National (Page 820)

ന്യൂഡല്‍ഹി: കെ പി സി സി അദ്ധ്യക്ഷ സ്ഥാനത്തേക്ക് കെ സുധാകരനെ ഒഴിവാക്കി കൊടിക്കുന്നില്‍ സുരേഷിനെ പരിഗണിക്കാന്‍ എ, ഐ ഗ്രൂപ്പുകള്‍ ഹൈക്കമാന്‍ഡിനെ അറിയിച്ചു. അശോക് ചവാന്‍ സമിതിക്ക് മുന്‍പിലും ഇക്കാര്യം ഗ്രൂപ്പുകള്‍ വ്യക്തമാക്കിയിട്ടുണ്ട്. ഈ സ്ഥാനത്തേക്ക് ദളിത് വിഭാഗത്തില്‍ നിന്നുള്ള ആളാകുന്നത് കോണ്‍ഗ്രസിന്റെ പുരോഗമന ചിന്തയുടെ പ്രതീകമായി അടയാളപ്പെടുത്തുമെന്നാണ് ഗ്രൂപ്പുകള്‍ വാദിക്കുന്നത്. ഇക്കാര്യം ആവശ്യപ്പെട്ട് കൊടിക്കുന്നില്‍ സുരേഷും രാഹുല്‍ഗാന്ധിക്കും സോണിയഗാന്ധിക്കും കത്തയച്ചിട്ടുണ്ട്.സുധാകരന്റെ തീവ്രനിലപാടുകള്‍ പാര്‍ട്ടിയുമായി യോജിച്ച് പോകില്ലെന്നും കണ്ണൂരില്‍ പോലും സംഘടനയെ കെട്ടിപടുക്കാന്‍ സുധാകരന് കഴിഞ്ഞിട്ടില്ലെന്നുമാണ് അദ്ദഹത്തെ എതിര്‍ക്കുന്നവര്‍ വാദിക്കുന്നത്. സുധാകരനല്ലാതെ മറ്റാര്‍ക്കും ഈ ഘട്ടത്തില്‍് പാര്‍ട്ടിയെ മുമ്പോട്ട് കൊണ്ടുപോകാനാവില്ലെന്നാണ് അദ്ദേഹത്തെ അനുകൂലിക്കുന്നവര്‍ അഭിപ്രായപ്പെടുന്നത്. മുല്ലപ്പള്ളിയുടെ രാജി സന്നദ്ധത അംഗീകരിച്ച ഹൈക്കമാന്‍്ഡ് രണ്ടാഴ്ചക്കുള്ളില്‍ പുതിയ അദ്ധ്യക്ഷനെ പ്രഖ്യാപിച്ചേക്കും.

ന്യൂഡല്‍ഹി : കോവിഡിനൊപ്പം ബ്ലാക്ക് ഫംഗസും പിടിമുറുക്കിയതോടെ പ്രതിരോധമരുന്നിനായുള്ള നടപടി കേന്ദ്രസര്‍ക്കാര്‍ ഊര്‍ജ്ജിതമാക്കുകയായിരുന്നു. ഇതോടെ യുഎസില്‍ നിന്നും ബ്ലാക്ക് ഫംഗസ് ചികിത്സയ്ക്കായുള്ള മരുന്ന് എത്തിച്ചു. ഇതിന്റെ ഭാഗമായി ആംബിസോം എന്ന ഇന്‍ജക്ഷന്റെ രണ്ട് ലക്ഷം ഡോസാണ് കഴിഞ്ഞ ദിവസം യുഎസില്‍ നിന്നും ഇന്ത്യയിലേക്ക് എത്തിയത്. ബ്ലാക്ക് ഫംഗസ് ചികിത്സയ്ക്ക് ഇന്ത്യയ്ക്ക് ആവശ്യമുള്ള മരുന്നുകള്‍് ലോകത്തില്‍ എവിടെ നിന്നെങ്കിലും സംഘടിപ്പിക്കണമെന്ന് വിവിധ മന്ത്രാലയങ്ങള്‍ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞദിവസം നിര്‍ദ്ദേശം നല്കിയിരുന്നു. ബ്ലാക്ക് ഫംഗസ് രോഗബാധയുടെ ചികിത്സയ്ക്ക് ഉപയോഗിക്കുന്ന ഒരു മില്ല്യണ്‍ ആംഫോടെറിസിന്‍ മരുന്നുകള്‍ അമേരിക്കയില്‍ നിന്നും നേരത്തെ ഇന്ത്യയില്‍ എത്തിയിരുന്നു.

കൊൽക്കത്ത: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷവിമർശനവുമായി പശ്​ചിമബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. തന്നെ ഇങ്ങനെ അപമാനിക്കരുതെന്ന്​ മമത പറഞ്ഞു. തന്റെ പ്രഥമ പരിഗണന ബംഗാളിനാണെന്നും സംസ്ഥാനത്തെ ഒരിക്കലും അപകടത്തിൽ പെടുത്തില്ലെന്നും മമത പറഞ്ഞു. സംസ്ഥാനത്തെ ജനങ്ങൾക്ക് സുരക്ഷയ്‌ക്കായി നിലകൊള‌ളുമെന്നും മമത ആവർത്തിച്ചു.യാസ്​ ചുഴലിക്കാറ്റിന്‍റെ അവലോകന യോഗവുമായി ബന്ധപ്പെട്ട്​ ഇരുനേതാക്കളും തമ്മിലുണ്ടായ പ്രശ്​നത്തിന്‍റെ തുടർച്ചയായാണ്​ മമതയുടെ പ്രസ്​താവന.

