National (Page 52)

നാഗ്പുർ: ബ്രഹ്മോസിലെ മുൻ എൻജിനീയർക്ക് ജീവപര്യന്തം തടവ്. പാക് ചാരസംഘടനയായ ഐഎസ്ഐയ്ക്കായി ചാരവൃത്തി നടത്തിയെന്ന കേസുമായി ബന്ധപ്പെട്ടാണ് നടപടി. ബ്രഹ്മോസ് എയറോസ്പേസ് പ്രൈവറ്റ് ലിമിറ്റഡിൽ സീനിയർ എൻജിനീയറായിരുന്ന നിശാന്ത് അഗർവാളിനെതിരെയാണ് കോടതി നടപടി സ്വീകരിച്ചത്. നാഗ്പുർ ജില്ലാ അഡീഷണൽ സെഷൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്.

14 വർഷത്തെ കഠിനതടവും മൂവായിരം രൂപ പിഴയും പ്രതിക്ക് ശിക്ഷയായി വിധിച്ചിട്ടുണ്ട്. ഔദ്യോഗിക രഹസ്യനിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരവും ഐടി ആക്ടിലെ വിവിധ വകുപ്പുകൾ പ്രകാരവുമാണ് ശിക്ഷാ വിധി. 2018-ലാണ് നിശാന്ത് അറസ്റ്റിലായത്. ബ്രഹ്മോസ് മിസൈലിനെ സംബന്ധിച്ചുള്ള വിവരങ്ങൾ പാക് ചാരസംഘടനയ്ക്ക് ചോർത്തി നൽകിയതിനായിരുന്നു അറസ്റ്റ്.

ബ്രഹ്മോസിലെ മിസൈൽ സെന്ററിൽ സാങ്കേതിക ഗവേഷണ വിഭാഗത്തിലാണ് ഇയാൾ ജോലിചെയ്തിരുന്നത്. ഇക്കാലയളവിലാണ് മിസൈലുകളെ സംബന്ധിച്ചുള്ള വിവരങ്ങൾ ഇയാൾ ഐഎസ്‌ഐയ്ക്ക് ചോർത്തി നൽകിയത്.

ന്യൂഡൽഹി: ട്രെയിനിൽ തീപിടുത്തം. ഡൽഹിയിലെ സരിതാ വിഹാറിലാണ് സംഭവം. താജ് എക്‌സ്പ്രസിന്റെ 4 കോച്ചുകൾക്കാണ് തീപിടിച്ചത്.

സംഭവം യാത്രക്കാരിൽ വലിയ പരിഭ്രാന്തി സൃഷ്ടിച്ചു. ഫയർഫോഴ്‌സിന്റെ 8 യുണിറ്റുകൾ സംഭവ സ്ഥലത്ത് എത്തി തീ നിയന്ത്രണ വിധേയമാക്കി.

യാത്രക്കാരെല്ലാം സുരക്ഷിതരാണെന്നും ആർക്കും പരിക്കില്ലെന്നും പോലീസ് വ്യക്തമാക്കി. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി റെയിൽവേ പൊലീസ് അറിയിച്ചു.

ന്യൂഡൽഹി: സത്യപ്രതിജ്ഞ ചടങ്ങിനുള്ള ഒരുക്കം തുടങ്ങി എൻഡിഎ. എക്സസിറ്റ് പോളുകൾ അനുകൂലമായ സാഹചര്യത്തിലാണ് നടപടി. സത്യപ്രതിജ്ഞ ചടങ്ങ് രാഷ്ട്രപതി ഭവന് പുറത്തുനടത്താൻ ആലോചിച്ചെങ്കിലും ഡൽഹിയിലെ കാലാവസ്ഥ ഉൾപ്പടെ കണക്കിലെടുത്ത് ചടങ്ങ് രാഷ്ട്രപതി ഭവനിൽ വെച്ച് നടത്തിയാൽ മതിയെന്നാണ് ഇപ്പോഴുള്ള ധാരണയെന്നാണ് വിവരം. ജൂൺ 9 ന് വൈകിട്ട് സത്യപ്രതിജ്ഞ ചടങ്ങ് നടത്താൻ ആണ് ഇപ്പോഴത്തെ ആലോചന. സത്യപ്രതിജ്ഞാചടങ്ങിന്റെ അന്നുതന്നെ ഭാരത് മണ്ഡപത്തിലോ, കർത്തവ്യ പഥത്തിലോ ബിജെപിയുടെ ആഘോഷ പരിപാടികൾ നടത്തുമെന്നും റിപ്പോർട്ടുകളുണ്ട്.

