ഐഎസ്ഐയ്ക്കായി ചാരവൃത്തി നടത്തി; ബ്രഹ്മോസിലെ മുൻ എൻജിനീയർക്ക് ജീവപര്യന്തം തടവ്

നാഗ്പുർ: ബ്രഹ്മോസിലെ മുൻ എൻജിനീയർക്ക് ജീവപര്യന്തം തടവ്. പാക് ചാരസംഘടനയായ ഐഎസ്ഐയ്ക്കായി ചാരവൃത്തി നടത്തിയെന്ന കേസുമായി ബന്ധപ്പെട്ടാണ് നടപടി. ബ്രഹ്മോസ് എയറോസ്പേസ് പ്രൈവറ്റ് ലിമിറ്റഡിൽ സീനിയർ എൻജിനീയറായിരുന്ന നിശാന്ത് അഗർവാളിനെതിരെയാണ് കോടതി നടപടി സ്വീകരിച്ചത്. നാഗ്പുർ ജില്ലാ അഡീഷണൽ സെഷൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്.

14 വർഷത്തെ കഠിനതടവും മൂവായിരം രൂപ പിഴയും പ്രതിക്ക് ശിക്ഷയായി വിധിച്ചിട്ടുണ്ട്. ഔദ്യോഗിക രഹസ്യനിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരവും ഐടി ആക്ടിലെ വിവിധ വകുപ്പുകൾ പ്രകാരവുമാണ് ശിക്ഷാ വിധി. 2018-ലാണ് നിശാന്ത് അറസ്റ്റിലായത്. ബ്രഹ്മോസ് മിസൈലിനെ സംബന്ധിച്ചുള്ള വിവരങ്ങൾ പാക് ചാരസംഘടനയ്ക്ക് ചോർത്തി നൽകിയതിനായിരുന്നു അറസ്റ്റ്.

ബ്രഹ്മോസിലെ മിസൈൽ സെന്ററിൽ സാങ്കേതിക ഗവേഷണ വിഭാഗത്തിലാണ് ഇയാൾ ജോലിചെയ്തിരുന്നത്. ഇക്കാലയളവിലാണ് മിസൈലുകളെ സംബന്ധിച്ചുള്ള വിവരങ്ങൾ ഇയാൾ ഐഎസ്‌ഐയ്ക്ക് ചോർത്തി നൽകിയത്.