മോദിയുടെ വാദം മാത്രമാണ്​ മാധ്യമങ്ങൾ റിപ്പോർട്ട്​ ചെയ്യുന്നത്​. ഏകപക്ഷീയമായാണ്​ വാർത്തകൾ പുറത്ത്​ വരുന്നതെന്നും മമത ബാനർജി പറഞ്ഞു. ഞങ്ങൾക്ക്​ ചരിത്ര വിജയം ലഭിച്ചു. അതിന്​ ഞങ്ങളോട്​ എന്തിനാണ്​ ഇങ്ങനെ പെരുമാറുന്നത്​. തെരഞ്ഞെടുപ്പിൽ ജയിക്കാൻ നിങ്ങൾ ശ്രമിച്ചു പക്ഷേ പരാജയപ്പെട്ടു. എന്തിനാണ്​ ഇങ്ങനെ ദിവസവും ഞങ്ങളോട്​ വഴക്കുകൂടുന്നത്​ മമത ചോദിച്ചു. സാഗറിലേക്കും ദിഗയിലേക്കുമുള്ള യാത്രകൾ മുൻകൂട്ടി നിശ്​ചയിച്ചതായിരുന്നു. പ്രധാനമന്ത്രി വരുന്ന വിവരം വൈകിയാണ്​ ലഭിച്ചത്​.

പ്രധാനമന്ത്രിയുടെ അനുവാദത്തോടെയാണ്​ ദിഗയിലേക്ക്​ പോയതെന്നും മമത വിശദീകരിച്ചു.’ബംഗാളിലെ ജനങ്ങൾക്ക് വേണ്ടി പ്രധാനമന്ത്രി കാല് പിടിക്കാൻ ആവശ്യപ്പെട്ടാലും ഞാൻ തയ്യാറാണ്. എന്നാൽ എന്നെ അപമാനിക്കരുത്’. മമത ആവശ്യപ്പെട്ടു. ‘പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും പങ്കെടുക്കേണ്ട മീ‌റ്റിംഗിൽ ഗവർണറെയും ബിജെപി നേതാക്കളെയും വിളിച്ചു. ഒഴിഞ്ഞ കസേരകൾ വച്ചു. ഇതെല്ലാം അപമാനിക്കാനുള‌ള ഒരു പദ്ധതിയുടെ ഭാഗമാണെന്നും മമത ആരോപിച്ചു.

ലഡാക്ക്: കിഴക്കൻ ലഡാക്ക് അതിർത്തിയിൽ നിന്നും ചൈനീസ് സൈന്യം പൂർണമായും പിന്മാറാതെ സംഘ‌ർഷത്തിന് ഒരു കുറവുമുണ്ടാകുമെന്ന് പ്രതീക്ഷിക്കേണ്ടെന്ന് ചൈനയ്‌ക്ക് മുന്നറിയിപ്പുമായി ഇന്ത്യൻ കരസേനാ മേധാവി ജനറൽ എം.എം നരവനെ. ഇന്ത്യ തർക്കസ്ഥലത്ത് കരാറുകൾ പാലിച്ചു എങ്കിലും ചൈന അനധികൃതമായി ആയുധങ്ങളും നിരവധി സൈനികരെയും രംഗത്തിറക്കി മുൻപ് ഗാൽവാൻ വാലിയിൽ സംഘർഷമുണ്ടാക്കി.’യഥാർത്ഥ നിയന്ത്രണ രേഖയിൽ സമാധാനവും ശാന്തതയുമാണ് വേണ്ടതെങ്കിലും എന്ത് പ്രശ്‌നവും നേരിടാൻ ഇന്ത്യ തയ്യാറാണ്.’ നരവനെ അറിയിച്ചു.

അതെസമയം കിഴക്കൻ ല‌ഡാക്കിലെ പ്രദേശങ്ങളുടെ ഉടമസ്ഥതയെ സംബന്ധിച്ച് ഉറച്ചതും സംശയമില്ലാത്തതുമായ നിലപാടാണ് ഇന്ത്യയ്‌ക്ക്. ‘അതിർത്തിയിലെ തന്ത്രപ്രധാനമായ സ്ഥലങ്ങളിൽ ചൈനീസ് കടന്നുകയ‌റ്റം പ്രതിരോധിക്കാൻ മതിയായ സൈനിക വിന്യാസം ഇന്ത്യ നടത്തിയിട്ടുണ്ട്. പ്രശ്‌നങ്ങളുണ്ടായാൽ പകരം സൈനികരെയും തയ്യാറാക്കിയിട്ടുണ്ട്.’ ജനറൽ നരവനെ പറഞ്ഞു.

