാൻ ബിജെപിക്കു കഴിയണമെന്നില്ല. ജാതിസമവാക്യങ്ങൾ ഏറെ പ്രധാനമായ മണ്ഡലത്തിൽ ഗ്വാളിയോർ രാജകുടുംബത്തിന് ഏറെ സ്വാധീനമുണ്ട്. ഗ്വാളിയോറിന്റെ അധീനതയിലായിരുന്ന പ്രദേശങ്ങൾക്കൂടി ഉൾപ്പെടുന്നതാണു ഇപ്പോഴത്തെ സഹാറ മണ്ഡലം. മാത്രവുമല്ല, മണ്ഡലമടങ്ങുന്ന പ്രദേശത്തുള്ള മറ്റു രാജകുടുംബങ്ങളുമായി ഗ്വാളിയോർ രാജകുടുംബത്തിനു വിവാഹത്തിലൂടെ അടക്കമുള്ള അടുത്ത ബന്ധവുമുണ്ട്.

മുംബൈ : കോവിഡ് രണ്ടാംതരംഗം രൂക്ഷമാകുന്നു. മഹാരാഷ്ട്രയില്‍ ദിനം പ്രതി രോഗികളുടെ വര്‍ദ്ധനവാണ് രേഖപ്പെടുത്തുന്നത്. ഈ ഘട്ടത്തില്‍ ഓക്‌സിജന്‍ സൗജന്യമായി ആശുപത്രികളില്‍ എത്തിക്കുമെന്ന പ്രഖ്യാപനവുമായി റിലയന്‍സ് ഇന്‍ഡസ്ട്രീസ്. ഇതിനോടകം റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് ഗുജറാത്തിലെ ജാംനഗര്‍ മുതല്‍ മഹാരാഷ്ട്രവരെയുള്ള മേഖലയിലെ ആശുപത്രികളില്‍ സൗജന്യമായി ഓക്‌സിജന് വിതരണം ആരംഭിച്ചിട്ടുണ്ട്.റിലയന്‍സ് ഉടമസ്ഥതയിലുള്ള റിഫൈനറികളില്‍ നിര്‍മിക്കുന്ന ഓക്‌സിജനാണ് കോവിഡ് ചികിത്സയുള്ള ആശുപത്രികളിലേക്ക് നല്‍കുക.

കോവിഡ് ചികിത്സയുടെ ഭാഗമായി ഓക്‌സിജന്‍ സിലിണ്ടറുകള്‍ക്ക് വന്‍തോതിലുള്ള ക്ഷാമം നേരിടുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. അതിനിടെയാണ് ആശുപത്രികളിലേക്ക് സൗജന്യമായി ഓക്‌സിജന്‍ എത്തിക്കുമെന്ന പ്രഖ്യാപനവുമായി റിലയന്‍സ് രംഗത്തെത്തിയത്.
പുതിയ വിവരം അനുസരിച്ച്, മെഡിക്കല്‍ ഉപയോഗത്തിന് അനുയോജ്യമായ ഓക്‌സിജന്‍ സ്ട്രീമുകള്‍ നിര്‍മ്മിച്ച ശേഷം, റിലയന്‍സ് അതിന്റെ പെട്രോളിയം കോക്ക് ഗ്യാസിഫിക്കേഷന്‍ യൂണിറ്റുകള്‍ക്കായി ഉദ്ദേശിച്ചിട്ടുള്ള ചില ഓക്‌സിജന്‍ സ്ട്രീമുകള്‍ ആശുപത്രികളിലെ ഉപയോഗത്തിനായി നല്‍കും.

ന്യൂഡൽഹി: ഹരിദ്വാറിൽ കുംഭമേളക്കെത്തിയ 1701 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ അഞ്ചുദിവസങ്ങളിലെ പരിശോധനാഫലമാണ് പുറത്തുവന്നത്. ആർ.ടി.പി.സി.ആർ, ആന്റിജൻ പരിശോധനകളിലാണ് ഇത്രയും പേർക്ക് കൊവിഡ് ബാധിച്ച വിവരം പുറത്തായത്. തിങ്കളാഴ്ച 28 ലക്ഷത്തിലേറെ പേരാണ് ഗംഗയിലെ സ്‌നാനത്തിനായി എത്തിയതെന്നാണ് കണക്ക്. കൊവിഡ് കേസുകൾ കുതിച്ചുയരുന്നതിനിടെ കുംഭമേള ഹോട്ട്സ്പോട്ടായി മാറുമോയെന്ന ആശങ്ക ശക്തമാണ്.

