യു എസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ്; റിപ്പബ്ലിക്കൻ സ്ഥാനാർത്ഥിത്വത്തിനായുള്ള മത്സരത്തിൽ നിന്നും പിന്മാറി വിവേക് രാമസ്വാമി

വാഷിങ്ടൺ: യു എസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ സ്ഥാനാർത്ഥിത്വത്തിനായുള്ള മത്സരത്തിൽ നിന്നും പിന്മാറി ഇന്ത്യൻ വംശജനും മലയാളിയുമായി വിവേക് രാമസ്വാമി. അയോവ കോക്കസിൽ നടന്ന തെരഞ്ഞെടുപ്പിൽ ട്രംപ് വിജയിച്ചതിന് പിന്നാലെയാണ് വിവേക് പിന്മാറുന്നുവെന്ന പ്രഖ്യാപനം നടത്തിയത്. തെരഞ്ഞെടുപ്പിൽ ട്രംപിനെ പിന്തുണക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ട്രംപ് വിജയിച്ചാൽ നിർണായക റോളിൽ വിവേക് ഉണ്ടാകുമെന്നാണ് പുറത്തു വരുന്ന വിവരം. ഫ്ളോറിഡ ഗവർണർ റോൺ ഡിസാന്റിസ്, മുൻ യുഎൻ അംബാസിഡർ നിക്കി ഹേലി എന്നിവരെ പിന്തള്ളിയാണ് അയോവ കോക്കസിൽ ട്രംപ് വിജയം നേടിയത്. വിവേക് രാമസ്വാമിക്കെതിരെ അധിക്ഷേപ പരാമർശവുമായി കഴിഞ്ഞ ദിവസം ഡോണൾഡ് ട്രംപ് രംഗത്തുവന്നിരുന്നു. വിവേക് വഞ്ചകനും ഇടനിലക്കാരനും ആണെന്നായിരുന്നു ട്രംപ് വ്യക്തമാക്കിയത്. വിവേകിന് വോട്ടു ചെയ്താൽ അത് മറുവശത്താണ് ഉപകരിക്കുകയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു.

ഇന്ത്യൻ വംശജനായ വിവേക് രാമസ്വാമി കേരളത്തിലെ പാലക്കാട് ജില്ലയിൽ കുടുംബ വേരുകളുള്ള വ്യക്തിയാണ്. യേൽ സർവകലാശാലകളിൽ നിന്നാണ് അദ്ദേഹം വിദ്യാഭ്യാസം നേടിയത്. 1970കളിലാണ് വിവേകിന്റെ മാതാപിതാക്കാൾ അമേരിക്കയിലേയ്ക്ക് കുടിയേറിയത്. പാലക്കാട് ജില്ലയിലെ വടക്കാഞ്ചേരിയിലുള്ള ഒരു തമിഴ് ബ്രാഹ്മണ കുടുംബത്തിലെ അംഗമാണ് വിവേക് രാമസ്വാമിയുടെ അച്ഛൻ വി ജി രാമസ്വാമി. കോഴിക്കോട് റീജിയണൽ എൻജീനിയറിങ് കോളേജിൽ നിന്ന് ബിരുദം നേടിയ ഇദ്ദേഹം പഠനത്തിന് ശേഷം അമേരിക്കയിലേക്ക് പോകുകയായിരുന്നു.