ഡൽഹി : രാജ്യത്തെ ആഭ്യന്തര വിമാന ടിക്കറ്റ് നിരക്ക് കൂട്ടി. പുതുക്കിയ നിരക്ക് ജൂൺ ഒന്ന് മുതൽ പ്രാബ്യലത്തിൽ വരും. ദില്ലി-തിരുവനന്തപുരം വിമാന യാത്ര ടിക്കറ്റ് നിരക്ക് കുറഞ്ഞ തുക 8700 രൂപയും പരമാവധി നിരക്ക് 20,400 രൂപയുമായി ഉയര്‍ന്നു. ദില്ലി നിന്ന് കോഴിക്കോട്, കൊച്ചി എന്നിവിടങ്ങളിലേക്ക് കുറഞ്ഞ നിരക്ക് 7,400 രൂപയും പരമാവധി നിരക്ക് 20,400 രൂപയുമാണ്.കൊച്ചി– പുനെ, തിരുവനന്തപുരം –മുംബൈ വിമാന യാത്രയ്ക്ക് കുറഞ്ഞ നിരക്ക് 4700 രൂപയും ഉയര്‍ന്ന ചാര്‍ജ് 13,000 രൂപമാണ്.

കൊച്ചി–ചെന്നൈ, തിരുവനന്തപുരം-ഹൈദരാബാദ് റൂട്ടുകളില്‍ കുറഞ്ഞ നിരക്ക് 4000 രൂപയും ഉയര്‍ന്ന ചാര്‍ജ് 11,700 രൂപ മാണ്. ബെംഗളൂരു– കോഴിക്കോട്, തിരുവനന്തപുരം– ബെംഗളൂരു, തിരു– ചെന്നൈ, കൊച്ചി–ഗോവ റൂട്ടുകളില്‍ 3300 രൂപ, ഉയര്‍ന്ന ചാര്‍ജ് 9800 രൂപ. ബെംഗളൂരു– കോഴിക്കോട്, തിരുവനന്തപുരം– ബെംഗളൂരു, തിരു– ചെന്നൈ, കൊച്ചി–ഗോവ റൂട്ടുകളില്‍ 3300 രൂപ, ഉയര്‍ന്ന ചാര്‍ജ് 9800 രൂപ എന്നിങ്ങനെയാണ് പുതുക്കിയ നിരക്ക്.

ന്യൂഡല്‍ഹി: കോവിഡ് ബാധിച്ച് മാതാപിതാക്കളെ നഷ്ടപ്പെട്ട ഓരോ കുട്ടിക്കും പിഎം കെയേഴ്‌സ് ഫണ്ടിലൂടെ 10 ലക്ഷം രൂപയുടെ സാമ്പത്തിക സഹായം അടക്കം നല്‍കുന്ന ലഭ്യമാക്കുന്ന പദ്ധതി പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ചു. കുട്ടിക്ക് 18 വയസാകുന്നത് വരെ 10 ലക്ഷം രൂപ അവരുടെ പേരില്‍ സ്ഥിര നിക്ഷേമായി ബാങ്കില്‍ നിക്ഷേപിക്കും. ഈ തുക ഉപയോഗിച്ച് 18 വയസ്സ് മുതല്‍ 23 വയസ്സ് വരെ മാസം തോറും കുട്ടിക്ക് സ്‌റ്റൈപന്‍ഡ് നല്കും ഇത് ഉന്നത വിദ്യാഭ്യാസത്തിനും വ്യക്തിപരമായ ആവശ്യത്തിനും ചെലവഴിക്കാം. ബാക്കി തുക 23 വയസ്സ് പൂര്‍ത്തിയാവുമ്പോള്‍ നല്കും. കുട്ടികളുടെ വിദ്യാഭ്യാസം പൂര്‍ണമായും സൗജന്യമായിരിക്കും.
പത്ത് വയസില്‍ താഴെയുള്ള കുട്ടികള്‍ക്ക് അടുത്തുള്ള കേന്ദ്രീയ വിദ്യാലയത്തിലോ സ്വകാര്യ സ്‌കൂളിലോ പഠിക്കാന്‍ സൗകര്യം ഒരുക്കും. 10 വയസ്സിന് മുകളിലുള്ള കുട്ടിയാണെങ്കില്‍ സൈനിക് സ്‌കൂള്‍, നവോദയ തുടങ്ങിയ റെസിഡന്‍ഷ്യല്‍ സ്‌കൂളുകളില്‍ പഠിപ്പിക്കും.ഇത്തരം കുട്ടികളുടെ ഇന്ത്യയ്ക്കുള്ളില്‍ തന്നെയുള്ള ഉന്നത വിദ്യാഭ്യാസത്തിനായി ബാങ്ക് വായ്പ ലഭ്യമാക്കാന്‍ സഹായിക്കും. പലിശ പി.എം കെയേഴ്‌സ് ഫണ്ടില്‍ നിന്ന് നല്‍കും.

ന്യൂഡൽഹി : ആന്റി ബയോട്ടിക്കുകളുടേയും, സൂപ്പർബഗുകളുടേയും അമിത ഉപയോഗം കൊറോണ രോഗിയുടെ ആരോഗ്യനില വഷളാക്കാൻ സാധ്യതയുണ്ടെന്ന് ഐസിഎംആർ നടത്തിയ പഠനത്തിൽ കണ്ടെത്തി. ഇത്തരം മരുന്നുകളുടെ ഉപയോഗം മാരകമാണെന്ന് ഐസിഎംആർ പഠനം വ്യക്തമാക്കി. മുംബൈയിലെ സിയോൺ, ഹിന്ദുജ ഉൾപ്പെടെ 10 ആശുപത്രികളിലാണ് ഐസിഎംആർ പഠനം നടത്തിയത്. കൊറോണ രോഗം ബാധിച്ച പകുതിയിലധം ആളുകൾക്കും കൊറോണാനന്തര രോഗങ്ങൾ പിടിപെടുകയോ മരണപ്പെടുകയോ ചെയ്യുന്നതായാണ് പഠനത്തിൽ കണ്ടെത്തിയിരിക്കുന്നത്.

