തന്നെ ഇങ്ങനെ അപമാനിക്കരുത്;പ്രധാനമന്ത്രിയ്ക്കെതിരെ രൂക്ഷവിമർശനവുമായി മമത ബാനർജി

കൊൽക്കത്ത: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷവിമർശനവുമായി പശ്​ചിമബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. തന്നെ ഇങ്ങനെ അപമാനിക്കരുതെന്ന്​ മമത പറഞ്ഞു. തന്റെ പ്രഥമ പരിഗണന ബംഗാളിനാണെന്നും സംസ്ഥാനത്തെ ഒരിക്കലും അപകടത്തിൽ പെടുത്തില്ലെന്നും മമത പറഞ്ഞു. സംസ്ഥാനത്തെ ജനങ്ങൾക്ക് സുരക്ഷയ്‌ക്കായി നിലകൊള‌ളുമെന്നും മമത ആവർത്തിച്ചു.യാസ്​ ചുഴലിക്കാറ്റിന്‍റെ അവലോകന യോഗവുമായി ബന്ധപ്പെട്ട്​ ഇരുനേതാക്കളും തമ്മിലുണ്ടായ പ്രശ്​നത്തിന്‍റെ തുടർച്ചയായാണ്​ മമതയുടെ പ്രസ്​താവന.

മോദിയുടെ വാദം മാത്രമാണ്​ മാധ്യമങ്ങൾ റിപ്പോർട്ട്​ ചെയ്യുന്നത്​. ഏകപക്ഷീയമായാണ്​ വാർത്തകൾ പുറത്ത്​ വരുന്നതെന്നും മമത ബാനർജി പറഞ്ഞു. ഞങ്ങൾക്ക്​ ചരിത്ര വിജയം ലഭിച്ചു. അതിന്​ ഞങ്ങളോട്​ എന്തിനാണ്​ ഇങ്ങനെ പെരുമാറുന്നത്​. തെരഞ്ഞെടുപ്പിൽ ജയിക്കാൻ നിങ്ങൾ ശ്രമിച്ചു പക്ഷേ പരാജയപ്പെട്ടു. എന്തിനാണ്​ ഇങ്ങനെ ദിവസവും ഞങ്ങളോട്​ വഴക്കുകൂടുന്നത്​ മമത ചോദിച്ചു. സാഗറിലേക്കും ദിഗയിലേക്കുമുള്ള യാത്രകൾ മുൻകൂട്ടി നിശ്​ചയിച്ചതായിരുന്നു. പ്രധാനമന്ത്രി വരുന്ന വിവരം വൈകിയാണ്​ ലഭിച്ചത്​.

പ്രധാനമന്ത്രിയുടെ അനുവാദത്തോടെയാണ്​ ദിഗയിലേക്ക്​ പോയതെന്നും മമത വിശദീകരിച്ചു.’ബംഗാളിലെ ജനങ്ങൾക്ക് വേണ്ടി പ്രധാനമന്ത്രി കാല് പിടിക്കാൻ ആവശ്യപ്പെട്ടാലും ഞാൻ തയ്യാറാണ്. എന്നാൽ എന്നെ അപമാനിക്കരുത്’. മമത ആവശ്യപ്പെട്ടു. ‘പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും പങ്കെടുക്കേണ്ട മീ‌റ്റിംഗിൽ ഗവർണറെയും ബിജെപി നേതാക്കളെയും വിളിച്ചു. ഒഴിഞ്ഞ കസേരകൾ വച്ചു. ഇതെല്ലാം അപമാനിക്കാനുള‌ള ഒരു പദ്ധതിയുടെ ഭാഗമാണെന്നും മമത ആരോപിച്ചു.