കൂടുതൽ ആർ.ടി.പി.സി.ആർ പരിശോധനകളുടെ ഫലങ്ങൾ കൂടി പുറത്ത് വരാനുണ്ടെന്നും അതു കൂടി വന്നാൽ രോഗികളുടെ എണ്ണം 2000 വരെ ഉയർന്നേക്കാമെന്നും ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നൽകുന്നു.ഏപ്രിൽ 10 മുതൽ 14 വരെയുള്ള അഞ്ച് ദിവസങ്ങളിലാണ് കോവിഡ് പരിശോധന നടത്തിയത്. വിവിധ സന്യാസ സമൂഹങ്ങൾക്കിടയിലായിരുന്നു പരിശോധന. കഴിഞ്ഞ ദിവസങ്ങളിലായി നടന്ന കുംഭമേളയുടെ സ്നാനത്തിൽ ഏകദേശം 48.51 ലക്ഷം പേരാണ് പങ്കെടുത്തത്.

രാജ്യത്ത് ഇന്ന് പ്രതിദന കൊവിഡ് രോഗികളുടെ എണ്ണം രണ്ട് ലക്ഷം പിന്നിട്ടിരുന്നു,​പ്രശസ്തമായ ഹർ കി പോഡി ഘട്ടിലടക്കം തെർമൽ സ്‌കാനിംഗ് ഏർപ്പെടുത്തിയിട്ടില്ലെന്ന് ഒരു ദേശീയമാദ്ധ്യമം റിപ്പോർട്ട് ചെയ്തു. മാസ്‌ക് ധരിക്കാത്തവർക്കെതിരെ നടപടിയെടുക്കുന്നില്ല. കൊവിഡ് നെഗറ്റീവ് ആർ.ടി.പി.സി.ആർ സർട്ടിഫിക്കറ്റ്,തെർമൽ സ്‌കാനിംഗ്, മാസ്‌ക് ധരിക്കൽ തുടങ്ങി കൊവിഡ് മാനദണ്ഡങ്ങൾ വ്യാപകമായി ലംഘിക്കപ്പെടുകയാണ്.

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിച്ച് കോണ്‍ഗ്രസ് എം.പി രാഹുല്‍ ഗാന്ധി. രാജ്യത്ത് കിടക്കകളോ, വെന്റിലേറ്ററുകളോ, വാക്‌സിനോ ലഭ്യമല്ലെന്നും വാക്‌സിന്‍ ഉത്സവം മറ്റൊരു തട്ടിപ്പാണെന്നും അദ്ദേഹം ആരോപിച്ചു. കോവിഡ് പ്രതിസന്ധി കൈകാര്യം ചെയ്യുന്നതിന് വേണ്ടി രൂപം നല്കിയ പിഎം കെയേഴ്‌സ് എന്താണ് ചെയ്യുന്നതെന്നും രാഹുല്‍ ചോദിച്ചു. രാജ്യം വാക്‌സിന്‍ ക്ഷാമം നേരിടുമ്പോള്‍ വാക്‌സിന് ഉത്സവം നടത്താനുളള കേന്ദ്ര നടപടിയെ രാഹുല്‍ ചോദ്യം ചെയ്തിരുന്നു. വിദേശ വാക്‌സിനുകള്‍ക്ക് അതിവേഗം അനുമതി നല്കാനുളള കേന്ദ്ര തീരുമാനത്തേയും വിമര്‍ശിച്ചിരുന്നു.

നാഗ്പൂര്‍: സംസ്‌കൃതം ഇന്ത്യയുടെ ഔദ്യോഗിക ഭാഷയാക്കണമെന്ന് ബി.ആര്‍ അംബേദ്കര്‍ നിര്‍ദ്ദേശിച്ചിരുന്നുവെന്ന അവകാശവാദവുമായി സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എസ്.എ ബോബ്‌ഡെ.