കൊറോണ ബാധിച്ച് ഏറെകാലം ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന രോഗികൾക്ക് മാത്രമേ ഇത്തരം ആന്റി ബയോട്ടിക്കുകൾ നൽകാറുള്ളു. അന്തരീക്ഷത്തിൽ നിന്നും, പ്രത്യേകിച്ച് ആശുപത്രിയിൽ നിന്നും, അണുബാധ ഉണ്ടാകാതിരിക്കാനാണ് ഇത് ചെയ്യുന്നത്. ബ്ലാക്ക് ഫംഗസ് അഥവാ മ്യൂക്കോർമൈക്കോസിസ് രോഗമുണ്ടാകാനും ആന്റിബയോട്ടിക്കുകൾ നിർണായക പങ്ക് വഹിക്കുന്നുണ്ടോ എന്ന കാര്യത്തിൽ സംശയം നിലനിൽക്കുകയാണ്.

ബാക്ടീരിയ, ഫംഗസ് അണുബാധയുമായി ബന്ധപ്പെട്ട രോഗങ്ങളാണ് മിക്ക കൊറോണ രോഗികൾക്കും പിടിപെടുന്നത്. കൊറോണ വൈറസ് പിടിപെടുന്ന രോഗികൾക്ക് സാധാരണ ആന്റിബയോട്ടിക്കുകളേക്കൊൾ ശക്തിയുളള മരുന്നാണ് കൊടുക്കുന്നത്. ഇതിലൂടെ മാത്രമേ വൈറസിനെ പൂർണമായും ഇല്ലാതാക്കാൻ സാധിക്കു എന്ന് വിദഗ്ധർ പറയുന്നു.

ബാക്ടീരിയകളും ഫംഗസുകളും നിരന്തരമായി മനുഷ്യശരീരത്തെ ആക്രമിക്കാറുണ്ടെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. എന്നാൽ രോഗപ്രതിരോധ ശേഷി കാരണം ഇത് ശരീരത്തെ കൂടുതൽ ബാധിക്കാറില്ല. പക്ഷേ സ്റ്റിറോയ്ഡുകളുടേയും, ക്യാൻസറർ മരുന്നുകളുടേയും അമിത ഉപയോഗം രോഗപ്രതിരോധ ശേഷിയെ ബാധിക്കുന്നു. ഇത് മൂലമാണ് കൊറോണ രോഗികളുടെ നില വഷളാകുന്നതും കൊറോണാനന്തര രോഗം പെട്ടെന്ന് പിടിപെടുന്നതും എന്ന് വിദഗ്ധർ പറയുന്നു.

ഫെബ്രുവരിയിൽ പ്രഖ്യാപിച്ച പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ പാലിച്ച് പ്രവർത്തനം ആരംഭിക്കാൻ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റാഗ്രാം, ട്വിറ്റർ, കൂ മുതലായ സമൂഹ മാധ്യമങ്ങൾക്ക് മൂന്ന് മാസത്തെ സമയവും കേന്ദ്ര സർക്കാർ നൽകിയിരുന്നു. വിപുലമായ ഒരു പരാതി പരിഹാര സംവിധാനത്തിന്റെ ഭാഗമായി ഒരു പരാതി പരിഹാര ഉദ്യോഗസ്ഥനെ നിയമിക്കണമെന്ന് പുതിയ ഐ ടി നയം സമൂഹ മാധ്യമങ്ങൾക്ക് നിർദ്ദേശം നൽകിയിരുന്നു. എന്നാൽ, ഫെയ്‌സ്ബുക്കും ട്വിറ്ററുമൊക്കെ നിരോധിക്കാൻ പോകുന്നു എന്ന മട്ടിൽ നടക്കുന്ന പ്രചാരണം അടിസ്ഥാനരഹിതമാണ്.

ആളുകൾ ഫെയ്‌സ്ബുക്ക്, വാട്സ്ആപ്പ്, ട്വിറ്റർ എന്നിവ ഉപയോഗിക്കുന്നതിനെ ഈ പുതിയ നയങ്ങൾ ഏതെങ്കിലും രീതിയിൽ ബാധിക്കുമോ?

