ന്യൂഡൽഹി: 2023- 24 വർഷകാലയളവിൽ ഇന്ത്യയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളിയായി ചൈന. ഗ്ലോബൽ ട്രേഡ് റിസർച്ച് ഇനീഷിയേറ്റീവിന്റെ റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. 118. 4 ബില്യൺ യുഎസ് ഡോളറിന്റെ കയറ്റിറക്കുമതി വ്യാപാരമാണ് ചൈനയും ഇന്ത്യയും തമ്മിൽ നടന്നിരിക്കുന്നത്. രണ്ടാം സ്ഥാനത്ത് യുഎസ് ആണുള്ളത്. മൂന്നാം സ്ഥാനത്ത് യുഎഇ ആണ്. റഷ്യ, സൗദി അറേബ്യ, സിങ്കപ്പുർ തുടങ്ങിയ രാജ്യങ്ങളും തൊട്ടുപിന്നിലായുണ്ട്.
യു.എസ് ആയിരുന്നു 2021-22, 2022-23 സാമ്പത്തിക വർഷത്തിൽ ഇന്ത്യയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളി. കഴിഞ്ഞ സാമ്പത്തിക വർഷത്തെ അപേക്ഷിച്ച് ഇന്ത്യയിൽ നിന്ന് ചൈനയിലേക്കുള്ള കയറ്റുമതിയിൽ 8.7 ശതമാനത്തിന്റെ വർധനവ് രേഖപ്പെടുത്തിയിട്ടുണ്ട്. ഇരുമ്പ് അയിര്, പരുത്തി നൂൽ, തുണിത്തരങ്ങൾ, കൈത്തറി ഉത്പന്നങ്ങൾ, സുഗന്ധവ്യഞ്ജനങ്ങൾ, പഴം പച്ചക്കറികൾ, പ്ലാസ്റ്റിക്, ലിയോലിയം എന്നിവയുടെ കയറ്റുമതിയിൽ വലിയ വളർച്ച ഉണ്ടായിട്ടുണ്ട്.
2023- 24 സാമ്പത്തിക വർഷം യുഎസിലേക്കുള്ള കയറ്റുമതി 1.32 ശതമാനം ഇടിഞ്ഞ് 77.5 ബില്യൺ യുഎസ് ഡോളറായി. 2022- 23-ൽ ഇത് 78.54 ആയിരുന്നു. ഇറക്കുമതി 20 ശതമാനം കുറഞ്ഞ് 40.8 ബില്യൺ യുഎസ് ഡോളറിലെത്തിയെന്നും കണക്കുകളിൽ നിന്നും വ്യക്തമാകുന്നു.