നാഗ്പൂരില്‍ സംസാരിക്കവേയായിരുന്നു ബോബ്‌ഡെയുടെ അവകാശവാദം. രാഷ്ട്രീയ-സാമൂഹിക പ്രശ്‌നങ്ങള്‍ നന്നായി അറിയാവുന്നതുകൊണ്ടും ജനങ്ങള്‍ക്ക് എന്താണ് വേണ്ടത് എന്നതിനെക്കുറിച്ച് ധാരണയുള്ളതുകൊണ്ടുമാണ് അത്തരത്തില്‍ ഒരു നിര്‍ദ്ദേശം അംബേദ്കര്‍ വെച്ചതെന്നായിരുന്നു ബോബ്‌ഡെയുടെ വാദം. എന്നാല്‍ അത് ഫലത്തില്‍ വന്നില്ലെന്നും ബോബ്‌ഡെ പറഞ്ഞു.

ഉത്തരേന്ത്യയില്‍ തമിഴ് സ്വീകാര്യമല്ലാത്തതിനാല്‍ അതിനെ അവിടെ എതിര്‍ക്കാമെന്നും അതുപോലെ തന്നെ ദക്ഷിണേന്ത്യയിലും ഹിന്ദി എതിര്‍ക്കപ്പെടുമെന്നും അംബേദ്കറുടെ അഭിപ്രായപ്പെട്ടിരുന്നുവെന്നും

എന്നാല്‍, ഉത്തരേന്ത്യയിലും ദക്ഷിണേന്ത്യയിലും സംസ്‌കൃതത്തിനെതിരായ എതിര്‍പ്പ് ഉണ്ടാകാനുള്ള സാധ്യത കുറവാണെന്നും അതിനാലാണ് അംബേദ്കര്‍ ആ നിര്‍ദ്ദേശം മുന്നോട്ട് വെച്ചതെന്നും എന്നാല്‍ അത് വിജയിച്ചില്ലെന്നുമാണ് ബോബ്‌ഡെ അവകാശപ്പെടുന്നത്.അംബേദ്കറുടെ 130 ജന്മവാര്‍ഷികത്തിലാണ് ബോബ്‌ഡെ ഇത്തരമൊരു പരാമര്‍ശം നടത്തിയത്.

ന്യൂഡല്‍ഹി: കോവിഡിന്റെ പശ്ചാത്തലത്തില്‍ ഡല്‍ഹിയില്‍ കൊവിഡ് നിയന്ത്രണങ്ങള്‍ കടുപ്പിച്ച് സംസ്ഥാന സര്‍ക്കാര്‍.മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളും ലഫ്റ്റനന്റ് ഗവര്‍ണര്‍ അനില്‍ ബയ്ജാലും തമ്മിലുളള ആലോചനാ യോഗത്തിന് ശേഷമാണ് തീരുമാനം. ഏപ്രില്‍ 17മുതല്‍ കര്‍ഫ്യു നിലവില്‍ വരുമെന്നും വെളളിയാഴ്ച രാത്രി 10ന് ആരംഭിക്കുന്ന കര്‍ഫ്യൂ തിങ്കളാഴ്ച പുലര്‍ച്ചെ 6 മണിവരെ നീളുമെന്നും അരവിന്ദ് കെജ്രിവാള്‍ അറിയിച്ചു. നിരോധനാജ്ഞ നിലവിലുളളപ്പോള്‍ അവശ്യ സര്‍വീസുകളെ മാത്രമേ അനുവദിക്കൂ. അന്തര്‍സംസ്ഥാന സര്‍വീസുകളും നടത്താം. ചന്തകള്‍, മാളുകള്‍, സ്പാ, ജിമ്മുകള്‍,എന്നിവ അടഞ്ഞുകിടക്കും. ഓഡിറ്റോറിയങ്ങളും അടയ്ക്കും. സ്വകാര്യ സ്ഥാപനങ്ങളില്‍ ജീവനക്കാര്‍ വീടുകളിലിരുന്ന് ജോലി നോക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തും. കൂടുതല്‍ കൊവിഡ് കെയര്‍ സെന്ററുകള്‍ തുടങ്ങുമെന്നും വരുംദിവസങ്ങളില്‍ കൊവിഡ് കേസുകള്‍ കുറഞ്ഞില്ലെങ്കില്‍ വാരാന്ത്യ കര്‍ഫ്യൂ നീട്ടിയേക്കുമെന്നും കെജ്രിവാള്‍ അറിയിച്ചു. കൊവിഡ് പ്രതിരോധ ഒരുക്കങ്ങള്‍ വിലയിരുത്തുന്നതിനായി ലഫ്റ്റനന്റ് ഗവര്‍ണര്‍ അനില്‍ ബയ്ജാല്‍ ഡല്‍ഹി മുനിസിപ്പല്‍ കോര്‍പറേഷന്‍ അധികൃതരുടെ യോഗം ഇന്ന് വിളിച്ചുകൂട്ടിയിട്ടുണ്ട്.