നിങ്ങൾ സമൂഹ മാധ്യമങ്ങൾ പതിവായി ഉപയോഗിക്കുന്ന രീതിയിൽ ഈ ചട്ടങ്ങൾ മൂലം യാതൊരു മാറ്റവും സംഭവിക്കില്ല. കുറ്റകരമായതോ അപകടസ്വഭാവമോ ഉള്ള പോസ്റ്റുകളിലൂടെ രാജ്യത്തെ നിയമങ്ങൾക്ക് വിരുദ്ധമായതും സമൂഹ മാധ്യമങ്ങളുടെ കമ്യൂണിറ്റി ഗൈഡ്‌ലൈനുകൾ ലംഘിക്കുന്നതുമായ പ്രവർത്തനങ്ങൾ സമൂഹ മാധ്യമങ്ങളിൽ നടത്തരുത് എന്ന് മാത്രം. ഇത്തരം പ്രവൃത്തികൾ നിയമപരമോ അല്ലാത്തതോ ആയ കർശന നടപടികൾക്ക് വഴിവെക്കും. എന്നാൽ, സമൂഹ മാധ്യമങ്ങളിൽ പങ്കുവെയ്ക്കപ്പെടുന്ന ഏതെങ്കിലും പോസ്റ്റുകളുമായി ബന്ധപ്പെട്ട് നിങ്ങൾക്ക് പരാതികളോ ആക്ഷേപമോ ഉണ്ടെങ്കിൽ അത് ഉന്നയിക്കുന്നതുമായി ബന്ധപ്പെട്ട പ്രക്രിയയിൽ ചില മാറ്റങ്ങൾ ഉണ്ടായേക്കും. ഇനി മുതൽ അത്തരം ആക്ഷേപങ്ങളോട് അടിയന്തിരമായി പ്രതികരിക്കാൻ സമൂഹ മാധ്യമങ്ങൾ ബാധ്യസ്ഥമാകും. ഉപയോക്താക്കളുടെ ഭാഗത്തു നിന്നുള്ള പരാതികൾ എത്രയും വേഗത്തിൽ പരിഗണിക്കാനും അതിന് പരിഹാരമുണ്ടാക്കാനും പുതിയ ഐ ടി ചട്ടങ്ങൾ വഴിയൊരുക്കും.

2021-ലെ ഐ ടി ചട്ടങ്ങളുടെ പരിധിയിൽ വരുന്ന സമൂഹ മാധ്യമങ്ങൾ ഏതൊക്കെയാണ്?

50 ലക്ഷത്തിന് മുകളിൽ ഉപയോക്താക്കളുള്ള പ്രധാനപ്പെട്ട സമൂഹ മാധ്യമ പ്ലാറ്റ്ഫോമുകൾക്കെല്ലാം പുതിയ ഐ ടി നയം ബാധകമാണ്. ഫെയ്‌സ്ബുക്ക്, ട്വിറ്റർ, ഇൻസ്റ്റാഗ്രാം, കൂ തുടങ്ങിയ പ്രധാന സമൂഹ മാധ്യമങ്ങൾക്കെല്ലാം ഇത് ബാധകമാകും. ഈ വർഷം മാർച്ച് വരെയുള്ള കണക്കുകൾ പരിശോധിച്ചാൽ വാട്സ്ആപ്പിന് ഇന്ത്യയിൽ 390 ദശലക്ഷം ഉപയോക്താക്കൾ ആണുള്ളത്. ഗവേഷണ സ്ഥാപനമായ സ്റ്റാറ്റിസ്റ്റ നൽകുന്ന കണക്കുകൾ പ്രകാരം 2021 ജനുവരി വരെ ഫെയ്സ്ബുക്കിന് ഇന്ത്യയിൽ 320 ദശലക്ഷം ഉപയോക്താക്കൾ ഉണ്ട്. ഫെയ്‌സ്ബുക്കിന്റെ ഏറ്റവും വലിയ വിപണി ഇന്ത്യയാണെന്ന് ഈ കണക്കുകൾ സൂചിപ്പിക്കുന്നു. തൊട്ടു താഴെ 190 ദശലക്ഷം ഉപയോക്താക്കളുമായി യു എസും 140 ഉപയോക്താക്കളുമായി ഇന്തോനേഷ്യയുമാണ് ഉള്ളത്. കഴിഞ്ഞ ജനുവരി വരെയുള്ള കണക്കുകൾ പ്രകാരം 17.5 ദശലക്ഷം പേരാണ് ഇന്ത്യയിൽ ട്വിറ്റർ ഉപയോഗിക്കുന്നത്. ഇന്ത്യൻ സമൂഹ മാധ്യമ പ്ലാറ്റ്ഫോമായ കൂ-യ്ക്കാകട്ടെ 60 ലക്ഷം ഉപയോക്താക്കളാണ് ഉള്ളത്.

2021-ലെ പുതിയ ഐ ടി ചട്ടങ്ങൾ പ്രധാനമായും ആവശ്യപ്പെടുന്നത് എന്താണ്?

സമൂഹ മാധ്യമ കമ്പനികളിൽ വിപുലമായ പരാതി പരിഹാര സംവിധാനം സൃഷ്ടിക്കുക, പ്ലാറ്റ്ഫോമിൽ പോസ്റ്റ് ചെയ്യപ്പെടുന്ന ഉള്ളടക്കങ്ങളുടെ സ്വഭാവം നിരീക്ഷിക്കുക, പരാതികൾക്ക് പരിഹാരമുണ്ടാക്കുക, ആക്ഷേപകരമായ ഉള്ളടക്കങ്ങൾ നീക്കം ചെയ്യുക, പരാതി പരിഹാരവുമായി ബന്ധപ്പെട്ട് പ്രതിമാസ റിപ്പോർട്ടുകൾ തയ്യാറാക്കുക തുടങ്ങിയ പ്രവർത്തനങ്ങൾ നിർവഹിക്കുന്നതിനായി ഇന്ത്യയിൽ നിന്ന് തന്നെയുള്ള ഒരു പരാതി പരിഹാര ഉദ്യോഗസ്ഥനെ നിയമിക്കാൻ പുതിയ ഐ ടി ചട്ടങ്ങൾ സമൂഹ മാധ്യമങ്ങളോട് ആവശ്യപ്പെടുന്നു.

