ന്യൂഡൽഹി: ജാമ്യകാലാവധി അവസാനിച്ചതോടെ അരവിന്ദ് കെജ്രിവാൾ തിഹാർ ജയിലിലേക്ക് തിരിച്ചെത്തി. ഡൽഹി മദ്യനയക്കേസിൽ കോടതി അനുവദിച്ച ജാമ്യ കാലാവധി കഴിഞ്ഞ ദിവസം അവസാനിച്ചിരുന്നു. വീഡിയോ കോൺഫറൻസിങ് വഴി കോടതയിൽ ഹാജരാക്കിയ കെജ്രിവാളിനെ, ഡൽഹി റോസ് അവന്യു കോടതി ജൂൺ അഞ്ചുവരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടിരിക്കുകയാണ്.
മൂന്നു മണിയോടെ വീട്ടിൽ നിന്ന് ഇറങ്ങിയ കെജ്രിവാൾ രാജ്ഘട്ടിലെ ഗാന്ധി സ്മാരകരവും കൊണാട്ട് പ്ലേസിലെ ഹനുമാൻ ക്ഷേത്രവും സന്ദർശിച്ച ശേഷമാണ് തിഹാർ ജയിലിലേക്ക് പുറപ്പെട്ടത്. അതിന് മുമ്പ് അദ്ദേഹം പാർട്ടി ഓഫീസിൽ എത്തി പ്രവർത്തകരേയും നേതാക്കളേയും കണ്ടു. തിരഞ്ഞെടുപ്പ് പ്രചാരണത്തിന് 21 ദിവസത്തെ ജാമ്യം അനുവദിച്ച സുപ്രീംകോടതിക്ക് അദ്ദേഹം നന്ദി അറിയിച്ചു.
ഈ 21 ദിവസം ഒരു മിനിറ്റുപോലും താൻ പാഴാക്കിയില്ലെന്ന് ആംആദ്മി പാർട്ടി അറിയിച്ചു. ആം ആദ്മി പാർട്ടിക്ക് വേണ്ടി മാത്രമല്ല, മറ്റു പാർട്ടികൾക്കുവേണ്ടിയും പ്രചാരണം നടത്തി. മുംബൈ, ഹരിയാന, യു.പി, ഝാർഖണ്ഡ് എന്നിവിടങ്ങളിലും പ്രചാരണം നടത്തി. പാർട്ടിയില്ല, രാജ്യമാണ് വലുത്. ഏകാധിപത്യത്തിനെതിരെ ശബ്ദം ഉയർത്തിയതുകൊണ്ടാണ് തനിക്ക് വീണ്ടും ജയിലിലേക്ക് പോകേണ്ടി വരുന്നത്. തനിക്കെതിരെ ഒരു തെളിവുമില്ലെന്ന് പ്രധാനമന്ത്രി മോദിക്ക് രാജ്യത്തിന് മുന്നിൽ അംഗീകരിക്കേണ്ടിവന്നുവെന്നും എക്സിറ്റ് പോളുകൾ വ്യാജമാണെന്നും അദ്ദേഹം വ്യക്തമാക്കി.