ഡൽഹി: ഇന്ത്യയിലുടനീളം പത്ത് ലക്ഷം പേരുടെ കൊവിഡ് വാക്സിനേഷൻ ചെലവുകൾ വഹിക്കുമെന്ന് പ്രഖ്യാപിച്ച് ഇ-കൊമേഴ്സ് ഭീമനായ ആമസോൺ. 2.5 ബില്യൺ ഡോളർ (ഏകേദശം 18000 കോടി രൂപ) ആയിരിക്കും ആമസോൺ ഇതിനായി ചെലവഴിക്കുക. ആഗോളത്തലത്തിൽ ജീവനക്കാർക്ക് നൽകാൻ വകയിരുത്തി വച്ച തുകയ്ക്ക് തുല്യമായ തുകയായിരിക്കും കമ്പനി ചെലവഴിക്കുക. പ്രത്യേക ബോണസ്, ഇൻസെൻറ്റീവ്സ് എന്നീ ഗണത്തിൽ 2.5 ഡോളർ ആണ് കമ്പനി നീക്കിവച്ചിരിക്കുന്നത്.

എന്നിരുന്നാലും ജീവനക്കാർക്കും കച്ചവർക്കാർക്കും അവരുടെ കുടുംബത്തിനും വാക്സിനേഷൻ നൽകുന്നതിന് എത്ര തുക വകയിരുത്തി വച്ചിട്ടുണ്ടെന്ന് ആമസോൺ വ്യക്തമാക്കിയിട്ടില്ല അതേസമയം ആഗോളത്തലത്തിൽ കൊവിഡുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്കായി 11.5 ബില്യൺ ഡോളർ ആണ് കമ്പനി വകയിരുത്തിയിട്ടുള്ളത്.കമ്പനിയിൽ ജോലി ചെയ്യുന്നവരുടെയും കമ്പനിയുമായി സഹകരിച്ച് പ്രവർത്തിക്കുന്നവരുടെയും സുരക്ഷ ഉറപ്പ് വരുത്തുന്നതിനായാണ് സൗജന്യമായി വാക്സിനേഷൻ നൽകാൻ തീരുമാനിച്ചതെന്ന് ആമസോൺ ഇന്ത്യ മാനേജർ അമിത് അഗർവാൾ പറഞ്ഞു.

കഴിഞ്ഞ ഒരു വർഷമായി കമ്പനിയുമായി പ്രവർത്തിക്കുന്ന വിൽപ്പനക്കാർക്കാണ് സൗജന്യ വാക്സിനേഷൻ ലഭിക്കുക.പ്രമുഖ ഇൻഷുറൻസ് കമ്പനിയുമായി ചേർന്ന് എല്ലാ വിൽപ്പനക്കാർക്കും അവരുടെ ജീവനക്കാർക്കും ആമസോൺ ആരോഗ്യ ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കിയിരുന്നു.പകർച്ചവ്യാധിയെ തുടർന്നുണ്ടായ വെല്ലുവിളികളെ നേരിടാൻ ചെറുകിട, ഇടത്തരം ബിസിനസുകൾക്ക് കമ്പനി ഫീസ് ഇളവ് പ്രഖ്യാപിച്ചിരുന്നു.