ഇന്ത്യയുടെ സാംസ്‌കാരിക പൈതൃകം വിളിച്ചോതുന്ന ലൈറ്റ് ആൻഡ് സൗണ്ട് ഷോ ഉണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. വിദേശ സർക്കാർ പ്രതിനിധികൾ അടക്കം, 10,000 ത്തോളം അതിഥികൾ ചടങ്ങിൽ പങ്കെടുക്കുമെന്നും ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. മെയ് 28 ന് രാഷ്ട്രപതി ഭവൻ സെക്രട്ടേറിയറ്റ് രാഷ്ട്രപതി ഭവൻ അലങ്കരിക്കുന്നത് ആവശ്യമായ പുഷ്പങ്ങളും ചെടികളും സപ്ലൈ ചെയ്യുന്നതിനുള്ള ടെണ്ടർ ക്ഷണിച്ചിരുന്നു. ഏകദേശം 21.97 ലക്ഷം രൂപയുടെ പുഷ്പങ്ങളും ചെടികളും ആണ് അലങ്കാരത്തിന് ആവശ്യമായി വരുന്നത്.

ആവശ്യമായ പുഷ്പങ്ങളും, ചെടികളും നൽകുന്നതിന് അഞ്ച് ദിവസം ആണ് കരാറുകാരന് ലഭിക്കുക.

ന്യൂഡൽഹി: അഗ്നിപഥ് പദ്ധതിക്കെതിരെ രാഷ്ട്രപതി ദ്രൗപതി മുർമുവിന് കത്തെഴുതി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. കൊല്ലപ്പെട്ട സൈനികരുടെ കുടുംബങ്ങൾക്ക് നൽകുന്ന ആനുകൂല്യങ്ങളുടെ സ്വഭാവത്തിലും പരിധിയിലും വിവേചനം ഉണ്ടെന്ന് രാഹുൽ ഗാന്ധി കത്തിൽ പറയുന്നു.

ഇന്ത്യയുടെ സായുധ സേനയുടെ പരമോന്നത കമാൻഡർ ആയതിനാൽ വിഷയത്തിൽ രാഷ്ട്രപതി ഇടപെടണമെന്ന ആവശ്യമാണ് രാഹുൽ മുന്നോട്ടു വെയ്ക്കുന്നത്. ദേശീയ സുരക്ഷയെ ബാധിക്കുന്ന വിഷയമാണിത്. രാഷ്ട്രത്തിന് വേണ്ടി ജീവൻ ബലിയർപ്പിക്കുന്ന അഗ്നിവീരന്മാർക്ക് നീതി നൽകണമെന്ന അഭ്യർത്ഥനയോടെയാണ് താൻ ഈ കത്തെഴുതുന്നത്. സാധാരണ സൈനികരെ അപേക്ഷിച്ച് കൊല്ലപ്പെട്ട അഗ്നിവീരന്മാരുടെ കുടുംബങ്ങൾക്ക് നൽകുന്ന ആനുകൂല്യങ്ങളുടെ സ്വഭാവത്തിലും വ്യാപ്തിയിലും ഉള്ള വിവേചനം രാഷ്ട്രപതിയുടെ അടിയന്തര ശ്രദ്ധ അർഹിക്കുന്നുവെന്ന് അദ്ദേഹം കത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.

മാതൃരാജ്യത്തിനായി ഏറ്റവും ഉയർന്ന ത്യാഗം ചെയ്യുന്ന ഏതൊരു സൈനികനും ലഭിക്കുന്ന അതേ ആനുകൂല്യങ്ങൾ അഗ്നിവീരന്മാർക്കും ലഭിക്കുമെന്ന് ഉറപ്പുവരുത്തി, ജീവൻ ത്യജിച്ച അഗ്നിവീർ സൈനികർക്ക് നീതി നൽകണമെന്ന് അഭ്യർത്ഥിക്കുന്നുവെന്നും രാഹുൽ ഗാന്ധി കൂട്ടിച്ചേർത്തു.

