ആത്മവിശ്വാസത്തോടെ പരീക്ഷയെ സമീപിക്കുക : ആശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: ഇന്ന് എസ്എസ്എല്‍സി പരീക്ഷയെഴുതുന്ന എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും ആശംസകള്‍ നേര്‍ന്ന്് മുഖ്യമന്ത്രി പിണറായി വിജയന്‍. സമ്മര്‍ദ്ദങ്ങള്‍ മാറ്റി ആത്മവിശ്വാസത്തോടെ പരീക്ഷയെ സമീപിക്കണമെന്നും കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കണമെന്നും മുഖ്യമന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു.

മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് കുറിപ്പ്

എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകള്‍ നാളെ മുതല്‍ ആരംഭിക്കുകയാണ്. കോവിഡ് കാരണം ഈ അധ്യയന വര്‍ഷത്തിലെ ഭൂരിഭാഗം ദിനങ്ങളിലും വിദ്യാലയങ്ങള്‍ അടച്ചിടേണ്ടി വന്നെങ്കിലും ഓണ്‍ലൈന്‍ സൗകര്യങ്ങള്‍ ഉപയോഗിച്ചു കുട്ടികള്‍ക്ക് അവശ്യമായ ക്ലാസുകള്‍ പരമാവധി നല്‍കാന്‍ സാധിച്ചു എന്നത് ആശ്വാസകരമാണ്.
ഈ പ്രതിന്ധന്ധി കാരണമുണ്ടായ സമ്മര്‍ദ്ദങ്ങളെ മാറ്റി വച്ച് ആത്മവിശ്വാസത്തോടെ വേണം പരീക്ഷയെ സമീപിക്കാന്‍. അതിനാവശ്യമായ കരുതല്‍ രക്ഷിതാക്കളുടെ ഭാഗത്തു നിന്നുമുണ്ടാകണം. കോവിഡിന്റെ പശ്ചാത്തലത്തില്‍ കൃത്യമായ ജാഗ്രതാ നിര്‍ദ്ദേശങ്ങള്‍ സര്‍ക്കാര്‍ പുറപ്പെടുവിച്ചിട്ടുണ്ട്.
പരീക്ഷാ കേന്ദ്രങ്ങള്‍ അവ കര്‍ശനമായി പാലിക്കണം. വിദ്യാര്‍ത്ഥികളും ആ നിയന്ത്രണങ്ങളോട് പൂര്‍ണമായി സഹകരിക്കണം. ഏറ്റവും സുരക്ഷിതമായി പരീക്ഷകള്‍ നടത്താന്‍ നമുക്ക് സാധിക്കണം. എല്ലാ മത്സരാര്‍ത്ഥികള്‍ക്കും നല്ല രീതിയില്‍ പരീക്ഷകളില്‍ പങ്കെടുക്കാനും മികച്ച വിജയം കരസ്ഥമാക്കാനും സാധിക്കട്ടെയെന്ന് ഹൃദയപൂര്‍വം ആശംസിക്കുന്നു.