മുംബൈ: പൊലീസ് കമ്മിഷണര്‍ പരംബീര്‍ സിങ്ങിന്റെ അഴിമതി ആരോപണങ്ങളിലെ അന്വേഷണത്തിനായി മഹാരാഷ്ട്ര മുന്‍ ആഭ്യന്തര മന്ത്രി അനില്‍ ദേശ്മുഖ് സിബിഐക്കു മുന്നില്‍ ഹാജരായി. സബേര്‍ബന്‍ സാന്താക്രൂസിലെ ഡിആര്‍ഡിഒ ഗസ്റ്റ് ഹൗസില്‍ ചോദ്യം ചെയ്യലിനായി രാവിലെ 10 മണിയോടെയാണ് ദേശ്മുഖ് സ്ഥലത്തെത്തിയത്.മുകേഷ് അംബാനിയുടെ മുംബൈയിലെ ആന്റിലിയ വസതിക്കുമുന്നില്‍ സ്‌ഫോടക വസ്തുക്കള്‍ നിറച്ച കാര്‍ കണ്ടെത്തുകയും ഏറ്റുമുട്ടല്‍ വിദഗ്ധനായ സച്ചിന്‍ വാസെയെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് മുംബൈയിലെ ബാറുകളില്‍നിന്നും റസ്റ്ററന്റുകളില്‍നിന്നുമായി മാസം 100 കോടിക്കുമുകളില്‍ പിരിച്ചുകൊടുക്കണമെന്ന് ദേശ്മുഖ് വാസെയോട് ആവശ്യപ്പെട്ടിരുന്നുവെന്ന ആരോപണം പരംബീര്‍ ഉന്നയിക്കുന്നത്.

ന്യൂഡല്‍ഹി: ഉന്നത വിദ്യാഭ്യാസ മന്ത്രിയായിരുന്ന കെ.ടി ജലീലിന്റെ രാജിയ്ക്ക് കാരണമായ ബന്ധുനിയമനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് പങ്കുണ്ടെന്നും അദ്ദേഹത്തിന്റെ പങ്ക് വ്യക്തമാക്കാന്‍ നിയമ നടപടികളുമായി മുന്നോട്ട് പോകുമെന്നും കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്‍. ആരോപണങ്ങളില്‍ മുഖ്യമന്ത്രി ഇതുവരെ മറുപടി പറഞ്ഞില്ലെന്നും മൗനം തുടരുകയാണെന്നും മുരളീധരന്‍ വ്യക്തമാക്കി.

ജലീലിനോട് മുഖ്യമന്ത്രിയ്ക്കുണ്ടായിരുന്ന പ്രത്യേക വാത്സല്യത്തെക്കുറിച്ചും സ്‌നേഹത്തെക്കുറിച്ചുമൊക്കെ ജലീല്‍ വ്യക്തമാക്കിയിരുന്നു. തന്റെ മന്ത്രിസഭയിലെ ഒരു മന്ത്രി രാജിവയ്‌ക്കേണ്ടിവന്ന സാഹചര്യം എന്താണ് എന്നതിനെപ്പറ്റി മുഖ്യമന്ത്രി എന്തുകൊണ്ട് മൗനം പാലിക്കുന്നു. ജലീല്‍ കുറ്റവാളിയാണെന്ന് പറഞ്ഞാല്‍ മുഖ്യമന്ത്രി കൂടി കുടുങ്ങും അതുകൊണ്ടല്ലേ അങ്ങനെയൊരു നിലപാട് എടുത്തത്. എന്തുകൊണ്ടാണ് ജലീലിനെതിരായ ആരോപണം വിജിലന്‍സ് അന്വേഷിക്കേണ്ട എന്ന നിലപാട് എടുത്തു.

എന്നാല്‍ സമാന ആരോപണം വന്നപ്പോള്‍ ജയരാജന് എതിരെ വിജിലന്‍സ് അന്വേഷണം നടന്നു. ഇത് മുഖ്യമന്ത്രിയുടെ പങ്ക് വെളിപ്പെടാതിരിക്കാനാണെന്നും മുരളീധരന്‍ ആരോപിച്ചു.ന്യൂഡല്‍ഹിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബന്ധുനിയമനത്തില്‍ കെ.ടി ജലിലിന് മാത്രമല്ല മുഖ്യമന്ത്രിയ്ക്കും ഉത്തരവാദിത്വമുണ്ടെന്ന് വ്യക്തമായതിന് ശേഷം ധാര്‍മ്മിക ഉത്തരവാദിത്വത്തിന്റെ പേരില്‍ ജലീല്‍ രാജിവെച്ചിട്ടും മുഖ്യമന്ത്രി എന്തുകൊണ്ട് രാജിവയ്ക്കുന്നില്ല. നിയമവേദികളില്‍ മുഖ്യമന്ത്രി മറുപടി പറയേണ്ടിവരുമെന്നും മുരളീധരന്‍.