ന്യൂഡൽഹി: നോർവെ ചെസ് ടൂർണമെന്റിൽ നേട്ടം കരസ്ഥമാക്കി ഇന്ത്യൻ ഗ്രാൻഡ് മാസ്റ്റർ പ്രജ്ഞാനന്ദ. ലോക ഒന്നാം നമ്പർ താരം മാഗ്‌നസ് കാൾസനെ വീഴ്ത്തിയ പ്രജ്ഞാനന്ദ ലോക രണ്ടാം നമ്പർ താരം ഫാബിയാനോ കരുവാനെയും പരാജയപ്പെടുത്തി.

ക്ലാസിക്കൽ ചെസിലാണ് പ്രജ്ഞാനന്ദ ഇരുവരെയും പരാജയപ്പെടുത്തിയത്. നാലാം റൗണ്ടിൽ അമേരിക്കയുടെ ഹിക്കാരു നാക്കാമുറയോട് പരാജയപ്പെട്ടിരുന്നു. ഇതിന് ശേഷമാണ് കരുവാനെയെ അടിയറവ് പരിചയപ്പെടുത്തിയത്.

അതേസമയം, നാക്കാമുറ ലോക ചാമ്പ്യൻ ഡിംഗ് ലിറെനെ വീഴ്ത്തി ലീഡുയർത്തി. ഒൻപത് വർഷത്തിനിടെ ആദ്യമായിരുന്നു വിജയം.

പ്രജ്ഞാനന്ദയുടെ സഹോദരി ആർ വൈശാലി ചൈനയുടെ ലീ ടിംഹഗ്ജീയെ ടൈ ബ്രേക്കറിൽ ചെക്ക്‌മേറ്റ് ചെയ്ത് ലീഡുയർത്തി. 161,000 ഡോളറാണ് (1.34 കോടി) വിജയിക്ക് ലഭിക്കുന്ന സമ്മാനത്തുക.

ന്യൂഡൽഹി: ചുമതലകൾ പാർട്ടി നേതാക്കൾക്ക് കൈമാറി ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. തിഹാർ ജയിലിലേക്ക് മടങ്ങിയ സാഹചര്യത്തിലാണ് കെജ്രിവാൾ നേതാക്കൾക്ക് ചുമതല കൈമാറിയത്. മന്ത്രി അതിഷി മെർലേനയ്ക്കാണ് ഭരണ നിർവഹണത്തിന്റെ ഏകോപന ചുമതല കൈമാറിയത്.

സംഘടനാ ജനറൽ സെക്രട്ടറി സന്ദീപ് പഥക്കിനാണ് പാർട്ടി നിയന്ത്രണത്തിന്റെ ചുമതല നൽകിയിരിക്കുന്നത്. മദ്യനയക്കേസിൽ ഇടക്കാല ജാമ്യ കാലാവധി തീർന്ന് കഴിഞ്ഞ ദിവസമാണ് കെജ്രിവാൾ ജയിലിലേക്ക് മടങ്ങിയത്. മന്ത്രി സൗരഭ് ഭരദ്വാജിനെ പാർട്ടി നിയന്ത്രണത്തിന്റെ ചുമതലയുള്ള സംഘത്തിൽ ഉൾപ്പെടുത്തി.

അതേസമയം, ഭാര്യ സുനിത കേജ്‌രിവാൾ തൽക്കാലം സജീവ രാഷ്ട്രീയത്തിലേക്ക് ഇറങ്ങേണ്ടതില്ലെന്ന നിലപാടിലാണ് അരവിന്ദ് കെജ്രിവാൾ. മുതിർന്ന നേതാവ് സഞ്ജയ് സിങ്ങിനു ചുമതലകളൊന്നും നൽകിയിട്ടില്ല.

ന്യൂഡൽഹി: ജാമ്യകാലാവധി അവസാനിച്ചതോടെ അരവിന്ദ് കെജ്രിവാൾ തിഹാർ ജയിലിലേക്ക് തിരിച്ചെത്തി. ഡൽഹി മദ്യനയക്കേസിൽ കോടതി അനുവദിച്ച ജാമ്യ കാലാവധി കഴിഞ്ഞ ദിവസം അവസാനിച്ചിരുന്നു. വീഡിയോ കോൺഫറൻസിങ് വഴി കോടതയിൽ ഹാജരാക്കിയ കെജ്രിവാളിനെ, ഡൽഹി റോസ് അവന്യു കോടതി ജൂൺ അഞ്ചുവരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടിരിക്കുകയാണ്.

