അഗ്നിപർവത സ്ഫോടനങ്ങൾ; ഗ്രിൻഡാവിക് നഗരത്തിലേക്ക് ലാവ ഒഴുകി, വീടുകൾക്ക് തീപിടിച്ചു

റെയ്കവിക്: ഐസ്‌ലാൻഡിൽ അഗ്നിപർവത സ്ഫോടനങ്ങൾ. രണ്ട് അഗ്നിപർവ്വത സ്‌ഫോടനങ്ങൾ ഉണ്ടായതിനെ തുടർന്ന് ഗ്രിൻഡാവിക് നഗരത്തിലേക്ക് ലാവ ഒഴുകി. ഇതേത്തുടർന്ന് നഗരത്തിൽ നിരവധി വീടുകൾക്ക് തീപിടിച്ചു. ഞായറാഴ്ച പുലർച്ചെയാണ് റെയ്ക്ജാൻസ് ഉപദ്വീപിലെ അഗ്നിപർവ്വതം പൊട്ടിത്തെറിച്ച് നഗരത്തിലേക്ക് ലാവ ഒഴുകിയത്.

ഏറ്റവും മോശം സാഹചര്യമാണ് നിലനിൽക്കുന്നതെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. നഗരത്തിലെ മുഴുവൻ ആളുകളേയും ഒഴിപ്പിച്ചുവെന്നും അധികൃതർ വിശദമാക്കി. നഗരത്തിലേക്കുള്ള ഒരു പ്രധാന റോഡ് ലാവ ഒഴുകിയതിനെത്തുടർന്ന് തകർന്നു. ഒരുമിച്ചു നിൽക്കണമെന്നും അവരുടെ വീടുകളിൽ കഴിയാൻ കഴിയാത്തവരോട് കരുണ കാണിക്കണമെന്നും ഐസ്‌ലാൻഡ് പ്രസിഡന്റ് വ്യക്തമാക്കി.

എന്തും സംഭവിക്കാമെന്നും സ്ഥിതിഗതികൾ ശാന്തമാകുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.