ന്യൂഡൽഹി: തിരഞ്ഞെടുപ്പ് കമ്മിഷനെ കണ്ട് ഇന്ത്യ മുന്നണിയിലെ നേതാക്കൾ. ലോക്സഭാ തിരഞ്ഞെടുപ്പിന്റെ എക്‌സിറ്റ് പോൾ ഫലങ്ങൾ പുറത്തുവന്നതിന് പിന്നാലെയാണ് നേതാക്കളുടെ നീക്കം. വോട്ടെണ്ണൽ സുതാര്യമാക്കണമെന്നാണ് നേതാക്കൾ ഉന്നയിച്ച ആവശ്യം. തിരഞ്ഞെടുപ്പ് ഫലത്തെയും തിരഞ്ഞെടുപ്പ് കമ്മിഷനെയും ഇന്ത്യ സഖ്യം അപമാനിക്കാൻ ശ്രമിക്കുന്നുവെന്നാരോപിച്ച് ബിജെപിയും കമ്മിഷനിലെത്തിയിരുന്നു.
ഇന്ത്യ സഖ്യം പറയുന്നത് ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലം വരുമ്പോൾ 295 സീറ്റിലധികം നേടി വിജയിക്കുമെന്നാണ്. എന്നാൽ, ഇത് പാടെ തള്ളുന്നതാണ് പുറത്തുവന്ന എക്‌സിറ്റ് പോൾ ഫലങ്ങൾ. പോസ്റ്റൽ ബാലറ്റുകൾ ആദ്യം എണ്ണി ഫലംപ്രഖ്യാപിക്കണമെന്നും അതിന് ശേഷം മാത്രമേ ഇവിഎമ്മിലെ വോട്ടുകൾ എണ്ണാവു എന്ന് ഇന്ത്യ സഖ്യം നേതാക്കൾ ആവശ്യപ്പെട്ടു. ഫോം 17 സിയിൽ ബൂത്ത് തിരിച്ചുള്ള വോട്ടിംഗ് കണക്കുകൾ ലഭ്യമാക്കണമെന്ന ആവശ്യവും നേതാക്കൾ മുന്നോട്ടുവെച്ചു.
നേരത്തെ തിരഞ്ഞെടുപ്പ് ഫലം അട്ടിമറിക്കാൻ ജില്ലാ മജിസ്‌ട്രേട്ടുമാരെ വിളിച്ച് അമിത് ഷാ ഭീഷണിപ്പെടുത്തുകയാണെന്ന് കോൺഗ്രസ് നേതാവ് ജയറാം രമേശ് ആരോപിച്ചിരുന്നു. 150 പേരെ വിളിച്ച വിവരം അറിഞ്ഞെന്ന ആരോപണത്തിൽ കമ്മിഷൻ ജയറാം രമേശിനോട് വിശദാംശങ്ങൾ തേടുകയും ചെയ്തു. അതേസമയം തിരഞ്ഞെടുപ്പ് ഫലം അട്ടിമറിയാണെന്നും കമ്മിഷൻ തന്നെ ശരിയല്ലെന്നും ഇന്ത്യ സഖ്യം പ്രചരിപ്പിക്കുന്നുവെന്നാണ് ബിജെപിയുടെ ആരോപണം.