എന്താണ് ചീഫ് കംപ്ലയൻസ് ഓഫീസർ?

ഒരു സമൂഹ മാധ്യമ പ്ലാറ്റ്ഫോമിൽ പരാതി പരിഹാര സംവിധാനവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന, ഭരണ നിർവഹണ ചുമതലയുള്ള പ്രധാന ഉദ്യോഗസ്ഥനായിരിക്കും ചീഫ് കംപ്ലയൻസ് ഓഫീസർ എന്ന് പുതിയ ഐ ടി ചട്ടം വളരെ വ്യക്തമായി പ്രസ്താവിക്കുന്നു. ഇന്ത്യയിൽ പ്രവർത്തിക്കുന്ന സമൂഹ മാധ്യമങ്ങളിലെ ചീഫ് കംപ്ലയൻസ് ഓഫീസർമാരെല്ലാം ഇന്ത്യയിൽ നിന്നുതന്നെ ഉള്ളവർ ആകണമെന്നും നിബന്ധനയുണ്ട്.

പരാതി പരിഹാര സംവിധാനത്തിന് ഉണ്ടായിരിക്കേണ്ട ആവശ്യകതകൾ എന്തൊക്കെയാണ്?

ഡിജിറ്റൽ മീഡിയ പ്ലാറ്റ്ഫോമുകൾക്ക് ഒരു ചീഫ് കംപ്ലയൻസ് ഓഫീസർ, ഒരു നോഡൽ ഉദ്യോഗസ്ഥൻ, ഒരു പരാതി പരിഹാര ഉദ്യോഗസ്ഥൻ എന്നിവർ അടങ്ങിയ വിപുലമായ ആഭ്യന്തര പരാതി പരിഹാര സംവിധാനം ഉണ്ടാകണമെന്ന് പുതിയ ഐ ടി ചട്ടം നിഷ്കർഷിക്കുന്നു. ഇത് സംബന്ധിച്ച വിവരങ്ങൾ എല്ലാ സമൂഹ മാധ്യമങ്ങളും തങ്ങളുടെ ആപ്പുകൾ, വെബ്‌സൈറ്റ് എന്നിവയിൽ പ്രസിദ്ധപ്പെടുത്തേണ്ടതുണ്ട്. ഒപ്പം, ഈ പ്ലാറ്റ്ഫോമുകളിൽ പോസ്റ്റ് ചെയ്യപ്പെടുന്ന ഉള്ളടക്കങ്ങളെ സംബന്ധിച്ച് പരാതി സമർപ്പിക്കേണ്ട രീതി ഉപയോക്താക്കൾക്ക് വിശദീകരിച്ചു നൽകണമെന്നും പുതിയ നയം നിർദ്ദേശിക്കുന്നു. പരാതി സമർപ്പിക്കപ്പെട്ടാൽ 24 മണിക്കൂറിനുള്ളിൽ പരാതി ലഭിച്ചതായി അംഗീകരിക്കണമെന്നും 15 ദിവസത്തിനുള്ളിൽ ഉചിതമായ പരിഹാര നടപടി സ്വീകരിക്കണമെന്നും നിർദ്ദേശമുണ്ട്.

2021-ലെ പുതിയ ഐ ടി ചട്ടങ്ങൾ സമൂഹ മാധ്യമങ്ങൾ പാലിക്കാതെ വന്നാൽ എന്ത് സംഭവിക്കും?

ഈ ചട്ടങ്ങൾ സമൂഹ മാധ്യമങ്ങൾ പാലിക്കാതെ വന്നാൽ ഐ ടി നിയമത്തിലെ സെക്ഷൻ 79 പ്രകാരമുള്ള നിയമ പരിരക്ഷ ഈ കമ്പനികൾക്ക് ലഭിക്കില്ലെന്നും ഐ ടി നിയമവും ഇന്ത്യൻ ശിക്ഷാ നിയമവും പ്രകാരമുള്ള നിയമനടപടികൾ നേരിടാൻ അവർ ബാധ്യസ്ഥരായിരിക്കുമെന്നും ഈ ചട്ടങ്ങളിൽ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. സമൂഹ മാധ്യമങ്ങൾക്ക് അവരുടെ പ്ലാറ്റ്‌ഫോമിൽ ആളുകൾ പോസ്റ്റ് ചെയ്യുന്ന ഉള്ളടക്കങ്ങളുടെ ഉത്തരവാദിത്തത്തിൽ നിന്ന് സംരക്ഷണം നൽകുന്ന വകുപ്പായിരുന്നു ഐ ടി നിയമത്തിലെ സെക്ഷൻ 79. സെക്ഷൻ 79 പ്രകാരം, സമൂഹ മാധ്യമങ്ങൾ ഒരു കേന്ദ്രത്തിൽ നിന്ന് മറ്റൊരു കേന്ദ്രത്തിലേക്ക് വഹിക്കപ്പെടുന്ന സന്ദേശത്തിന്റെ വാഹകരായി മാത്രം വർത്തിക്കുകയും ആ പ്രക്രിയയിൽ നേരിട്ട് മറ്റ് ഇടപെടലുകൾ നടത്താതിരിക്കുകയും ചെയ്യുന്നിടത്തോളം ആ സന്ദേശം മൂലം ഉണ്ടാകുന്ന നിയമ നടപടികളിൽ നിന്ന് ഈ കമ്പനികൾക്ക് നിയമപരിരക്ഷ ലഭിക്കുമായിരുന്നു. എന്നാൽ, പുതിയ ചട്ടങ്ങൾ പ്രാബല്യത്തിൽ വരുന്നതോടെ ഈ നിയമ പരിരക്ഷ സമൂഹ മാധ്യമങ്ങൾക്ക് നഷ്ടപ്പെടും.

