പ്യോങ്യാങ്: ദക്ഷിണ കൊറിയൻ സിനിമകളും മ്യൂസിക് വീഡിയോകളും കണ്ടതിന് രണ്ട് കൗമാരക്കാർക്ക് ശിക്ഷ വിധിച്ച് ഉത്തരകൊറിയൻ അധികാരികൾ. 12 വർഷത്തെ ശിക്ഷയാണ് കൗമാരക്കാർക്ക് വിധിച്ചത്. ഇതുസംബന്ധിച്ച വീഡിയോ ദൃശ്യങ്ങൾ സൗത്ത് ആൻഡ് നോർത്ത് ഡെവലപ്‌മെന്റ് (സാൻഡ്) ഇൻസ്റ്റിറ്റ്യൂട്ട് പുറത്തുവിട്ടിട്ടുണ്ട്. 12 വർഷം കഠിനാധ്വാനമാണ് ശിക്ഷ വിധിച്ചതെന്നാണ് പുറത്തുവരുന്ന വിവരം.
ദക്ഷിണ കൊറിയൻ സിനിമകൾ, സംഗീതം, മ്യൂസിക് വീഡിയോകൾ എന്നിവ മൂന്ന് മാസത്തിലേറെയായി കാണുകയും പ്രചരിപ്പിക്കുകയും ചെയ്തതിന് കുറ്റക്കാരാണെന്ന് കണ്ടെത്തിയ വിദ്യാർത്ഥികൾക്കാണ് ശിക്ഷ നൽകിയത്. 2020-ൽ പുതിയ നിയമം വന്നതുമുതൽ, ദക്ഷിണ കൊറിയൻ വിനോദം ആസ്വദിക്കുന്നതിന് പിടിക്കപ്പെടുന്നവർക്ക് കഠിനമായ ശിക്ഷകൾ ഉത്തരകൊറിയ നൽകാറുണ്ട്. ഉത്തര കൊറിയയിലെ ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകുന്നതിനാണ് ഇത്തരത്തിലുള്ള കടുത്ത ശിക്ഷ നൽകുന്നതെന്നാണ് റിപ്പോർട്ട്.
രാജ്യത്തെ യുവാക്കൾ ജീവിതശൈലിയും ചിന്താഗതികളും മാറ്റുന്നുവെന്ന ആശങ്ക ഉത്തരകൊറിയൻ നേതാവ് കിം ജോങ് ഉന്നിനെ അസ്വസ്ഥനാക്കുന്നുവെന്ന വിവരവും പുറത്തു വരുന്നുണ്ട്.