മൂന്നു മണിയോടെ വീട്ടിൽ നിന്ന് ഇറങ്ങിയ കെജ്രിവാൾ രാജ്ഘട്ടിലെ ഗാന്ധി സ്മാരകരവും കൊണാട്ട് പ്ലേസിലെ ഹനുമാൻ ക്ഷേത്രവും സന്ദർശിച്ച ശേഷമാണ് തിഹാർ ജയിലിലേക്ക് പുറപ്പെട്ടത്. അതിന് മുമ്പ് അദ്ദേഹം പാർട്ടി ഓഫീസിൽ എത്തി പ്രവർത്തകരേയും നേതാക്കളേയും കണ്ടു. തിരഞ്ഞെടുപ്പ് പ്രചാരണത്തിന് 21 ദിവസത്തെ ജാമ്യം അനുവദിച്ച സുപ്രീംകോടതിക്ക് അദ്ദേഹം നന്ദി അറിയിച്ചു.

ഈ 21 ദിവസം ഒരു മിനിറ്റുപോലും താൻ പാഴാക്കിയില്ലെന്ന് ആംആദ്മി പാർട്ടി അറിയിച്ചു. ആം ആദ്മി പാർട്ടിക്ക് വേണ്ടി മാത്രമല്ല, മറ്റു പാർട്ടികൾക്കുവേണ്ടിയും പ്രചാരണം നടത്തി. മുംബൈ, ഹരിയാന, യു.പി, ഝാർഖണ്ഡ് എന്നിവിടങ്ങളിലും പ്രചാരണം നടത്തി. പാർട്ടിയില്ല, രാജ്യമാണ് വലുത്. ഏകാധിപത്യത്തിനെതിരെ ശബ്ദം ഉയർത്തിയതുകൊണ്ടാണ് തനിക്ക് വീണ്ടും ജയിലിലേക്ക് പോകേണ്ടി വരുന്നത്. തനിക്കെതിരെ ഒരു തെളിവുമില്ലെന്ന് പ്രധാനമന്ത്രി മോദിക്ക് രാജ്യത്തിന് മുന്നിൽ അംഗീകരിക്കേണ്ടിവന്നുവെന്നും എക്സിറ്റ് പോളുകൾ വ്യാജമാണെന്നും അദ്ദേഹം വ്യക്തമാക്കി.

ന്യൂഡൽഹി: തിരഞ്ഞെടുപ്പ് കമ്മിഷനെ കണ്ട് ഇന്ത്യ മുന്നണിയിലെ നേതാക്കൾ. ലോക്സഭാ തിരഞ്ഞെടുപ്പിന്റെ എക്‌സിറ്റ് പോൾ ഫലങ്ങൾ പുറത്തുവന്നതിന് പിന്നാലെയാണ് നേതാക്കളുടെ നീക്കം. വോട്ടെണ്ണൽ സുതാര്യമാക്കണമെന്നാണ് നേതാക്കൾ ഉന്നയിച്ച ആവശ്യം. തിരഞ്ഞെടുപ്പ് ഫലത്തെയും തിരഞ്ഞെടുപ്പ് കമ്മിഷനെയും ഇന്ത്യ സഖ്യം അപമാനിക്കാൻ ശ്രമിക്കുന്നുവെന്നാരോപിച്ച് ബിജെപിയും കമ്മിഷനിലെത്തിയിരുന്നു.

ഇന്ത്യ സഖ്യം പറയുന്നത് ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലം വരുമ്പോൾ 295 സീറ്റിലധികം നേടി വിജയിക്കുമെന്നാണ്. എന്നാൽ, ഇത് പാടെ തള്ളുന്നതാണ് പുറത്തുവന്ന എക്‌സിറ്റ് പോൾ ഫലങ്ങൾ. പോസ്റ്റൽ ബാലറ്റുകൾ ആദ്യം എണ്ണി ഫലംപ്രഖ്യാപിക്കണമെന്നും അതിന് ശേഷം മാത്രമേ ഇവിഎമ്മിലെ വോട്ടുകൾ എണ്ണാവു എന്ന് ഇന്ത്യ സഖ്യം നേതാക്കൾ ആവശ്യപ്പെട്ടു. ഫോം 17 സിയിൽ ബൂത്ത് തിരിച്ചുള്ള വോട്ടിംഗ് കണക്കുകൾ ലഭ്യമാക്കണമെന്ന ആവശ്യവും നേതാക്കൾ മുന്നോട്ടുവെച്ചു.