vairamuthu

ചെന്നൈ: കുറ്റം തെളിയും വരെ ആരോപണവിധേയന്‍ നിരപരാധിയാണെന്ന് തമിഴ് കവി വൈരമുത്തു. ഒഎന്‍വി പുരസ്‌കാരം വിവാദത്തിലായ പശ്ചാത്തലത്തിലാണ് വൈരമുത്തുവിന്റെ പ്രതികരണം.വിവാദമുയര്‍ന്നതോടെ വൈരമുത്തുവിന് പ്രഖ്യാപിച്ച ഒഎന്‍വി പുരസ്‌കാരം പുനഃപരിശോധിക്കാന്‍ ഒഎന്‍വി കള്‍ച്ചറല്‍ അക്കാദമിയും തീരുമാനിച്ചിട്ടുണ്ട്. 17 സ്ത്രീകളാണ് വൈരമുത്തുവിനെതിരെ ആരോപണം ഉന്നയിച്ചിരുന്നത്. സഹപ്രവര്‍ത്തകരെ അതിക്രമങ്ങള്‍ക്കിരയാക്കി സൃഷ്ടിക്കപ്പെടുന്ന കല ആഘോഷിക്കപ്പെടേണ്ടതാണോയെന്നാണ് വിമന്‍ ഇന്‍ സിനിമ കലക്ടീവ് വിമര്‍ശിച്ചു.തമിഴ് കവിയും ആക്ടിവിസ്റ്റുമായ മീന കന്ദസാമി, ഗായിക ചിന്മയി എന്നിങ്ങനെ തമിഴകത്തുനിന്നും വിമര്‍ശനങ്ങളുയര്‍്ന്നു. ഇതിനെ തുടര്‍ന്നാണ് പുരസ്‌കാരം പുനഃപരിശോധനയ്ക്ക് വിധേയമാക്കാന്‍ തീരുമാനിച്ചത്. പ്രഭാവര്‍മ, ആലങ്കോട് ലീലാകൃഷ്ണന്‍, അനില്‍ വള്ളത്തോള്‍ എന്നിവരടങ്ങിയ ജൂറിയാണ് പുരസ്‌കാര ജേതാവിനെ തെരഞ്ഞെടുത്തത്. എം.ടി.വാസുദേവന്‍ നായര്‍, സുഗതകുമാരി, അക്കിത്തം, പ്രൊഫ.എം.ലീലാവതി എന്നിവര്‍ക്കായിരുന്നു മുമ്പ് ഈ പുരസ്‌കാരം ലഭിച്ചിട്ടുള്ളത്.

ന്യൂഡല്‍ഹി: യാസ് ചുഴലിക്കാറ്റിലെ നാശനഷ്ടങ്ങള്‍ വിലയിരുത്താന്‍ ബംഗാളിലെത്തിയ പ്രധാനമന്ത്രി വിളിച്ച യോഗത്തില്‍ നിന്ന് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി വിട്ടുനിന്നതില്‍ അതൃപ്തി അറിയിച്ച് കേന്ദ്ര സർക്കാർ. മമതയുടെ പെരുമാറ്റം ‘കാര്‍ക്കശ്യവും അഹങ്കാരവും’ നിറഞ്ഞതായിരുന്നെന്ന് കേന്ദ്രസര്‍ക്കാര്‍ കുറ്റപ്പെടുത്തി. പ്രധാനമന്ത്രിക്കും ഗവര്‍ണര്‍ ജഗ്ദീപ് ധന്‍കറിനും മമതയ്ക്കുവേണ്ടി അര മണിക്കൂര്‍ കാത്തിരിക്കേണ്ടിവന്നെന്ന് കേന്ദ്രസര്‍ക്കാര്‍ ആരോപിക്കുന്നു. ഇത്തരമൊരു പ്രകൃതി ദുരന്ത സമയത്തുപോലും മമതയുടെ പ്രതികരണം പരിതാപകരവും നിലവാരം കുറഞ്ഞ രാഷട്രീയ ലക്ഷ്യത്തോടെയുള്ളതുമാണെന്നും കേന്ദ്ര സര്‍ക്കാര്‍ ആരോപിച്ചു.