നേരത്തെ തിരഞ്ഞെടുപ്പ് ഫലം അട്ടിമറിക്കാൻ ജില്ലാ മജിസ്‌ട്രേട്ടുമാരെ വിളിച്ച് അമിത് ഷാ ഭീഷണിപ്പെടുത്തുകയാണെന്ന് കോൺഗ്രസ് നേതാവ് ജയറാം രമേശ് ആരോപിച്ചിരുന്നു. 150 പേരെ വിളിച്ച വിവരം അറിഞ്ഞെന്ന ആരോപണത്തിൽ കമ്മിഷൻ ജയറാം രമേശിനോട് വിശദാംശങ്ങൾ തേടുകയും ചെയ്തു. അതേസമയം തിരഞ്ഞെടുപ്പ് ഫലം അട്ടിമറിയാണെന്നും കമ്മിഷൻ തന്നെ ശരിയല്ലെന്നും ഇന്ത്യ സഖ്യം പ്രചരിപ്പിക്കുന്നുവെന്നാണ് ബിജെപിയുടെ ആരോപണം.

ന്യൂഡൽഹി: എൻഡിഎ സർക്കാർ വീണ്ടും അധികാരത്തിൽ വരുമെന്നുള്ള എക്‌സിറ്റ് പോൾ ഫലങ്ങൾ തള്ളി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ഇത്തരത്തിലുള്ള എക്‌സിറ്റ് പോളുകളെ ‘മോദി മീഡിയ പോൾ’ എന്നായിരുന്നു രാഹുൽ ഗാന്ധി വിശേഷിപ്പിച്ചത്. എഐസിസി ആസ്ഥാനത്ത് കോൺഗ്രസ് ലോക്‌സഭാ സ്ഥാനാർഥികളുമായുള്ള ഓൺലൈൻ മീറ്റിങ്ങിനുശേഷം മാധ്യമപ്രവർത്തകരുടെ ചോദ്യത്തോട് പ്രതികരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.

ഇത് മോദിജിയുടെ പോൾ ആണ്, അദ്ദേഹത്തിന്റെ സങ്കൽപ്പത്തിലുള്ള പോൾ. എൻഡിഎ സർക്കാർ അധികാരത്തിലെത്തിയാൽ 100 ദിവസത്തിൽ നടപ്പിലാക്കേണ്ട പരിപാടികളുടെ അജൻഡ തീരുമാനിക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദി വിളിച്ചുചേർത്ത യോഗത്തെ എഐസിസി ജനറൽ സെക്രട്ടറി ജയറാം രമേശ് വിമർശിച്ചു.

മോദിയുടേത് സമ്മർദ്ദതന്ത്രമാണെന്ന് അദ്ദേഹം വിമർശിച്ചു. താൻ പ്രധാനമന്ത്രി സ്ഥാനത്ത് തിരിച്ചെത്താൻ പോകുന്നുവെന്ന് ഉദ്യോഗസ്ഥർക്ക് സന്ദേശം നൽകാനാണ് മോദി ശ്രമിക്കുന്നത്. വോട്ടെണ്ണാൻ നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥർ ഇത്തരം സമ്മർദതന്ത്രങ്ങളിൽ ഭയപ്പെടില്ലെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇറ്റാനഗർ: അരുണാചൽ പ്രദേശിൽ വീണ്ടും ഭരണം ഉറപ്പിച്ച് ബിജെപി. അരുണാചലിൽ ബിജെപി കേവല ഭൂരിപക്ഷവും കടന്ന് മുന്നേറി. വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ ആകെ 60 അംഗ മന്ത്രിസഭയിൽ 46 സീറ്റുകൾ ബിജെപി നേടി.

മുഖ്യമന്ത്രി പേമ ഖണ്ഡുവും ഉപമുഖ്യമന്ത്രിയും ഉൾപ്പെടെ 10 സീറ്റുകളിൽ ബിജെപി സ്ഥാനാർത്ഥികൾ എതിരില്ലാതെ വിജയിച്ചിരുന്നു. 31 സീറ്റുകളാണ് കേവല ഭൂരിപക്ഷത്തിനാവശ്യമായിരുന്നത്. വൻ വിജയത്തിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദി പാർട്ടി പ്രവർത്തകർക്കും അരുണാചൽ ജനതയ്ക്കും നന്ദി അറിയിച്ചു.

ബിജെപിക്ക് ലീഡ് നിലയിൽ വോട്ടെണ്ണലിന്റെ തുടക്കത്തിൽ തന്നെ വൻ മുന്നേറ്റമാണ് ഉണ്ടായിരുന്നത്.