യോഗത്തിന് പ്രധാനമന്ത്രി എത്തിയപ്പോള്‍ ബംഗാള്‍ സര്‍ക്കാരിന്റെ പ്രതിനിധികള്‍ ആരും ഉണ്ടായിരുന്നില്ലെന്നും കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങള്‍ പറഞ്ഞു.മമതയും ചീഫ് സെക്രട്ടറിയും സ്ഥലത്തുണ്ടായിരുന്നെങ്കിലും പ്രധാനമന്ത്രിയെ സ്വീകരിക്കാന്‍ എത്തിയില്ല. തുടര്‍ന്ന് തിടുക്കത്തില്‍ എത്തിയ മമത ചുഴലിക്കാറ്റുമായി ബന്ധപ്പെട്ട ഒരുകൂട്ടം പേപ്പറുകള്‍ പ്രധാനമന്ത്രിക്ക് നല്‍കുകയും മറ്റു തിരക്കുകള്‍ ഉള്ളതിനാല്‍ പോകുകയാണെന്ന് അറിയിക്കുകയും ചെയ്തു.

അതെസമയം പ്രധാനമന്ത്രിയുമായി വിമാനത്താവളത്തില്‍ വെച്ച് 15 മിനിറ്റ് നീണ്ടുനിന്ന കൂടിക്കാഴ്ച മാത്രമാണ് മമത നടത്തിയത്.പശ്ചിമ ബംഗാളിലും ഓഡീഷയിലും യാസ് ചുഴലിക്കാറ്റ് ഉണ്ടാക്കിയ നാശനഷ്ടങ്ങള്‍ വിലയിരുത്താന്‍ വിമാനത്തില്‍ സന്ദര്‍ശനം നടത്തിയ ശേഷം പ്രധാനമന്ത്രി കലൈകുണ്ടെ വിമാനത്താവളത്തില്‍ എത്തിയപ്പോഴാണ് മമത ബാനര്‍ജി അദ്ദേഹവുമായി കൂടിക്കാഴ്ച നടത്തിയത്. തുടര്‍ന്ന് സംസ്ഥാനത്തെ നാശനഷ്ടങ്ങള്‍ സംബന്ധിച്ച റിപ്പോര്‍ട്ട് പ്രധാനമന്ത്രിക്ക് കൈമാറുകയും ചെയ്തു.’താങ്കള്‍ക്ക് എന്നെ കാണണമെന്ന് അറിയിച്ചതിനാലാണ് വന്നത്.

ഈ റിപ്പോര്‍ട്ട് താങ്കള്‍ക്കുമുന്നില്‍ സമര്‍പ്പിക്കാന്‍ ഞാനും ചീഫ് സെക്രട്ടറിയും ആഗ്രഹിക്കുന്നു. ഇപ്പോള്‍ ഞങ്ങള്‍ക്ക് മറ്റൊരു യോഗത്തില്‍ പങ്കെടുക്കേണ്ടതുണ്ട്. അതിന് പോകാനുള്ള അനുമതി നല്‍കണം’, എന്ന് മമത അറിയിക്കുകയും യോഗത്തില്‍ പങ്കെടുക്കാതെ പോകുകയും ചെയ്‌തെന്നാണ് റിപ്പോര്‍ട്ട്. സംസ്ഥാനത്തുണ്ടായ നാശനനഷ്ടങ്ങള്‍ അവലോകനം ചെയ്യാന്‍ പ്രധാനമന്ത്രി സമയം നീക്കിവെച്ചിരുന്നെന്നും മമതയുടെ അഹങ്കാരവും രാഷ്ട്രീയ നീക്കങ്ങളും അതിന് അനുവദിച്ചില്ലെന്നും കേന്ദ്രം ആരോപിക്കുന്നു.

പ്രധാനമന്ത്രിയുമായി വിമാനത്താവളത്തില്‍ കൂടിക്കാഴ്ച നടത്തുന്ന കാര്യം അദ്ദേഹത്തിന്റെ ഓഫീസിനെ മുന്‍കൂട്ടി അറിയിച്ചിരുന്നതായും എന്നാല്‍ വിമാനത്താവളത്തില്‍ കാത്തിരിക്കാന്‍ മമതയോട് ആവശ്യപ്പെടുകയായിരുന്നെന്നും മമതയുടെ ഓഫീസ് പറയുന്നു. മുഖ്യമന്ത്രിക്ക് മറ്റു യോഗങ്ങള്‍ ഉള്ളതായി അറിയിച്ചിരുന്നെന്നും കാത്തിരിക്കേണ്ട സാഹചര്യം ഉണ്ടായിരുന്നില്ലെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു.

പ്രധാനമന്ത്രിയെയും ഗവര്‍ണറെയും പോലെ ഉന്നത സ്ഥാനീയരോട് ഇത്രയും അനാദരവോടെ ഒരു മുഖ്യമന്ത്രി പെരുമാറിയ സംഭവം ഇന്ത്യയുടെ ചരിത്രത്തില്‍ ആദ്യമായിരിക്കും, കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങള്‍ പറഞ്ഞു.മമത ബാനര്‍ജി പ്രധാനമന്ത്രിയുടെ യോഗം ബഹിഷ്‌കരിച്ചതായി ഗവര്‍ണര്‍ ആരോപിച്ചു. പ്രധാനമന്ത്രിയുടെ മുന്നില്‍ ചുഴലിക്കാറ്റ് നാശനഷ്ടങ്ങളുമായി ബന്ധപ്പെട്ട പ്രസന്റേഷന്‍ അവതരിപ്പിക്കാന്‍ ഉദ്യോഗസ്ഥരെ മമത അനുവദിച്ചില്ല.